Image

അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 13- ടോം മാത്യൂസ്,ന്യൂജേഴ്‌സി)

ടോം മാത്യൂസ്, ന്യൂജേഴ്‌സി Published on 30 July, 2014
അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 13- ടോം മാത്യൂസ്,ന്യൂജേഴ്‌സി)
അദ്ധ്യായം 13
അധോലോകത്തിന്റെ ആഴങ്ങളില്‍
സിനിമാനടിയാവുകയും സമ്പന്നയാകുകയും ചെയ്യണമെന്ന ശില്പയുടെ ആഗ്രഹത്തെക്കുറിച്ച് ഗോപാല്‍ ബോധവാനായിരുന്നു. അയാള്‍ അതിനുള്ള മറ്റൊരു പോംവഴി ആലോചിച്ചുകൊണ്ടിരുന്നു. എന്തായാലും ശില്പ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു ജീവിതനിലവാരം ആഗ്രഹിക്കുന്നു എന്നും അവളുടെ ഭാവി സിനിമാലോകത്തിന്റെ സ്‌നേഹജാലകത്തിലേക്ക് നീളുന്നതാണെന്നും ഗോപാല്‍ മനസ്സിലാക്കി കഴിഞ്ഞു. കൂടെ ജോലി ചെയ്യുന്ന മറ്റു പോര്‍ട്ടര്‍മാരുമായി ഗോപാല്‍ നല്ല അടുപ്പത്തിലാണ്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്നുണ്ട് എന്ന് ഗോപാലിനറിയാം. ഗള്‍ഫു നാട്ടില്‍നിന്ന് മയക്കുമരുന്നും കള്ളപ്പണവും എയര്‍പോര്‍ട്ടുവഴി എത്തുന്നുണ്ട്. ഇതുവഴി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഡ്രഗ് മാഫിയകളുണ്ട്.

ദൈവം മനുഷ്യരെ പാവങ്ങളെന്നും പണക്കാരെന്നും രണ്ടു വിഭാഗങ്ങളായിട്ടാണ് തിരിച്ചരിക്കുന്നത്. ഇങ്ങനെ തിരിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിനേ അറിയൂ.

എന്തായാലും ശില്പയോടുള്ള വാക്കുപാലിക്കുന്നതിനുവേണ്ടി ഗോപാല്‍ അധോലോകവുമായുള്ള ബന്ധം ഉണ്ടാക്കുന്നതിന് തീരുമാനിച്ചു. എയര്‍പോര്‍ട്ടിലുള്ള അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി ഇക്കാര്യം ഗോപാല്‍ ഗൗരവത്തോടെ ആലോചിച്ചു. “എങ്ങനെയാണ് ഈ മാഫിയാ സംഘവുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക”.

അവര്‍ അയാളോടു പറഞ്ഞു, “ആദ്യം അധോലോകരാജാക്കന്മാരുമായി ഒരു ആത്മബന്ധം സ്ഥാപിച്ചെടുക്കുക. നിന്നില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്ന ഘട്ടത്തിലെത്തുമ്പോള്‍ മാത്രമേ അവര്‍ ചില ദൗത്യങ്ങള്‍ നിന്നെ ഏല്‍പിക്കുകയുള്ളൂ. അതുകൊണ്ട് ശ്രദ്ധിക്കണം. വളരെ ശ്രദ്ധിക്കണം. ഒരു പിഴവ് പറ്റിയാല്‍ നീ കൊല്ലപ്പെടും.”

അയാള്‍ ഗോപാലിനോട് വീണ്ടും പറഞ്ഞു: ഈ അധോലോകമേഖലയിലെ അറിയപ്പെടുന്ന പ്രധാനപ്പെട്ടയാളാണ് ചോട്ടാ രാജ കാബൂളില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും വരുന്ന ഹാഷിഷ് പോലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും മുംബൈ എയര്‍പോര്‍ട്ടു വഴിയാണ്. കസ്റ്റംസിന്റെ ശ്രദ്ധയില്‍പെടാതെ ഇത്തരം സാധനങ്ങള്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റി അയയ്ക്കുന്നു. കസ്റ്റംസിന്റെ ശ്രദ്ധയില്‍പെടാതെ ഈ വിധത്തിലുള്ള കയറിയിറക്കു ജോലികള്‍ ചെയ്യുന്നതിന് ചോട്ടാരാജയ്ക്ക് പോര്‍ട്ടര്‍മാരുടെ സേവനം ആവശ്യമുണ്ട്. സാധാരണ യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനൊപ്പമാണ് ഈ സാധനങ്ങളും കസ്റ്റംസിന്റെ ശ്രദ്ധയില്‍പെടാതെ എയര്‍പോര്‍ട്ടിനു പുറത്ത് എത്തുന്നത്. ഇക്കാര്യത്തില്‍ എയര്‍പോര്‍ട്ടിലെ പോര്‍ട്ടര്‍മാര്‍ക്ക് ഗണ്യമായ പങ്കുണ്ട്. ഇത്തരം സാധനങ്ങള്‍ അടങ്ങിയ ലഗേജുകള്‍ പോര്‍ട്ടര്‍മാര്‍ എത്രയും വേഗത്തില്‍ മുംബൈയില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് പറക്കുന്ന പല വിമാനങ്ങളുടെയും ലഗേജുകളുടെ കൂട്ടത്തില്‍ എത്തിക്കും.”

വളരെ ബുദ്ധിപൂര്‍വ്വവും എന്നാല്‍ ക്ലേശകരവുമായി ചെയ്യേണ്ട ഒരു ദൗത്യമാണ് ഇതെന്ന് ഗോപാലിന് മനസ്സിലായി. അയാള്‍ ഇങ്ങനെയൊരു കാര്യത്തില്‍ കണ്ണിയാകുന്നതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചു. അഴുക്കും പുഴുക്കും നിറഞ്ഞ ചേരിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഗോപാലിന്റെ മുന്നിലുണ്ടായിരുന്നില്ല. ഇത്രനാളും ഒരു പോര്‍ട്ടറായി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിട്ട് ഒന്നും നേടാനായില്ല.

നിയമപരമായി വിവാഹം കഴിച്ചതും അല്ലാതെയുമുള്ള രണ്ട് സ്ത്രീകളോടൊപ്പം ഇത്രനാളും ജീവിച്ചു. ഭാര്യയായും ഭാര്യയെപ്പോലെയും ജീവിച്ച ആ രണ്ട് സ്ത്രീകളുടേയും ആഗ്രഹങ്ങളോ അഭിലാഷങ്ങളോ പൂര്‍ത്തീകരിക്കാന്‍ തനിക്ക് സാധിച്ചില്ല. എന്തിന്, തന്റെ തന്നെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, തന്റെ മക്കളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടോ? ഗോപാല്‍ ആലോചിച്ചു. ഇനിയുള്ള കാലം മക്കളുടെ കാലുകള്‍ ഇടറാതെ അവരുടെ ഭാവി സുരക്ഷിതമാക്കണം.
കാലങ്ങളോളം ഫറവോന്റെ അടിമത്വത്തില്‍ കിടന്ന യിസ്രയേല്‍ മക്കളെ മോശ പാലും തേനും ഒഴുകുന്ന കനാന്‍ ദേശത്തേക്ക് നയിച്ചു. അതുപോലെ തന്റെ കുഞ്ഞുങ്ങളേയും ദാരിദ്ര്യത്തില്‍നിന്ന്, ദുരിതങ്ങളില്‍നിന്ന്, ചേരിയില്‍നിന്ന് മറ്റൊരു സ്ഥലത്തേക്ക് നയിക്കണം. അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ദൈവം പറഞ്ഞത് ഗോപാല്‍ കേട്ടില്ല. തെറ്റും ശരിയും അയാള്‍ സ്വയം കണ്ടെത്തുകയായിരുന്നു. ശരിയായിട്ടുള്ളതൊന്നും അയാളോടൊപ്പമില്ലായിരുന്നു. അതിനാല്‍ അയാള്‍ക്ക് തെറ്റുകളല്ലാതെ മറ്റൊന്നും തെരഞ്ഞെടുക്കാനില്ലായിരുന്നു.


അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 13- ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക