Image

അധോലോകത്തെയും കടത്തിവെട്ടി കൊച്ചി ഫ്‌ളാറ്റ്‌ മാഫിയ; നഷ്ടം പ്രവാസികള്‍ക്ക്‌

അനില്‍ പെണ്ണുക്കര Published on 20 August, 2014
അധോലോകത്തെയും കടത്തിവെട്ടി കൊച്ചി ഫ്‌ളാറ്റ്‌ മാഫിയ; നഷ്ടം പ്രവാസികള്‍ക്ക്‌
അമേരിക്കന്‍ പ്രവാസികള്‍ അടക്കം മികച്ചൊരു ഫ്‌ളാറ്റ്‌ സ്വപ്‌നം കാണുന്നവരെ കബളിപ്പിച്ച്‌ പണം തട്ടുന്ന ഒരു കൂട്ടം ഫ്‌ളാറ്റ്‌ നിര്‍മ്മാതാക്കള്‍ അധോലോകത്തെയും കടത്തിവെട്ടുന്ന രീതിയില്‍ കൊച്ചിയില്‍ പിടിമുറുക്കി. പ്രമുഖരായ അമ്പതോളം ഫ്‌ളാറ്റ്‌ നിര്‍മ്മാതാക്കള്‍ പണം വാങ്ങിയിട്ടും ഫ്‌ളാറ്റ്‌ ബുക്ക്‌ ചെയ്‌തവരെ കബളിപ്പിച്ച്‌ വിലസുന്നു.

ആപ്പിള്‍ എ ഡേ ഫ്‌ളാറ്റ്‌ തട്ടിപ്പാണ്‌ അടുത്തകാലത്ത്‌ പുറത്തുവന്ന വലിയ ഫ്‌ളാറ്റ്‌ തട്ടിപ്പ്‌ വാര്‍ത്ത. കായല്‍ കൈയ്യേറി ഫ്‌ളാറ്റ്‌ നിര്‍മിക്കുന്ന ഡിഎല്‍എും ഫലത്തില്‍ തട്ടിപ്പുകാരുടെ ഗണത്തില്‍ പെടുന്നു. ഫ്‌ളാറ്റിനായി മുന്‍കൂര്‍ പണമടച്ചവരാണ്‌ കബളിപ്പിക്കപ്പെടുന്നവരില്‍ ഏറെയും കാക്കനാട്ടെ സഹാറ ഗ്രൂപ്പിന്റെ പദ്ധതിയില്‍ പണം മുടക്കിയവരാണ്‌ പൂര്‍ണ്ണമായും വഞ്ചിക്കപ്പെട്ടത്‌.

കൊച്ചി കാക്കനാട്ട്‌ സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡിന്‌ സമീപത്തായി പ്രഖ്യാപിക്കപ്പെട്ട സഹാറ ഗ്രെയ്‌സ്‌ പദ്ധതിയി്‌ല്‍ കബളിപ്പിക്കപ്പെട്ടത്‌ നൂറ്റിയറുപതിലേറെ പേരാണ്‌. 11 ടവറുകളിലായി 1500 ഫ്‌ളാറ്റ്‌ നിര്‍മ്മിക്കുന്നു എന്നാണ്‌ കമ്പനി പ്രഖ്യാപിച്ചിരുന്നത്‌. അപ്പോള്‍ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം ആയിരത്തിലധികം വരും. എന്നാല്‍ രണ്ട്‌ ടവറുകള്‍ പോലും പൂര്‍ണ്ണമാക്കാന്‍ കമ്പനിക്ക്‌ സാധിച്ചിട്ടില്ല. ഈ രണ്ട്‌ ടവറുകളില്‍ 160തോളം ഫ്‌ളാറ്റുകള്‍ക്കായി പണം മുടക്കിയവര്‍ക്ക്‌ അഞ്ച്‌ വര്‍ഷം പിന്നിട്ടിട്ടും ഫ്‌ളാറ്റ്‌ ലഭിച്ചിട്ടില്ല.

മാസങ്ങള്‍ക്കു മുന്‍പ്‌ ഗ്രൂപ്പ്‌ മേധാവി സുബ്രതോ റോയ്‌ അറസ്‌റ്റിലാകുന്നതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ സഹാറയുടെ കാക്കനാട്ടെപദ്ധതിയുടെ നിര്‍മ്മാണം നിലച്ചിരുന്നു. സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റേഡിനരുകില്‍ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കു സമീപത്തായി 15 ഏക്കറിലാണ്‌ സഹാറ ഗ്രെയ്‌സ്‌ പദ്ധതി. 2008ല്‍ നിര്‍മ്മാണമാരംഭിച്ച്‌ 2010ല്‍ കൈമാറുന്നമെന്നായിരുന്നു വാഗ്‌ദാനം. ചതുരശ്രയടിക്ക്‌ മൂവായിരം രൂപവച്ച്‌ അന്‍പതുലക്ഷം വരെ പലരും നല്‍കിക്കഴിഞ്ഞു. ഫ്‌ളാറ്റിനായി പണം മുടക്കിയവരില്‍ അധികവും പ്രവാസികള്‍ ആയിരുന്നു.

സഹാറ മാതൃകയില്‍ കൊച്ചിയിലെ അമ്പതോളം ഫ്‌ളാറ്റ്‌ സമുച്ഛയങ്ങളില്‍ പണം മുടക്കിയിട്ടും ഫ്‌ളാറ്റ്‌ ലഭിക്കാത്ത പതിനായിരത്തോളം പേരുണ്ടെന്നാണ്‌ അറിയുന്നത്‌. പ്രമുഖ ബില്‍ഡര്‍മാരായ ഗ്യാലക്‌സി ഗ്രൂപ്പും ഫ്‌ളാറ്റ്‌ നല്‍കാത്തവരുടെ കൂട്ടത്തില്‍പെടും. ഇപ്പോള്‍ വിവാദത്തില്‍പെട്ട്‌ നിര്‍മ്മാണം നിര്‍ത്തിവച്ച കൊച്ചിയിലെ ഡിഎല്‍എഫിന്റെ ഫ്‌ളാറ്റിനായി പണം മുടക്കിയവരും കുടുങ്ങിയിരിക്കയാണ്‌. പറഞ്ഞ സമയത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക്‌ ഫ്‌ളാറ്റ്‌ കൈമാറാന്‍ കമ്പനിക്ക്‌ സാധിക്കില്ലെന്ന കാര്യം വ്യക്തമാണ്‌. മുഴുവന്‍ പണം നല്‍കിയവരും 90 ശതമാനം പണം നല്‍കിയവരും ഇനി എന്തു ചെയ്യണമെന്ന ആശങ്കയിലാണ്‌.

അതേസമയം ആപ്പിള്‍, പാര്‍ഥസാരഥി ഫ്‌ളാറ്റ്‌ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ചില നീക്കങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം പിന്നീട്‌ കാറ്റില്‍ പറത്തുന്ന ശ്രമമാണ്‌ ബില്‍ഡര്‍മാരുടെ ഭാഗത്തു നിന്നുമുണ്ടായത്‌. പണം മുന്‍കൂറായി സമാഹിച്ച്‌ പദ്ധതി പൂര്‍ത്തിയാക്കുന്ന രീതിയാണ്‌ പൊതുവേ എല്ലാ ബില്‍ഡര്‍മാര്‍ക്കും. എന്നാല്‍ വേഗം വളരാനുള്ള ശ്രമത്തിനിടെ മറ്റ്‌ പ്രോജക്ടുകള്‍കൂടി പ്രഖ്യാപിക്കുമ്പോള്‍ ഒരു പ്രൊജക്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഉണ്ടാകുന്നത്‌. ഇങ്ങനെ നേരത്തെ തന്നെ പണം നല്‍കി വഞ്ചിതരായവര്‍ നിരവധിയാണ്‌.

അതേസമയം തട്ടിപ്പുകാര്‍ ചെറിയൊരു പക്ഷം മാത്രമേ ഉള്ളൂവെന്നാണ്‌ ബില്‍ഡര്‍മാരുടെ കൂട്ടായ്‌മ പറയുന്നത്‌. ഈ ന്യൂന പക്ഷത്തിന്റെ പേരില്‍ മികച്ച രീതിയില്‍ പ്രവൃത്തിക്കുന്ന ബില്‍ഡേഴ്‌സിനെ കുറ്റപ്പെടുത്തരുതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കൊച്ചിയിലെ 963 ബില്‍ഡേഴ്‌സില്‍ 20 ശതമാനത്തിനെതിരെ ഉപയോക്താകള്‍ക്ക്‌ പരാതി ഉണ്ട്‌.
അധോലോകത്തെയും കടത്തിവെട്ടി കൊച്ചി ഫ്‌ളാറ്റ്‌ മാഫിയ; നഷ്ടം പ്രവാസികള്‍ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക