Image

ദിലീപും മഞ്ജുവാര്യരും (എം.എസ്. സുനില്‍)

എം.എസ്. സുനില്‍ Published on 25 July, 2014
ദിലീപും മഞ്ജുവാര്യരും (എം.എസ്. സുനില്‍)
ഡെക്കാണ്‍ ക്രോണിക്കിളില്‍ കഴിഞ്ഞ വര്‍ഷം വന്ന റിപ്പോര്‍ട്ടനുസരിച്ച് വിവാഹമോചനക്കേസുകളുടെ ആധിക്യം മൂലം തിരുവനന്തപുരം നഗരം കേവലം കേരളത്തിന്റെ തലസ്ഥാനം മാത്രമായല്ല, ഇന്ത്യയുടെ തന്നെ ഡിവോഴ്‌സ് ക്യാപ്പിറ്റല്‍ വിവാഹമോചനതലസ്ഥാനം കൂടി ആയതായി വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നു.
കേരളത്തിലെ പതിന്നാലു ജില്ലകളില്‍ ഏറ്റവുമധികം വിവാഹമോചനക്കേസുകളുണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നെന്ന് ആ റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടി. മറ്റു പല ജില്ലകളും തിരുവനന്തപുരത്തിന്റെ തൊട്ടു പുറകില്‍ത്തന്നെയുണ്ട്. വിവാഹമോചനക്കേസുകളിലെ പ്രതിവര്‍ഷ വര്‍ദ്ധനവിന്റെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ രണ്ടേമുക്കാല്‍ ശതമാനം മാത്രമാണ് കേരള ജനസംഖ്യയെങ്കിലും 2011ല്‍ ഇന്ത്യയിലാകെയുണ്ടായിരുന്ന വിവാഹമോചനം ചെയ്യപ്പെട്ട വനിതകളുടെ പത്തു ശതമാനത്തോളം കേരളത്തിലായിരുന്നു. ഇതുകൊണ്ടെല്ലാം വിവാഹമോചനങ്ങള്‍ കേരളത്തിലൊരു പുതുമയല്ലാതായിത്തീര്‍ന്നിട്ടുണ്ട്.

സിനിമാരംഗത്ത് വിവാഹമോചനങ്ങള്‍ കൂടുതലുണ്ടെന്നു കരുതാന്‍ ന്യായമില്ലെങ്കിലും, ആ രംഗത്തെ പ്രഗത്ഭരുടെ വിവാഹമോചനം വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മുകേഷും സരിതയും, ഉര്‍വ്വശിയും മനോജ് കെ ജയനും, മമതയും പ്രെഗിത്തും, കാവ്യാ മാധവനും നിശാല്‍ ചന്ദ്രയും, ജ്യോതിര്‍മയിയും നിശാന്തും, രേവതിയും സുരേഷ് മേനോനും ഇവരെല്ലാം വേര്‍പിരിഞ്ഞ ജോടികളാണ്. ഇവരില്‍ പലരുടേയും വേര്‍പിരിയലുകള്‍ വലുതായ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എന്നാല്‍ മലയാളസിനിമാലോകത്ത് സമീപകാലത്തുണ്ടായ എല്ലാ വിവാഹ മോചനങ്ങളേക്കാളും കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിയ്ക്കുന്നത് ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വേര്‍പിരിയലാണെന്നു നിസ്സംശയം പറയാം. ഈ വേര്‍പിരിയല്‍ ജനശ്രദ്ധയാകര്‍ഷിയ്ക്കുക മാത്രമല്ല, മലയാള സിനിമാ പ്രേമികളില്‍ പലരേയും നൊമ്പരപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകണം. ദീലിപും മഞ്ജു വാര്യരും വിവാഹമോചനത്തിനായി എറണാകുളം കലൂരിലെ പ്രത്യേക കുടുംബ കോടതിയില്‍ ജൂലായ് ഇരുപത്തിനാലിന് സംയുക്ത ഹര്‍ജി നല്‍കി.
'കൗണ്‍സലിങ്ങിനു ശേഷം ഇരുവരും പിരായാനുളള തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ കോടതി അന്തിമ തീരുമാനമെടുക്കും' എന്നാണു പത്രത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. കേരളത്തിലെ ചില കോടതികളുമായി ബന്ധപ്പെട്ട് മീഡിയേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ സെന്ററുകളുണ്ട്, അവിടങ്ങളില്‍ മാദ്ധ്യസ്ഥം വഹിയ്ക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച മീഡിയേറ്റര്‍മാരുണ്ട്. ദിലീപിന്റേയും മഞ്ജുവാര്യരുടേയും കേസ് ഈ മീഡിയേറ്റര്‍മാരുടെ മുന്നിലെത്തുമോയെന്ന കാര്യം പത്രത്തിലില്ല.
വരുന്ന ജനുവരി മാസം ഇരുപത്തേഴാം തീയതിയാണ് കോടതി ഈ കേസ് ഇനി പരിഗണിയ്ക്കുക. രണ്ടു പേരും വേര്‍പിരിയുക തന്നെ വേണം എന്ന നിലപാടില്‍ത്തന്നെ അന്നും ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അന്നു വിവാഹ മോചനം പ്രാബല്യത്തില്‍ വരും, അവര്‍ വിവാഹ മോചിതരാകും. അത്തരമൊരു നിലപാടാണ് ഇരുവരും ജൂലായ് ഇരുപത്തിനാലാം തീയതി എടുത്തതെങ്കിലും, ഇനിയൊരു തിരിച്ചുപോക്ക് അസാദ്ധ്യമായാണു കാണപ്പെടുന്നതെങ്കിലും, ആറു മാസം കഴിയുമ്പോഴേയ്ക്ക് ആ നിലപാടില്‍ മാറ്റം വന്നു കൂടെന്നില്ല. സ്പര്‍ദ്ധകളൊന്ന് ആറിത്തണുക്കാന്‍ കൂടി ഉദ്ദേശിച്ചുള്ള സമയമാണീ ആറുമാസം. വ്യക്തിബന്ധങ്ങള്‍ക്ക് പുതിയൊരു ഊഷ്മളത ഈ ആറുമാസം കൊണ്ടു കൈവന്നെന്നും വരാം. മകള്‍ മീനാക്ഷിയ്ക്ക് ഇക്കാര്യത്തില്‍ വലിയൊരു പങ്കു വഹിയ്ക്കാനായാല്‍ പ്രത്യേകിച്ചും.

വിവാഹ മോചനങ്ങള്‍ സാധാരണ സംഭവങ്ങളായി മാറിയിട്ടുണ്ടെങ്കിലും, ചില കാര്യങ്ങള്‍ ഈ വേര്‍പിരിയലിനെ വേറിട്ടതാക്കുന്നു. അവയിലൊന്ന് പത്രത്തില്‍ പറഞ്ഞിട്ടുണ്ട്: 'വ്യക്തിജീവിതത്തെ മുറിപ്പെടുത്തുന്ന തരത്തില്‍ പരസ്പര ആരോപണങ്ങളില്ലാതെ സംയുക്തഹര്‍ജി നല്‍കി ബന്ധം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിയ്ക്കുകയായിരുന്നു'.

ഈയൊരു നിലപാട് രണ്ടുപേരുമെടുത്തത് ശ്ലാഘനീയമാണ്. ഏകദേശം പതിനാറു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തിനിടയില്‍ സ്‌നേഹത്തില്‍ ചാലിച്ച നിരവധി മനോഹര മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു കാണും. സ്മരണയില്‍ തങ്ങിനില്‍ക്കുന്ന ആ മുഹൂര്‍ത്തങ്ങളുടെ മനോഹാരിതയ്ക്കു കോട്ടം തട്ടാതെ അവ ആജീവനാന്തകാലം ഇരുവരുടേയും ഉള്ളില്‍ നില നില്‍ക്കാനിതു സഹായിയ്ക്കും.

അഭിപ്രായഭിന്നതകള്‍ വേര്‍പിരിയലിലേയ്ക്ക് എത്തിച്ചിരിയ്ക്കുന്നെങ്കിലും, ഇരുവരും കൂടിയുള്ള ദാമ്പത്യത്തെപ്പറ്റി വരുംകാലങ്ങളില്‍ ചിന്തിയ്ക്കുമ്പോഴെല്ലാം ഈ മനോഹര മുഹൂര്‍ത്തങ്ങളാകണം അവരുടെ മനസ്സിലേയ്‌ക്കോടി വരുന്നത്. ഒരു പക്ഷേ ഇത്തരം ഓര്‍മ്മകള്‍ ജനുവരി ഇരുപത്തേഴിനു മുന്‍പ് തങ്ങളുടെ നിലപാടുകളില്‍ അയവു വരുത്താന്‍ സഹായകമാകുകയും ചെയ്‌തേയ്ക്കാം. പതിനാറു വര്‍ഷം ചെറിയൊരു കാലയളവല്ല. കേരളത്തിലെ നിരവധി വിവാഹ മോചനക്കേസുകളുടെ സ്ഥിതിവിവരക്കണക്കുകളെ ആധാരമാക്കിയുള്ള അവലോകനത്തില്‍ കാണുന്നത് വിവാഹം കഴിഞ്ഞയുടനെയുള്ള മൂന്നു വര്‍ഷത്തിനിടയിലാണ് ഏറ്റവുമധികം കേസുകളുത്ഭവിയ്ക്കുന്നതെന്നാണ്. പതിനാറു വര്‍ഷം ദമ്പതിമാരായി ജീവിച്ച ശേഷം വിവാഹമോചനത്തിലെത്തുന്നതു താരതമ്യേന വിരളമാണെന്ന് അവലോകനത്തില്‍ നിന്നു മനസ്സിലാകുന്നു.

ഈ വേര്‍പിരിയലിന്റെ മറ്റൊരു സവിശേഷത പത്രവാര്‍ത്തയില്‍ നിന്നുദ്ധരിയ്ക്കട്ടെ: 'മഞ്ജുവാര്യര്‍ ദിലീപുമായുള്ള വിവാഹബന്ധം അവസാനിപ്പിയ്ക്കുന്നത് അര്‍ഹതപ്പെട്ട ജീവനാംശം പോലും വാങ്ങാതെ, തന്റെ പേരിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ സ്വത്ത് ദിലീപിനു തിരിച്ചെഴുതിക്കൊടുക്കാനും മഞ്ജു തീരുമാനിച്ചു.'

രണ്ടായിരത്തഞ്ചിലെ പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്റ്റ് നിലവില്‍ വന്നതോടെ ഗാര്‍ഹികപീഡനം വിവാഹമോചനത്തിനുള്ള അംഗീകൃത കാരണങ്ങളിലൊന്നായിത്തീര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ കോടതികള്‍ വനിതകള്‍ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. പക്ഷേ, പില്‍ക്കാലത്ത് ഭര്‍ത്താവിന്റെ സ്വത്തില്‍ കഴിയുന്നത്ര വലിയൊരു ഭാഗം കൈവശപ്പെടുത്താന്‍ വേണ്ടി വനിതകള്‍ മുന്‍പറഞ്ഞ നിയമത്തിന്റെ പിന്‍ബലത്തില്‍ ഗാര്‍ഹികപീഡനം ദുരുപയോഗപ്പെടുത്തുന്നതായി കോടതികള്‍ തന്നെ അഭിപ്രായപ്പെട്ടിരിയ്ക്കുന്ന പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, തനിയ്ക്കു ദിലീപിന്റെ സ്വത്തിന്റെ പങ്കു വേണ്ടെന്നു വയ്ക്കാന്‍ മാത്രമല്ല, തന്റെ പേരില്‍ ദിലീപ് സമ്പാദിച്ചിരിയ്ക്കുന്ന കോടിക്കണക്കിനു രൂപ വില മതിയ്ക്കുന്ന സ്വത്തുക്കളെല്ലാം ദിലീപിനു തിരിച്ചുകൊടുക്കാന്‍ പോലും മഞ്ജുവാര്യരെടുത്തിരിയ്ക്കുന്ന തീരുമാനം മഞ്ജുവാര്യരോട് പൊതുജനത്തിനുള്ള ആദരവു പതിന്മടങ്ങു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

കോടിക്കണക്കിനു രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കള്‍, അതും അര്‍ഹതപ്പെട്ടവ, വേണ്ടെന്നു വയ്ക്കുന്ന വനിതകള്‍ കേരളത്തിലെന്നല്ല, ഇന്ത്യയില്‍പ്പോലും അധികമുണ്ടാവില്ല. മഞ്ജുവാര്യര്‍ ഇനി വെള്ളിത്തിരയില്‍ സംസാരിയ്ക്കാന്‍ പോകുന്ന ഓരോ വാക്കിനും ഈ വ്യക്തിവൈശിഷ്ട്യത്തിന്റെ മൂല്യവും പിന്‍ബലമുണ്ടാകും.

ആകെ നാലു വര്‍ഷം മാത്രമേ മഞ്ജുവാര്യര്‍ സിനിമാലോകത്തു സജീവമായിരുന്നുള്ളു. 1995-99 കാലത്ത് വെറും ഇരുപതു ചിത്രങ്ങളില്‍ മാത്രമേ അക്കാലത്ത് അഭിനയിച്ചുള്ളു താനും. ഇത്ര ചുരുങ്ങിയ കാലവും ഇത്ര ചുരുക്കം ചിത്രങ്ങളും കൊണ്ട് മലയാളസിനിമാപ്രേമികളുടെ ഉള്ളില്‍ സ്ഥിരപ്രതിഷ്ഠനേടിയ മറ്റൊരു മലയാളനടി ഇതിനുമുന്‍പുണ്ടായിട്ടില്ല. പ്രേമിയ്ക്കുകയും നൃത്തം ചെയ്യുകയും കരയുകയും ചെയ്യുന്നതിനപ്പുറം മറ്റൊന്നും മലയാളസിനിമയിലെ നായികമാര്‍ക്ക് പൊതുവില്‍ ചെയ്യേണ്ടി വരാറില്ല. പല നായികമാരും സിനിമയില്‍ സംസാരിയ്ക്കുന്നത് സ്വന്തം ശബ്ദത്തിലല്ല, കടമെടുത്ത ശബ്ദത്തിലാണ്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, മഞ്ജുവാര്യര്‍ ശക്തമായ റോളുകള്‍ അനായാസേന അഭിനയിയ്ക്കുകയും ശക്തമായ സംഭാഷണം സ്വന്തം ശബ്ദത്തില്‍ ശക്തമായിത്തന്നെ അവതരിപ്പിയ്ക്കുകയും ചെയ്തു. മഞ്ജുവാര്യര്‍ ലോകോത്തര നിലവാരമുള്ള കലാകാരിയാണെന്നു യശഃശരീരനായ തിലകന്‍ ഒരിയ്ക്കല്‍ പറഞ്ഞിരുന്നു.

അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും വൈദഗ്ദ്ധ്യമുണ്ട്, മഞ്ജുവാര്യര്‍ക്ക്. ഇതുകൊണ്ടെല്ലാമായിരിയ്ക്കണം, 1998ല്‍ വിവാഹം കഴിച്ച ഉടനെ മഞ്ജുവാര്യര്‍ അഭിനയം നിര്‍ത്തിയപ്പോള്‍ മലയാള സിനിമാ പ്രേമികള്‍ക്കുണ്ടായ നിരാശ വളരെ വലുതായിരുന്നത്. വിവാഹത്തോടെ നായിക നടിമാര്‍ അഭിനയം നിര്‍ത്തിപ്പോകുന്ന പതിവിനെ അന്ന് ഒട്ടേറെപ്പേര്‍ പഴിച്ചിട്ടുണ്ടാകണം. മഞ്ജുവാര്യര്‍ കഴിഞ്ഞ വര്‍ഷം മടങ്ങിവന്നപ്പോള്‍ സിനിമാലോകം ഐകകണ്‌ഠ്യേന സ്വാഗതം ചെയ്തു.

വിവാഹശേഷവും അഭിനയലോകത്തു തുടരാനുള്ള സാമൂഹ്യാന്തരീക്ഷവും സാഹചര്യവും മലയാളിനടിമാര്‍ക്കു ലഭ്യമായിരുന്നെങ്കില്‍ എന്നാശിച്ചു പോകുകയാണ്. മഞ്ജുവാര്യര്‍-ദിലീപ് ബന്ധം വേര്‍പിരിയലില്‍ അവസാനിയ്ക്കുന്നെങ്കില്‍പ്പോലും മഞ്ജുവാര്യര്‍ പുനരാരംഭിച്ചിരിയ്ക്കുന്ന അഭിനയജീവിതം പൂര്‍വ്വാധികം ഉഷാറോടെ തുടരുന്നെങ്കിലത് സിനിമാപ്രേമികളെ സന്തോഷിപ്പിയ്ക്കുക തന്നെ ചെയ്യും. മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞിട്ടേ ഉള്ളു മഞ്ജുവാര്യര്‍ക്ക്. വിവാഹജീവിതത്തിന്നിടയില്‍ വിനിയോഗിയ്ക്കപ്പെടാതെ പോയ മഞ്ജുവാര്യരുടെ അഭിനയപ്രതിഭയില്‍ നിന്ന് അവിസ്മരണീയമായ നിരവധി റോളുകള്‍ ഇനി മലയാളസിനിമയ്ക്കു ലഭിയ്ക്കുമെന്നാശിയ്ക്കാം.

ഇരുപതു വയസ്സുമാത്രം പ്രായമായിരുന്ന മഞ്ജുവാര്യരെ പ്രണയിച്ചു വിവാഹം കഴിച്ച് ആ പ്രതിഭയെ പടര്‍ന്നു പന്തലിയ്ക്കാനനുവദിയ്ക്കാതെ സ്വന്തം വീട്ടിലെ അകത്തളങ്ങളില്‍ പതിനഞ്ചു വര്‍ഷത്തോളം ഒതുക്കിനിര്‍ത്തിയതിനും ഇപ്പോള്‍ വേര്‍പിരിയലിലെത്തിച്ചതിനുമായി ദിലീപിനെ കുറ്റപ്പെടുത്തുന്നൊരു വിഭാഗം കേരളത്തിലുണ്ടാകാനിടയുണ്ട്. എങ്കിലും ദിലീപിനെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണു ഞാന്‍.

വില്ലന്മാരെയൊക്കെ ഇടിച്ചു നിലം പരിശാക്കുന്ന അമാനുഷികരായിരുന്നു, ആണ്, നമ്മുടെ സിനിമകളിലെ നായകന്മാരില്‍ ഭൂരിഭാഗവും. അവരില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു, ദിലീപിന്റെ റോളുകള്‍. സാധാരണക്കാരില്‍ ഒരുവനായുള്ളതായിരുന്നു, ദിലീപിന്റെ ഭൂരിഭാഗം റോളുകളും. അവയില്‍ മിയ്ക്കതും സാധാരണക്കാരുടെ ഭാഷ സംസാരിച്ചു, അവരോടു ചേര്‍ന്നു നിന്നു. മഞ്ജുവാര്യര്‍ ശക്തിയുടെ പ്രതീകമായിരുന്നെങ്കില്‍ ദിലീപിന്റെ അഭിനയം ലാളിത്യത്തിന്റെ പ്രതീകമായിരുന്നു.

തിളക്കം, ചാന്തുപൊട്ട്, മീശമാധവന്‍, കല്യാണരാമന്‍, അങ്ങനെ ജനത്തിന്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, വളരെ ഇഷ്ടപ്പെട്ട നിരവധി റോളുകള്‍ ദിലീപ് ആയാസരഹിതമായി അവതരിപ്പിച്ചു, അതുകൊണ്ടുതന്നെ ജനപ്രിയനടനാവുകയും ചെയ്തു. നര്‍മ്മം ഇത്രത്തോളം സ്വാഭാവികമായി അവതരിപ്പിയ്ക്കുന്ന മറ്റൊരു നായകനടന്‍ നമുക്കില്ല. ജയറാമിനെ മറന്നുകൊണ്ടല്ല, ഇതു പറയുന്നത്.

ദിലീപിനെ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാര്യം പത്രവാര്‍ത്തയില്‍ത്തന്നെയുണ്ട്; അതിവിടെ ഉദ്ധരിയ്ക്കട്ടെ: '...വിവാഹത്തിനു ശേഷം ദിലീപിന്റെ ആസ്തികളില്‍ പലതും മഞ്ജുവിന്റെ പേരിലാണു രജിസ്റ്റര്‍ ചെയ്തിരുന്നത്. പലയിടത്തുമുള്ള ഭൂമിയും സ്ഥാപനങ്ങളും ഇതിലുള്‍പ്പെടുന്നു...'

ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നത് രണ്ടു കാര്യങ്ങളാണു സൂചിപ്പിയ്ക്കുന്നത്: ഭാര്യയോടുള്ള സ്‌നേഹമാണ് അവയിലൊന്ന്. ഭാര്യയിലുള്ള വിശ്വാസമാണു മറ്റൊന്ന്. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ ദിലീപ് മഞ്ജുവാര്യരെ ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്നെന്ന് ഇതു തെളിയിയ്ക്കുന്നു. ദിലീപിനെ സ്‌നേഹത്തോടെ വീക്ഷിയ്ക്കാന്‍ തോന്നുന്നതിന് ഒരു കാരണം കൂടിയുണ്ട്: മകള്‍ മീനാക്ഷി ദിലീപിന്റെ കൂടെയാണുള്ളത്. അച്ഛനെ സ്‌നേഹിയ്ക്കുന്നതുകൊണ്ടാകണം മീനാക്ഷി അച്ഛന്റെ കൂടെ തുടരുന്നത്.

മഞ്ജുവിനു തന്നോട് ഒരിയ്ക്കലുണ്ടായിരുന്ന സ്‌നേഹം തുടര്‍ന്നും നേടുന്നതില്‍ ദിലീപ് പരാജയപ്പെട്ടെങ്കിലും, മകളുടെ സ്‌നേഹവും സാമീപ്യവും ദിലീപിന് നേടാന്‍ കഴിഞ്ഞിരിയ്ക്കുന്നു. മീനാക്ഷി അച്ഛന്റെ കൂടെ തുടരുന്നതുകൊണ്ട് അമ്മയോടു സ്‌നേഹമില്ലെന്നു വ്യാഖ്യാനിയ്ക്കാനാവില്ല. മീനാക്ഷിയ്ക്ക് തീര്‍ച്ചയായും അമ്മയോടും സ്‌നേഹമുണ്ടാകും. മീനാക്ഷിയ്ക്ക് പതിനഞ്ചു വയസ്സേ ആയിട്ടുള്ളു, മീനാക്ഷിയ്ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ക്കു പരിമിതികളുണ്ട്.

എന്നിരുന്നാലും മകളുടെ സ്‌നേഹത്തിന് അമ്മയേയും അച്ഛനേയും പുനഃസമാഗമത്തിലേയ്ക്കു നയിയ്ക്കാനാകുമോ, മഞ്ജുവാര്യരും ദിലീപും നായികാനായകന്മാരായി അഭിനയിയ്ക്കുന്ന സിനിമ വീണ്ടും ഉണ്ടാകുമോയെന്ന് ആ പ്രതിഭകളുടെ ആരാധകര്‍ ആകാംക്ഷയോടെ, ആശയോടെ ഉറ്റു നോക്കിപ്പോകുന്നുണ്ട്. അതു സാദ്ധ്യമായാല്‍ പുനഃസമാഗമങ്ങളുടെ ഒരു ശൃംഖലയ്ക്കായിരിയ്ക്കാം തുടക്കമാകുന്നത്. അടിയ്ക്കടിയുള്ള വിവാഹമോചനങ്ങള്‍ കലുഷിതമാക്കിക്കൊണ്ടിരിയ്ക്കുന്ന ഇവിടുത്തെ സാമൂഹ്യാന്തരീക്ഷത്തിന് അത്തരമൊരു മാറ്റം അത്യന്താപേക്ഷിതമായിരിയ്ക്കുന്നു.

വാര്‍ത്തകള്‍ കൈയ്പു നിറഞ്ഞവയോ മധുരിയ്ക്കുന്നവയോ എന്നു വിവേചിയ്ക്കാതെ അവ പൊതുജനസമക്ഷം നിരത്തി വയ്ക്കുകയാണു പത്രധര്‍മ്മം. എങ്കിലും, പലപ്പോഴും പത്രധര്‍മ്മപാലനത്തിലുപരിയായൊരു സവിശേഷതാത്പര്യം പത്രങ്ങള്‍ ദിലീപിന്റേയും മഞ്ജുവാര്യരുടേയും കാര്യത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും, ആ സവിശേഷതാത്പര്യം എത്രതന്നെ ഉദ്ദേശശുദ്ധമായിരുന്നെങ്കില്‍പ്പോലും അത് ഇരുവരുടേയും അകല്‍ച്ചയെ ത്വരിതപ്പെടുത്തിയെന്നും ഒരു തോന്നലുണ്ട്.
ദിലീപും മഞ്ജുവാര്യരും (എം.എസ്. സുനില്‍)
Join WhatsApp News
bijuny 2014-07-26 09:39:13
എന്റെ ചേട്ടാ,
വെറും പത്ര വാർത്തകൾ വായിച്ചു ഊഹാപോഹങ്ങൾ വെച്ചുള്ള ഒരു ചായക്കട സ്റ്റൈൽ അനല്യ്സിസ് ചെയ്യുന്നതിൽ കാര്യമില്ല. അത് ആര്ക്കും പറ്റും.
ഞാൻ എന്റെ അനുഭവം വെച്ചുള്ള ഒരു സുഹൃത്തിന്റെ divorce story എഴുതാം. 16 വര്ഷം മുൻപ് വിവാഹിതരായി .2 കുട്ടികൾ. ഇപ്പോൾ divorced. ചേട്ടൻ ദിലീപിനെയും, അമ്ഞ്ഞുവിനെയും പറ്റി ആഗ്രഹിച്ചത് പോലെ എത്രയോ പ്രാവശ്യം എത്രയോ സമയം മിനക്കെടുത്തി ഇവരെ രണ്ടു പേരെയും ഒന്നിക്കാൻ വേണ്ടി നോക്കി. ഒന്നും നടന്നില്ല . രണ്ടാളും വേറെ കല്യാണം ഒന്നും കഴിച്ചിട്ടില്ല. ഇന്നും ഇവരെ ഒന്നിക്കാൻ ഞാൻ ശ്രമിക്കുന്നു.
ഓരോ മനുഷ്യന്റെ മനസ്സും അതി നിഗൂഡമായ എന്തോ ഒന്ന് ആണ്. സാധാരണ യുക്തിക്ക് നിരക്കാത്ത എന്തൊക്കെയോ പകയോ വെറുപ്പോ, നശിപ്പിക്കാനുള്ള വ്യഗ്രതയോ ( തന്റെ ex partnere ) ആണ് ചിലരുടെ ഡേ ടോ ഡേ ലൈഫ് തന്നെ ഡ്രൈവ് ചെയ്യുന്നത്‌ . With every one else in the world they are so wonderful and sweet and normal. I'm not talking about people with alcohol, gambling or cheating issues. regular man and woman who were once husband and wife and who raised kids together.
ഒരു പക്ഷെ എന്തെങ്കിലും  ഹിഡൻ മാനസിക പ്രശ്നമായിരിക്കും .
മഞ്ജുവും ദിലീപും ഒന്നിക്കുമെന്ന് നമ്മള്ക്ക് വെറുതെ ആശിക്കാം . നടക്കാൻ പോവുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക