Image

മൈ ലോഡ് യുവര്‍ ഓണര്‍? (ഡല്‍ഹി കത്ത് : പി.വി. തോമസ്)

പി.വി. തോമസ് Published on 26 July, 2014
 മൈ ലോഡ് യുവര്‍ ഓണര്‍? (ഡല്‍ഹി കത്ത് : പി.വി. തോമസ്)
എന്റെ പ്രഭോ, അപ്പോള്‍ അങ്ങയുടെ അഭിമാനം എവിടെ? എന്ന് ആരും ചോദിച്ചും പോകും ഇപ്പോള്‍ ഇന്‍ഡ്യന്‍ ജുഡീഷ്യറിയുടെ പോക്കു കണ്ടാല്‍.

മുന്‍ സുപ്രീംകോടതി ജഡിയും പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ ചെയര്‍മാനുമായ ജസ്റ്റീസ് മാര്‍ക്കാണ്ടായ കാട്ജുവാണ് ഈ പുതിയ വിവാദത്തിന് തുടക്കമിട്ടത്. അദ്ദേഹം പണ്ടുതൊട്ടെ വിവാദപുരുഷനുമാണ്. പക്ഷേ, ഇവിടെ അതല്ല പ്രശ്‌നം. ഇന്‍ഡ്യന്‍ ജുഡീഷറി അടിതൊട്ട്  മുടിവരെ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന ചിത്രമാണ് പൊതുജനത്തിന് കാട്ജുവിന്റെ ആരോപണപ്രകാരം ലഭിക്കുന്നത്. അഴിമതി മാത്രമല്ല അത് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വിധേയമാണ്. ജൂഡീഷറിയുടെ സ്വാതന്ത്ര്യത്തേയും സുതാര്യതയേയും, നീതിയുക്തതയേയും എല്ലാം ചോദ്യം ചെയ്യുന്നവയാണ് മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ ആരോപണം. അഴിമതി ആരോപണം ഇതിനു മുമ്പും പലപ്രാവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍കേന്ദ്രമന്ത്രിയും(ജനതപാര്‍ട്ടീ) ആം ആദ്മി പാര്‍ട്ടിയുടെ നേതാവും ആയ പ്രശാന്ത് ഭൂഷന്റെ പിതാവായ ശാന്തിഭൂഷന്റെ ഒരു പരാതിപ്രകാരം ചുരുങ്ങിയപക്ഷം പതിനഞ്ച് മുന്‍ സുപ്രീം കോടതി ജഡ്ജിമാരെങ്കിലും അഴിമതിക്കാരായിരുന്നു. ഈ അഴിമതിക്കാരായ ജഡ്ജിമാരുടെ പേരുസഹിതം അദ്ദേഹം കോടതിയില്‍ ഒരു ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നു. അതില്‍ തീരുമാനം ആയിട്ടില്ലെങ്കിലും സുപ്രീം കോടതി ഇതുവരെ കോടതി അലക്ഷ്യത്തിന് നടപടി എടുത്തിട്ടില്ലെന്നത് ശ്രദ്ധേയം ആണ്.

കാട്ജുവിന്റെ ആരോപണം ഒരു മുന്‍ പ്രധാനമന്ത്രിയേയും രണ്ട് മുന്‍ കേന്ദ്രമന്ത്രിമാരേയും മൂന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരേയും പ്രധാനമന്ത്രിയുടെ ഓഫീസിനെ തന്നെയും ആണ് സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും തലവനെയും  ഇത് പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുകയാണ്. ഒരു ഗവണ്‍മെന്റിന്റെ നിലനില്‍പിനായി അഴിമതിക്കാരാനായ ഒരു ജഡ്ജിയെ ഇവരെല്ലാവരും കൂടെ രക്ഷിക്കുകയും പദവിയില്‍ തുടരുവാന്‍ അനുവദിക്കുകയും പിന്നീട് സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയും ചെയ്‌തോ? ഒരു പ്രധാനമന്ത്രിയും രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാരും ഇതിനു കൂട്ടുനിന്ന് ഒരു ക്രിമിനല്‍ കോണ്‍സ്പിരസിയില്‍  ഭാഗവാക്കുകളാവോ?

കഥയുടെ ചുരുള്‍ അഴിയുന്നത് ഇങ്ങനെയാണ്. ഒരു ഇംഗ്ലീഷ് ദേശീയ ദിനപത്രിത്തില്‍ കാട്ജു ജൂലൈ 21ന് പേരുവച്ച് ഒരു ലീഡ് സ്റ്റോറി എഴുതുന്നു. അതിന്‍ പ്രകാരം തമിഴ്‌നാട്ടിലെ ഒരു ജില്ലാ കോടതി ജഡ്ജി നാടകീയമായി മദ്രാസ് ഹൈകോടതിയിലെ അഡീഷ്ണല്‍ ജഡ്ജി ആയി നിയമിതനാകുന്നു. അദ്ദേഹത്തിനെതിരെ വ്യാപകമായ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി അദ്ദേഹത്തിനെതിരെ എട്ട് എതിരഭിപ്രായങ്ങള്‍ മദ്രാസ് ഹൈക്കോടതിയിലെ പോട്ട്‌ഫോളിയോ ജഡ്ജിമാര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മദ്രാസ് ഹൈക്കോടതിയിലെ ഒരു ആക്ടിംങ്ങ് ചീഫ് ജസ്റ്റീസ് ഇവയെ എല്ലാം തിരുത്തി എഴുതി. അങ്ങനെ ഈ അഴിമതിക്കാരനായ ജഡ്ജി ഹൈക്കോടതിയിലെ അഡീഷ്ണല്‍ ജഡ്ജിയുമായി. കാട്ജു മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് ആയി 2004 ല്‍ ചാര്‍ജ്ജ് എടുക്കുമ്പോള്‍ ഇതായിരുന്നു അവസ്ഥ. അഴിമതിക്കാരനായ ഈ ജഡ്ജിയുടെ  ഉയര്‍ച്ചയുടെ ഒരേ ഒരു കാരണം അദ്ദേഹം തമിഴ്‌നാട്ടിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ(ഡി.എം.കെ.) നേതാവിന്റെ(എം.കരുണാനിധി) വളരെ അടുത്ത ആള്‍ ആയിരുന്നുവെന്നതാണ് നേതാവ് അറസ്റ്റിലായപ്പോള്‍ ജഡ്ജി അദ്ദേഹത്തിന് ജാമ്യം നല്‍കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്ത രീതിയെ വിമര്‍ശിക്കുകയും ചെയ്തതാണത്രെ ഈ അടുപ്പത്തിനുകാരണം. കാട്ജുവിന് ഈ ജഡ്ജിക്കെതിരായി ധാരാളം അഴിമതി സംബന്ധമായ പരാതികള്‍ ലഭിച്ചു കൊണ്ടിരുന്നതിനാല്‍ അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര്‍.സി. ലഹോട്ടിക്ക് ഒരു കത്തെഴുതി. ഈ പരാതികള്‍  രഹസ്യമായി ഇന്റലിജന്‍സ് ബ്യൂറോയെകൊണ്ട് അന്വേഷിപ്പിക്കണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. അന്വേഷിച്ചു. ജഡ്ജി അഴിമതിക്കാരനാണെന്ന് ഐ.ബി. കണ്ടെത്തുകയും ചെയ്തു. പക്ഷേ, അഴിമതിക്കാരനായ ജഡ്ജിന് ഒരു വര്‍ഷത്തെ എക്സ്റ്റന്‍ഷന്‍ ലഭിച്ചു അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്നപ്പോള്‍. അദ്ദേഹത്തിന് വീണ്ടും എക്സ്റ്റന്‍ഷന്‍ ലഭിക്കുകയും പിന്നീട് അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതിയില്‍ ജൗിജിയായി സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ലഹോട്ടിയും ജസ്റ്റീസുമാരായ വൈ.കെ.സബര്‍വാളും ജസ്റ്റീസ് റൂമാവാലും അടങ്ങിയ കൊളീജിയം ഐ.ബി.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതിക്കാരനായ ജഡ്ജിക്ക് എക്സ്റ്റന്‍ഷനോ സ്ഥീരികരണമോ നല്‍കരുതെന്ന ശുപാര്‍ശ നിലവിലിരിക്കെയാണ്. പിന്നെ ഇതെങ്ങനെ നടന്നു?

കാട്ജുവിന്റെ കഥ തുടരുകയാണ്. ഒരു ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങ് യു.എന്‍. ജനറല്‍ അസംബ്ലിയുടെ സെഷനില്‍ പങ്കെടുക്കുവാനായി ന്യൂയോര്‍ക്കിലേക്ക് പുറപ്പെടുവാനായി എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഡി.എം.കെ.യുടെ ഒരു മന്ത്രി അദ്ദേഹത്തെ യാത്ര അയക്കുവാനെന്ന ഭാവേന അവിടെ എത്തുകയും സിംങ്ങിന്റെ കാതില്‍ എന്തോ മന്ത്രിക്കുകയും ചെയ്തു. സംഭവം നിസാരമായിരുന്നു. ഡി.എം.കെ. മന്ത്രി സിംങ്ങിനോട് പറഞ്ഞു അദ്ദേഹം ന്യൂയോര്‍ക്കില്‍ നിന്നും തിരിച്ചു വരുമ്പോള്‍ യു.പി.എ. സര്‍ക്കാര്‍ ഉണ്ടാവുകയില്ലെന്ന്. കാരണം ഡി.എം.കെ. പിന്തുണ പിന്‍വലിക്കുവാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ കളങ്കിതനായ ജഡ്ജിയെ സര്‍വ്വീസില്‍ തുടരുവാന്‍ അനുവദിക്കണം. സിംങ്ങ് സ്വാഭാവികമായും, ഭയന്നു പോയി. പണ്ട് നരസിംഹറാവുവും ഭയന്നതാണ്. അദ്ദേഹത്തിനും തനിച്ച് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് കോണ്‍ഗ്രസുകാര്‍ കുറെക്കൂടെ സമ്മാര്‍ട്ടും റിസോഷ്‌സ്ഫുള്ളും ആയിരുന്നു. അതാണ് കുപ്രസിദ്ധമായ ജെ.എം.എം. കോഴക്കേസ് അഥവാ കോടികള്‍ മുടക്കി ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയുടെ എം.പി.മാരെ വിലക്കു വാങ്ങിയ കേസ്. നാവു ഗവണ്‍മെന്റ് വീണില്ല. പക്ഷേ, സിംങ്ങിന് ആ വക രാഷ്ട്രീയ നീക്കങ്ങള്‍ അറിയില്ല. ധനകാര്യജ്ഞനാണെങ്കിലും ഈ വിധം പണം വാരിയെറിയുവാനറിയില്ല. വഴിയുണ്ട്. വിമാനതാവളത്തില്‍ ഹാജരുണ്ടായിരുന്ന ഒരു മന്ത്രി സിംങ്ങിനോട് പറഞ്ഞു കാര്യങ്ങള്‍ അദ്ദേഹം ശരിയാക്കികൊള്ളാമെന്ന്. ഗവണ്‍മെന്റ് വീഴില്ല. മന്ത്രി സിംങ്ങിന് ഉറപ്പു കൊടുത്തു. മന്ത്രി ചീഫ് ജസ്റ്റീസ് ലഹോട്ടിയെ കണ്ടു. കാര്യങ്ങള്‍ അവതാളത്തിലാണെന്നും അഴിമതിക്കാരനായ ജഡ്ജിക്ക് എക്‌സന്‍ഷന്‍ നല്‍കണമെന്നും പറഞ്ഞു. ലഹോട്ടിയ അനുസരിച്ചു. ഇതേ കാര്യം തന്നെ അടുത്ത എക്‌സിറ്റന്‍ഷനിലും സംഭവിച്ചു. ഇപ്രാവശ്യം ചീഫ് ജസ്റ്റീസ് സ്ഥാനത്ത് സബര്‍വാള്‍ ആയിരുന്നു. അതിനുശേഷം അടുത്ത കാലാവധി നീട്ടേണ്ട സമയവും വന്നു. ഇപ്രാവശ്യം ചീഫ് ജസ്റ്റീഫ് പദവിയില്‍ കെ.ജി. ബാലകൃഷ്ണന്‍ ആയിരുന്നു. അദ്ദേഹം ഒരു പദവികൂടെ കടന്ന് അഴിമതിക്കാരനായ ജഡ്ജിയെ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തി. എന്നിട്ട് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു, ഒരു പക്ഷെ, ഒരു ശിക്ഷയായി! ഏതായാലും യു.പി.യെ. ഗവണ്‍മെന്റ് വീണില്ല. മന്‍മോഹന്‍ സിംങ്ങ് അദ്ദേഹത്തിന്റെ കസേര രക്ഷിച്ചു. ജനാധിപത്യം വീണ്ടും വിജയിച്ചു.
ഇവിടെ വിഷയം രണ്ടാണ്. ഒന്ന് ജുഡീഷറിയിലുള്ള അഴിമതി, അത് കീഴ്‌ക്കോടതിയായാലും സുപ്രീം കോടതിയായാലും. മറ്റൊന്ന് ജുഡീഷറിയുടെ മേലുള്ള രാഷട്രീയ സമ്മര്‍ദ്ദം. വേറൊന്നുകൂടെയുണ്ട് ജഡ്ജിമാരെ(ഹൈക്കോടതി, സുപ്രീംകോടതി) നിയമിക്കുന്നതിലുള്ള അപാകത, ഇവയെല്ലാം ഇന്‍ഡ്യന്‍ ജുഡീഷറിയെ കാര്‍ന്നു തിന്നുന്ന അര്‍ബ്ബുദം ആണ്. ജുഡീഷറിയുടെ വിശ്വാസ്യത നശിപ്പിക്കുന്ന മഹാമരികള്‍ ആണ്. ജനാധിപത്യത്തിന്റെ, നമ്മുടെ ഭരണഘടനയുടെ ആധാരശിലകള്‍ ആണ് ജുഡീഷറിയും, എക്‌സികൂട്ടീവും, ലെജിസ്ലേച്ചറും. പിന്നെ ഭരണഘടനയില്‍ ഇടം കാണാത്ത മാധ്യമ സ്വാതന്ത്ര്യവും. ഇവയുടെ ശരിയായ പ്രവര്‍ത്തനം അനുസരിച്ചിരിക്കും ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റിന്റെ ഭാവി. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജുഡീഷറി. മറ്റുള്ളവര്‍ക്ക് തെറ്റുപറ്റിയാലും മറ്റുള്ളവര്‍ അഴിമതീ നടത്തിയാലും ജുഡീഷറിക്ക് പിഴക്കരുത്. കാരണം ദൈവത്തിന്റെ സ്ഥാനത്താണ് ജനം യുവര്‍ ലോര്‍ഡ്ഷിപ്പിനെ കാണുന്നത്. ഡോക്ടര്‍മാര്‍ക്ക് ദൈവത്തെപ്പോലെ ജീവിതം തരുവാന്‍ ആകുമെങ്കിലും ദൈവത്തെപ്പോലെ ജീവന്‍ എടുക്കുവാന്‍ അധികാരമുള്ളത് യുവര്‍ ലോര്‍ഡ്ഷിപ്പ് മാത്രമാണ്. അതുകൊണ്ട് അങ്ങ് അഴിമതിക്കാരന്‍ ആകരുത്. ഏതാനും ചില്ലിക്കാശുകള്‍ക്കുവേണ്ടി നീതിന്യായ വ്യവസ്ഥയെ ഒറ്റുകൊടുക്കരുത്. എക്‌സിക്യൂട്ടീവിനും ലെജിസ്ലേച്ചറിനും മാധ്യമങ്ങള്‍ക്കും പിഴച്ചാലും അങ്ങേക്ക് പിഴക്കരുത്. പിഴച്ചാല്‍ പാളിയാല്‍ ഈ സംവിധാനം തകര്‍ന്നു നിലംപരിശാകും. ഇവിടെ ഒരായിരം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടും.

ജുഡീഷറിയുടെ പ്രവര്‍ത്തനത്തിലും ജഡ്ജിമാരുടെ നിയമനത്തിലും രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ഇടപെടുന്ന ഗവണ്‍മെന്റ് കൊടുംചതിയാണ് ജനങ്ങളോട് ചെയ്യുന്നത്. പ്രധാനകഷിയുടെയോ കൂട്ടുകക്ഷികളുടെയോ സമ്മര്‍ദം ജുഡീഷറിയില്‍ ചെലുത്തിയാല്‍ അത് വലിയ പാതകം ആണ്. മന്‍മോഹന്‍ സിംങ്ങിനെപോലുള്ള പ്രധാനമന്ത്രിമാര്‍ സ്വന്തം ഗവണ്‍മെന്റുകള്‍ രക്ഷിക്കുവാനായി ഇത് ചെയ്യുന്നത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. ജുഡീഷറിയെ അതിന്റെ സ്വതന്ത്രമായ വഴിയില്‍ വിടണം. അതിനെ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപിടുത്തത്തില്‍ നിന്നും രക്ഷിക്കണം.
ജഡ്ജിമാരുടെ നിയമനവും അതിലെ സുതാര്യതയും സത്യസന്ധതയും വളരെ പ്രധാനപ്പെട്ടവയാണ്. ഇതു ഉറപ്പുവരുത്തുവാനായിട്ടായിരുന്നു 1993 -ലും 1998-ലും രണ്ട് വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനാധികാരം സര്‍ക്കാരില്‍ നിന്നും ഏറ്റെടുത്തതും ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായുള്ള ഒരു കൊളീജിയത്തിന് അത് കൈമാറിയതും. പക്ഷേ അതും പൂര്‍ണ്ണായി വിജയച്ചതായി കാണുന്നില്ല. അവിടെയും ശുപാര്‍ശയും കൈക്കൂലിയും രാഷ്ട്രീയ സമ്മര്‍ദ്ദവും സ്വാധീനം ചെലുത്തുന്നതായി സംശയിക്കപ്പെടുന്നു. കൊളീജിയത്തിന്റെ തീരുമാനങ്ങളെ ചിലപ്പോള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഗവണ്‍മെന്റ് വകവയ്ക്കാറുമില്ല. അതിനുദാഹരണമാണ് ഗോപാല്‍ സുബ്രമണ്യത്തിന്റെ കേസ്. കൊളീജിയം പ്രഗത്ഭനായ ഈ അഭിഭാഷകനെ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുവാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും എന്‍.ഡി.എ. ഗവണ്‍മെന്റ് അത് തള്ളി. രാഷ്ട്രീയ നിരീക്ഷര്‍ ഇത് വിലയിരുത്തുന്നത് ബി.ജെ.പിക്കും അതിന്റെ അദ്ധ്യക്ഷനായ അമിത്ഷാക്കും സുബ്രമണ്യത്തിനോടുള്ള ചൊരുക്കിന്റെ ഭാഗമായിട്ടാണ്.
 സുബ്രമണ്യം ഷായുടെ ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്ക്വസ് ക്വയറി ആയിരിക്കവെ ഷാക്കെതിരെ സ്റ്റെയിറ്റ്മറ്റ് നല്‍കിയതായി ആരോപണം ഉണ്ട്. കൊളീജിയത്തിന്റെ തീരുമാനത്തെ കാരണമില്ലാതെ തള്ളിക്കളയുകവഴി എന്‍.ഡി.എ. ഗവണ്‍മെന്റ് ഒരു സ്ഥാപനത്തെയാണ് തുരങ്കം വച്ചത്. ചീഫ് ജസ്റ്റീസ് ഇതിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

ഏതായാലും എന്‍.ഡി.എ. ഗവണ്‍മെന്റ് കൊളീജിയം സിസ്റ്റം നിറുത്തലാക്കുവാനുള്ള ആലോചനയിലാണ്. ഇതിനു പകരം നാഷ്ണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഭരണഘടന ഭേദഗതി വഴി കൊണ്ടുവരുവാനാണ് ഉദ്ദേശം. കാട്ജുവിന്റെ വെളിപ്പെടുത്തലും ഗോപാല്‍ സുബ്രമണ്യത്തിന്റെ കേസും കൊളീജിയത്തിന്റെ അന്ത്യം കുറിച്ചിരിക്കുകയാണ്. നാഷ്ണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന ആശയം വളരെ വര്‍ഷങ്ങളായി നിലവിലുള്ളതാണ്. യു.പി.എ. ഗവണ്‍മെന്റാണ് ഇത് 2013-ല്‍ ഏറ്റവും ഒടുവില്‍ രംഗത്തു കൊണ്ടുവന്നത് ജുഡീഷ്യല്‍ അപ്പോയ്‌മെന്റ്‌സ് കമ്മീഷന്‍ ബില്‍ എന്ന പേരില്‍. പക്ഷേ, പാസാക്കുവാനായില്ല. ഇതിന്‍പ്രകാരം ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാരെ ഒരു ആറംഗ നാഷ്ണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിക്കും. ഈ കമ്മീഷന്‍ നേതൃത്വം വഹിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരിക്കും. രണ്ട് സുപ്രീം കോടതി ജഡ്ജിമാരും നിയമമന്ത്രിയും രണ്ട് പ്രമുഖ പൗരന്മാരും ഇതില്‍ അംഗങ്ങള്‍ ആയിരിക്കും. എന്‍.ഡി.എ.യുടെ പുതിയ ബില്ലിന്റെ രൂപരേഖ വെളിയില്‍ വന്നിട്ടില്ല. കൊളീജിയം ആയാലും ജുഡീഷ്യല്‍ കമ്മീഷന്‍ ആയാലും അവയെ പ്രവര്‍ത്തിപ്പിക്കുന്നത് മനുഷ്യര്‍ തന്നെയാണ്. അവര്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത്. അഴിമതിക്കാരാകരുത്. ബൗദ്ധീക സത്യസന്ധ്യതയില്ലായ്മയില്‍ (Intellectual dishonesty) വ്യാപരിക്കുന്നവര്‍ ആകരുത്.


 മൈ ലോഡ് യുവര്‍ ഓണര്‍? (ഡല്‍ഹി കത്ത് : പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക