Image

'ആട് ജീവിതം' വിമര്‍ശിക്കപ്പെടുന്നു

Published on 29 July, 2014
'ആട് ജീവിതം' വിമര്‍ശിക്കപ്പെടുന്നു
'ആട് ജീവിതം' എന്ന നോവലിനെ, വിവരമുള്ള ഒരു നല്ല സുഹൃത്ത് വിമര്‍ശിക്കുന്നു. ആ വിമര്‍ശനം നിലവാരം പുലര്‍ത്തുന്നതാണെന്നും,  വിലയിരുത്തപ്പെടെണ്ടാതാണെന്നും തോന്നുന്നു.  ഇത്ര കൂടി പറഞ്ഞുകൊണ്ട്  അത് നിങ്ങള്‍ക്ക് പങ്കുവെക്കുന്നു.  
എല്ലാം തികഞ്ഞൊരു നോവല്‍ ഇന്നുവരെയും  വായനയില്‍ വന്നുപെട്ടിട്ടില്ല.  ഇന്ന് ഞാന്‍ എന്റെ സ്വന്തം നോവലുകള്‍ എഴുതാനിരിക്കുമ്പോഴും, അക്കൂട്ടത്തിലെങ്കിലും,  അങ്ങനെയൊന്നു സംഭവിച്ചു പോകുമെന്ന പ്രത്യാശയും എനിക്കില്ല. ഒരുപക്ഷെ അങ്ങനെ ഒരു നോവല്‍ അസംഭാവ്യമാണ്. 

ആടുജീവിതം ഞാനും വായിച്ചിരുന്നു. അത് ഏറ്റവും നല്ല നോവലുകള്‍ക്ക്  ഉദാഹരണമായി പറയാവുന്ന ഒന്നായിരുന്നില്ല, എന്നാണ് എന്റെയും പക്ഷം.  എന്നാല്‍ , ചില നോവലുകള്‍ ചില സാഹചര്യങ്ങളില്‍ പ്രസക്തമോ,  ചിലപ്പോള്‍ ശ്രദ്ധേയമോ, ആയിപ്പോകും.  ആട് ജീവിതം സാഹചര്യങ്ങളുടെ സാധ്യതകളാല്‍ ഏറെ ശ്രദ്ധേയമായ  ഒരു നോവല്‍ മാത്രമാണ്. (തീര്‍ച്ചയായും ആ സാഹചര്യങ്ങളെ പറ്റി  ഈ ലേഖനത്തില്‍ ഞാന്‍ പിന്നീടായി പറയുന്നുണ്ട്.)  അതേ സമയം, സ്വന്തമായി അതിനു ഒരുപാട് സമ്പന്നതകളും ഉണ്ട്.  ആദ്യമേ പ്രമേയത്തെ പറ്റി പൊതുവേയുള്ള ചില കാര്യങ്ങള്‍ പറയട്ടെ. 

'ഓഹ്; ഇനിയൊരു പ്രമേയം! പക്ഷെ അത് ഇല്ലാതെയും പറ്റില്ലല്ലോ!'  എന്ന വിധത്തില്‍ , പ്രമേയത്തിന് അത്രക്കൊന്നും പ്രാധാന്യം കൊടുക്കാത്ത നോവലിസ്റ്റുകള്‍ ധാരാളം ഉണ്ട്.  എന്നിരുന്നാലും, നല്ല പ്രമേയങ്ങള്‍ , വായനക്കാരെ നന്നായി വശീകരിക്കാനും, അവരുടെ വായന എളുപ്പമാക്കാനും, ആ വായനകളെ ആസ്വാദ്യകരമാക്കാനും, നല്ലപോലെ സഹായിക്കും എന്നതാണ് എന്റെ എളിയ തിരിച്ചറിവ്.

 ആടുജീവിതത്തിന്റെ പ്രമേയം അവ്വിധത്തില്‍ ഒരു നല്ല കണ്ടെത്തല്‍ ആയിരുന്നു.  അതിനാല്‍ സമകാലീന വായനാലോകത്തില്‍ ആ നോവല്‍ വളരെയേറെ ശ്രദ്ധേയമായി.  ഇനിയും അത് വായിക്കാത്ത മലയാളികളോട് 'അത് വായിച്ചിരിക്കണം' എന്നുതന്നെയാണ് എന്റെ എളിയ ശുപാര്‍ശ.  നേരം പോക്കിനായി വായനയെ തിരഞ്ഞെടുക്കുന്നവര്‍ക്കാവട്ടെ, ഈ നോവല്‍ വലിയൊരു സമ്മാനമായിട്ടാവും അനുഭവപ്പെടുക.  എന്നാല്‍ , വായനയെ അല്‍പ്പം ഗൌരവമായി കാണുന്നവരും അതൊന്നു വായിച്ചു നോക്കണം.  അങ്ങനെ വായിക്കുന്നവര്‍ , ആ പ്രമേയം കൈകാര്യം ചെയ്യുന്ന വസ്തുതകളുടെ സത്യസന്ധതയെ മാത്രം വിശകലനം ചെയ്താല്‍ പോര.  അത് അറബികളുടെ ക്രൂരതകളെ അനാവരണം ചെയ്യാനുള്ള ഒരു റിപ്പോര്‍ട്ട് അല്ലല്ലോ? 

ബെന്ന്യാമന്‍ തന്റെ നോവലിനു വേണ്ടി കണ്ടെടുത്ത ഒരു പ്രമേയം മാത്രമാണ്, ഒരു കാട്ടറബിയെ ചുറ്റിപ്പറ്റി പറയപ്പെടുന്ന, നോവലിലെ കഥ.  പക്ഷെ, നോവലിന്റെ പേര് 'ആടുജീവിതം' എന്നാണെന്നത് ഇവിടെ ഏറെ പ്രസക്തമാണ്.  'ഒരു കാട്ടറബിയുടെ ക്രൂരകൃത്യങ്ങള്‍ ' എന്ന് ബെന്ന്യാമെന്‍ തന്റെ നോവലിന് പെരിട്ടില്ലല്ലോ?  'ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ പകര്‍ത്തിവെക്കാന്‍, ഒരു നോവലിലൂടെ ശ്രമിച്ച ഈ എഴുത്തുകാരന്‍, അതിനു വേണ്ടി  ഉപയോഗിച്ചതായ ഒരു കഥ' എന്ന ഒരേയൊരു പ്രാധാന്യം മാത്രമേ ഈ പ്രമേയത്തിന് ഉള്ളൂ.  കഥയെക്കാളുപരിയായി, തന്റെ സ്വന്തം ജീവിതവീക്ഷണങ്ങള്‍  പ്രതിഫലിപ്പിക്കാനാണ്, ബെന്ന്യാമന്‍ ഈ കഥയിലൂടെ ശ്രമിച്ചിരിക്കുന്നത്.  അയാള്‍ അത് ഒരുപാട് നിഷ്‌കളങ്കതയോടെയും, അത്യന്തം ആത്മാര്‍ത്ഥതയോടെയും,  (അയാളുടെ കഴിവുകളുടെ പരിധികളില്‍ നിന്നുകൊണ്ട്) വിനയപൂര്‍വ്വം എഴുതിവെച്ചിരിക്കുന്നു. 

എന്നിട്ടും, അറബികളെ അടച്ചു കുറ്റംപറയാന്‍ നോവലില്‍ നോവലിസ്റ്റ് ഒരിടത്തും ശ്രമിച്ചിട്ടും ഇല്ല.  കഥാനായകന്റെ അനുഭവങ്ങളുടെ ഭാഗമായിട്ട്, അയാള്‍  ഒരു കാട്ടറബിയുടെ കയ്യില്‍ ചെന്നുപെട്ട ആ സംഭവം,  നോവലിസ്റ്റ് സശ്രദ്ധം വിവരിക്കുന്നതേയുള്ളൂ.  മലയാളികളുടെ അന്നദാതാവാകാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരാണ്  അറബികള്‍ എന്ന്, ഞാന്‍ കരുതുന്നില്ല.  (ഇതിപ്പോള്‍ ഇവിടെ എടുത്തു പറയാന്‍ കാരണം;  താഴെയുള്ള വിമര്‍ശനം വായിക്കുമ്പോള്‍ മനസ്സിലാവും.)  അറബികള്‍ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ തേടിയപ്പോള്‍ , അത് ഇന്ത്യക്കാര്‍ അടക്കമുള്ള, ലോകതൊഴിലാളി സമൂഹത്തിനു ധാരാളം  തൊഴിലവസരങ്ങള്‍ക്ക് കാരണമായി എന്ന് മാത്രമേ ഉള്ളൂ. 

ഈ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്ത്,  സ്വന്തം സാമ്രാജ്യം മോടിപിടിപ്പിക്കാന്‍ മാത്രമേ അറബികള്‍ക്ക്  താല്‍പ്പര്യമുള്ളൂ എന്നതാണ് സത്യമായ വസ്തുത.  അതിസമ്പന്നരായ, വിരലില്‍ എണ്ണാവുന്ന ചിലരെ,  (എം.എ. യൂസഫലി, താഴെ പരാമര്‍ശിക്കപ്പെട്ട മേനോന്‍, എന്നിങ്ങനെ ചിലരെ)  അറബികള്‍ ബഹുമാനിക്കുന്നത് മേല്‍പ്പറഞ്ഞവരുടെ ദേശീയതയെ പരിഗണിച്ചിട്ടല്ല.  ഒരു പണക്കാരന്‍ ഏതു പട്ടിണിരാജ്യക്കാരനായാലും ശരി, അവന്‍ മറ്റു പണക്കാരാല്‍ ബഹുമാനിക്കപ്പെടാറുണ്ട്. അതൊക്കെ ഈ ലോകത്തില്‍ അത്രമാത്രം സ്വാഭാവികം. 

അങ്ങനെയല്ലാതെ, 'മലയാളികള്‍ അറബികള്‍ക്ക് പൊതുവേ വിശിഷ്ടവ്യക്തികളാണ്'  എന്ന് കരുതാനാവില്ല.  അന്യരാജ്യ തൊഴിലാളികളോട് അറബികള്‍ അത്ര മാന്യമായിട്ടൊന്നും പെരുമാറുന്നില്ലെന്നു എനിക്ക് നന്നായി അറിയാം.  അതൊക്കെ പ്രതിഫലിപ്പിക്കാന്‍ ഈ നോവലിന് കഴിഞ്ഞത്, നോവലിന്റെ നേട്ടത്തിന്റെ പട്ടികയില്‍ ഞാന്‍ കൊണ്ടിടുന്നു.  അതീവം ദുസ്സഹമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന അനവധി മലയാളികള്‍  ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ട്. അവരുടെ കഥയാവട്ടെ, എന്നിട്ടും ആരും അധികം പറയാറുമില്ല. ആ ശൂന്യതയിലേക്കാണ് ബെന്ന്യാമന്‍ തന്റെ 'ആടുജീവിത'വുമായി കടന്നുചെന്നത്.

 അതിനാല്‍ , അശരണരായ ഗള്‍ഫ് മലയാളികളും, അവരുടെ പരിതാപാവസ്ഥയെ ഏറെ വേദനയോടെ, എന്നിട്ടും താന്താങ്ങളുടെ നിസ്സഹായതയോടെ നോക്കിക്കാണുന്ന മറ്റുള്ളവരും, നേരെ അവരുടെ ഇടനെഞ്ചിലേക്കാണ് ബെന്ന്യാമെനെന്ന പുതുവെഴുത്തുകാരനെ ഏറ്റെടുത്തത്. (ബെന്ന്യാമന്റെ നല്ലനേരത്തിനു ആടുജീവിതം  എഴുതാന്‍ അദ്ദേഹത്തിന് ഒരു ഉള്‍വിളി കിട്ടി!)  ആടുജീവിതം ഏറെ ശ്രദ്ധേയമായത്തിനു പുറകിലുള്ള പ്രധാന വസ്തുത  ഇപ്പറഞ്ഞതൊക്കെയാണ്. അതിനാല്‍ അതൊരു പ്രസക്തമായ  വിഷയമാണെന്നും സമ്മതിക്കാതെ തരമില്ല. 

പ്രമേയത്തെ പറ്റി ഇത്രമാത്രമൊന്നും പറഞ്ഞാല്‍ പോര. എന്നിട്ടും വിസ്താരഭയത്താല്‍ ആ ഭാഗം ഇവിടം കൊണ്ട് നിര്‍ത്തുന്നു.  ഇനി മറ്റു ചില കാര്യങ്ങള്‍ കൂടി.  നോവലിന്റെ പ്രധാനമായ ചില ന്യൂനതകളെ പറ്റി ഞാനിവിടെ പറയാതിരിക്കുന്നില്ല.  'എന്ത്?' എന്ന ഒരു ചോദ്യമുണ്ട്.  അത് വെറും 'എന്ത്?' എന്ന കേവലാന്വേഷണമല്ല.  എങ്കില്‍ എത്ര എളുപ്പത്തില്‍ , എത്രയോ ഉത്തരങ്ങള്‍ അതിനു മറുപടിയായി പറയാമായിരുന്നു!  എന്നാല്‍ , ഞാന്‍ എഴുതിയിരിക്കുന്നത്, തത്വചിന്തകന്റെ 'എന്ത്?' എന്ന കാതലായ ചോദ്യമാണ്.  ഉത്തരം പറയാന്‍ ഏറ്റവുമധികം വിഷമമുള്ള ഒരു ചോദ്യമാണത്. ഉത്തരം പറയാന്‍ ഒട്ടുമിക്കവരും ഭയപ്പെടുന്ന ഒരു ചോദ്യവും!  എന്നാലോ; ആ ഒറ്റ ചോദ്യത്തിനുള്ള ഒരു ഉത്തരമായിട്ടായിരിക്കണം, ഓരോ കലാസൃഷ്ടിയും ജനിച്ചുവരേണ്ടത്.  അവസ്ഥകളെ വിവരിക്കാന്‍ കേവലം ലേഖനങ്ങള്‍ മതിയായേക്കും.  എന്നാല്‍ , തത്വചിന്തകന്റെ 'എന്ത്?' എന്ന ചോദ്യത്തിനുള്ള മറുപടി ഒരു നോവലില്‍ ഉണ്ടായേ തീരൂ.  ആടുജീവിതത്തിന്റെ പ്രധാന ദുര്‍ബ്ബലത ഈ വശത്താണ് കാണപ്പെടുന്നത്.

അതൊരു സാധാരണ നോവല്‍ മാത്രമാണെന്ന് വിവരമുള്ള വിമര്‍ശകര്‍  പറയുന്നത് ഈ ഒരു വസ്തുതയെ കൂടി പരിഗണിച്ചിട്ടാണ്.  വരികള്‍ക്ക് സൌന്ദര്യം നല്‍കാനുള്ള യാതൊരു പദ്ധതിയും നോവലില്‍ കാണുന്നില്ല.  ശില്പഭംഗി തീരെ ഇല്ലാത്ത നോവലാണ് ആടുജീവിതം എന്ന്, വരുത്തി തീര്‍ക്കാനും അത് കാരണമായി.  എന്നാല്‍ ഇതൊന്നും അറിയാതെ, ഇന്നലെവരെ തങ്ങള്‍ അവഗണിച്ചിട്ട ബെന്ന്യാമനെ,  ഇന്ന് അവരില്‍ ചിലര്‍ തലയിലേറ്റി നടക്കുന്നത്; 'ദീപസ്തംഭം മഹാശ്ചര്യം' എന്ന മനോഭാവം കൊണ്ടു മാത്രമാണ്.  താഴെയുള്ള ലേഖനത്തില്‍ ആ ചിന്താഗതിയോടുള്ള ശക്തമായ പ്രതിഷേധം കാണാവുന്നതാണ്. 

എന്നാല്‍ എല്ലാ കുറവുകളേയും പരിഗണിച്ചാലും,  ചില 'കൂടുതലുകളാണ്' ചില നോവലുകളെ ശ്രദ്ധേയമാക്കുന്നത്.  ഈ നോവല്‍ അത്തരം പ്രതിഭാസത്തിന് ഒരു ലളിത ദൃഷ്ടാന്തവും.  ഇത്രകൂടി പറഞ്ഞുകൊണ്ട് ഉപസംഹരിക്കട്ടെ.  ബെന്ന്യാമന്റെ വ്യക്തിത്വവും വ്യത്യസ്തമാണ്.  അത് അയാളുടെ ഫേസ് ബുക്കിലെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും. 'ആടുജീവിത'ത്തെയും, അതെഴുതിയ വ്യക്തിത്വത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു.  ബെന്ന്യാമെന്‍ എനിക്ക് എന്റെ ഈ താളില്‍ ഒരു സുഹൃത്തായതിനാല്‍ മാത്രം, ഞാന്‍ അയാളെ അതിരറ്റ് പുകഴ്ത്തുകയാണെന്ന്,  എന്നെ കുറ്റപ്പെടുത്തരുതേയെന്ന ആത്മാര്‍ത്ഥമായ അപേക്ഷയോടെ,  ആ ഷെയറിങ്ങിലേക്ക്...... 

ഈ ലേഖനം 'ശ്രുതിലയം' എന്ന  സൌഹൃദ താളില്‍ നിന്നും കടമെടുക്കുന്നതാണ്.  
ലേഖകന്‍ ശ്രീ. ഗണേഷ് പന്നിയത്ത് 

 ' കൃഷിയും വ്യവസായവും അന്യം നിന്ന് പോയ കേരളത്തിന്റെ സമ്പല്‍ സമൃദ്ധിക്ക് നിദാനമായി തീര്‍ന്നത് അറബ് രാഷ്ട്രങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ എണ്ണിയാല്‍ ഒടുങ്ങാത്ത കോടികളായിരുന്നു. അതിലൂടെ നാം വളര്‍ത്തിയെടുത്ത സ്വപ്നങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അത്രമാത്രം ആഹ്ലാദം തന്നിട്ടുണ്ട് അറബ് ജനത ഈ പച്ചത്തുരുത്തിന്. എത്രയോ ലക്ഷം ജനങ്ങളുടെ ജൈവബോധങ്ങള്‍ ഇപ്പോഴും ഈ മരുപ്രദേശത്തെ ചുറ്റി തിരിയുക തന്നെയാണ്.  ഇതാ എന്റെ മുന്നില്‍ ബെന്യാമിന്റെ ' ആടുജീവിതം' എന്ന നോവല്‍.

ഒരുപാട് എഡിഷന്‍ വിറ്റു കഴിഞ്ഞുപോലും അതിന്റെ. കേരളത്തിനു ലഭിച്ച മഹാസാഹിത്യ പുസ്തകമാണ് പോലും ഇത്. ഈ പുസ്തകം പ്രധാനം ചെയ്യുന്ന നെഗറ്റീവ് സന്ദേശത്തെ കുറിച്ച് ഞാന്‍ ഒരുപാട് പേരുമായി സംവദിച്ചതാണ് . ഏതോ ഒരു കാട്ടറബിയുടെ സ്‌നേഹരഹിതമായ ചെയ്തികളിലൂടെ ഇതിലെ നായകന്‍ അനുഭവിക്കുന്ന ദുരന്തപൂര്‍ണമായ ജീവിതം ഓരോ മലയാളിയും എന്നാല്‍ ഏറ്റുപിടിക്കുകയായിരുന്നു. പിന്നെ അറബികളെല്ലാം അങ്ങനെയാണെന്ന് ഘോഷിക്കുകയായി .

അങ്ങനെയുള്ള എത്രയോ ചര്ച്ചകള്ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. അറബികള്‍ കാടന്മാരാനുന്നു വരുത്തി തീര്ക്കാനുള്ള വ്യഗ്രത ഈ ചര്‍ച്ചകളിലൊക്കെ പലപ്പോഴും ഞാന്‍ നിരീക്ഷിച്ചിരുന്നു. അറബ് ലോകം കേരളത്തിന് നല്കിയ വര്‍ണാഭമായ സ്വപ്ങ്ങളെ നാം അങ്ങനെ മറക്കുകയായിരുന്നു. അവര്‍ സമ്മാനിച്ച ജീവിത സുഖങ്ങള്‍ നാം ഓര്‍ക്കാന്‍ ശ്രമിച്ചില്ല.

അറബിന്റെ സ്‌നേഹ സമൃദ്ധി പോലെ കേരള ഭൂവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മണി മന്ദിരങ്ങള്‍ നാം കണ്ടില്ലെന്നു നടിച്ചു. എം എ യൂസഫലിക്കും മേനോനുനുമൊക്കെ അറബ് രാഷ്ട്രതലവന്‍മാര്‍ നല്കുന്ന മാന്യതയേയും ബഹുമാനത്തെയും ആട് ജീവിതത്തിലെ കാട്ടറബിക്ക് മുന്നില്‍ നാം അടിയറവു വെച്ചു. ..... എന്തൊരു ദുസ്സഹമായ ദുരന്തം. അല്ലെങ്കിലും മലയാളികള്‍ അങ്ങനെയാണ്, നന്ദികേടിന്റെ പര്യായമായിമാറും ആവശ്യം വരുമ്പോള്‍ ...  ഇപ്പോഴിതാ ഒരു ശാപം പോലെ സ്വദേശിവല്‍ക്കരണവുമായി സൗദി ആദ്യം. ഇനി എന്തൊക്കെ നടക്കുമെന്ന് ആര്‍ക്കറിയാം ....'

'ആട് ജീവിതം' വിമര്‍ശിക്കപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക