Image

അഴിമതിയുടെ അപ്പോസ്‌തലന്മാര്‍ (വി.എസ്‌. അച്യുതാനന്ദന്‍ പ്രതികരിക്കുന്നു)

Published on 27 July, 2014
അഴിമതിയുടെ അപ്പോസ്‌തലന്മാര്‍ (വി.എസ്‌. അച്യുതാനന്ദന്‍ പ്രതികരിക്കുന്നു)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്‍െറ സര്‍ക്കാറും ഇങ്ങനെയൊക്കെയാണ്‌. `സുതാര്യതാ' മുദ്രാവാക്യം ഭരണത്തിന്‍െറ പുറംതോടാണ്‌. `വികസനവും കരുതലും' എന്ന തൊങ്ങലും ആ പുറംതോടിന്‍െറ ഇരുവശങ്ങളിലുമായി കെട്ടിത്തൂക്കിയിട്ടുണ്ട്‌. ഈ പുറംതോട്‌ പൊട്ടിച്ചാല്‍ അവിടെ അഴിമതിയുടെ ദുര്‍ഗന്ധമാണ്‌. കെടുകാര്യസ്ഥതയുടെ കേളികൊട്ട്‌ കേള്‍ക്കാം, പാര്‍ശ്വവര്‍ത്തികളും വിശ്വസ്ഥരായ അനുചരവൃന്ദവും നടത്തുന്ന കൊള്ളകളുടെ കഥകളറിയാം; ഭൂമാഫിയയും പണാധിപത്യക്കാരും നടത്തുന്ന കൈയേറ്റത്തിന്‍െറ കള്ളക്കളികള്‍ കാണാം. ഇതേപ്പറ്റിയൊക്കെ തെളിവുകളും രേഖകളും വെച്ച്‌ ചോദിച്ചാല്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍കൊണ്ട്‌ ഉമ്മന്‍ ചാണ്ടി നട്ടെല്ലിന്‍െറ ബലം കാട്ടി രക്ഷപ്പെടുകയാണ്‌ ചെയ്യുക. ഈ ജൂലൈ 17ന്‌ അവസാനിച്ച 13ാം നിയമസഭയുടെ 11ാമത്‌ സമ്മേളനത്തിലും ഇത്‌ കാണുകയുണ്ടായി. അഴിമതിയുടെ ചളിക്കുണ്ടില്‍ ആണ്ടുകിടക്കുകയും അത്‌ ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നു എന്ന നില വരുകയും ചെയ്യുമ്പോള്‍, മറ്റെന്തെങ്കിലും പ്രശ്‌നങ്ങളിലേക്ക്‌ ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രവും ഉമ്മന്‍ ചാണ്ടിക്ക്‌ സ്വന്തമാണ്‌. മാധ്യമങ്ങളുടെ ശ്രദ്ധയും ചര്‍ച്ചയും അങ്ങനെ തിരിച്ചുവിടുന്നതിലും ഉമ്മന്‍ ചാണ്ടി സമര്‍ഥനാണ്‌.

കേരളത്തിന്‌ ഒരുതരത്തിലും താല്‍പര്യമില്ലാത്തതും കേരളത്തിന്‍െറ വര്‍ത്തമാനത്തെയോ ഭാവിയെയോ ഒരുതരത്തിലും ബാധിക്കാത്തതുമായ ഒന്നാണ്‌ ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്ന മന്ത്രിസഭാ പുന$സംഘടന. കേരളത്തിന്‍െറ ചിന്തയെയും ചര്‍ച്ചകളെയും ഈ മന്ത്രിസഭാ പുന$സംഘടനയില്‍ തളച്ചിട്ടിരിക്കുകയാണ്‌. ഉമ്മന്‍ ചാണ്ടിയുടെ ഈ തന്ത്രത്തിന്‌ ശക്തിപകരുന്ന തരത്തില്‍ മാധ്യമ ചര്‍ച്ചകളും ഈ വഴിക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഇതോടെ, ദിവസങ്ങള്‍ക്ക്‌ മുമ്പുമാത്രം അവസാനിച്ച നിയമസഭയിലും പുറത്തും തെളിവുകളുടെയും രേഖകളുടെയും പിന്‍ബലത്തില്‍ ഉന്നയിച്ച അഴിമതികളെല്ലാം വിസ്‌മൃതിയിലേക്ക്‌ മറയുകയാണ്‌.

കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ ഭരണഗാത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മായാത്ത കറയാണ്‌ സോളാര്‍ അഴിമതി. മുഖ്യമന്ത്രിയുടെ ഓഫിസും പി.എയും ഗണ്‍മാനും അടക്കമുള്ള വിശ്വസ്‌ത സന്തതസഹചാരികളും ഉള്‍പ്പെട്ട അഴിമതിക്കേസാണിത്‌. മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടത്തിയ ഈ അഴിമതി തേച്ചുമായ്‌ച്ചു കളയാന്‍ ഭരണത്തിന്‍െറ എല്ലാ സാധ്യതകളും ഉമ്മന്‍ചാണ്ടി പ്രയോജനപ്പെടുത്തി. കോടതിയെപ്പോലും സ്വാധീനിക്കാനും ശ്രമിച്ചു. ഒടുവില്‍ ഈ ലേഖനം എഴുതുന്നയാള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്‌ളെന്ന്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുകയാണ്‌. ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്‍െറ നേതൃത്വത്തില്‍ നടത്തിയ 450 കോടിയുടെ ഭൂമി തട്ടിപ്പും മന്ത്രിസഭയെ പിടിച്ചുലച്ചതാണ്‌. എല്ലാ നിയമങ്ങളും ധാര്‍മികതയും മര്യാദയുമൊക്കെ ലംഘിച്ച്‌ സലിംരാജിനെ സംരക്ഷിക്കാനും കേസ്‌ തേച്ചുമായ്‌ച്ചുകളയാനും ഉമ്മന്‍ ചാണ്ടി തന്നെ മുന്നിട്ടിറങ്ങി. ഇതിന്‍െറ പേരില്‍ നിരവധി തവണ ഹൈകോടതിയുടെ രൂക്ഷവിമര്‍ശത്തിന്‌ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാറും വിധേയമായി. എന്നാല്‍, ഇതൊന്നും പക്ഷേ തനിക്ക്‌ ഒരു പ്രശ്‌നവുമല്ല എന്നതാണ്‌ ഉമ്മന്‍ചാണ്ടിയുടെ നിലപാട്‌. ഭൂമാഫിയക്കും അനധികൃത ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ക്കും നിയമങ്ങളെല്ലാം കാറ്റില്‍പറത്തി പൊതുസ്വത്ത്‌ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. കൊമ്പന്‍പോയ പിറകെ മോഴയും എന്നു പറയുന്നതുപോലെ ഉമ്മന്‍ ചാണ്ടിക്ക്‌ പിറകെ ചീഫ്‌ സെക്രട്ടറിയും അഴിമതിയില്‍ നായകവേഷം കെട്ടുകയാണ്‌.

തിരുവനന്തപുരം നഗരമധ്യത്തിലെ പാറ്റൂരില്‍ മുംബൈ ആസ്ഥാനമായ `ആവൃതിമാള്‍' എന്ന റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിക്ക്‌ സര്‍ക്കാര്‍വക 17 സെന്‍റ്‌ പുറമ്പോക്ക്‌ ഭൂമി അനധികൃതമായി കൈയേറാന്‍ ചീഫ്‌ സെക്രട്ടറി തന്നെ ഒത്താശ ചെയ്യുകയായിരുന്നു. ഇതിനുവേണ്ടി വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ്‌ പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കാന്‍വരെ അനുമതി നല്‍കി. സര്‍ക്കാര്‍ സ്ഥലത്താണ്‌ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനി ഫ്‌ളാറ്റ്‌ സമുച്ചയം പണിയുന്നതെന്ന്‌ രേഖകള്‍ സഹിതം നിയമസഭയില്‍ ഉന്നയിച്ചതാണ്‌. രേഖകള്‍ സഭയുടെ മേശപ്പുറത്തുവെക്കുകയും ചെയ്‌തു. വിജിലന്‍സ്‌ അന്വേഷണത്തില്‍ ആരോപണം ശരിവെക്കുകയും ചെയ്‌തു. പക്ഷേ, ഫ്‌ളാറ്റ്‌ സമുച്ചയത്തിന്‍െറ നിര്‍മാണം നിര്‍ത്തിവെപ്പിക്കാനോ കൈയേറ്റക്കാരുടെ പേരില്‍ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. നേരത്തേ റവന്യൂവകുപ്പ്‌ കൈകാര്യം ചയ്‌തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും ഈ അനധികൃത കൈയേറ്റത്തിന്‌ കൂട്ടുനിന്നതായി ഇതെഴുതുന്നയാള്‍ ആരോപിച്ചിരുന്നു. ശതകോടികള്‍ വിലമതിക്കുന്ന ഫ്‌ളാറ്റ്‌ സമുച്ചയത്തിന്‌ കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമി തരപ്പെടുത്തിക്കൊടുത്തതിന്‌ മുഖ്യമന്ത്രിയുടെയും ചീഫ്‌ സെക്രട്ടറിയുടെയും കീശകളില്‍ എത്ര കോടികള്‍ വീണിട്ടുണ്ടാകും എന്ന ചോദ്യത്തിനും ഇവരാരും മറുപടി പറഞ്ഞിട്ടില്ല.

ഇതേസമയത്തുതന്നെയാണ്‌ നെയ്യാറ്റിന്‍കര അടിമലത്തുറയില്‍ കടലോരത്ത്‌ ഫ്‌ളാറ്റ്‌ സമുച്ചയ നിര്‍മാണ പദ്ധതിക്ക്‌ തുടക്കംകുറിച്ചിരിക്കുന്നത്‌. തീരദേശപരിപാലന നിയമത്തിന്‍െറ കുരുക്കുകാട്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഒരു കൂരകെട്ടാന്‍പോലും അനുവാദം നല്‍കാത്ത സര്‍ക്കാറാണ്‌ കടലിലെ തിരകള്‍ അടിക്കുന്ന സ്ഥലത്ത്‌ ഫ്‌ളാറ്റ്‌ സമുച്ചയനിര്‍മാണത്തിന്‌ അനുമതി നല്‍കിയിരിക്കുന്നത്‌. സര്‍ക്കാര്‍ ഭൂമി ഇങ്ങനെ സ്വകാര്യകുത്തകകള്‍ക്ക്‌ കൈയേറാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ്‌ സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരും അരുനില്‍ക്കുന്നത്‌ മോക്ഷം കിട്ടാന്‍വേണ്ടിയാവില്ലല്‌ളോ? അവിടെയാണ്‌ അഴിമതി ആരോപണത്തിന്‍െറ പ്രസക്തി.

കൊച്ചി ചെലവൂരില്‍ കായലോരത്ത്‌ ഡി.എല്‍.എഫ്‌ ഭീമാകാരമായ ഫ്‌ളാറ്റ്‌ സമുച്ചയം നിര്‍മിച്ചത്‌ കായല്‍ കൈയേറിയാണെന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച സമിതി തന്നെ റിപ്പോര്‍ട്ട്‌ നല്‍കിക്കഴിഞ്ഞു. എന്നിട്ടും എന്തേ ഇതു പൊളിച്ചുമാറ്റാന്‍ നടപടി എടുക്കാത്തത്‌? ഈ അനധികൃത നിര്‍മാണം നടത്തിയ ഡി.എല്‍.എഫിന്‌ റോബര്‍ട്ട്‌ വാദ്രയെന്ന ഒരാളുമായി ബന്ധമുണ്ടെന്നും അയാള്‍ ഡല്‍ഹി 10ാം നമ്പര്‍ ജന്‍പഥിലെ ഒരു വി.വി.ഐ.പി കുടുംബത്തിലെ ബന്ധക്കാരനാണെന്നും കേള്‍ക്കുന്നുണ്ട്‌. ആ വി.വി.ഐ.പിയുടെ പേര്‌ സോണിയ ഗാന്ധി എന്നുമാണ്‌. ഇതുകൊണ്ടല്‌ളേ ഡി.എല്‍.എഫിന്‍െറ അനധികൃത ഫ്‌ളാറ്റ്‌ നിര്‍മാണത്തിന്മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാറിന്‍െറ മുട്ടുവിറക്കുന്നത്‌?

സമാനമായ കൈയേറ്റമാണ്‌ ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ കായലോരത്ത്‌ സ്ഥാപിച്ചിരിക്കുന്ന റിസോര്‍ട്ട്‌ നിര്‍മാണത്തിലും നടത്തിയിരിക്കുന്നത്‌. ഇത്‌ അനധികൃത നിര്‍മാണമാണെന്നും അതുകൊണ്ട്‌ പൊളിച്ചുമാറ്റേണ്ടതാണെന്നും സുപ്രീംകോടതി തന്നെ വിധിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല.

സമാനമായ നിരവധി കൈയേറ്റങ്ങള്‍ക്കാണ്‌ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഒത്താശ ചെയ്‌തിരിക്കുന്നത്‌. ഈ കൈയേറ്റങ്ങള്‍ക്ക്‌ സൗകര്യം ചെയ്‌തുകൊടുക്കുന്ന വകയില്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കുമൊക്കെ കാര്യമായ ഓഹരികള്‍ കിട്ടാതിരിക്കില്ല. ചീഫ്‌ സെക്രട്ടറി സ്വന്തം ഭാര്യയുടെ പേരില്‍ തൃശൂര്‍ നഗരത്തില്‍ നടത്തിയ ഭൂമി ഇടപാടില്‍ കോടികളുടെ നികുതി സര്‍ക്കാറിനെ വെട്ടിച്ചുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്‌. ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി ഈ വെട്ടിപ്പിനെ വെള്ളപൂശാന്‍ പരസ്യമായി രംഗത്തത്തെുകയും ചെയ്‌തു. അധികാരസ്ഥാനങ്ങളിലെ അപ്പോസ്‌തലന്മാര്‍ തന്നെ, നഗ്‌നമായ അഴിമതിയിലൂടെ ഈ കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കും ചൂട്ടുപിടിക്കുന്നു എന്നാണ്‌ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്‌.

ഈ കൈയേറ്റങ്ങള്‍ സംബന്ധിച്ച എല്ലാ വസ്‌തുതകളും ഇതെഴുതുന്നയാള്‍ തെളിവുകള്‍ സഹിതം നിയമസഭയില്‍ ഉന്നയിച്ചതാണ്‌. എന്നാല്‍, ഓരോന്നിനും തട്ടാമുട്ടി മറുപടി പറഞ്ഞ്‌ ഒഴിഞ്ഞുമാറാനും രക്ഷപ്പെടാനുമാണ്‌ മുഖ്യമന്ത്രി ശ്രമിച്ചത്‌. (മാധ്യമം)
അഴിമതിയുടെ അപ്പോസ്‌തലന്മാര്‍ (വി.എസ്‌. അച്യുതാനന്ദന്‍ പ്രതികരിക്കുന്നു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക