Image

പരേതരോടു കാണിക്കുന്ന അത്യാചാരം (ജോസ്‌ തയ്യില്‍)

Published on 28 July, 2014
പരേതരോടു കാണിക്കുന്ന അത്യാചാരം (ജോസ്‌ തയ്യില്‍)
തീര്‍ച്ചയായും നല്ല ഉദ്ദേശത്തോടുകൂടിതന്നെയാണ്‌ ഈ കുറിപ്പ്‌തയ്യാറാക്കുന്നത്‌ . ആരെയുംദ്രോഹിക്കാനോ താഴ്‌ത്തിക്കാണാനോ അല്ല എന്ന്‌ ആമുഖമായി പറയട്ടെ.

മനുഷ്യര്‍ക്കെല്ലാം തെറ്റിലേയ്‌ക്കാണല്ലൊ ചായ്‌വ്‌. എന്നാല്‍
തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ്‌ വിവേകമുള്ളവര്‍ ചെയ്യുന്നത്‌.

ഇവിടെനമ്മുടെ പ്രതിപാദ്യവിഷയം , അിറഞ്ഞോ അറിയാതെയോ , മറ്റുള്ളവരെ കാണിക്കാന്‍ വേണ്‌ടിയൊ അമേരിക്കന്‍ മലയാളികളുടെ ഇടയിലും അവരുടെ ആത്മീയ ഗുരുക്കന്മാരിലും പടര്‍ന്നു പിടിച്ചിരിക്കുന്ന അനാചാരമാണ്‌ എടുത്തുക്കാട്ടുന്നത്‌ .

മരണം ജീവിതത്തിന്റെ ബാക്കിപത്രമാണ്‌. സകല മനുഷ്യരും ഒരുദിവസം ഈ ലോകത്തോട്‌ വിടപറഞ്ഞേ മതിയാകൂ. എന്നാലും വേര്‍പാട്‌ പലപ്പോഴും ബന്ധുമിത്രാതികള്‍ക്ക്‌ അപരിഹാര്യ നഷ്‌ടമാണ്‌. അപ്പോള്‍ ഏതു ഉരുക്കു മനുഷ്യനും സഹായം ആവശ്യമുണ്ട്‌. അതു നിറവേറ്റാന്‍ അദ്ദേഹത്തോട്‌ അടുത്തു ഇടപഴകിയിരുന്നവരും ബന്ധു മിത്രാദികളും, ജനസേവകരുമെല്ലാം ബാദ്ധ്യസ്ഥരാണ്‌ .

ഒരാള്‍ മരിച്ചു എന്ന്‌ അിറഞ്ഞു കഴിഞ്ഞാല്‍ അവിടെചെന്നു, തങ്ങളുടെ അനുശോചനം അറിയിച്ചു, പരേതാത്മാവിനോടുള്ള ആദരവും പ്രകടിപ്പിച്ചു പിരിഞ്ഞു പോകുക. അത്രമാത്രമെ നമുക്കു സാധിക്കു..
ഇനി അമേരിക്കയില്‍ ഒരാളുടെ മരണവാര്‍ത്ത അറിഞ്ഞാലത്തെ സ്ഥിതിവിശേഷമെന്തെന്നു നോക്കാം.
ഇന്ന്‌ കമ്യൂണിക്കേഷന്‍ വളരെ എളുപ്പമായതുകൊണ്‌ട്‌ വാര്‍ത്ത കേട്ടു കഴിയുമ്പോഴെ മരിച്ച വ്യക്തിയെ അറിയണമെന്നൊന്നും നിര്‍ബന്ധിമില്ല,, അടുത്ത സുഹ്രുത്തിനെ വിളിച്ചു, ഭവ്യതയോടെ, മരണവാര്‍ത്ത അറിയിക്കുകയായി.

അച്ചായാ, നമ്മുടെ കുഞ്ഞാനച്ചായന്‍ മരിച്ചുപോയി.
അയ്യോ ,കുഞ്ഞാനച്ചായനോ, ഞാനിന്നലെയും ,പള്ളിയില്‍ കണ്ടതായിരുന്നല്ലോ,
അച്ചായാനേതു പള്ളിയിലാ പോകുന്നത്‌
ഞാന്‍ തോമ്മാനച്ചായന്റെ പള്ളിയിലാ.
എന്നാലും കുഞ്ഞാനച്ചായനെന്തുപറ്റി , കള്ളയിരുന്നോ ?
ഓ അച്ചായനു കള്ളും പെണ്ണും സിഗരറ്റും ഒക്കെ ഒണ്ടാര്‍ന്നെന്നെ.
അങ്ങനെ ആ പരദൂഷണം നാടു നീളെ കത്തിക്കയറിക്കൊണ്ടിരിക്കേ..
അച്ചായന്‍ ..എടീ മാമ്മീ വാ നമുക്കവരുടെ വീടുവരെ ഒന്നു പോകാം. അതിന്‌ അച്ചായനവരുടെ വീടെവിടെയാണന്നറിയാമോ ?!!
വീടോ ? വീടു ന്യൂജേഴ്‌സിയില്‍.
ന്യൂജഴ്‌സിയില്‍ എവിടെ? നീ വേഗം ഒരുങ്ങ്‌ . അതൊക്കെ നമുക്കു കണ്‌ടു പിടിക്കാം.
അങ്ങനെ കേട്ടവര്‍ കേട്ടവര്‍ കുഞ്ഞാനച്ചായന്റെ വീട്ടിലേക്കൊരു പാച്ചിലാ ..
കുഞ്ഞാനച്ചാന്റെ വീട്‌ മൂന്നു മുറിയും ഒരു ബാത്ത്‌റൂ മും ഉള്‍പ്പെട്ടതാണ്‌. നിമിഷങ്ങള്‍ കൊണ്‌ട്‌ കുഞ്ഞാനച്ചായന്റെ വീടും പരിസരവും ആളുകളെക്കൊണ്‌ടു നിറഞ്ഞു. സോഫയിലും കൗച്ചിലും ഇടമില്ലാഞ്ഞിട്ട്‌ ആള്‍ക്കാര്‍ ബാത്ത്‌റൂമില്‍വരെ സ്ഥാനം പിടിച്ചു.

ആകെ എല്ലായിടത്തും ബ്ലോക്ക്‌!! വഴിയിലും ബ്ലോക്ക്‌ , ഡ്രൈവെയിലും ബ്ലോക്ക്‌, ബാത്ത്‌ റൂമിലും ബ്ലോക്ക്‌ സര്‍വ്വാണി ബ്ലോക്ക്‌. എത്തിയവരില്‍ പലരും കുഞ്ഞാനച്ചായനെ അറിയുക പോലുമില്ലെന്നുള്ളതാണ്‌ സത്യാവസ്ഥ !!

അങ്ങനെ അല്‍മേനിയുടെ വരവ്‌ നിര്‍വിഘ്‌നം തുടര്‍ന്നുകൊണ്‌ടിരിക്കെ , ഇതാവരുന്നു തോമ്മാാനച്ചായനും ഗ്രൂപ്പും. ഒന്നല്ല ,രണ്‌ടല്ല മൂന്നല്ല, ഒരു പറ്റം തോമ്മാനച്ചന്മാരുടെ പടതന്നെ.. വേഷഭൂഷാദികള്‍ പരമാവധി വികൃതമാക്കി കുഞ്ഞാനച്ചായനെ സ്വര്‍ഗ്ഗവാതലികള്‍ കാണിച്ചുകൊടുക്കാന്‍, വാശിക്കു കന്തീശാ പാടാന്‍ പാഞ്ഞടുക്കുന്നു.

അങ്ങനെ കന്തീശാമുറുകി വരികെ-

കാപ്പി തിളപ്പിക്കാന്‍ പോയ ചേടുത്തിയുടെ തുണിക്കു തീപിടിച്ചു. കുരങ്ങന്റെ വാലില്‍ തീപിടിച്ചതു പോലെ കന്തീശകളുടെ മധ്യത്തിലൂടെ ചേടുത്തി നെടുകെ ഒരോട്ടം, ആകെ ബഹളം..ഈ സമയ ത്ത്‌ ആരോ ഫയര്‍ഡിപ്പാര്‍ട്ട്‌മെന്റിനെ വിളിച്ചു.

വഴികളായ വഴികളെല്ലാം ബ്ലോക്കായതു കൊണ്ട്‌ സംഭവസ്ഥലത്തെത്താന്‍ നന്നേ പാടു പെട്ടു. ഒടുവില്‍കുഞ്ഞാനച്ചായന്റെ വീട്ടിലേക്ക്‌ കൂവി അട്ടഹസിച്ച്‌ ആ ഫയര്‍ എഞ്ചിന്‍ പാഞ്ഞെത്തി. വന്നവര്‍ വന്നവര്‍ കൂന്താണിയും മഴുവുംഎല്ലാം ഉപയോഗച്ച്‌ വീടിന്റെ വാതിലും കതകുമെല്ലാം തല്ലിപൊട്ടിച്ചു, ചേടുത്തിയുടെ വാലില്‍ വെള്ളംഒഴിച്ചു തീ കെടുത്തി. ഇതുകൊണ്ട്‌ തീര്‍ന്നോ? ഇല്ല ..ഒടുവില്‍ ഇത്രയും ചെറിയൊരുവീട്ടില്‍ ഇത്രമാത്രം ഭക്ത ജനങ്ങള്‍ തടിച്ചുകൂടിയതിന്റെ പേരില്‍ഫയര്‍ഡിപ്പാര്‍ട്ട്‌മെന്റ്‌ കുഞ്ഞാനച്ചായന്റെ പേരില്‍ ഒരാഴ്‌ചക്കകം കോടതിയില്‍ എത്തുന്നതിന്‌ ഒരു സമന്‍സും കൊടുത്തു. പോരെ പൂരം. എങ്ങനെയുണ്ട്‌ കുഞ്ഞാനച്ചായന്റെ ശുശ്വൂഷകര്‍? !

പ്രിയ ഭക്ത ജനങ്ങളെ, വന്ദ്യവൈദികരെ, മരണം ജീവിതത്തിന്റെ ബാക്കി പത്രമായിരിക്കെ ഒരാള്‍മരിച്ചു എന്ന വാര്‍ത്ത കേട്ട്‌ മലയാളികളായ മലയാളികളും വന്ദ്യവൈദികരുമെല്ലാം അങ്ങോട്ടേയ്‌ക്ക്‌ കുതിക്കെണ്‌ട കാര്യമുണ്‌ടോ ?

ആദ്ധ്യാത്മിക തലത്തില്‍ സംസാരിക്കാന്‍ കഴിവുള്ള ഒന്നോ രണ്ടോ ഗുരുക്കന്മാര്‍ മരണവീട്ടിലെത്തി നിത്യതയിലേക്കുള്ള യാത്രയെക്കുറച്ച്‌ അവരെ ബോധവാന്മാരാക്കുന്നത്‌ ശ്ലാഘനീയം . എന്നാല്‍ വെറുതെ വചനം ഉരുവിടാന്‍ നടക്കുന്ന പുരോഹിതരും മരിച്ച കുഞ്ഞാനച്ചായനുമായി, ജീവിച്ചിരുന്നപ്പോള്‍ യാതൊരു വിധത്തിലും ബന്ധപ്പെടാന്‍ അവസരം ഉണ്‌ടാകാതിരുന്നവരും വാലേത്‌ മൂടേതെന്നറിയാത്ത ഭക്ത ജനങ്ങളും അവിടെ പോയിമരിച്ച വീട്ടുകാര്‍ക്ക്‌ സൈ്വരക്കേടുണ്‌ടാക്കിയിട്ട്‌ എന്തുകാര്യം ?

മരിച്ച വീടുകളില്‍ പേകുന്നത്‌ തെറ്റാണെന്ന്‌ പറയുകയല്ല, കാരണം, ആളിന്റെ വേര്‍പാടില്‍ ബന്ധുമിത്രാതികള്‍ക്കുണ്‌ടാകുന്ന ദുഖത്തില്‌ പങ്കു ചേരാനും, ഒപ്പംസ്വയം ആത്മശോധനചെയ്യാനും സാധിക്കും . പക്ഷേ അതതാണോ നടക്കുന്നത്‌?

വീട്ടില്‍ തൊഴിലില്ലാതിരിക്കുന്ന പരദൂഷണ കുതുകുകള്‍ ഏതോ ഉത്സവത്തിനു പോകും വിധമല്ലേ മരണവീട്ടിലേക്ക്‌ പായുന്നത്‌!. ഇതുശരിയല്ല, ഇതുസമൂഹത്തിലെ ഒരു ദുഷ്‌പ്രവണതയാണ്‌. അരുത്‌, വീട്ടുകാര്‍ക്ക്‌ സൈ്വരക്കേടുണ്‌ടാക്കരുത്‌. വീട്ടിലിരുന്ന്‌ കുട്ടികളുടെ പാമ്പര്‍ മാറ്റുന്നതായിരിക്കും ഇതിലും ഉത്തമം !

ബഹുമാനപ്പെട്ട പുണ്യപുരോഹിതരോടും എളിയ അപേക്ഷ. ആദ്ധ്യാത്മികതയില്‍ ഊന്നി സംസാരിക്കാന്‍ അറിയാവുന്ന ഒന്നോ രണ്ടോ പുരോഹിതര്‍ ഓപ്പീസ്‌ചല്ലുന്നതും ആദ്ധ്യാത്മിക തലത്തില്‍ സംസാരിക്കുന്നതും നല്ലതുതന്നെ. എന്നാല്‍ കുഞ്ഞാടുകളെ ഒറ്റാലിലാക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന പുരോഹിതര്‍ വേര്‍പാടിന്റേ ദു:ഖം അനുഭവിക്കുന്നവര്‌ക്കു ഒരു സൈ്വരക്കേടായിമാറരുത്‌. നിങ്ങളില്‍ പലരും ലാസറിനെ ഉയര്‍പ്പിച്ച ക്രിസ്‌തുവിന്റെ പിന്‍ഗാമികളല്ലെന്നും മനസ്സിലാക്കുക!

ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരുപ്പില്ല
പരേതരോടു കാണിക്കുന്ന അത്യാചാരം (ജോസ്‌ തയ്യില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക