Image

നിയുക്ത മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിനെ എസ്. എം. സി. സി അനുമോദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 30 July, 2014
നിയുക്ത മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിനെ എസ്. എം. സി. സി അനുമോദിച്ചു
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ട മാര്‍. ജോയ് ആലപ്പാട്ടിനെ, സീറോ മലബാര്‍ കാത്തലിക്ക് കോണ്‍ഗ്രസ് (SMCC) അനുമോദിച്ചു. എസ്. എം. സി. സി ദേശിയ പ്രസിഡന്റ് ശ്രീ. സിറിയക് കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ കമ്മിറ്റിയിലാണ്
മാര്‍. ജോയ് ആലപ്പാട്ടിന് അനുമോദനങ്ങള്‍ നേര്‍ന്നത്.

ചിക്കാഗോ രൂപതയുടെ വളര്ച്ചയുടെ നാള്‍വഴികളിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ഒരു ദൈവീകാനുഗ്രഹം എന്നാണ് പ്രസിഡന്റ് സിറിയക് കുര്യന്‍ ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്‍പില്‍ പുഞ്ചിരി തൂകാന്‍ കഴിയുന്ന എന്നാല്‍ കഴിവും ആത്മീയ ഔന്നത്യവും ഏറെയുള്ള വളരെ ജനകീയനായ മാര്‍. ജോയ് ആലപ്പാട്ടിന് രൂപതയെ ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

എസ്. എം. സി. സി ബോര്‍ഡ് ഓഫ് ഡയറക്ട്‌ടെഴ്‌സ് ചെയര്‍മാന്‍ ശ്രീ. മാത്യു തോയലിന് പറയാന്‍ ഉണ്ടായിരുന്നത്, സദാ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്‌നേഹ വാത്സല്യങ്ങള്‍ ചൊരിയുന്ന ജോയി അച്ചനിലെ ഒരു നല്ല കലാകാരനെ കുറിച്ചായിരുന്നു. ചെണ്ട കൊട്ടാന്‍ വരെ വൈദഗ്ധ്യം ഉള്ള ജോയി അച്ചന്‍ ഒരു നല്ല ഗാന രചയിതാവാണ് എന്നതുകൂടി എടുത്തു പറയുകയും, അച്ചന്‍ ഒരുക്കിയിരിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളേയും സംഗീത ആല്‍ബങ്ങളെയും കുറിച്ച് സംസാരിക്കുകയുണ്ടായി.

തുടര്‍ന്ന് സംസാരിച്ച എസ്. എം. സി. സി വൈസ് പ്രസിഡന്റ് ശ്രീ. ജോര്‍ജ്കുട്ടി പുല്ലാപള്ളി, എളിമയും വിനയവും നിറഞ്ഞ ജോയി അച്ചന്റെ സുതാര്യമായ ജീവിത ശൈലിയെക്കുറിച്ചായിരുന്നു എടുത്തു പറഞ്ഞത്. എസ്. എം. സി. സി യെ വളരെ അടുത്തറിയാവുന്ന ജോയി അച്ചന്‍, സഹായ മെത്രാനാകുന്നത് എസ്. എം. സി. സി യുടെ വളര്‍ച്ചയുടെ പടവുകളില്‍ ഒരു വലിയ നാഴികക്കല്ലാവുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

ചിക്കാഗോയില്‍ നിന്നുള്ള കുര്യാക്കോസ് ചാക്കോയ്ക്ക് (കുഞ്ഞുമോന്‍) പറയുവാനുണ്ടായിരുന്നത്, എല്ലാവരെയും തുല്യമായി കാണുന്ന, എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന ജോയി അച്ചനിലെ നന്മയെക്കുറിച്ചായിരുന്നു. തുടര്‍ന്ന് സംസാരിച്ച ബാബു ചാക്കോ, കത്തീഡ്രല്‍ പള്ളിയിലെ ഇടവക സമൂഹത്തെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞ അച്ഛന്റെ കഴിവിനെയും മികവിനെയും കുറിച്ചായിരുന്നു.

യൂത്തിനെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏറെ താല്പര്യം കാണിക്കുന്ന ജോയി അച്ചന്‍ ചിക്കാഗോ രൂപതയില്‍ ശക്തമായ ഒരു യുവജന സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എസ്. എം. സി. സി നാഷണല്‍ കമ്മിറ്റി മെമ്പര്‍ ലൈസി അലക്‌സ് പ്രകീര്‍ത്തിച്ചു. അച്ചന് സ്‌പോര്ട്ട്‌സിനോടുള്ള താല്പര്യവും, ഒരു നല്ല വോളിബോള്‍ കളിക്കാരനാണെന്നതും ലൈസി എടുത്തു പറഞ്ഞു.

ആധ്യാത്മിക ചൈതന്യതോടൊപ്പം പ്രായോഗിക ബുദ്ധിയും കൂടിയുള്ളവര്‍ നേതൃത്വത്തിലേക്ക് വരുമ്പോഴാണ് സഭ വളരുകയെന്നും, ഇതു രണ്ടും ഏറെയുള്ള ജോയി അച്ചനിലൂടെ ചിക്കാഗോ രൂപത വളരെയേറെ വളര്‍ച്ച നേടാന്‍ ഇടയാകട്ടെയെന്നു ശ്രീ. വില്‍സണ്‍ പാലത്തിങ്കല്‍ ആശംസിച്ചു.

എസ്. എം. സി. സി സെക്രട്ടറി ശ്രീ. അരുണ്‍ ദാസിനു ഓര്‍മ്മിക്കാന്‍ ഉണ്ടായിരുന്നത് ആറാം ക്‌ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ജോയി അച്ചനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചായിരുന്നു. യുവജനങ്ങളെ സംഘടിപ്പിക്കുന്നതിലും, അവരുടെ വളര്‍ച്ചയിലും അന്നും ഏറെ താല്പര്യം കാണിച്ചിരുന്ന ജോയി അച്ചന്റെ പ്രോത്സാഹനങ്ങള്‍ ആണ് തന്നെ യൂത്ത് മൂവ്‌മെന്റിലേക്കു കൊണ്ടുവന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. എസ്. എം. സി. സി യുടെ വളര്‍ച്ചയില്‍ ഏറെ താല്പര്യം കാണിക്കുന്ന ജോയി അച്ചന്‍ ചിക്കാഗോ രൂപതയില്‍ എസ്. എം. സി. സി യിലൂടെയുള്ള ഒരു അല്‍മായ മുന്നേറ്റത്തിനു തിരഞ്ഞെടുക്കപ്പെട്ടത് ഒരു ദൈവ നിയോഗമാണെന്ന് അഭിപ്രായപ്പെട്ടു.

ജെയിംസ് കുരീക്കാട്ടില്‍, പബ്‌ളിക് റിലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍
നിയുക്ത മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിനെ എസ്. എം. സി. സി അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക