Image

ഡോ. തോമസ്‌ കോളാകോട്ടിനു അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 August, 2014
ഡോ. തോമസ്‌ കോളാകോട്ടിനു അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ അവാര്‍ഡ്‌
ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ കെമിക്കല്‍ സൊസൈറ്റിയായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഇന്‍ഡസ്‌ട്രിയല്‍ കെമിസ്‌ട്രിയുടെ 2015ലെ അവാര്‍ഡന്‌ ഡോ. തോമസ്‌ കോളാകോട്ടിനെ തെരഞ്ഞെടുത്തു. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഉന്നത അവാര്‍ഡ്‌ ലഭിക്കുന്ന ആദ്യ മലയാളിയും മൂന്നാമത്തെ ഇന്ത്യനുമാണ്‌ തോമസ്‌.

ലോകത്തിലെയും പ്രത്യേകിച്ച്‌ അമേരിക്കയിലേയും വിവിധ യൂണിവേഴ്‌സിറ്റി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, കെമിക്കല്‍ കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ക്കാണ്‌ ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ നല്‍കുന്നത്‌. പ്രഫ. സൂര്യ പ്രകാശ്‌ (യൂണിവേഴ്‌സിറ്റി ഓഫ്‌ സതേണ്‍ കാലിഫോര്‍ണിയ), പ്രഫ. അരുണ്‍ ഘോഷ്‌ (പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി) എന്നിവരാണ്‌ നേരത്തെ അവാര്‍ഡ്‌ കരസ്ഥമാക്കിയ ഇന്ത്യക്കാര്‍. ഇന്‍ഡസ്‌ട്രിയല്‍ കെമിസ്‌ട്രിയില്‍ അവാര്‍ഡ്‌ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും ഡോ. തോമസാണ്‌. 2010-ല്‍ നോബല്‍ സമ്മാനം ലഭിച്ച ക്രോസ്‌ കപ്പ്‌ളിംഗ്‌ (Cross- Coupling) എന്ന കാറ്റലിസ്റ്റ്‌ മേഖലയെ വിപുലീകരിച്ച്‌ സാധാരണ മനുഷ്യരുടെ ആവശ്യത്തിനുവേണ്ടി രൂപാന്തരപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഡോ. തോമസിന്റെ പ്രയത്‌നങ്ങള്‍ അവാര്‍ഡ്‌ കത്തില്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ്‌ റ്റോം ബാര്‍ട്ടന്‍ അനുമോദിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവാര്‍ഡ്‌ ദാനം 2015-ല്‍ കോളറാഡോയിലെ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക മീറ്റിംഗില്‍ വെച്ച്‌ നല്‍കും.

ഈ അവാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ മാനേജ്‌മെന്റും, ഇന്‍ഡസ്‌ട്രിയല്‍ ആന്‍ഡ്‌ കെമിക്കല്‍ എന്‍ജിനീയറിംഗ്‌ ഡിപ്പാര്‍ട്ടുമെന്റുമാണ്‌.

ചങ്ങനാശേരി എസ്‌.ബി കോളജ്‌, ഐ.ഐ.ടി മദ്രാസ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ പഠിച്ച തോമസ്‌ അമേരിക്കയില്‍ ഉപരിപഠനം നടത്തി. ഈ അവാര്‍ഡ്‌ ലഭിച്ചതോടുകൂടി അദ്ദേഹത്തെ ലോകപ്രശസ്‌ത ഗവേഷകരുടെ നിരയിലേക്ക്‌ ഉയര്‍ത്തി. ഇതിനു മുമ്പ്‌ 2012-ല്‍ അദ്ദേഹം റോയല്‍ സൊസൈറ്റി ഓഫ്‌ കെമിസ്‌ട്രിയുടെ അവാര്‍ഡിനും അര്‍ഹനാക്കി. `ഒരു ഇന്ത്യന്‍ രസതന്ത്ര ശാസ്‌ത്രജ്ഞന്‌ ലഭിക്കാവുന്ന വലിയ ബഹുമതിയാണ്‌ ഇത്‌'- ഒഹായോ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി പ്രഫസറായ രാജന്‍ ബാബു പറഞ്ഞു. `ഡോ. തോമസിന്റെ ഗവേഷണങ്ങള്‍ അദ്ദേഹത്തെ അന്താരാഷ്‌ട്ര പ്രശസ്‌തിയേക്ക്‌ ഉയര്‍ത്തിയിരിക്കുന്നു'- കര്‍ണ്ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും, തോമസിന്റെ ഐ.ഐ.ടിയിലെ ഗുരുനാഥനുമായ പ്രഫ. സുധീന്ദ്ര റാവു അറിയിച്ചു. ഡോ. തോമസിന്റെ ലാളിത്യത്തേയും വിനയത്തേയും പ്രഫ. റാവു പ്രശംസിച്ചു.

റോയല്‍ സൊസൈറ്റി ഓഫ്‌ കെമിസ്‌ട്രിയുടെ ക്ഷണപ്രകാരം പതിനാറ്‌ അദ്ധ്യായങ്ങള്‍ ഉള്ള `ന്യൂ ട്രെന്‍ഡ്‌സ്‌ ഇന്‍ ക്രോസ്‌- കപ്പ്‌ളിംഗ്‌' എന്ന ബുക്ക്‌ ഡോ. തോമസ്‌ ഈ ഒക്‌ടോബറില്‍ പ്രകാശനം ചെയ്യും. ഈ ബുക്ക്‌ ലോകത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും, ഗവേഷണ കേന്ദ്രങ്ങളിലും കൂടാതെ ഗ്രാജ്വേറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കോഴ്‌സ്‌ വര്‍ക്കിനും ഉപകാരപ്രദമാണ്‌. ബുക്കിന്റെ ആമുഖത്തില്‍ 2010-ല്‍ കെമിസ്‌ട്രിയില്‍ ലോക സമ്മാനം ലഭിച്ച പ്രഫ. നെഗീഷി ഈ ബുക്ക്‌ ഒരു `മസ്റ്റ്‌' ആണെന്ന്‌ എഴുതി. അതുപോലെ സ്റ്റാന്‍ഫര്‍ഡ്‌ യൂണിവേഴ്‌സിറ്റി പ്രഫസറായ ട്രോസ്റ്റ്‌, ഈ പുസ്‌തകം ശാസ്‌ത്രത്തിനു നല്‍കുന്ന ഒരു സംഭാവനയാണെന്ന്‌ രണ്ടാമത്തെ ആമുഖത്തില്‍ എഴുതി. ഇത്തരത്തിലുള്ള ഒരു ബുക്ക്‌ പ്രകാശനം ചെയ്‌തു കാണുന്നതില്‍ താന്‍ അത്യന്തം സന്തോഷിക്കുന്നുവെന്ന്‌ 2010-ല്‍ നോബല്‍ സമ്മാനം ലഭിച്ച പ്രഫ. സസുക്കി എഴുതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കെമിക്കല്‍ റിയാക്ഷന്‍ ആയ `സുസുക്കി കപ്പിളിംഗ്‌' കണ്ടുപിടിച്ചത്‌ ജപ്പാന്‍കാരനായ പ്രഫ. സുസുക്കിയാണ്‌.

ന്യൂജേഴ്‌സിയിലെ ചെറി ഹില്ലില്‍ ഡോ. കോളാകോട്ട്‌ താമസിക്കുന്നു. ഭാര്യ റീന ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഡയറക്‌ടറാണ്‌. മകന്‍ മനു ലോക്‌ഹീഡ്‌- മാര്‍ട്ടിന്‍ എന്ന കമ്പനിയിലെ എന്‍ജിനീയറിംഗ്‌ ലീഡര്‍ഷിപ്പ്‌ പ്രോഗ്രാമില്‍ ജോലി ചെയ്യുന്നതിനൊപ്പം കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനു ചേരുന്നതിനും തീരുമാനിച്ചു. മകള്‍ റബേക്ക ഇപ്പോള്‍ ഹൈസ്‌കൂളിലേക്ക്‌ പ്രവേശിച്ചു. റാന്നി കണ്ടംപേരൂര്‍ കോളാകോട്ട്‌ (തലവടി- കാഞ്ഞിരപ്പള്ളി) കുടുംബാംഗമാണ്‌ ഡോ. തോമസ്‌ കോളാകോട്ട്‌. അധ്യാപകനായിരുന്ന സി.കെ. ജോണും, അച്ചാമ്മയുമാണ്‌ മാതാപിതാക്കള്‍. 1995-ല്‍ യു.എസിലെ ജോണ്‍സണ്‍ മാത്തേ കമ്പനിയില്‍ ചേര്‍ന്നു. കമ്പനിയുടെ ഹോമോജീനിയസ്‌ കറ്റാലിസ്റ്റ്‌ വിഭാഗത്തിന്റെ റിസര്‍ച്ച്‌ തലവനാണ്‌ മാനേജ്‌മെന്റ്‌ ബിരുദധാരികൂടിയായ ഡോ. തോമസ്‌ കോളാകോട്ട്‌.
ഡോ. തോമസ്‌ കോളാകോട്ടിനു അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ അവാര്‍ഡ്‌ഡോ. തോമസ്‌ കോളാകോട്ടിനു അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക