Image

മന്ദാരപ്പൂ പോലെ ജീവിതവും: മടക്കമില്ലാത്ത യാത്രയുടെ കഥ

Published on 25 July, 2014
മന്ദാരപ്പൂ പോലെ ജീവിതവും: മടക്കമില്ലാത്ത യാത്രയുടെ കഥ
തിരുവനന്തപുരം: ജയിംസ് വി. ഏബ്രഹാം ഇനി അമേരിക്കയിലേക്കില്ല. എഴു കടലിനക്കരെ മൂന്നു പതിറ്റാണ്ടു നീണ്ട ജീവിതം അവസാനിപ്പിച്ചു സ്വന്തം നാടായ അനന്തപുരിയിലേക്കു മടങ്ങിയ ജയിംസ് സ്വത്ത് മുഴുവന്‍ തന്റെ എല്ലാമെല്ലാമായിരുന്ന ഭാര്യയുടെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എഴുതിവച്ചു.

ജയിംസ് വി. ഏബ്രഹാമും ഭാര്യ ഏലിയാമ്മയും മൂന്നു പതിറ്റാണ്ട് അമേരിക്കയില്‍ ജീവിച്ചു. അതിനിടെ നിര്‍ധനരായ രണ്ടു കുടുംബങ്ങളെ കരയ്ക്കണച്ചു. ഒട്ടേറെ പേര്‍ക്കു താങ്ങും തണലുമായി. എന്നിട്ടും ദുരന്തം ആ കുടുംബത്തെ വേട്ടയാടി. ജയിംസ് കാന്‍സര്‍ രോഗിയായി. രോഗത്തോടു പൊരുതി ജയിച്ചെങ്കിലും തൊട്ടുപിന്നാലെ ഭാര്യ അര്‍ബുദ രോഗിയായി, മരണത്തിനു കീഴടങ്ങുന്നതു കണ്ടുനില്‍ക്കേണ്ടിവന്നു.

ജയിംസ് ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. ബാല്യവും കൗമാരവും കയ്പുനിറഞ്ഞതായിരുന്നു. പഴമക്കാര്‍ മറന്നിരിക്കാനിടയില്ലാത്ത കവടിയാര്‍-കുറവന്‍കോണം റോഡിലെ പണ്ടെങ്ങോ പൂട്ടിപ്പോയ ശിവവിലാസം ഹോട്ടലിലെ അടിമപ്പണി മുതല്‍ പട്ടിണിയും പരിവട്ടവും നിറഞ്ഞ കുട്ടിക്കാലത്തെ കയ്‌പേറിയ ജീവിതാനുഭവങ്ങള്‍. അതിനുശേഷം ഒരു ഒളിച്ചോട്ടം. ചെന്നൈയിലെ രണ്ടാം ജന്‍മം. ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ അന്യജാതിക്കാരിയായ യുവതിയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രണയം. ഒടുവില്‍ മന്ദാരപ്പൂവിന്റെ പരിശുദ്ധിയുള്ള പ്രണയത്തിലെ നായികയെ സ്വന്തമാക്കാന്‍ മതം മാറി. വിവാഹത്തിനു ശേഷം എല്ലാ ദുരിതങ്ങള്‍ക്കും അവധി കൊടുത്തു ദമ്പതികള്‍
അമേരിക്കയില്‍ എത്തി പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ചു.

അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന ഏലിയാമ്മ- ജയിംസ് പ്രണയവും സന്തുഷ്ടമായ ദാമ്പത്യവും ഒടുവില്‍ മാറിമാറി ആക്രമിച്ച കാന്‍സര്‍ പ്രണയിനിയെ കവര്‍ന്നെടുക്കുന്നതും ഒക്കെ ചേര്‍ന്ന് ഒരു ദുരന്തനാടകം ജയിംസ് അഭിനയിച്ചുതീര്‍ക്കുകയായിരുന്നു. ഒടുവില്‍ അമേരിക്കയില്‍ ബാക്കിയുള്ള സമ്പാദ്യവുമായി നാട്ടിലെത്തിയ ജയിംസ് 50 ലക്ഷം രൂപ കാരുണ്യ ഗൈഡന്‍സ് സെന്ററിലെ നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കായി മാറ്റിവച്ചു. മണ്ണന്തലയിലെ രണ്ടര കോടി വിലമതിക്കുന്ന വീട് ഭാര്യയുടെ സ്മാരകമായി കാരുണ്യ ഗൈഡന്‍സ് സെന്ററിനു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തു. ഇപ്പോള്‍ സമയത്തിന്റെ നല്ല പങ്കും കാന്‍സര്‍ രോഗികള്‍ക്കൊപ്പം അവര്‍ക്കു സ്‌നേഹം പകര്‍ന്നു ജീവിക്കുകയാണ്. ദൈവം തന്ന ദുഃഖങ്ങള്‍ തന്നെ മറ്റുള്ളവര്‍ക്ക് ഒരു ഉപകരണമാക്കി മാറ്റുകയായിരുന്നു എന്ന് ജയിംസ് ഇന്ന് കരുതുന്നു.

ഭാര്യയെക്കുറിച്ച് എഴുതിയ ഒരു മന്ദാരപ്പൂവ് പോലെ എന്ന പുസ്തകം 28ന് ഉള്ളൂരിലെ കാരുണ്യ ഗൈഡന്‍സ് സെന്ററില്‍ ഡോ. ഡി. ബാബു പോള്‍ പ്രകാശനം ചെയ്യും. പുസ്തകത്തിന്റെ റോയല്‍റ്റി മുഴുവന്‍ കാന്‍സര്‍ രോഗികള്‍ക്കായി നീക്കിവച്ചു. (Manorama)
മന്ദാരപ്പൂ പോലെ ജീവിതവും: മടക്കമില്ലാത്ത യാത്രയുടെ കഥ മന്ദാരപ്പൂ പോലെ ജീവിതവും: മടക്കമില്ലാത്ത യാത്രയുടെ കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക