കൊച്ചി: മോണ്‍സിഞ്ഞോര്‍ ജോയ് ആലപ്പാട്ടിനെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ
മെത്രാനായി നിയമിച്ചു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം
ഉച്ചയ്‌ക്ക് 12 മണിക്ക് വത്തിക്കാനിലും അമേരിക്കന്‍ സമയം പുലര്‍ച്ചെ 6.00
മണിക്ക് വാഷിംഗ്‌ടണിലും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30-ന് മൗണ്‌ട് സെന്റ്
തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ സ്ഥാനത്തും വായിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമം നടത്തിയത്. ഇപ്പോള്‍ ഷിക്കാഗോ സീറോ
മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ വികാരിയായി സേവനം ചെയ്‌തു വരുന്നു. ജോയ് ആലപ്പാട്ട്
സ്ഥാനിക രൂപതയായി ബെന്‍സെന്ന രൂപതയും മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.
2011
മുതല്‍ ഷിക്കാഗോ കത്തീഡ്രല്‍ ദേവാലയത്തില്‍ വികാരിയായി സേവനം ചെയ്‌തുവരുകയാണ്
നിയുക്ത മെത്രാന്‍ ജോയ് ആലപ്പാട്ട്. 1956 സെപ്‌റ്റംബര്‍ 27-ന് ഇരിങ്ങാലക്കുട
രൂപതയിലെ പറപ്പൂക്കര ഇടവകയില്‍ പരേതരായ വര്‍ഗീസ് റോസി ദമ്പതികളുടെ
അഞ്ചുമക്കളിലൊരാളായാണ് ജനനം. ഇടവക മധ്യസ്ഥനായ വി. ജോണ്‍ നെപുംസ്യാന്റെ നാമം
സ്വീകരിച്ചുകൊണ്‌ട് ജോണ്‍ എന്ന പേരാണ് മാമ്മോദീസായില്‍ നല്‌കപ്പെട്ടത്. പുത്തന്‍
പള്ളിയിലും പറപ്പൂക്കരയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൃശൂര്‍ മൈനര്‍
സെമിനാരിയിലും വടവാതൂര്‍ മേജര്‍ സെമിനാരിയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. 1981
ഡിസംബര്‍ 31-ന് മാര്‍ ജെയിംസ് പഴയാറ്റില്‍ നിന്ന് പുരോഹിതനായി
അഭിഷിക്തനായി.
ചാലക്കുടി, മാള, ഇരിങ്ങാലക്കുട ഇടവകകളില്‍ അസിസ്റ്റന്റായി
സേവനമനുഷ്‌ഠിച്ചതിനു ശേഷം മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ മാസ്റ്റര്‍
ബിരുദവും തുടര്‍ന്ന് ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍
മാസ്‌റ്റര്‍ ബിരുദവും നേടി. 1987 മുതല്‍ 1998 വരെ ചെന്നൈ സീറോ മലബാര്‍ മിഷനില്‍
ചാപ്ലെയിനായും മിഷന്‍ ഡയറക്‌ടറായും സേവനം ചെയ്‌തു. 1994 മുതല്‍
സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്, ന്യൂമില്‍ഫോര്‍ഡ്, ന്യൂജേഴ്‌സി
എന്നിവിടങ്ങളില്‍ അസോസിയേറ്റ് പാസ്റ്റര്‍ ആയി സേവനം ചെയ്‌ത ഫാ. ജോയ്, Clinical
Pastoral Education Programme(CPE) പൂര്‍ത്തിയാക്കി വാഷിഗ്‌ടണിലെ ജോര്‍ജ് ടൗണ്‍
യൂണിവേഴ്‌സിറ്റി ചാപ്ലെയിന്‍ ആയി സേവനം ചെയ്‌തു. തുടര്‍ന്ന് ഷിക്കാഗോ
രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ക്ഷണപ്രകാരം 2007-ല്‍ ഷിക്കാഗോ
രൂപതയിലെ ഗാര്‍ഫീല്‍ഡ്, ന്യൂവാര്‍ക്ക് എന്നിവിടങ്ങളില്‍ സേവനം ചെയ്‌തു.