Image

സ്വീകരണ മാമാങ്കം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 29 July, 2014
സ്വീകരണ മാമാങ്കം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
നാളെയെത്തുന്നു നാട്ടില്‍ നിന്നൊരു പുമാന്‍
താലമേന്തി നാം സ്വീകരിച്ചീടണം
പഞ്ചനക്ഷത്ര മഞ്ചമൊരുക്കണം
പഞ്ചാരിമേളം പ്രകമ്പനം കൊള്ളണം

ആനയിക്കുവാന്‍ അമ്പാരിയില്ലേലും
ആദരവില്‍ നാം മുന്നിട്ടു നില്‍ക്കണം
ബൊക്കെ നല്കി ഹസ്തദാനം ചെയ്തു
നീണ്ടു നിവര്‍ന്നങ്ങു കാല്‍കളില്‍ വീഴണം

ഈ പൂരുഷന്‍തന്‍ സംഭാവനകളെ
കേട്ടറിഞ്ഞാല്‍ നിങ്ങള്‍ അന്തിച്ചു നിന്നിടും
പെണ്‍വാണിഭത്തില്‍ ബിരുദമെടുത്തവന്‍
കള്ളക്കടത്ത് സുശീലമാക്കിയോന്‍

നാട്ടിലൊക്കെയും ഷാപ്പ് നടത്തുന്നോന്‍
നാട്ടുവഴികളില്‍ അന്തിയുറങ്ങുന്നവന്‍
ഗുണ്ടകള്‍ക്ക് പ്രിയതാരമാണവന്‍
ഗുണ്ടല്‍പെട്ടില്‍ സിനിമാപിടുത്തവും

ബ്ലേഡ് ബാങ്കുകള്‍ പലതും നടത്തുന്നോന്‍
കൊള്ളപ്പലിശക്ക് കഴുത്തറക്കുന്നവന്‍
പാവലും വെണ്ടയും കഞ്ചാവുമങ്ങനെ
ഇടകലര്‍ത്തി വളര്‍ത്തി രസിക്കുന്നവന്‍

സ്വിസ്ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നാല്‍
ഏത് പാപവും കഴുകിക്കളഞ്ഞീടാം
ഏഴു കടലുകള്‍ താണ്ടി കഴിഞ്ഞെന്നാല്‍
ഏത് ദുഷ്ടനും ശിഷ്ടനായി തീരും

വേനലവധി അമേരിക്കയിലാക്കണം
വേനല്‍ച്ചൂട് സഹിക്കുവാന്‍ വയ്യെടോ
സ്‌പോണ്‍സര്‍ ചെയ്യാന്‍ കടലാസ് സംഘങ്ങള്‍
വരിവരിയായി മത്സരിച്ചീടുന്നു

നാളെയെത്തുന്നു നാട്ടില്‍ നിന്നീ പുമാന്‍
സ്വീകരണം ഗംഭീരമാക്കണം
ഞായറാഴ്ച സായന്തനത്തില്‍
ഇന്ത്യന്‍ ഹോട്ടലില്‍ ഡിന്നര്‍ ഒരുക്കണം

സഹജരെ പ്രിയ പ്രവാസിമക്കളെ
വന്നുചേരണേ ഈ ആഘോഷ വേളയില്‍
അമ്പതു ഡോളര്‍ കൂപ്പണ്‍ എടുത്തെന്നാല്‍
അതിയാനോടൊത്ത് ഫോട്ടോന്‍ എടുത്തീടാം

സഫാരിസൂട്ട് തേച്ചു മിനുക്കണം
ഭാര്യയെക്കൊണ്ട് ഫേഷ്യല്‍ ചെയ്യിക്കണം
പട്ടുസാരിതന്‍ മായാപ്രപഞ്ചത്തില്‍
പെട്ടുപോകണം വന്നവരൊക്കെയും

സ്വര്‍ണവര്‍ണങ്ങള്‍ വാരിയണിയണം
മുന്‍നിരയില്‍ തന്നെ സീറ്റ് പിടിക്കണം
അതിഥിമാഹാത്മ്യം ആരോ വിളമ്പുമ്പോള്‍
മതിമറന്നങ്ങു കയ്യടിച്ചീടണം

ഐപാഡൊന്നു സമ്മാനം നല്‍കിയാല്‍
ജീവിതകാലം എന്നെ മറക്കില്ല
നാട്ടില്‍ ചെല്ലുമ്പോള്‍ ബന്ധം പുതുക്കീടാം
നാട്ടുകാരൊക്കെ വന്ദിച്ചു നിന്നീടും

സഹജരെ പ്രിയ പ്രവാസിമക്കളെ
വന്നുചേരണേ ഈ ആഘോഷ വേളയില്‍
ഇനിയുമെത്തും ഇതുപോലെ ജന്മങ്ങള്‍
ഞങ്ങളുണ്ടാകും താലപ്പൊലിയേന്താന്‍ ..
സ്വീകരണ മാമാങ്കം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
വിദ്യാധരൻ 2014-07-29 19:28:25
കേരളത്തിൽ പോലും ജനം തഴഞ്ഞിട്ടിരിക്കുന്ന അഴുമതിക്കാർ, പെണ് വാണിഭക്കാർ, കടൽക്കൊള്ള , സി ഡി ചോരണം, അധികാര ദുരുപയോഗം തുടങ്ങിയവയിൽ കുപ്രസിദ്ധി നേടി നിയമപാലകർ, നക്സലൈറ്റുകൾ, തറപഞ്ചായത്ത്, മുന്സിപാലിറ്റി തുടങ്ങിയവയിലെ കുംമ്പകോണക്കാർ എന്നിവരെ കൊണ്ടവന്നു, കുഴലുവിളി, ചെണ്ടകൊട്ടു, ആന, അംമ്പാരി, കുഴല് വിളി, കുടമാറ്റം, താലപ്പൊലി എന്നിവ കൊടുത്ത് സ്വീകരിക്കുന്നതിൽ അമേരിക്കൻ സമൂഹം ഒന്നാകെ ഹരം പൂണ്ടു നില്ക്കുന്നു. പൂമാലകളുമായി ജനം വിമാന താവളങ്ങളിൽ കിടപ്പാണ്പിന്നെ . കൊച്ചമ്മമാരെ ഷോപ്പിങ്ങിനു കൊണ്ടുപോയി ഭാര്യ കഷ്ടപ്പെട്ടുകൊണ്ടുവരുന്ന പണം ചിലവാക്കി സുഗന്ധ തൈലം, മസ്സാജു തുടങ്ങിയവ നല്കുന്ന വിടന്മാർ ഇതിൽ വിരുത് നേടിയവന്മാർ ആണെന്ന് പറയണ്ടാതില്ലല്ലോ? സരിതയും വലിയ കാലതാമസം ഇല്ലാതെ ഇങ്ങു പറെന്നെത്തും എന്നതിൽ സംശയം വേണ്ട. പിന്നെ സ്വന്തം പടം പത്രത്തിൽ നോക്കിയിരുന്നു ആസ്വതിക്കുകയും, വർണ്ണാഭം, കർണ്ണാഭം തുടങ്ങി വായിൽ കൊള്ളാത്തതും മനസിലാകാത്തതുമായ വാക്കുകൾ നോക്കിയിരുന്നു പൊട്ടിച്ചിരിക്കുകയും തുള്ളി ചാടുകയും ചെയ്യുന്നു ചെയ്യുന്നു. കവി ഇത് നിരീക്ഷിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി എന്ന് കവിതയുടെ ഓരോ വരികളും വിളിച്ചു പറയുന്നു. പാട്ടിലെ വിധി കർത്താക്കൾ പറയുന്നത് പോലെ സംഗതികൾ വീണണ്ട സ്ഥാനങ്ങളിൽ തന്നെ വീണു, ഭാവങ്ങളും ന്യുൻസും എല്ലാം കൊള്ളാം. പക്ഷെ, "കുവല മലരുടെ പരിമള സാരം, തവളകൾ അറിവാൻ സംഗതി വരുമോ" (നളചരിതം)' കവിക്ക്‌ അഭിന്ദനം
jep 2014-07-30 05:15:16

കവിതയുടെ കോപ്പി എടുത്തു ഇവരൊക്കെ വന്നു ജെളിജിരിക്കുന്ന  സദസ്സിൽ കൊണ്ട് വിതരണം ചെയ്യുന്നത് നല്ലതായിരിക്കും .ഇങ്ങനെ ഒള്ളവനേ ഒക്കെ  പൊക്കികൊണ്ട് നടുക്കന്ന മിക്കവരുടെയും  ജാതകം നോക്കയാൽ ഇവരെല്ലാം ഒരേ തൂവൽ പക്ഷികൾ ആണന്നു മനസ്സിലാക്കാവുന്നതേ ഉള്ളു .പോത്ത് ചെന്നാൽ പോത്തിൻ കൂട്ടതിലല്ലെയ് ചെല്ലൂ .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക