Image

ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം

വറുഗീസ് പ്ലാമൂട്ടില്‍ Published on 27 July, 2014
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
ലാന്‍കാസ്റ്റര്‍ (പെന്‍സില്‍വേനിയ): ആത്മീയകൂട്ടായ്മയുടെ അരങ്ങേറ്റമായി മാറിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് വര്‍ണ്ണാഭമായ സമാപനം. സഭാ വിശ്വാസത്തില്‍ അടിയുറച്ച ആത്മീയ ഉണര്‍വിന്റെ മൂന്നു ദിനരാത്രങ്ങള്‍ക്ക് വേദിയായ ലാന്‍കാസ്റ്ററില്‍ ഉയര്‍ന്നത് ഭക്തിയുടെ സന്ദേശം.

ഭക്തിഗാനങ്ങളും സഭാവിശ്വാസപ്രഖ്യാപനങ്ങളും അന്തരീക്ഷത്തില്‍ മുഴക്കി, ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു കോണ്‍ഫറന്‍സിന്റെ തുടക്കം. ഉദ്ഘാടനസമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് ഭദ്രദീപം കൊളുത്തിയതോടുകൂടി ആരംഭിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ നിക്കോളോവോസ് ജനപങ്കാളിത്തത്തില്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് പൂര്‍ണ്ണത ആര്‍ജ്ജിച്ചുവരുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇതിനായി കഠിനാധ്വാനം ചെയ്ത സംഘാടകരെ മാര്‍ നിക്കോളോവോസ് ശ്ലാഘിച്ചു. ഭദ്രാസനത്തിലെ ഇടവകകള്‍ കൂടുതല്‍ ഐക്യത്തോടെ വര്‍ത്തിക്കുന്നതും ആത്മീയ നിറവിലേക്ക് വളരുന്നതും ശുഭോദാര്‍ക്കമാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ വെറും ചടങ്ങില്‍ സംബന്ധിക്കുന്നവരാകാതെ ആത്മീയമായി പുതുക്കപ്പെട്ട് ക്രിസ്തുവിന്റെ ഉത്തമ സാക്ഷികളായിത്തീരുവാന്‍ ഇടയാകട്ടെയെന്നും മാര്‍ നിക്കോളോവോസ് ആഹ്വാനം ചെയ്തു. കാത്തി മാത്യൂസും നിക്കോള്‍ മാത്യൂസും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. കീനോട്ട് സ്പീക്കറായ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. ഏബ്രഹാം കോനാട്ട് കൗദാശിക ജീവിതമെന്ന കണ്‍വന്‍ഷനിലെ  ചര്‍ച്ചാവിഷയത്തെ അധികരിച്ചുള്ള തന്റെ ആമുഖ പ്രസംഗത്തില്‍ കൂദാശകളുടെ അനുഷ്ഠാനം ദൈവത്തില്‍ നിന്നും ലഭിക്കുന്ന കാണപ്പെടാത്ത ദാനങ്ങളെ കാണപ്പെടുന്ന മാര്‍ഗ്ഗങ്ങളിലൂടെ ആര്‍ജ്ജിക്കുന്ന പ്രക്രിയയാണെന്ന് ചൂണ്ടിക്കാട്ടി. ദൈവവുമായി ബന്ധപ്പെടുന്ന എല്ലാ അനുഷ്ഠാനങ്ങളെയും പൊതുവെ കൂദാശകളായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബെന്നി വര്‍ഗീസ് ചീഫ് എഡിറ്ററും ഷാജി വര്‍ഗീസ് ബിസിനസ് മാനേജരുമായി പ്രസിദ്ധീകരിച്ച കോണ്‍ഫറന്‍സ് സുവനീര്‍ റവ. ഡോ. ഏബ്രഹാം കോനാട്ട് അനാഛാദനം ചെയ്തു. ആദ്യകോപ്പി വെരി.റവ.സി.എം ജോണ്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്ക് നല്‍കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് നിര്‍വഹിച്ചു. ഫാമിലി കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത്ത് റ്റി. തോമസ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ് എംസി ആയിരുന്നു.. ബിനോയ് ചാക്കോയും, ഇമ്മാനുവേല്‍ ഹെന്റിയും,  ജോജോ വയലിലും ക്രിസ്തീയ ഗാനങ്ങള്‍ ആലപിച്ചു. ഗാനശുശ്രൂഷയ്ക്കുശേഷം മുംബയ് കേന്ദ്രീകരിച്ച് മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന ആന്‍സന്‍ തോമസ് തന്റെ അനുഭവസാക്ഷ്യം പങ്കുവച്ചു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മുംബയിലെ ചുവന്ന തെരുവിലകപ്പെട്ട മലയാളികളുള്‍പ്പെടെയുള്ള നിരവധി യുവതികളെ അവിടെനിന്നും മോചിപ്പിച്ച് പുനരധിവസിപ്പിക്കുന്ന സേവനം മുംബയ് എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസര്‍ ജോലി രാജിവച്ച് താന്‍ ഏറ്റെടുത്തിരിക്കുകയാണെന്നും സൂചിപ്പിച്ചു.

ജൂലൈ 17 വ്യാഴാഴ്ചയും 18 വെള്ളിയാഴ്ചയുമായി ആത്മീയവും സമകാലീനവുമായ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അധികരിച്ച് സൂപ്പര്‍സെഷനുകള്‍ നടന്നു.

റവ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് സഭാവിശ്വാസപരമായ വിഷയങ്ങളില്‍ പണ്ഡിതോചിതമായ പ്രഭാഷണങ്ങള്‍ നടത്തുകയും വിശ്വാസികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തുു. വിശുദ്ധകുര്‍ബ്ബാനയെക്കുറിച്ച് നടത്തിയ സമ്മേളനത്തില്‍ കുര്‍ബ്ബാനയ്ക്കായി ഉപയോഗിക്കുന്ന തക്‌സയുടെ ആവിര്‍ഭാവത്തെക്കുറിച്ചും അതിന്റെ വികാസപരിണാമങ്ങളെക്കുറിച്ചും പ്രതിപാദിച്ചു. യറുശലേമിലെ ഒന്നാമത്തെ ബിഷപ്പായിരുന്ന മാര്‍ യാക്കോബാണ് തക്‌സാ ആദ്യമായ എഴുതിയതെന്നും അത് ഗ്രീക്ക് ഭാഷയിലായിരുന്നുവെന്നും പില്ക്കാലത്ത് സുറിയാനിയിലേക്ക് തര്‍ജ്ജമചെയ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം ആധികാരികമായി പ്രസ്താവിച്ചു. വിശുദ്ധ കുര്‍ബ്ബാനയില്‍ അടങ്ങിയിരിക്കുന്ന പ്രതീകങ്ങളെയും അദ്ദേഹം വിശദീകരിച്ചു.

ഹൂദായ കാനോന്‍ എന്ന വിഷയത്തെക്കുറിച്ച് കോനാട്ടച്ചന്‍ നടത്തിയ പ്രഭാഷണവും മികച്ചതായിരുന്നു. സഭയുടെ ഭരണം, കൂദാശകള്‍, പട്ടത്വം, പെരുമാറ്റച്ചട്ടങ്ങളെന്നിവയെ സംബന്ധിച്ച്  തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമായി പതിമൂന്നാം നൂറ്റാണ്ടില്‍ ബിഷപ്പ് ഗ്രിഗറി ബാര്‍ ഹെബ്രയസ് ക്രോഡികരിച്ച ഹൂദായ കാനോന് 40 അധ്യായങ്ങളുണ്ടെങ്കിലും കാലികപ്രസക്തിയില്ലാത്തതുകൊണ്ട് 30 അധ്യായങ്ങളും തര്‍ജ്ജമ പോലും ചെയ്യപ്പെട്ടില്ല. ഇക്കാലത്ത് ഇതിലെ പല സംഗതികളും അപ്രസക്തമാണെങ്കിലും സഭ അവയൊന്നും തിരുത്തുവാന്‍ മുതിരാതെ കാലികപ്രസക്തിയുള്ള സുന്നഹദോസ് തീരുമാനങ്ങള്‍ ആവശ്യാനുസരണം ഇവയ്ക്ക് അനുബന്ധമായി ചേര്‍ക്കുകയാണ് ചെയ്യുന്നത്.

വെള്ളിയാഴ്ച കോനാട്ടച്ചന്‍ നടത്തിയ പ്രഭാഷണത്തില്‍ മാമോദീസ എന്ന കൂദാശയുടെ വേദപുസ്തക സംബന്ധവും സഭാചരിത്രപരവുമായ പശ്ചാത്തലത്തെ വിശദമായി പ്രതിപാദിച്ചു. ലോകത്തിലെ മറ്റെല്ലാ മതങ്ങള്‍ക്കുമെന്നതുപോലെ ക്രിസ്തുമതത്തിലും ആചാരാനുഷ്ഠാനങ്ങളില്‍  പ്രതീകങ്ങള്‍ക്ക്  സ്ഥാനമുണ്ടെന്നും മാമോദീസായിലെ വിവിധ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സ്‌നാനം ഏല്‍ക്കുന്ന ആള്‍ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ച് പുതിയ സൃഷ്ടി ആയിത്തീരുന്നുവെന്നും “വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍  കടപ്പാന്‍ കഴിയുകയില്ല” എന്ന യേശുക്രിസ്തുവിന്റെ വചനങ്ങളില്‍ അധിഷ്ടിതമാണ് ഈ പ്രതീകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

എം.ജി.ഒ.സി.എസ്.എം. മുന്‍  ജനറല്‍ സെക്രട്ടറിയും ഡാളസില്‍ യൂത്ത് മിനിസ്റ്ററുമായ ഫാ. മാറ്റ് അലക്‌സാണ്ടറായിരുന്നു  എം.ജി.ഒ.സി.എസ്.എം കുട്ടികളുടെ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തത്. ‘മരണവും മരണാനന്തര ജീവിതവും’ എന്ന  സങ്കീര്‍ണ്ണമായ വിഷയത്തെ അധികരിച്ച് നടത്തിയ  സമ്മേളനത്തില്‍ മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെ സംബന്ധിച്ചും പാശ്ചാത്യവും പൗരസ്ത്യവുമായ വേദശാസ്ത്രങ്ങളുടെ സമീപനത്തിലുള്ള വ്യത്യാസം വിശകലനം ചെയ്തു. പാശ്ചാത്യര്‍ പൊതുവെ മരണം എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധാത്മകമായി സമീപിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുള്‍പ്പെടെയുള്ള പൗരസ്ത്യ സഭകള്‍ മരണത്തെ ക്രിസ്തു യേശുവിലുള്ള പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമെന്ന നിലയില്‍  ധൈര്യത്തോടെ നേരിടുവാന്‍ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം  പറഞ്ഞു. മാറ്റ് അച്ചന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ സെഷനുകളും കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതും അവര്‍ ഇഷ്ടപ്പെടുന്ന ശൈലിയിലുള്ളതുമായിരുന്നു.കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി നടത്തിയ ‘ഓര്‍ത്തഡോക്‌സ് റെസ്‌പോണ്‍സ് റ്റു നോണ്‍ ഡിനോമിനേഷനല്‍ ചര്‍ച്ചസ് എന്ന സൂപ്പര്‍ സെഷനില്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ നിന്നും നോണ്‍ ഡിനോമിനേഷനല്‍ സഭകളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണങ്ങളെ അപഗ്രഥിച്ചതിനുശേഷം ഓര്‍ത്തഡോക്‌സ് സഭയുടെ കുഴപ്പമല്ല, മറിച്ച്, സമീപകാലത്ത് സഭയില്‍ കടന്നുകൂടിയ അനുപേക്ഷണീയമല്ലാത്ത അനാസ്ഥയുടെ ഫലമായിട്ടാണ് മറ്റുള്ള നോണ്‍ ഡിനോമിനേഷണല്‍ പള്ളികള്‍  ചില ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് തല്‍ക്കാലത്തേക്ക് അഭികാമ്യമായി തോന്നുവാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി.
ഫോക്കസ് യൂത്ത് ഗ്രൂപ്പിന്റെ സമ്മേളനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത്  മാറ്റുഷ്‌ക്ക ജനിഫര്‍ മോഷര്‍ ആയിരുന്നു. യേല്‍ യൂണിവേഴ്‌സിറ്റി വൈദിക കോളജില്‍ നി്ന്നും വഌഡിമിര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നി്ന്നും ബിരുദങ്ങള്‍ സമ്പാദിച്ചിട്ടുള്ള മറ്റുഷ്‌ക്ക ജനിഫര്‍ മോഷര്‍ ഫോക്കസ് ഗ്രൂപ്പിന്റെ പാര്‍ട്ട് ടൈം  ഗ്രാന്റ്‌സ് ഓഫീസറായി സേവനമനുഷ്ടിക്കുന്നു. കോപമാണ് നമ്മെ പ്രാര്‍ത്ഥനയില്‍ നിന്നും ദൈവവുമായുള്ള ബന്ധത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നും, കോപത്തിന്റെയും അമര്‍ഷത്തിന്റെയും സ്ഥാനത്ത് ക്രിസ്തുവിനെ പ്രതിഷ്ടിക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും യുവാക്കളുടെ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. പ്രാര്‍ത്ഥന ഒരു പുതിയ ഭാഷ പഠിക്കുന്നതിനു തുല്യമാണെന്നും നമ്മുടെ സഭാപിതാക്കന്മാര്‍ ക്രോഡീകരിച്ചു നമുക്കു നല്‍കിയിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ആ ഭാഷാപഠനത്തിനുള്ള  അക്ഷരമാലകളാണ്. വ്യക്തിഗതമായ പ്രാര്‍ത്ഥനകളും ഇതുമായി ചേര്‍ക്കുകയും ചെയ്യാം.

കൗദാശിക ജീവിതം സ്ത്രീകളുടെ നിത്യജീവിതത്തില്‍ എന്ന സൂപ്പര്‍ സെഷനില്‍ മാറ്റുഷ്‌ക ജനിഫര്‍ മോഷര്‍ കുടുംബത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്നും കുടംബം മുഴുവനെയും സ്വാധീനിക്കുവാനുള്ള സ്ത്രീയുടെ കഴിവ് അപാരമാണ് എന്നും പറഞ്ഞു. സ്‌നേഹത്തിലൂടെയും ത്യാഗത്തിലൂടെയും കരുതലിലൂടെയുമാണ് സ്ത്രീ ഈ വിശ്വാസം ആര്‍ജ്ജിക്കുന്നത്. കുടുംബത്തിനു മൊത്തം പ്രയോജനകരമാകുന്ന  ദൈവികമായ സന്ദേശങ്ങള്‍ നേരിട്ട് ഉള്‍ക്കൊള്ളുവാനും തദ്വാരാ കുടുംബത്തെയും സഭയെയും സമൂഹത്തെയും സ്വാധീനിക്കുവാനും ഇത് അവരെ പ്രാപ്തരാക്കുന്നു. ദൈവവുമായി നേരിട്ടുള്ള ആത്മബന്ധം സ്ഥാപിക്കുകയും അതിലൂടെ ദൈവസാന്നിധ്യം കുടുംബത്തിനു മഴുവന്‍ അനുഭവവേദ്യമാക്കുകയും ചെയ്യുകയെന്നതും സ്ത്രീകള്‍ ഏറ്റെടുക്കേണ്ടതായ ദൗത്യമാണ്. സ്ത്രീകളുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന കുടുംബത്തിലും സഭയിലും സമൂഹത്തിലും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും കൈവരുവാന്‍ ഇടയാക്കുമെന്നത് നിസ്തര്‍ക്കമാണ്.  കൂദാശകളുടെ അന്തസ്സത്തയുള്‍ക്കൊള്ളുകയും അതു നമ്മുടെ ആരാധനാ ജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്യുകവഴി ദൈവകൃപയുടെ വാഹകരായി വര്‍ത്തിക്കുവാന്‍ സ്ത്രീകള്‍ക്ക്  സാധ്യമാകുമെന്നും അവര്‍ പ്രത്യാശിച്ചു.

കൗമാരപ്രായത്തിലുള്ള കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നത് പല മാതാപിതാക്കളും നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഈ വിഷയത്തില്‍ അവഗാഹമുള്ള റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ നേതൃത്വം കൊടുത്ത  സൂപ്പര്‍ സെഷന്‍  വളരെ പ്രയോജനകരമായിരുന്നു.  മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളായി ഉയര്‍ന്നുവന്നത് തമ്മിലുള്ള ആശയവിനിമയത്തിന്റെയും പ്രതികരണത്തിന്റെയും അപര്യാപ്തത, അനുസരണക്കേട് തുടങ്ങിയവയായിരുന്നു. രണ്ടു വിഭിന്ന സംസ്‌കാരത്തില്‍ വളരുന്നതിന്റെ പൊരുത്തക്കേട്, നിത്യേനയുള്ള ഗൃഹപാഠം, നല്ല ഗ്രേഡു നിലനിര്‍ത്തുക, സഹപാഠികളില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍, ബുള്ളിയിംഗ്, ടെക്‌നോളജിയുടെയും സോഷ്യല്‍ മീഡിയയുടെയും അമിതോപയോഗം, മാതാപിതാക്കളുടെ സമ്മര്‍ദ്ദം, സമയം കാര്യക്ഷമമായി ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന പ്രശ്‌നങ്ങളായി അദ്ദേഹം അക്കമിട്ട് നിരത്തിയത്. ഇക്കാര്യത്തില്‍ പല സുപ്രധാന നിര്‍ദ്ദേശങ്ങളും അദ്ദേഹം  മുമ്പോട്ടുവച്ചു. കുട്ടികള്‍ ഏതു തൊഴില്‍ മേഖലയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് മാതാപിതാക്കള്‍ നിശ്ചയിക്കാതെ കുട്ടികളുടെ താല്‍പ്പര്യത്തിനു വിട്ടുകൊടുക്കുകയെന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫാ. പൗലോസ് റ്റി. പീറ്റര്‍ ‘റിട്ടയര്‍മെന്റ് എങ്ങനെ സന്തോഷകരമാക്കാം’എന്നവിഷയത്തില്‍ നടത്തിയ സൂപ്പര്‍ സെഷന്‍ റിട്ടയര്‍ ചെയ്തവര്‍ക്കും അതിനുവേണ്ടി തയ്യാറെടുക്കുന്നവര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.

ഫാ. ഗീവര്‍ഗീസ് ജോണ്‍  പ്രാര്‍ത്ഥനയുടെ മൂന്നു തലങ്ങള്‍ എന്ന സെഷന്‍ ഫോക്കസ് ഗ്രൂപ്പിനുവേണ്ടി  കൈകാര്യം ചെയ്തു.ഗ്രൂപ്പ് ചര്‍ച്ചയിലൂടെയും പ്രഭാഷണത്തിലൂടെയും അനുതാപം, സ്തുതി, വിശുദ്ധ മൗനം എന്നിങ്ങനെ പ്രാര്‍ത്ഥനയുടെ മൂന്നു തലങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ഈ മൂന്നു തലങ്ങളും നമ്മുടെ പ്രാര്‍ത്ഥനകളിലും ആരാധനകളിലും അടങ്ങിയിരിക്കുന്നു. നൂതന വേദപണ്ഡിതനനെന്ന് അറിയപ്പെടുന്ന വി. ശിമയോന്റെ പഠിപ്പിക്കലനുസരിച്ച് കുടുംബജീവിതം നയിക്കുമ്പോഴും പ്രാര്‍ത്ഥനയുടെ ഈ മൂന്നു തലങ്ങളെ സ്പര്‍ശിക്കുവാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഫോക്കസിനു വേണ്ടി ഫാ. ലാബി ജോര്‍ജ്ജ് നടത്തിയ സൂപ്പര്‍ സെഷനായിരുന്നു രോഗശാന്തിയും കൂദാശകളും. അന്ത്യകൂദാശയെന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടുന്ന രോഗികളുടെ തൈലാഭിഷേകം മനുഷ്യജീവിതത്തില്‍ എത്ര തവണവേണമെങ്കിലും ആവര്‍ത്തിക്കാവുന്ന രോഗശാന്തിക്കുതകുന്ന കൂദാശമാത്രമാണെന്ന് ഫാ. ലാബി ജോര്‍ജ്ജ് സ്ഥാപിച്ചു. രോഗിക്ക് ധൈര്യവും പ്രത്യാശയും പ്രദാനം ചെയ്യുന്നതും രോഗി പൂര്‍ണ്ണബോധത്തോടെ ആയിരിക്കുന്ന അവസ്ഥയില്‍ നിര്‍വഹിക്കപ്പെടേണ്ടതുമായ ഒരു കൂദാശയായിട്ടാണ് സഭ ഇതിനെ വിഭാവന ചെയ്തിരിക്കുന്നതെന്നും ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ കൊച്ചുകുഞ്ഞുങ്ങളടക്കം മൊത്തം 113 കുട്ടികളാണ് വിവിധ സെഷനുകളില്‍ പങ്കെടുത്തത്. പ്രഭാതപ്രാര്‍ത്ഥനയ്ക്കും ധ്യാനപ്രസംഗത്തിനും ശേഷം ഹെറിറ്റേജ് ഹാളില്‍ ഒത്തുചേര്‍ന്ന കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. അന്‍സാ വര്‍ഗീസ്, മെന്നു മാത്യൂസ്, റീനാ സൂസന്‍ മാത്യു, രെഞ്ചു പടിയറ എന്നിവരായിരുന്നു കുട്ടികളുടെ ചുമതല വഹിച്ചത്.

സണ്‍ഡേïസ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സെഷനില്‍ മറിയം സീന വര്‍ഗീസ് ആയിരുന്നു പ്രധാന പ്രാസംഗിക. ഇസ്രയേല്‍ മക്കളുടെ ചരിത്രത്തിലൂന്നിയ സചിത്ര പഠന ശൈലിയിലൂടെ  അവര്‍ കൂദാശകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. മിഡില്‍ സ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ സാക്രമെന്റല്‍ ആക്ഷന്‍ ഹീറോസ് വഴിയായി കൂദാശകളെ സംബന്ധിച്ച് അറിവു നേടി. പദപ്രശ്‌നങ്ങളും ഗെയിമുകളും സ്‌കിറ്റുകളും മറ്റു വിനോദങ്ങളും  മുഷിച്ചിലില്ലാതെ വിഷയം അവതരിപ്പിക്കുവാന്‍ സഹായകമായി. കൊച്ചു കുട്ടികളുടെ സെഷന് നേതൃത്വം കൊടുത്തത് രഞ്ചു പടിയറയായിരുന്നു. ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നും ആക്ഷന്‍ ഗാനങ്ങള്‍ പാടിയും വര്‍ണ്ണശബളമായ കരകൗശല വസ്തുക്കളുണ്ടാക്കിയും ക്രിയാത്മകമായി കുഞ്ഞുങ്ങളെ രസിപ്പിക്കുകയും ഒപ്പം പഠിപ്പിക്കുകയും ചെയ്തു.

ഉച്ചയ്ക്കുശേഷമുള്ള സെഷനില്‍ കുട്ടികള്‍ക്കു വിനോദവും വിശ്രമവും ലഭിക്കുന്ന പരിപാടികള്‍ ക്രമീകരിച്ചിരുന്നു. മൊത്തത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് അവരുടെ സെഷനുകള്‍ വളരെ ആസ്വാദ്യകരമാക്കി.

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം അരങ്ങേറിയ കലാസന്ധ്യ മികവുറ്റതായിരുന്നു. ആദര്‍ശ് പി. വര്‍ഗീസ് ‘അമ്മ’ എന്ന കവിത ആലപിച്ചത് സദസ്യരെ കോരിത്തരിപ്പിക്കുക തന്നെ ചെയ്തു. റീന മാത്യു സംവിധാനം ചെയ്ത ന്യായവിധി എന്ന സ്‌കിറ്റ് പല ഗുണപാഠങ്ങളുള്‍ക്കൊള്ളുന്നതും മാതൃകാജീവിതത്തിനുള്ള ആഹ്വാനവുമായിരുന്നു.  സണ്ണി റാന്നിയും സംഘവും അവതരിപ്പിച്ച ഓട്ടംതുള്ളല്‍  അമേരിക്കന്‍ മലയാളികളുടെ സമകാലീന ജീവിതത്തിന്റെ ഹാസ്യാത്മകമായ ഒരു നേര്‍ക്കാഴ്ചയായിരുന്നു. രാജന്‍ പടിയറയും റീനാ മാത്യുവും ചേര്‍ന്നവതരിപ്പിച്ച കൗതുകവാര്‍ത്തയായിരുന്നു സദസ്യരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരിനം. ഭദ്രാസനതലത്തില്‍ നടക്കുന്ന ഓരോ പരിപാടികളെയും പരാമര്‍ശിച്ചു നടത്തിയ വാര്‍ത്താവലോകനം “കൗതുകകരം” തന്നെയായിരുന്നു.

 ഷൈനി രാജുവായിരുന്നു കലാപരിപാടികളുടെ കോ ഓര്‍ഡിനേറ്റര്‍. ജെസി മാത്യു, സന്തോഷ് തോമസ്, അനു ജോസഫ്, രാജു ജോയി എന്നിവരടങ്ങുന്ന ഒരു സബ് കമ്മിറ്റിയും ഇതിനുവേണ്ടി പ്രവര്‍ത്തിച്ചു. മീനു മാത്യു, എലിസബത്ത് വര്‍ഗീസ്, സുജ ജോസ്, സന്തോഷ് തോമസ് എന്നിവരായിരുന്നു എംസിമാര്‍. എല്ലാ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു നടത്തിയ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച  കലാപരിപാടികള്‍  വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പായുടെ ആശീര്‍വാദത്തോടെ അവസാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ധ്യാനപ്രസംഗത്തിനു ശേഷം നടന്ന കുമ്പസാരം ഏറെ വൈകിയും നീണ്ടു.

ശനിയാഴ്ച രാവിലെ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെ കോണ്‍ഫറന്‍സ് സമാപിച്ചു. കോണ്‍ഫറന്‍സിന്റെ നടത്തിപ്പിലേക്ക് ഫാ. സുജിത് തോമസ് കോ  ഓര്‍ഡിനേറ്റര്‍, ഫാ. വിജയ് തോമസ് ജോയിന്റ്  കോ ഓര്‍ഡിനേറ്റര്‍,  ഡോ. ഫിലിപ്പ് ജോര്‍ജ് ജനറല്‍ സെക്രട്ടറി, തോമസ് ജോര്‍ജ് ട്രഷറര്‍ , ബെന്നി വര്‍ഗീസ് സുവനീര്‍ ചീഫ് എഡിറ്റര്‍, ഷാജി വര്‍ഗീസ് സുവനീര്‍ ബിസിനസ് മാനേജര്‍, ജോര്‍ജ് തുമ്പയില്‍- ഫാ. പൗലോസ് പീറ്റര്‍ പബ്ലിസിറ്റി & മീഡിയ,  വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പാ ചാപ്‌ളെയിന്‍, അലക്‌സ് ഏബ്രഹാം & ദീപ തോമസ് രജിസ്‌ട്രേഷന്‍, ഫാ. അലക്‌സ് കെ. ജോയ് ക്വയര്‍, റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ സ്‌പോര്‍ട്ട്്‌സ്& ഗെയിംസ്/ കരിക്കുലം, ഷൈനി രാജു എന്റര്‍ടെയ്ന്‍മെന്റ്, ഏബ്രഹാം ജോഷ്വ ഓണ്‍സൈറ്റ് ഉത്തരവാദിത്വങ്ങള്‍, ഡോ. ലിസി ജോര്‍ജ്& ഡോ. അമ്മു പൗലോസ് മെഡിക്കല്‍ ടീം, ജീമോന്‍ വര്‍ഗീസ് സെക്യൂരിറ്റി, ബിനു സാമുവേല്‍ & എബി പോള്‍ ഫോട്ടോഗ്രാഫി, അജിത് വട്ടശേരില്‍ ഘോഷയാത്ര എന്നിവരടങ്ങുന്ന കമ്മിറ്റിയും മറ്റ് സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചു.

ഭദ്രാസന കൗണ്‍സിലിന്റെ നിര്‍ലോഭമായ സഹകരണവും കോണ്‍ഫറന്‍സ് കമ്മിറ്റിക്ക് ലഭിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. എം.കെ.കുറിയാക്കോസ്, കൗണ്‍സില്‍ അംഗങ്ങളായ ഫാ. ഷിബു ഡാനിയേല്‍, ഫാ. ആന്‍ഡ്രൂ ഡാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരില്‍, ഷാജി വര്‍ഗീസ്, ഡോ. സാക്ക് സഖറിയ, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വര്‍ഗീസ് പോത്താനിക്കാട് എന്നിവരും കോണ്‍ഫറന്‍സ് വിജയത്തിനായി പ്രയത്‌നിച്ചു.

വരുന്ന വര്‍ഷത്തെ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്ററായി ഫാ. വിജയ് തോമസിനെയും ജനറല്‍ സെക്രട്ടറിയെയും ഡോ.ജോളി തോമസിനെയും ഭദ്രാസന മെത്രാപ്പോലീത്ത നിയമിച്ചു.

ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
After Qurbana
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Choir
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Clergy
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
committee corrected
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Coordinator SecretaryTreasurer
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Entire Group
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Fam Conference inauguration
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Konatachen
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
KonatachennThirumeny
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Kuchammas
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Sports
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Sports
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Thirumeny
ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക