Image

പിണറായി ഒഴിയുന്നു? പകരം ആര്? ബേബിയോ? ഐസക്കോ?

അനില്‍ പെണ്ണുക്കര Published on 25 July, 2014
 പിണറായി ഒഴിയുന്നു? പകരം ആര്? ബേബിയോ? ഐസക്കോ?
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം പിണറായി വിജയന്‍ ഒഴിഞ്ഞേക്കും. മൂന്ന് തവണ സെക്രട്ടറിയായ താന്‍ ഒഴിയാന്‍ തയ്യാറെന്ന് പിണിറായി സൂചിപ്പിച്ചതാണ് പുതിയ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. 1998 ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തെതുടര്‍ന്നാണ് പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകുന്നത്. 15 വര്‍ഷക്കാലം സി.പി.എമ്മിനെ സേച്ഛാധിപതിയെപ്പോലെ ഭരിച്ച പിണറായി പാര്‍ട്ടിക്ക് കാര്യമായ ഒരു മുന്നേറ്റം ഉണ്ടാക്കി കൊടുത്തിട്ടില്ല എന്ന പരാതി പാര്‍ട്ടിയില്‍ തന്നെയുണ്ട്. കൂടുതല്‍ പ്രതിസന്ധികളെ നേരിട്ടസമയം കൂടിയായി ഇതിനെ പാര്‍ട്ടി അണികള്‍ പോലും വിലയിരുത്തുന്നു.

പാര്‍ട്ടി ഭേദഗതി ചെയ്ത ഭരണഘടന പ്രകാരം മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിക്ക് ഇനി ആ സ്ഥാനത്ത് തുടരാനാവില്ല. താന്‍ ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച പിണറായി തന്റെ ഔദാര്യമായാണ് സെക്രട്ടറി സ്ഥാനത്തെ ഇനി വരാന്‍ പോകുന്നയാളിന് നല്‍കുന്നതെന്ന് പറയാതെ പറയുകയും ചെയ്യുന്നു.

എന്നാല്‍ പുതിയ സെക്രട്ടറി എന്ന ചോദ്യത്തിന് പല ഉത്തരമാണ് കടന്നുവരുന്നത്. സഖാവ് എം.എ.ബേബി സി.പി.എമ്മിന്റെ സെക്രട്ടറിയാകാനുള്ള ചരടുവലികള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. സി.പി.എമ്മിനുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തി പയറ്റിത്തെളിഞ്ഞ ആളായതിനാല്‍ അക്കാര്യത്തിലും ബേബി സഖാവിന് അനുഭവ സമ്പത്ത് ഉണ്ട്. സമീപകാലത്ത് അഖിലേന്ത്യ തലത്തിലും സ്വീകാര്യനായ മുഖമെന്ന നിലയിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലും ബേബിക്ക് സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തേക്കുള്ള നീക്കമെന്ന നിലയിലാണ് ബേബി തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വി പ്രശ്‌നം സജീവ ചര്‍ച്ചയാക്കിയതുതന്നെ.

സെക്രട്ടറിയാകാന്‍ സാധ്യതയുള്ള മറ്റൊരാള്‍ കോടിയേരിയാണ്. പിണറായിക്കും താല്പര്യം കോടിയേരിയെത്തന്നെ. പക്ഷെ തുടര്‍ച്ചയായി കണ്ണൂര്‍ ലോബിയില്‍നിന്ന് പാര്‍ട്ടി സെക്രട്ടറി വേണ്ട എന്ന തീരുമാനം വന്നാല്‍ കോടിയേരി പുറത്താകും. എന്നാല്‍ തെക്കന്‍ ജില്ലയില്‍ നിന്നൊരാള്‍ എന്ന നിലയില്‍ തോമസ് ഐസക്കിനും ഒരു സാധ്യത പലരും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ബേബിയെപ്പോലെ തന്നെ സൈദ്ധാന്തികനാണെങ്കിലും അണികള്‍ക്കിടയില്‍ അത്ര അഭിപ്രായരൂപീകരണം ഇല്ലാത്തയാളാണെന്ന് പലരും വിലയിരുത്തുന്നുണ്ട്. ഇ.പി. ജയരാജന്‍, എളമരം കരീം, എ.കെ.ബാലന്‍ തുടങ്ങിയവരുടെയൊക്കെ പേരുകള്‍ ചര്‍ച്ചയിലുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചട്ടക്കൂടായതിനാല്‍ ഒന്നും പ്രവചിക്കാന്‍ സാധ്യമല്ല.

എങ്കിലും മാറിവന്ന ദേശീയ രാഷ്ട്രീയം, ദേശീയ രാഷ്ട്രീയത്തിലും, ഡല്‍ഹിയിലും എം.എ.ബേബിക്കുള്ള ബന്ധവുമൊക്കെ പരിഗണിക്കുകയും, മറ്റ് സാമുദായിക പരിഗണനകൂടി ഉണ്ടാവുകയാണെങ്കില്‍ സഖാവ് ബേബി തന്നെ പാര്‍ട്ടി സെക്രട്ടറിയാകും. എന്നാല്‍ മുഖ്യമന്ത്രി പിണറായി തന്നെ എന്ന ഓപ്ഷനിലാകും പുതിയതായി ആര് സെക്രട്ടറി ആയാലും പാര്‍ട്ടി എടുക്കുന്ന നിലപാട് എന്ന സംസാരമുണ്ട്. കാരണം കോര്‍പ്പറേറ്റുകളെ കൂടെ നിര്‍ത്തി പാര്‍ട്ടിക്ക് കോടികളുടെ ആസ്തി ഉണ്ടാക്കി കൊടുക്കുന്നതില്‍ പിണറായി വഹിച്ച പങ്ക് പാര്‍ട്ടി വിസ്മരിക്കുമോ?
 പിണറായി ഒഴിയുന്നു? പകരം ആര്? ബേബിയോ? ഐസക്കോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക