Image

പാതിവഴിയില്‍ ശബ്‌ദം നഷ്‌ടമാകുന്ന സ്‌പീക്കര്‍, ചരിത്രം ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ്‌

അനില്‍ പെണ്ണുക്കര Published on 24 July, 2014
പാതിവഴിയില്‍ ശബ്‌ദം നഷ്‌ടമാകുന്ന സ്‌പീക്കര്‍, ചരിത്രം ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ്‌
ജി. കാര്‍ത്തികേയന്‍ സ്‌പീക്കര്‍ പദവി ഏതാണ്ട്‌ ഉപേക്ഷിച്ച മട്ടുതന്നെ. സ്‌പീക്കറെന്ന നിലയിലെ എല്ലാ പരിപാടികളും അദ്ദേഹം ഉപേക്ഷിച്ചുകഴിഞ്ഞു. പുതിയ പരിപാടികള്‍ ഏല്‍ക്കുന്നുമില്ല. തിങ്കളാഴ്‌ച വരെയാണ്‌ സ്‌പീക്കര്‍ക്ക്‌ പൊതു പരിപാടികള്‍ ഉണ്ടായിരുന്നത്‌. സ്‌പീക്കര്‍ പദവി ഒഴിയാന്‍ ആശിക്കുന്നുവെന്ന്‌ പരസ്യപ്പെടുത്തിയതുമുതല്‍ എല്ലാ പരിപാടികളും അദ്ദേഹം റദ്ദാക്കി. ഓഫീസില്‍ പോകുന്നുവെന്നുമാത്രം. ഒപ്പം മണ്‌ഡലത്തിലെ ചില പരിപാടികളിലും പങ്കെടുക്കുന്നു. ഒരു പക്ഷെ ഈ പ്രത്യേക സാഹചര്യത്തില്‍ സ്‌പീക്കര്‍ പദവിയില്‍ കാര്‍ത്തികേയന്‍ തുടരട്ടെ എന്ന്‌ ഹൈക്കമാന്‍ഡ്‌ എങ്ങാനും പറഞ്ഞാല്‍ എന്താകുമോ ആവോ? ഇപ്പോള്‍ എന്തു ഹൈക്കമാന്‍ഡ്‌? എല്ലാം ഉമ്മന്‍ചാണ്ടി തീരുമാനിച്ചോളാന്‍ പറയും.

പക്ഷെ പാതിവഴിയില്‍ സ്‌പീക്കര്‍ കസേര പോകുന്ന ചരിത്രം കോണ്‍ഗ്രസിന്‌ ഇത്‌ പുത്തരിയൊന്നുമല്ല. 1960 -ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ആദ്യമുന്നണി അധികാരത്തില്‍ വന്നതുമുതല്‍ സ്‌പീക്കര്‍മാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ചരിത്രം വളരെ വിരളമാണ്‌. രണ്ടാം കേരളാ നിയമസഭയില്‍ സ്‌പീക്കറായിരുന്ന സീതി ഹാജിയുടെ മരണത്തെ തുടര്‍ന്ന്‌ 1961-ല്‍ സി.എച്ച്‌ മുഹമ്മദ്‌ കോയ സ്ഥാനമേറ്റെടുത്തതാണ്‌ ആദ്യത്തെ സ്ഥാനമാറ്റം. എന്നാല്‍ അതേ വര്‍ഷം തന്നെ മുഹമ്മദ്‌ കോയ രാജിവെച്ചതിനെ തുടര്‍ന്ന്‌ വീണ്ടും സ്ഥാനമാറ്റമുണ്ടായി. അലക്‌സാണ്ടര്‍ പറമ്പിത്തറയായിരുന്നു പുതിയ സ്‌പീക്കര്‍. 1970-ല്‍ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റപ്പോള്‍ കെ. മൊയ്‌തീന്‍കുട്ടിയായിരുന്നു സ്‌പീക്കര്‍. 1975-ല്‍ അദ്ദേഹം രാജിവെച്ചു. ശേഷിച്ച കുറച്ചുകാലം ഡപ്യൂട്ടി സ്‌പീക്കറായിരുന്ന ആര്‍.എസ്‌ ഉണ്ണിക്കായിരുന്നു സ്‌പീക്കറുടെ ചുമതല. പിന്നീട്‌ ടി.എസ്‌ ജോണിനെ സ്‌പീക്കറായി തെരഞ്ഞെടുത്തു. അഞ്ചാം മന്ത്രിസഭയിലും ആറാം മന്ത്രിസഭയിലും മാത്രമാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ കാലത്ത്‌ സ്‌പീക്കര്‍മാര്‍ കാലാവധി തികച്ചത്‌.

1977 മാര്‍ച്ച്‌ മുതല്‍ 79 ഡിസംബര്‍ വരെ നീണ്ടുനിന്ന അഞ്ചാം മന്ത്രിസഭയുടെ കാലത്ത്‌ കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ.വി, സി.എച്ച്‌ മുഹമ്മദ്‌ കോയ എന്നിങ്ങനെ നാല്‌ മുഖ്യമന്ത്രിമാര്‍ ഭരിച്ചെങ്കിലും ചാക്കിരി അഹമ്മദ്‌ കുട്ടി മുഴുവന്‍ കാലവും സ്‌പീക്കറായി തുടര്‍ന്നു. ആറാം നിയമസഭയുടെ ആദ്യകാലം നായനാര്‍ മുഖ്യമന്ത്രിയായിരുന്നുവെങ്കിലും ഭൂരിപക്ഷം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന്‌ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. കരുണാകരന്‍ മന്ത്രിസഭ കാലാവധി തികയ്‌ക്കുംവരെ എ.സി ജോസ്‌ ആയിരുന്നു സ്‌പീക്കര്‍.

ഏഴാം നിയമസഭയില്‍ ആദ്യം സ്‌പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‌ സ്ഥാനമാറ്റമുണ്ടായി. തുടര്‍ന്ന്‌ വി.എം. സുധീരന്‍ സ്‌പീക്കറായി. 1991-ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ പി.പി. തങ്കച്ചനായിരുന്നു സ്‌പീക്കര്‍. 1995 -ല്‍ എ.കെ. ആന്റണി വന്നപ്പോള്‍ തേറമ്പില്‍ രാമകൃഷ്‌ണനായി സ്‌പീക്കര്‍. 2001-ല്‍ ആന്റണി വീണ്ടും വന്നപ്പോള്‍ വക്കം സ്‌പീക്കറായി. എന്നാല്‍ ആന്റണി രാജിവെച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി, വക്കം ധനമന്ത്രി. തേറമ്പില്‍ സ്‌പീക്കറായി. 2014-ല്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ? എല്ലാം ഒരാഴ്‌ചയ്‌ക്കുള്ളില്‍ `കോംപ്ലിമെന്റ്‌സാകും'. അത്രതന്നെ!
പാതിവഴിയില്‍ ശബ്‌ദം നഷ്‌ടമാകുന്ന സ്‌പീക്കര്‍, ചരിത്രം ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക