Image

വ്രതവിശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

Published on 29 July, 2014
വ്രതവിശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
തിരുവനന്തപുരം: വ്രതവിശുദ്ധിയുടെ നിറവില്‍ മുസ്ലിംകള്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ മുതല്‍ വിശ്വാസികള്‍ ഈദ്ഗാഹുകളിലും പള്ളികളിലും എത്തി. പെരുന്നാള്‍ നമസ്കാരാനന്തരം സ്നേഹസൗഹൃദവും പങ്കിട്ടു. മഴഭീഷണി നിലനിന്നതിനാല്‍ വടക്കന്‍ കേരളത്തിലും കൊച്ചിയിലും ഈദ് ഗാഹുകള്‍ നടന്നില്ല. വിശ്വാസികള്‍ പള്ളികളിലത്തെിയാണ് ഈദ് നമസ്കാരം നടത്തിയത്. നിസ്സഹായരായ ഗസ്സ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി പേര്‍ ‘സേവ് ഗസ’്സ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് പ്രാര്‍ഥനക്കത്തെിയത്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ചുഴലി അബദുല്ല മൗലവിയും മണക്കാട് ഗവ. സ്കൂളില്‍ ഫൈസല്‍ അസ്ഹരിയുമാണ് ഈദ്ഗാഹുകള്‍ക്ക് നേതൃത്വം നല്‍കിയത്. വൈറ്റില സലഫി മസ്ജിദില്‍ നടന്ന ഈദ് നമസ്കാരത്തിന് ഇമാം ഷമീര്‍ സുലാഹിയും കലൂര്‍ ഹൈവേ മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് അബ്ദുല്‍ സമദ് ഫൈസിയും നേതൃത്വം നല്‍കി.
പളളികളില്‍ നടന്ന നമസ്കാരങ്ങള്‍ക്ക് മതപണ്ഡിതര്‍ നേതൃത്വം നല്‍കി. രാവിലെ ഏഴുമണിയോടെ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുബത്തൊടൊപ്പം വിശ്വാസികള്‍ പളളികളിലത്തെി നമസ്കാരം നിര്‍വഹിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സ്നേഹാശ്ളേഷത്തോടെ സന്തോഷം പങ്കിട്ടു.

ആഘോഷങ്ങള്‍ അതിരുവിടരുതെന്ന സന്ദേശമാണ് നമസ്കാരത്തിന് ശേഷം നടത്തിയ പ്രസംഗങ്ങളില്‍ മതപണ്ഡിതര്‍ ഉദ്ബോധിപ്പിച്ചത്. പാണക്കാട് ജുമാമസ്ജിദില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മഞ്ചേരി ജുമാമസ്ജിദില്‍ ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ടി.കെ. അഷ്റഫ് മൗലവിയും കൊണ്ടോട്ടി മസജിദുല്‍ ഇഹ്സാനില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലിയും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കോഴിക്കോട് കുറ്റിച്ചിറ മിശ്കാല്‍ പളളിയില്‍ നടന്ന പ്രാര്‍ഥനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
കണ്ണൂരിലെ വിവിധ പളളികളില്‍ നടന്ന നമസകാരത്തിന് ഹബീബ് മസൂര്‍, കെ.കെ. സുഹൈല്‍, യു.പി.സിദ്ദിഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഗസ്സയിലെ നിസ്സഹായര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് മതപണ്ഡിതര്‍ ഓര്‍മിപ്പിച്ചു. ഗസ്സ സഹായ ഫണ്ടും പളളികളില്‍ ശേഖരിക്കുന്നുണ്ട്. ഡല്‍ഹി ജുമാ മസ്ജിദിലും സദര്‍ ബസാര്‍ പളളിയിലും നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക