Image

രാമന്റെ പിന്നാലെ, അലകടല്‍പോലെ (കഥ: സാം നിലമ്പള്ളില്‍)

Published on 24 July, 2014
രാമന്റെ പിന്നാലെ, അലകടല്‍പോലെ (കഥ: സാം നിലമ്പള്ളില്‍)
നാഷണല്‍ ബുക്ക്‌സ്റ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നക്ഷത്രക്കൂടാരത്തില്‍ ഏകനായ്‌ എന്ന കഥാസമാഹാരത്തില്‍ നിന്നുള്ള ഈകഥ രാമായണ മാസത്തില്‍ പുനഃപ്രസിദ്ധീകരിക്കുന്നതില്‍ പ്രസക്തിയുണ്ടെന്ന്‌ തോന്നുന്നു.


റോട്ടി ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ എരുത്തിലില്‍നിന്നും നന്ദിനിപ്പശുവിന്റെ വിളികേട്ട്‌ അവള്‍ പറഞ്ഞു. `കേട്ടെടി; ഞാനിവിടെ ഒരുജോലി ചെയ്‌തുകൊണ്ടിരിക്കുന്നത്‌ നീ കാണുന്നില്ലേ? നിനക്ക്‌ വിശപ്പുണ്ടെന്ന്‌ എനിക്കറിയാം. ഈജോലികഴിഞ്ഞലുടനെ നിനക്ക്‌ വെള്ളവും വൈക്കോലുംതന്ന്‌ അഴിച്ചുവിടാം, പോരേ? നമ്മുടെ ഗൃഹനാഥന്‍ വയലില്‍നിന്ന്‌ കയറിവരുമ്പോള്‍ ആഹാരം കൊടുക്കേണ്ടേ? അദ്ദേഹത്തിനും നിന്നെപ്പോലെ വിശപ്പുണ്ടാകുമെന്ന്‌ നിനക്കറിയില്ലേ?'

രുഗ്മിണിയുടെ ഭര്‍ത്താവ്‌ അതിരാവിലെ കലപ്പയും കാളകളുമായി വയലില്‍പോയതാണ്‌. ആഹാരമൊന്നും കഴിച്ചുകൊണ്ടല്ലപോകുന്നത്‌. ദാഹിക്കുമ്പോള്‍ കുടിക്കാന്‍ ഒരുമൊന്തവെള്ളംമാത്രം കൊണ്ടുപോകും. സൂര്യന്‍ തലക്കുമുകളില്‍ എത്തുന്നതാണ്‌ സമയം വയലില്‍നിന്ന്‌ കയറാന്‍. വരുമ്പോഴേക്കും റോട്ടിയും, ഡാലും, സബ്‌ജിയും തയ്യാറാക്കി വെച്ചിരിക്കും. റോട്ടിയില്‍ പുരട്ടാന്‍ ഉരുക്കിയനെയ്യും, പച്ചച്ചീരയും ഉള്ളിഅരിഞ്ഞതും വേണമെന്ന്‌ നിര്‍ബന്ധമാണ്‌ അദ്ദേഹത്തിന്‌. ആഹാരം വിളമ്പിക്കൊടുത്തിട്ട്‌ അവള്‍ കാളകള്‍ക്ക്‌ തീറ്റയും വെള്ളവുംകൊടുത്ത്‌ മാവിന്‍ചുവട്ടില്‍ കെട്ടിയിടും. അവര്‍ അവിടെക്കിടന്ന്‌ വിശ്രമിക്കട്ടെ.

മക്കളെ രണ്ടുപേരേയും രാവിലെ ആഹാരവുംകൊടുത്തിട്ടാണ്‌ വിശ്വനാഥ മഹര്‍ഷിയുടെ ആശ്രമത്തിലേക്ക്‌ പഠിക്കാന്‍ വിടുന്നത്‌. അവര്‍ തിരിച്ചെത്തുമ്പോള്‍ സന്ധ്യയാകും. അവിടെ അവര്‍ക്ക്‌ പാലും പഴങ്ങളും മറ്റും അദ്ദേഹത്തിന്റെ ഭാര്യ നല്‍കാറുണ്ടെന്ന്‌ കുട്ടികള്‍ പറയാറുണ്ട്‌. ആശ്രമത്തില്‍ പോകാന്‍ അവര്‍ക്ക്‌ വലിയ താല്‍പര്യമാണ്‌.

ആഹാരം ഉണ്ടാക്കലും പശുവിനേയും കാളകളേയും സംരക്ഷിക്കലും മാത്രമാണ്‌ രുഗ്മിണിയുടെ ജോലികളെന്ന്‌ വിചാരിച്ചുകളയരുത്‌. വീട്ടയ്യത്ത്‌ വെണ്ടയും, വഴുതനയും, ചീരയുമൊക്കെ നട്ടുനനച്ച്‌ വളര്‍ത്തുന്നത്‌ അവളാണ്‌. ആഴ്‌ച്ചയിലൊരിക്കല്‍ വീടിന്റെതറയും മുറ്റവും ചാണകവും മണ്ണുംകുഴച്ച്‌ മെഴുകി വൃത്തിയാക്കണം; പൊതുക്കിണറ്റില്‍നിന്ന്‌ വെള്ളംകോരിക്കൊണ്ടുവരണം; തമസാ നദിയില്‍പോയി തുണികള്‍ കഴുകി കുളിച്ചുവരണം. ഇതെല്ലാം കഴിയുമ്പോഴേക്കും സൂര്യനും അസ്‌തമിച്ചുകഴിയും.

അടുത്ത പ്രഭാതത്തിലും പതിവുള്ള ജോലികള്‍ക്കായി അവള്‍ ഉണര്‍ന്നു. പക്ഷേ, ഇന്നത്തെ പ്രഭാതത്തിന്‌ എന്തോ ഒരു മ്‌ളാനതപോലെ. വെറുതേ തോന്നുകയാണോ? അല്ല, എന്തോ ദുഃസൂചനപോലെയാണ്‌ എല്ലാംകാണുന്നത്‌. കാളകള്‍ രണ്ടും രാവിലെ വയലില്‍പോകാന്‍ മടികാണിച്ചു. ഗോവര്‍ധനന്‍ ചെറിയൊരുവടി കയ്യില്‍ കരുതുമെങ്കിലും കാളകളെ തല്ലാറില്ല. പക്ഷേ, ഇന്നാദ്യമായി അവയെ അടിക്കുന്നതുകണ്ടു. അദ്ദേഹവും അകാരണമായി ദേഷ്യഭാവത്തിലായിരുന്നു. നന്ദിനിപ്പശു രാവിലെമുതല്‍ അമറിച്ചയാണ്‌. വിശന്നിട്ടാണെന്ന്‌ വിചാരിച്ച്‌ വൈക്കോലിട്ടുകൊടുത്തത്‌ തിരിഞ്ഞുപോലും നോക്കിയില്ല. ഒരുകാക്ക തെക്കുവശത്തെ വേപ്പിന്റെചില്ലയിലിരുന്ന്‌ കരയാന്‍ തുടങ്ങിയിട്ട്‌ നേരംകുറെയായി. രുഗ്മിണിക്ക്‌ ആകെപ്പാടെ ദേഷ്യംവന്നു. `പോകാക്കേ,' അവള്‍ ഒരു കല്ലെടുത്തെറിഞ്ഞ്‌ അതിനെ ഓടിച്ചു. കുറെ കഴിഞ്ഞപ്പോള്‍ അത്‌ വീണ്ടുംവന്ന്‌ പഴയപടി കരച്ചില്‍തുടങ്ങി.

അയോദ്ധ്യ ഉത്സവത്തിമിര്‍പ്പില്‍ ആയിരിക്കുന്ന ഈസമയത്ത്‌ എന്ത്‌ ദുരന്തമുണ്ടാകാനാണ്‌? ജനങ്ങളെല്ലാം വലിയ ആവേശത്തിലാണ്‌. രാമനെ രാജാവായി അഭിഷേകം ചെയ്യാന്‍ പോകുന്നു എന്നതാണ്‌ ജനങ്ങളുടെ ആഹ്‌ളാദത്തിന്‌ കാരണം. സാധാരണ രാജകുമാരന്മാരെപ്പോലെ കൊട്ടാരവാസിയല്ല രാമന്‍. അവന്‍ ജനപ്രിയ നായകനാണ്‌; അവരുടെ കൂട്ടുകാരന്‍. പലരുടേയും പേരുകള്‍വരെ അവനറിയാം. ഒരുദിവസം രുഗ്മിണി ആഹാരം പാചകം ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ അവിചാരിതമായി വീട്ടില്‍കയറിവന്നു, ചേച്ചി എന്താ ഉണ്ടാക്കുന്നതെന്ന്‌ ചോദിച്ചുകൊണ്ട്‌.

അവള്‍ റോട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കയായിരുന്നു. രാജകുമാരന്‍ പാവപ്പെട്ട തങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ അവളാകെ പരിഭ്രമിച്ചുപോയി. എന്താ ചെയ്യേണ്ടതെന്നും പറയേണ്ടതെന്നും
അറിയാതെ പരിഭ്രമിച്ചുനില്‍ക്കുമ്പോള്‍ ചുട്ടുവെച്ചിരുന്ന ഒരു റോട്ടിയെടുത്ത്‌ തിന്നു. മണ്‍ചട്ടിയില്‍ കൊടുത്ത വെള്ളവും കുടിച്ചിട്ട്‌ നന്ദിയും പറഞ്ഞ്‌ ഇറങ്ങിപ്പോയി. അവന്‍ പോയിക്കഴിഞ്ഞിട്ടും ഹൃദയം പെരുമ്പറകൊട്ടുന്നതുപോലെ മിടിക്കുകയായിരുന്നു. താനെന്തൊരു മണ്ടിയാണ്‌? കുമാരനെ വേണ്ടപോലെ സല്‍ക്കരിക്കാന്‍ സാധിച്ചില്ല; ഒന്നിരിക്കാന്‍പോലും പറഞ്ഞില്ല. താനൊരു മര്യാദയില്ലാത്ത സ്‌ത്രീയാണെന്ന്‌ ചിന്തിച്ചുകാണുമോ?


ഭര്‍ത്താവ്‌ വയലില്‍നിന്ന്‌ വരാന്‍ കാത്തിരിക്കുകയായിരുന്നു അവള്‍ വിശേഷം പറയാന്‍. പക്ഷേ, അവന്‍ നേരത്തെ വിവരം അറിഞ്ഞുകൊണ്ടാണ്‌ വന്നത്‌. പോകുന്നവഴി വയലില്‍ ജോലിചെയ്യുന്ന ഗോവര്‍ധനനെകണ്ട്‌ രാമന്‍ പറഞ്ഞു. `ഗോവര്‍ധനന്‍ചേട്ടാ, നിങ്ങളുടെ വീട്ടില്‍കയറി ചേച്ചിയുണ്ടാക്കിയ റോട്ടിയുംതിന്നിട്ടാ ഞാന്‍വരുന്നത്‌.' അതാണ്‌ രാമന്‍, ജനങ്ങളുടെ കണ്ണിലുണ്ണി.

രാമനെ രാജാവായി അഭിഷേകംചെയ്യുന്ന ദിവസങ്ങള്‍ അടുക്കുന്തോറും ജനങ്ങളുടെ ആവേശം അണപൊട്ടുകയാണ്‌. അയോദ്ധ്യയിലെ എല്ലാവീടുകളും ചായംപൂശി മനോഹരമാക്കിയിരിക്കുന്നു. കൊടിതോരണങ്ങള്‍കൊണ്ട്‌ നഗരം അലംക്രിതമാണ്‌. സന്ധ്യയാകുമ്പോള്‍ ജനങ്ങളെല്ലാം നല്ലവസ്‌ത്രങ്ങളും ധരിച്ച്‌ പട്ടണമദ്ധ്യത്തിലേക്ക്‌ പ്രവഹിക്കും. അവിടെ രാവെളുക്കോളം പലവിധ കലാപരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കും. ഇന്നുവൈകിട്ട്‌ നമുക്കുംപോകാമെന്നാണ്‌ ഗോവര്‍ധനന്‍ പറഞ്ഞിരിക്കുന്നത്‌. മക്കള്‍ ആശ്രമത്തില്‍നിന്ന്‌ നേരത്തെവരും.

കാക്ക ഇതുപോലെ വീടിന്റെ തെക്കുവശത്തിരുന്ന്‌ കരയുന്നത്‌ ദുഃശകുനമാണെന്ന്‌ അവളുടെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്‌, മരണം കേള്‍ക്കാനാണത്രെ. രുഗ്മിണിക്ക്‌ വല്ലാത്ത ഭയംതോന്നി. ആശ്രമത്തില്‍പോയ മക്കളോട്‌ നദിയിലെങ്ങും പോയി നീന്തിക്കളിക്കരുതെന്ന്‌ പറയേണ്ടതായിരുന്നു. കാട്‌ വെട്ടിത്തെളിക്കാനൊന്നും പോകരുതെന്ന്‌ ഭര്‍ത്താവിനോടും പറയാന്‍പറ്റിയില്ല. വിഷസര്‍പ്പങ്ങള്‍ ധാരാളം ഇഴഞ്ഞുനടക്കുന്ന സമയമാണ്‌. മുന്‍കൂട്ടി ഓരോന്ന്‌ കാണാനുള്ള തന്റെ കഴിവില്ലായ്‌മയെ അവള്‍ ശപിച്ചു. പതിവുള്ള ജോലികളെല്ലാം നേരത്തെ ചെയ്‌തുതീര്‍ത്തിട്ട്‌ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകണമെന്ന്‌ തീരുമാനിച്ചാണ്‌ അതിരാവിലെ ഉണര്‍ന്നത്‌. പക്ഷേ, ഉണര്‍ന്നപ്പോള്‍മുതല്‍ വല്ലാത്തൊരു ദുഃശങ്ക.

കഴിഞ്ഞരാത്രിയില്‍ അവള്‍ എന്തൊക്കെയോ ദുഃസ്വപ്‌നങ്ങള്‍കണ്ടു. എന്താണെന്ന്‌ ഓര്‍ക്കാന്‍ ശ്രമിച്ചിട്ട്‌ ഒന്നും വ്യക്തമാകുന്നില്ല. ആകാശംമുട്ടെ വലിപ്പമുള്ള ഒരു രാക്ഷസിയെ കണ്ടതായി ഓര്‍ക്കുന്നു. അവള്‍ അയോദ്ധ്യയിലെ വീടുകളെല്ലാം ഇടിച്ചുതകര്‍ക്കുകയാണ്‌. അവസാനം തന്റെ വീടുംതകര്‍ക്കാന്‍ വന്നപ്പോള്‍ അവള്‍ നിലവിളിച്ചു. ഭര്‍ത്താവ്‌ തട്ടിവിളിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. എന്തുപറ്റിയെന്ന്‌ അദ്ദേഹം ചോദിച്ചു.

`നമ്മുടെ വീട്‌.'

`നമ്മുടെ വീടിനെന്തുപറ്റി?'

`ഒരു രാക്ഷസി തകര്‍ക്കാന്‍ വന്നു.'

അതുകേട്ട്‌ അദ്ദേഹംചിരിച്ചു. `അത്രേയുള്ളോ? നീ കിടന്നുറങ്ങ്‌. രാക്ഷസിയെ നമുക്ക്‌ നാളെരാവിലെ പിടിച്ചുകെട്ടി രാമനെ ഏല്‍പിക്കാം.'

ഒരുപക്ഷേ, താന്‍കണ്ട സ്വപ്‌നമായിരിക്കുമോ മനസിനെ അസ്വസ്ഥമാക്കുന്നത്‌? രാക്ഷസിക്ക്‌ കൈകേയി രാജ്ഞിയുടെ മുഖശ്ചായ ഉണ്ടായിരുന്നോ? ഒന്നും വ്യക്തമല്ല. അവള്‍ ഒരു യന്ത്രംപോലെ ജോലിചെയ്‌തുകൊണ്ടിരുന്നു. അടുപ്പിലിട്ടുചുട്ട റോട്ടികള്‍ ചിലത്‌ കരിഞ്ഞുപോയി.

രാമന്‍ രാജാവായി കോസലരാജ്യം വാഴുമ്പോള്‍ എന്തുദുരന്തമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌? അവള്‍ ചഞ്ചലമായ മനസിനെ സമാധാനിപ്പിച്ചു. രാജ്യത്തിന്റെ നല്ലനാളുകളാണ്‌ വരാന്‍ പോകുന്നത്‌. കൂട്ടത്തില്‍ പാവപ്പെട്ടവരായ തങ്ങള്‍പോലും സമൃദ്ധിയിലാണ്‌ കഴിയുന്നത്‌. എന്തിന്റെ കുറവാണ്‌ തങ്ങള്‍ക്കുള്ളത്‌? വേണ്ടത്ര ആഹാരം, നല്ല വസ്‌ത്രങ്ങള്‍; എല്ലാമുണ്ട്‌. ഇതില്‍കൂടുതല്‍ എന്താണ്‌ മനുഷ്യന്‌ ആവശ്യം? ചിലരാജ്യങ്ങളില്‍ ജനങ്ങളുടെമേല്‍ കടുത്തനികുതി ചുമത്തി കഷ്‌ടപ്പെടുത്തുന്ന ഭരണാധികാരികള്‍ ഉണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. കോസലരാജ്യത്ത്‌ പാവപ്പെട്ടവരാരും നികുതി കൊടുക്കാറില്ല. ഇത്‌ ഭൂമിയിലെ സ്വര്‍ഗമാണെന്ന്‌ ജനങ്ങള്‍തന്നെയാണ്‌ പറയുന്നത്‌. രാമന്‍ ഭരണഭാരം ഏറ്റെടുക്കുന്നതോടുകൂടി കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുകയേയുള്ളു. പിന്നെന്തിനാണ്‌ ശങ്കിക്കുന്നത്‌?

പക്ഷേ, തലേരാത്രിയിലെ സ്വപ്‌നത്തിന്റെ അര്‍ത്ഥമെന്താണ്‌? കൈകേയി രാജ്ഞി രാക്ഷസിയേപ്പോലെവന്ന്‌ അയോദ്ധ്യ ഇടിച്ചുനിരത്തേണ്ട കാര്യമല്ല. അവര്‍ സുന്ദരിയും അനുകമ്പയുള്ളവളുമാണ്‌. ആരും അവരെപ്പറ്റി മോശമായതൊന്നും സംസാരിച്ചുകേട്ടിട്ടില്ല. പിന്നെന്തിന്‌ അവര്‍ രാക്ഷസിയാകണം? എല്ലാം തന്റെവെറും തോന്നലുകള്‍ മാത്രമാണ്‌.

ജനങ്ങള്‍ അലറിക്കൊണ്ട്‌ തെരുവില്‍കൂടി ഓടുന്നതുകണ്ടിട്ടാണ്‌ അവള്‍ വെളിയിലിറങ്ങി നോക്കിയത്‌. ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്ന്‌ വിചാരിച്ചു. പുരുഷന്മാരോടൊപ്പം സ്‌ത്രീകളും അലമുറയിട്ടുകൊണ്ട്‌ പായുന്നുണ്ട്‌. അവള്‍ക്കൊന്നും മനസിലായില്ല. എന്തിനാണ്‌ ജനങ്ങള്‍ കരഞ്ഞുകൊണ്ട്‌ ഓടുന്നത്‌? എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ? വെളിയിലേക്ക്‌ നോക്കിനില്‍ക്കുമ്പോള്‍തന്നെ ഗോവര്‍ധനന്‍ വയലില്‍നിന്ന്‌ തിടുക്കത്തില്‍ വരുന്നതുകണ്ടു. ഇന്നെന്താ നേരത്തെ വരുന്നത്‌? ആഹാരമൊന്നും ഉണ്ടാക്കിയിട്ടില്ല. അവള്‍ പെട്ടന്ന്‌ അടുക്കളയില്‍കയറി റോട്ടിക്കുള്ളമാവ്‌ കുഴക്കാന്‍തുടങ്ങി.

ഗോവര്‍ധനന്‍ വീട്ടിലെത്തിയ ഉടനെ കലപ്പവലിച്ചെറിഞ്ഞിട്ട്‌ വെറുംതറയില്‍കിടന്ന്‌ ഉറക്കെ നിലവിളിച്ചു. ഭയന്നുപോയ രുഗ്മിണി ഭര്‍ത്താവിന്റെ സമീപത്തേക്ക്‌ ഓടിച്ചെന്ന്‌ കാര്യമെന്താണെന്ന്‌ തിരക്കി.

`എല്ലാം നശിച്ചു.' കരച്ചിലിനിടയില്‍ അവന്‍ പറഞ്ഞു. `അയോദ്ധ്യ നശിച്ചു; നമ്മുടെയൊക്കെ ജീവിതം നശിച്ചു.'

ഭര്‍ത്താവ്‌ എന്താണ്‌ പറയുന്നതെന്ന്‌ അവള്‍ക്ക്‌ മനസിലായില്ല. `എന്തുനശിച്ചെന്നാണ്‌ പറയുന്നത്‌?' അവള്‍ ചോദിച്ചു.

`ഇനിയെന്ത്‌ നശിക്കാന്‍? അയോദ്ധ്യയുടെ വിളക്ക്‌ കെട്ടു. നമ്മുടെ രാമനെ അവര്‍ നാടുകടത്താന്‍ പോകുന്നു.'

`രാമനെ രാജാവാക്കാനല്ലേ പോകുന്നത്‌?'

`അല്ല. ദശരഥരാജാവ്‌ കൈകേയിയുടെ ആഗ്രഹത്തിന്‌ വഴങ്ങി ഭരതനെ രാജാവാക്കാന്‍ പോകുകയാണ്‌; നമ്മുടെ രാമനെ നാടുകടത്താനും. ജനങ്ങള്‍ നിലവിളിച്ചുകൊണ്ട്‌ കൊട്ടാരത്തിലേക്ക്‌ ഓടുന്നത്‌ നീ കാണുന്നില്ലേ?'

കേള്‍ക്കുന്നത്‌ സത്യമാണോയെന്ന്‌ രുഗ്മിണിക്ക്‌ വിശ്വാസം വന്നില്ല. ഒരുപ്രതിമപോലെ അവള്‍ സ്ഥംഭിച്ചിരുന്നു. അവസാനം സമനില വീണ്ടെടുത്തപ്പോള്‍ പറഞ്ഞു. `വരൂ നമുക്കുംപോകാം കൊട്ടാരത്തിലേക്ക്‌. ഇത്‌ ഒരിക്കലും അനുവദിക്കാന്‍ പാടില്ല. നമ്മുടെ ശവത്തിന്‌ മുകളില്‍കൂടിവെണം രാമന്‍ അയോദ്ധ്യക്ക്‌ വെളിയില്‍ കടക്കാന്‍.'

അവര്‍ രണ്ടുപേരും കൊട്ടാരത്തിലേക്ക്‌ പോകുന്ന ജനക്കൂട്ടത്തില്‍ ലയിച്ചു. എല്ലാവരും രോക്ഷാകുലരാണ്‌. സ്‌തീകള്‍ അലമുറയിട്ടുകൊണ്ടാണ്‌ പോകുന്നത്‌, `മോനേ, രാമാ ഞങ്ങളെ വിട്ടിട്ട്‌ നീ പോകല്ലേ.'

`രാമനെങ്ങും പോകില്ല,' പുരുഷന്മാര്‍ സമാധാനിപ്പിക്കുന്നു. `ഞങ്ങള്‍ വിട്ടിട്ടുവേണ്ടേ അവന്‍ പോകാന്‍. അഥവാ വനവാസത്തിന്‌ പോയാല്‍ നമ്മളും കൂടെപ്പോകുന്നു.'

`അതുശരിയാ,' മറ്റൊരാള്‍ പറഞ്ഞു. `നമ്മളും രാമന്റെകൂടെ പോകും.'

രണ്ടും കല്‍പിച്ചാണ്‌ ജനം മുന്‍പോട്ട്‌ നീങ്ങുന്നത്‌; രാമനുവേണ്ടി ജീവന്‍പോലും ത്യജിക്കാന്‍ എന്നപോലെ. കൊട്ടാരവാതില്‍ക്കല്‍ വലിയൊരു ജനക്കൂട്ടമുണ്ട്‌. അവര്‍ കൊട്ടാരം വളഞ്ഞിരിക്കയാണെന്നു തോന്നുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ ഒറ്റ പട്ടാളക്കാരനെപ്പോലും എവിടെയും കാണാനില്ല.

അതാ ഒരു രഥംതെളിച്ചുകൊണ്ട്‌ വരുന്നത്‌ സുമന്ത്രനല്ലേ. കൂടെ വസിഷ്‌ഠ മഹര്‍ഷിയും ഉണ്ടല്ലോ. ആള്‍ക്കൂട്ടത്തിലൂടെ വഴിതെളിക്കാന്‍ സുമന്ത്രന്‍ ചാട്ടവാറ്‌ വീശുന്നുണ്ട്‌; ചിലര്‍ക്കൊക്കെ അടിയും കൊള്ളുന്നുണ്ട്‌. അടികൊള്ളാതിരിക്കാന്‍ ഗോവര്‍ധനന്‍ ഭാര്യയേയുംകൊണ്ട്‌ ഒരുവശത്തേക്ക്‌ മാറി. രാമന്‍ സീതയുടെ കൈപിടിച്ചുകൊണ്ട്‌ രഥത്തിന്റെ അടുത്തേക്ക്‌ വന്നപ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന്‌ വലിയൊരു ആരവമുണ്ടായി, ഒരുകടല്‍ ഇരമ്പുന്നതുപോലെ. ആരെന്തുപറയുന്നു എന്ന്‌ വ്യക്തമല്ല. പതിനായിരങ്ങള്‍ ഒന്നിച്ച്‌ സംസാരിച്ചാല്‍ എന്താണ്‌ മനസിലാവുക? ലക്ഷ്‌മണന്‍ രഥത്തില്‍കയറിനിന്ന്‌ ആള്‍ക്കൂട്ടത്തോട്‌ ശാന്തരാകാന്‍ കല്‍പിച്ചു. `ജേഷ്‌ട്ടന്‍ നിങ്ങളോട്‌ സംസാരിക്കും.'

ആര്‍ത്തിരമ്പുന്ന സമുദ്രം ഒരുനിമിഷംകൊണ്ട്‌ ശാന്തമായി.

`ഞാന്‍ നിങ്ങളുടെ രാമനാണ്‌.' അവന്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ വീണ്ടും കടലിരമ്പി.

`അതേ നീ ഞങ്ങടെ രാജാവാണ്‌; ഞങ്ങടെ ഓമനപുത്രന്‍, സംശയമില്ല.' സ്‌ത്രീകള്‍ പ്രതികരിച്ചു.

`ഞാന്‍ എവിടെയും പോകുന്നില്ല.' പറഞ്ഞത്‌ വാസ്‌തവമാണെന്ന്‌ വിചാരിച്ച്‌ ജനങ്ങള്‍ കയ്യടിച്ച്‌ ആഹ്‌ളാദം പ്രകടിപ്പിച്ചു.

`വെറും പതിന്നാല്‌ വര്‍ഷം.' അവന്‍ തുടര്‍ന്നു. `കണ്ണടച്ച്‌ തുറക്കുമ്പോളേക്കും ആസമയം പോയിക്കിട്ടില്ലേ?' ജനക്കൂട്ടത്തില്‍നിന്നും ആരൊക്കെയോ `ഇല്ല, ഇല്ല' എന്ന്‌ വിളിച്ചുപറയുന്നത്‌ കേട്ടു.

`ഇത്‌ ആര്‍ക്കും തടയാന്‍ സാധിക്കാത്ത ഒരു നിയോഗമാണ്‌. എനിക്ക്‌ അനുസരിച്ചേ പറ്റു. നിങ്ങള്‍ക്ക്‌ എന്നോടുള്ള സ്‌നേഹം എത്രത്തോളമുണ്ടെന്ന്‌ എനിക്കറിയാം. അതേ സ്‌നേഹവും ബഹുമാനവും നിങ്ങള്‍ ഭരതരാജാവിനും കൊടുക്കണം. ഇപ്പോള്‍ എന്നെ പോകാന്‍ അനുവദിക്കണം.'

സുമന്ത്രന്‍ ചാട്ടവാര്‍ വീശിയപ്പോള്‍ കുതിരകള്‍ ആള്‍ക്കൂട്ടത്തിലൂടെ പാഞ്ഞു; നിലവിളിച്ചുകൊണ്ട്‌ ജനം പിന്നാലെയും.

സാം നിലമ്പള്ളില്‍.
sam3nilam@yahoo.com
രാമന്റെ പിന്നാലെ, അലകടല്‍പോലെ (കഥ: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക