Image

മാതൃഭാഷയോട്‌ ആദരവുള്ള പുതുതലമുറയെ വാര്‍ത്തെടുക്കണം: എം.ടി

Published on 27 July, 2014
മാതൃഭാഷയോട്‌ ആദരവുള്ള പുതുതലമുറയെ വാര്‍ത്തെടുക്കണം: എം.ടി
തിരൂര്‍: മാതൃഭാഷയോട്‌ ആദരവുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കണമെന്ന്‌ പ്രശസ്‌ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. സ്വന്തം ഭാഷയെ അവഹേളിക്കാതെ മാതൃഭാഷയിലെ കൃതികളും സാഹിത്യവും മറ്റു ഭാഷകളിലേക്കുകൂടി എത്തിക്കുകയാണു പൗരന്റെ കടമയെന്നുംനോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സാഹിത്യപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) കേരള കണ്‍വന്‍ഷന്‍ ഭാഗമായുള്ള സാഹിത്യ സമ്മേളനം തുഞ്ചന്‍പറമ്പില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവര്‍ അവരവരുടെ മാതൃഭാഷ സംസാരിക്കുന്നു. ഒരു ഭാഷയും ഒന്നിനും എതിരല്ല. ഓരോന്നിന്റെയും പ്രാധാന്യത്തിനനുസരിച്ചു കൈകാര്യം ചെയ്യണം. അമേരിക്കയില്‍ 40 % പേര്‍ മാത്രമാണ്‌ ഇംഗ്ലിഷ്‌ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാവലിസ്‌റ്റ്‌ സി. രാധാകൃഷ്‌ണന്‍ മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍, സാഹിത്യനായകരായ സക്കറിയ, അക്‌ബര്‍ കക്കട്ടില്‍, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്‌, ആര്‍. ഗോപാലകൃഷ്‌ണന്‍, പി.ടി. നരേന്ദ്ര മേനോന്‍, പി.എസ്‌. നായര്‍, കെ. രാധാകൃഷ്‌ണന്‍ നായര്‍, ജോസ്‌ ഓച്ചാലില്‍, എബ്രഹാം തെക്കെമുറി, മിനു എലിസബത്ത്‌ പുന്നയൂര്‍ക്കുളം, ലാന പ്രസിഡന്റ്‌ ഷാജന്‍ ജോസ്‌ ആനിത്തോട്ടം, സ്‌റ്റാന്‍ലി ലൂക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി കേരളത്തില്‍ സംഘടിപ്പിച്ച സാഹിത്യ തീര്‍ഥാടനത്തിന്‌ സമാപനമായി. കഴിഞ്ഞ 25ന്‌ കേരള സാഹിത്യ അക്കാദമി മന്ദിരം, 26ന്‌ ചെറുതുരുത്തി കേരള കലാമണ്ഡലം, ഇന്നലെ തിരൂര്‍ തുഞ്ചന്‍പറമ്പ്‌ എന്നിവിടങ്ങളിലായാണ്‌ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) കേരള കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്‌.
മാതൃഭാഷയോട്‌ ആദരവുള്ള പുതുതലമുറയെ വാര്‍ത്തെടുക്കണം: എം.ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക