Image

'ആയാ റാം-ഗയ റാം'..രാജ്യത്തിനു മുന്നില്‍ കേരളം വയ്ക്കുന്ന രാഷ്ട്രീയം- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 20 August, 2014
'ആയാ റാം-ഗയ റാം'..രാജ്യത്തിനു മുന്നില്‍ കേരളം വയ്ക്കുന്ന രാഷ്ട്രീയം- അനില്‍ പെണ്ണുക്കര
   പുഷ്‌കലമായ ആ ഭൂതകാല മാതൃകകളെ പുറംകാലു കൊണ്ട് തട്ടിത്തെറിപ്പിച്ച് ഉളുപ്പില്ലാത്ത അവസരവാദത്തിന്റെ പര്യായങ്ങളായി മാറുന്ന അനുരഞ്ജന രാഷ്ട്രീയത്തിന്റെ കെട്ടകാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്.മൂല്യബോധസമ്പന്നമായ രാഷ്ട്രീയ ഭൂതകാലമാണ് കേരളത്തിനുള്ളത്. രാജ്യത്തിനാകെ മാതൃകയായ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു ഇവിടുണ്ടായിരുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയം 'ആയാ റാം-ഗയ റാം' ആസുരതയില്‍ ആറാടിയപ്പോഴും കൂറുമാറ്റത്തേയും കാലമാറ്റത്തേയും പിടിക്ക് പുറത്ത് നിര്‍ത്തി ആത്മാഭിമാനത്തിന്റേയും രാഷ്ട്രീയ തത്വദീക്ഷയുടെയും മൂല്യങ്ങള്‍ മുറുകെപ്പിടിച്ചായിരുന്നു കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം.

        ഇവിടേയും പാര്‍ട്ടികള്‍ പിളര്‍ന്നിട്ടുണ്ട്. പലരേയും പാര്‍ട്ടികള്‍ പുറത്താക്കിയിട്ടുണ്ട്; പലരും പാര്‍ട്ടിവിട്ട് പുറത്ത് വന്നിട്ടുണ്ട്. ആശയപരവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയില്‍ ഇങ്ങനെ രണ്ടായവര്‍ അധികാരത്തിന്റെ ശീതളതയിലേയ്ക്കായിരുന്നില്ല അതിജീവനത്തിന്റെ പോരാട്ട ഭൂമിയിലേയ്ക്കായിരുന്നു ഉറച്ച കാല്‍വയ്‌പ്പോടെ നെഞ്ചുവിരിച്ചു നടന്നത്. ' ആയറാം' മാരാകാന്‍ മനസാക്ഷിക്കുത്തില്ലാത്ത അധികാരക്കൊതിയുടെയും അതിജീവനത്തിന്റെയും ഈ ദുഷിപ്പിന് പക്ഷേ,ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നുണ്ടെന്നതാണ് ഖേദകരം. ഇന്നലെവരെ താന്‍ കൊണ്ടുനടന്നിരുന്ന മുന്നണിയേയും അതിന്റെ പ്രത്യയശാസ്ത്രത്തേയും യാതൊരു അടിസ്ഥാനവുമില്ലാതെ തള്ളിപ്പറയുകയും അതുവരെ എതിര്‍ത്തുപോന്ന മൂല്യങ്ങളെ ആശ്ലേഷിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലും നിത്യക്കാഴ്ചയാണ്. ബിജെപി വിട്ട് സിപിഎമ്മിലേയ്ക്കും സിപിഎമ്മിനെ ഉപേക്ഷിച്ച് ബിജെപിയിലേയ്ക്കും കൂടുമാറുന്നത് നിമഷ നേരം കൊണ്ടാണ്. കാലുമാറ്റത്തിന്റെ ആ വേതാളങ്ങളെ അംഗീകരിക്കാന്‍ അണികള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ സമ്മതിദായകര്‍ക്കും ഉളുപ്പില്ലാത്ത വര്‍ത്തമാനകാലം. കൊല്ലത്ത്,കഴിഞ്ഞ പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. പത്തനംതിട്ടയിലും പൊന്നാനിയിലും ആ പരീക്ഷണം പൊളിഞ്ഞെങ്കിലും എറണാകുളത്തും തിരുവനന്തപുരത്തും പേയ്മന്റ് സീറ്റെന്ന അവസരവാദഅരങ്ങേറ്റവും കേരളം കണ്ടു.

        ഈ പരമ്പരയിലെ ഒടുവിലത്തെ പരിണതിയാണ് സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പതിറ്റാണ്ടുകളായി ആ പാര്‍ട്ടിയെ തലസ്ഥാന ജില്ലയില്‍ നയിക്കുകയും ചെയ്ത വെഞ്ഞാറമൂട് ശശിയുടെ പാര്‍ട്ടി മാറ്റമാണ്. പാര്‍ട്ടി നടപടി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ താന്‍ മാറ്റൊരു പാര്‍ട്ടിയുടെ ഭാഗമാകുമെന്ന അറിയിപ്പ് ശശിയില്‍നിന്നും ഉണ്ടായി. അതായത് തനിക്കെതിരെ നടപടി വരുമെന്ന് മനസ്സിലാക്കി, അതിന്റെ അടിസ്ഥാനത്തില്‍ കരുനീക്കം നടത്തി മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കാറാനുള്ള കളം അദ്ദേഹം മുന്‍കൂട്ടി ഒരുക്കിയിരുന്നു എന്നുവേണം അനുമാനിക്കാന്‍. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടതിനു ശേഷം തീര്‍ത്തും വിരുദ്ധമായ പ്രത്യയശാസ്ത്ര ചേരിയിലേക്ക് ചേക്കേറുന്നതിന് ശശിക്ക് വേണ്ടിവന്നത് മണിക്കൂറുകള്‍ മാത്രമായിരുന്നു. ഇതാണ് വര്‍ത്തമാന കേരളത്തിന്റെ രാഷ്ട്രീയ പരിസരം. ഇത്തരത്തിലുള്ള മുന്നണി മാറ്റങ്ങളും രാഷ്ട്രീയ കാലമാറ്റങ്ങളും ഇടതുപക്ഷ പാര്‍ട്ടികളിലുണ്ടായിട്ടുള്ള ജീര്‍ണതയിലേയ്ക്കുള്ള കൈചൂണ്ടിയാകുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം വര്ദ്ധിക്കുന്നു.

        ഇതിന്റെ മറുപുറവും അശ്ലീലമാണ്. ആരോപണ വിധേയനായി ഒരു പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നയാളിനെ, അടുത്ത നിമിഷം ചുവന്ന പരവതാനി വിരിച്ച് കൊട്ടും കുരവയുമായി ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നതിന് മറ്റൊരു പാര്‍ട്ടിക്ക് യാതൊരു ഉളുപ്പുമില്ല. പുറത്താക്കപ്പെട്ട വ്യക്തിക്കെതിരെയുള്ളത് അഴിമതി ആരോപണമാണെങ്കിലും അതിനു തടസമില്ല.

        പാറശാല എം എല്‍ എ ആയിരുന്ന ശെല്‍വരാജിന്റെ കാലുമാറ്റം ഓര്‍ക്കുക. സിപിഎം ന്റെ എംഎല്‍എ ആയിരുന്ന അദ്ദേഹം പാര്‍ട്ടിയെയും അതിന്റെ സംഘടനാ സംവിധാനങ്ങളെയും തള്ളിപ്പറഞ്ഞ് പെട്ടെന്നൊരി ദിനം എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അതിനാകട്ടെ സ്വീകാര്യമായ ന്യായികരണങ്ങള്‍ പറയാന്‍ ശെല്‍വരാജിന് കഴിഞ്ഞതുമില്ല. കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നതിനെക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പ്രഖ്യാപിച്ചതിന്റെ മൂന്നാം നാള്‍ ശെല്‍വരാജ് കോണ്‍ഗ്രസിന്റെ അംഗത്വമെടുത്തു, പിന്നീട് കൈപ്പത്തി ചിഹ്നത്തില്‍തന്നെ മത്സരിച്ച് വിജയിച്ച് എംഎല്‍എയുമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സീറ്റ് ലഭിച്ചില്ലെന്ന ഒറ്റക്കാരണംകൊണ്ട് എന്‍.കെ. പ്രേമചന്ദ്രനും സംഘവും എല്‍ഡിഎഫില്‍നിന്നും യുഡിഎഫിലേക്കു പോയി. അവരെ ഇരുകൈയുംനീട്ടി സ്വീകരിച്ച് ആഗ്രഹിച്ച സീറ്റ് നല്‍കി വിജയിപ്പിക്കുകയും ചെയ്തു. പ്രത്യായശാസ്ത്രാടിസ്ഥാനമോ രാഷ്ട്രീയ ധാര്‍മികതയോ ഒന്നുമില്ലായിരുന്നു ഈ കൂടുമാറ്റത്തിന് പിന്നില്‍ വ്യക്തമായ ന്യായീകരണം പോലുമുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇത്തരം 'ഗയ റാം' മാരെ ആദരിച്ച് 'ആയ റാം'മാരാക്കി മഹത്വവത്ക്കരിക്കാന്‍ മനസാക്ഷിക്കുത്തില്ലാത്ത മുന്നണിരാഷ്ട്രീയ അധമത്വം.

        ഇതിനൊപ്പം കൂട്ടിവായിക്കണം എറണാകുളത്ത് സിപിഎമ്മിന്‍ തിരുവന്തപുരത്ത് സിപിഐയുംപണം വാങ്ങി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന ആരോപണം. തിരുവനന്തപുരത്ത് പാര്‍ട്ടിക്കുണ്ടായ വീഴ്ച തിരിച്ചറിഞ്ഞ് അതിന് കാരണക്കാരെന്ന് പാര്‍ട്ടി കണ്ടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സിപിഐ തയ്യാറായി. അത്രയും ആശ്വാസം. എന്നാല്‍ എറണാകുളത്തേയും പത്തനംതിട്ടയിലേയും പൊന്നാനിയിലേയും രാഷ്ട്രീയ വഞ്ചന അംഗീകരിക്കാന്‍ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത തയ്യാറായിട്ടില്ല. പാര്‍ട്ടി മുന്‍പും സ്വതന്ത്രരെ മത്സരിപ്പിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ തങ്ങളുടെ ദുഷ്‌ചെയ്തികളെ ന്യായീകരിക്കുന്നത്. ഇടതുപക്ഷ സഹയാത്രകരെന്ന തെളിയിച്ച സുതാര്യമായ പൊതുജീവിതമുണ്ടായിരുന്ന നന്മകളേയായിരുന്നു ഭൂതകാലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥികളാക്കിയതെന്ന്, പണക്കിലുക്കത്തില്‍ നിലമറക്കുന്ന പിണറായിയും കൂട്ടരും മറന്ന് പോകുന്നു.

        അധികാരത്തിനും വ്യക്തിതാല്‍പര്യത്തിനുംവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും എത്രവരെ അധപതിക്കാമെന്നതിന്റെ നീചമായ ഉദാഹരണങ്ങളാണ് ഇന്ന് രാജ്യത്തിനു മുന്നില്‍ കേരളം വയ്ക്കുന്നത്.

'ആയാ റാം-ഗയ റാം'..രാജ്യത്തിനു മുന്നില്‍ കേരളം വയ്ക്കുന്ന രാഷ്ട്രീയം- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക