Image

വ്യാജപരാതി: സ്ത്രീധനനിരോധന നിയമത്തില്‍ ഭേദഗതി വരുന്നു

Published on 29 July, 2014
വ്യാജപരാതി: സ്ത്രീധനനിരോധന നിയമത്തില്‍ ഭേദഗതി വരുന്നു
ന്യൂഡല്‍ഹി: വ്യാജപരാതി നല്‍കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കി സ്ത്രീധനനിരോധന നിയമത്തില്‍ ഭേദഗതിവരുത്തുന്നു. സ്ത്രീധന നിരോധനനിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതി പരിഗണിക്കുന്നത്. നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റംവരുത്തുന്നതിനുപുറമെ, 'സ്ത്രീധനം' എന്താണെന്ന് കൂടുതല്‍ വ്യക്തമാക്കാനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 
സ്ത്രീധനനിരോധനനിയമം ദുരുപയോഗം ചെയ്ത് ഭര്‍ത്താക്കന്‍മാര്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീകളുടെ വ്യാജപരാതി കൂടുന്നത് കണക്കിലെടുത്താണ് നിയമഭേദഗതി കൊണ്ടുവരുന്നത്. പരാതി വ്യാജമാണെന്നു തെളിഞ്ഞാല്‍ ശിക്ഷയോ പിഴയോ ചുമത്താന്‍ വ്യവസ്ഥചെയ്യുന്ന ഭേദഗതിയാണ് നിയമത്തില്‍ വരുത്തുക. നിലവില്‍ പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസ് അവസാനിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്. 

സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 498-എ വകുപ്പുപ്രകാരം ഉടനെ കേസ്സെടുക്കുന്നതിനെതിരെ സുപ്രീം കോടതിയും രംഗത്തുവന്നിരുന്നു. പരാതി ലഭിച്ചയുടന്‍തന്നെ ഈ വകുപ്പുപ്രകാരം കേസ്സെടുക്കരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാറുകളോട് സുപ്രീംകോടതി കഴിഞ്ഞമാസം ആവശ്യപ്പെട്ടിട്ടുണ്ട്. 

ക്രിമിനല്‍നടപടിച്ചട്ടം 41 പ്രകാരം അറസ്റ്റ് അത്യാവശ്യമാണെങ്കില്‍മാത്രമേ അതുമായി മുന്നോട്ടുപോകാവൂവെന്നും ജസ്റ്റിസ് സി.കെ. പ്രസാദ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപദ്രവിക്കുന്നതിന് ഈ നിയമം നിരാശരായ ചില ഭാര്യമാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. 

'വിവാഹവുമായി ബന്ധപ്പെട്ട് നല്‍കുന്നത്' ആണ് സ്ത്രീധനമെന്ന നിയമത്തിലെ വിശദീകരണത്തിലും ഭേദഗതി വരുത്തും. വിവാഹത്തിനുമുമ്പും വിവാഹസമയത്തും വിവാഹത്തിനു ശേഷവും നല്‍കുന്നതാണ് സ്ത്രീധനം എന്നാക്കി മാറ്റാനും വനിതാശിശു ക്ഷേമമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനനിയമത്തിലെ ചില വ്യവസ്ഥകളും സ്ത്രീധനനിരോധനനിയമത്തിന്റെ ഭാഗമാക്കാന്‍ ആലോചിക്കുന്നുണ്ട്. കേസ് വൈകുന്നത് ഒഴിവാക്കാനാണിത്. 

വിവാഹത്തിന് നല്‍കിയതും ലഭിച്ചതുമായ ഉപഹാരങ്ങളുടെ കണക്ക് തയ്യാറാക്കുന്നത് നിര്‍ബന്ധമാക്കും. ഇല്ലെങ്കില്‍ വധൂവരന്‍മാര്‍ക്കുപുറമെ, അച്ഛനമ്മമാര്‍ക്ക് കടുത്ത ശിക്ഷയും മൂന്നുകൊല്ലത്തെ ജയില്‍ വാസവും ഉറപ്പാക്കും. ഉപഹാരങ്ങളുടെ കണക്ക് തയ്യാറാക്കുന്നത് പിന്നീട് തര്‍ക്കമുയരുമ്പോള്‍ പരിശോധിക്കാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 

പരാതിക്കാരിയായ സ്ത്രീക്ക് സ്ഥിരമായി താമസിക്കുന്നിടത്തോ കുറ്റം നടന്നിടത്തോ കേസ് നല്‍കാനുള്ള അനുവാദവും ഭേദഗതി നല്‍കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക