Image

ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്‌ വര്‍ണാഭം

ജോസ്‌ മാളേയ്‌ക്കല്‍ Published on 16 August, 2014
ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്‌ വര്‍ണാഭം
ഫിലാഡല്‍ഫിയ: വര്‍ണ, വര്‍ഗ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ എല്ലാം മറന്ന്‌ ഒരുമയില്‍ ആറാടിയ നിമിഷങ്ങള്‍!! ക്രൈസ്‌തവകൂട്ടായ്‌മയുടെ കരുത്ത്‌, പ്രത്യേകിച്ച്‌ കത്തോലിക്കാസഭയുടെ സാര്‍വത്രികസ്വഭാവം തൊട്ടറിഞ്ഞ അനുഭൂതി! രുചികരമായ ഭക്ഷണവിഭവങ്ങള്‍, ഹൃദയഹാരിയായ കലാപ്രകടനങ്ങള്‍, കായികമല്‍സരങ്ങള്‍, വിവിധ രാജ്യങ്ങളിലെ ക്രൈസ്‌തവ പൈതൃകം നിറഞ്ഞുനിന്ന മുഹൂര്‍ത്തങ്ങള്‍, ആത്‌മീയ പരിവേഷത്താല്‍ നിറഞ്ഞ സെമിനാരി അന്തരീക്ഷം. ആനന്ദലബ്‌ദിക്കിനിയെന്തുവേണം?

ആഗസ്റ്റ്‌ 16 ശനിയാഴ്‌ച്ച. ഫിലാഡല്‍ഫിയ അതിരൂപതയുടെ വൈദികപഠന കേന്ദ്രമായ സെ. ചാള്‍സ്‌ ബൊറോമിയോ സെമിനാരിയോടനുബന്ധിച്ചുള്ള വിശാലമായ പാര്‍ക്കാണ്‌ രംഗം. പരമ്പരാഗത വേഷമണിഞ്ഞ അമേരിക്കന്‍ ഇന്‍ഡ്യാക്കാര്‍, വിവിധ ദേശക്കാരും ഭാഷക്കാരുമായ 20 ല്‍ പരം കുടിയേറ്റ കത്തോലിക്കാസമൂഹങ്ങള്‍. യേശുനാമത്തില്‍ എല്ലാവരും ഒന്നിച്ചപ്പോള്‍ നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച പ്രതീതി.

പ്രവാസി കത്തോലിക്കര്‍ക്കായി ഫിലാഡല്‍ഫിയ അതിരൂപത സംഘടിപ്പിച്ച രണ്ടാമത്തെ ഫാമിലി ഫണ്‍ പിക്‌നിക്ക്‌ ആഗസ്റ്റ്‌ 16 ശനിയാഴ്‌ച്ച പതിനൊന്നുമണിമുതല്‍ അഞ്ചുമണിവരെ ആയിരുന്നു. അതിരൂപതയുടെ
അജപാലനപരിധിയില്‍ വരുന്ന മൈഗ്രന്റ്‌ കാത്തലിക്ക്‌ കമ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച്‌ നടത്തിയ ഈ പിക്‌നിക്‌ അതിരൂപതയുടെ ഓഫീസ്‌ ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ്‌ ആന്റ്‌ റഫ്യൂജീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ആണു സ്‌പോണ്‍സര്‍ ചെയ്‌തത്‌.

എല്ലാ എത്‌നിക്ക്‌ സമൂഹങ്ങളും പങ്കെടുത്ത്‌ തങ്ങളുടെ സംസ്‌കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്കുകൂടി മനസിലാക്കി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. മൈഗ്രന്റ്‌ സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും, പരസ്‌പര സ്‌നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും, ക്രൈസ്‌തവ വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും, ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ഈ പിക്‌നിക്കില്‍ പ്രായഭേദമെന്യേ അഞ്ഞൂറില്‍പരം ആള്‍ക്കാര്‍ പങ്കെടുത്തു.

പ്രവാസികളായി ഫിലാഡല്‍ഫിയായില്‍ താമസമുറപ്പിച്ചിട്ടുള്ള എല്ലാ എത്‌നിക്ക്‌ കത്തോലിക്കാസമൂഹങ്ങള്‍ക്കും തങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതിരൂപത വര്‍ഷങ്ങളായി നല്‍കി വരുന്നു. അതേപോലെതന്നെ പ്രവാസി കത്തോലിക്കര്‍ക്ക്‌ സ്വന്തമായി ആരാധനാലയങ്ങള്‍ വാങ്ങുന്നതിനുള്ള സഹായ സഹകരണങ്ങളും അതിരൂപത കൊടുത്തുവരുന്നു. ഇന്‍ഡ്യന്‍ കത്തോലിക്കരെ കൂടാതെ ബ്രസീല്‍, ഇന്‍ഡോനേഷ്യ, ഹെയ്‌ത്തി, നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്‌, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മൈഗ്രന്റ്‌ കാത്തലിക്കരും, നേറ്റീവ്‌ അമേരിക്കന്‍ ഇന്‍ഡ്യന്‍ കത്തോലിക്കരും അതിരൂപതയില്‍ കരുത്താര്‍ജിച്ചിട്ടുണ്ട്‌.

ബ്രസീല്‍, ഇന്‍ഡോനേഷ്യ, ഹെയ്‌ത്തി, നൈജീരിയ, ഘാന, ലൈബീരിയ, കൊറിയ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്‌, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മൈഗ്രന്റ്‌ കാത്തലിക്കരെകൂടാതെ നേറ്റീവ്‌ അമേരിക്കന്‍ ഇന്‍ഡ്യന്‍ കത്തോലിക്കരും ക്‌നാനായ, സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരും പിക്‌നിക്കില്‍ പങ്കെടുത്ത്‌ തങ്ങളുടെ സംസ്‌കാരവും പൈതൃകവും വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളിലൂടെയും, തനതു കലാരൂപങ്ങളിലൂടെയും മറ്റു സമൂഹങ്ങള്‍ക്കു അനുഭവവേദ്യമാക്കി. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പലവിധത്തിലൂള്ള കായികമല്‍സരങ്ങളും
ഉണ്ടായിരുന്നു.

പതിനൊന്നുമണിക്കാരംഭിച്ച പിക്‌നിക്ക്‌ അതിരൂപതയുടെ സഹായമെത്രാന്‍ അഭിവമ്പ്യ ജോണ്‍ മാക്കിന്റയര്‍ ഉത്‌ഘാടനം ചെയ്‌തു. അതിരൂപതയുടെ മൈഗ്രന്റ്‌ ഡയറക്ടര്‍ മാറ്റ്‌ ഡേവീസും, ഫാ. ബ്രൂസും, ഇന്‍ഡ്യന്‍ കത്തോലിക്കരെ പ്രതിനിധീകരിച്ച്‌ സെ. തോമസ്‌ സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരിയും അതിഥികളെ സ്വാഗതം ചെയ്‌തു. ഭക്ഷണത്തിനുശേഷം നടന്ന രസകരമായ കലാപരിപാടികള്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തത്‌ ജോസ്‌ പാലത്തിങ്കല്‍, സിസ്റ്റര്‍ ഫ്‌ളോറന്‍സ്‌, എമ്മാനുവേല എന്നിവരായിരുന്നു. സീറോ മലബാര്‍ പള്ളിയിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥി എമിലിന്‍ റോസ്‌ തോമസ്‌ അവതരിപ്പിച്ച നൃത്തം എല്ലാവരും ആസ്വദിച്ചു.
ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്‌ വര്‍ണാഭംഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്‌ വര്‍ണാഭംഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്‌ വര്‍ണാഭംഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്‌ വര്‍ണാഭംഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്‌ വര്‍ണാഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക