Image

തോക്കിന്‍ മുനയില്‍ പതറുന്ന അമേരിക്ക - അഡ്വ.മോനച്ചന്‍ മുതലാളി

അഡ്വ.മോനച്ചന്‍ മുതലാളി Published on 24 July, 2014
തോക്കിന്‍ മുനയില്‍ പതറുന്ന അമേരിക്ക - അഡ്വ.മോനച്ചന്‍ മുതലാളി
കേരളത്തിലെ റോഡുകളും അമേരിക്കയിലെ തോക്കുകളും തമ്മില്‍ എന്താണ് ബന്ധം? രണ്ടും കൊലയാളികള്‍ എന്നതു മാത്രമല്ലാ രണ്ടിന്റെയും യഥാര്‍ത്ഥ ഇരകള്‍ പലപ്പോഴും ഒന്നുമറിയാത്ത നിരപരാധികളാണെന്നതു തന്നെ. വേണ്ടത്ര റോഡുകള്‍ ഇല്ലാത്തതുകൊണ്ട് കേരളത്തിലെ നിരത്തുകളും, വേണ്ടതിലധികം തോക്കുകള്‍ ഉള്ളതിനാല്‍ അമേരിക്കയിലെ വീഥികളും സാധാരണക്കാരന്റെ കണ്ണീരും ചോരയും നിറയ്ക്കുന്നു.

330 ദശലക്ഷം ജനങ്ങളുള്ള അമേരിക്കയില്‍ 300 ദശലക്ഷം തോക്കുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. എന്നുവച്ചാല്‍ 33 കോടി ജനങ്ങളും 30 കോടി തോക്കുകളും. ഇതു കൂടാതെയാണ് കണക്കില്‍പ്പെടാത്ത കള്ളത്തോക്കുകള്‍. കോടികള്‍ കൊണ്ട് കളിക്കുന്ന പണക്കാര്‍ മുതല്‍ ഒരു കോക്കു പോലും വാങ്ങിക്കുടിക്കുവാന്‍ പാങ്ങില്ലാത്തവന്‍ വരെ തോക്കു വാങ്ങിക്കൂട്ടുന്നു, അതില്‍ അഭിമാനം കണ്ടെത്തുന്നു. ഫലമോ, അമേരിക്കയിലെ നരഹത്യയുടെ നിരക്ക്, ലക്ഷം പേര്‍ക്ക് 4.7 പേര്‍(തൊട്ടടുത്ത കാനഡായിലെ നരഹത്യാനിരക്ക് 1 ലക്ഷത്തിന് 1.6 പേര്‍ മാത്രം)

വിര്‍ജീനിയയിലും, കണക്ടികട്ടിലും കൊളറാഡോയിലുമുള്‍പ്പെടെ, നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ തോക്കുകളുടെ സംഹാരതാണ്ഡവം നടമാടുമ്പോഴും ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കുവാനോ ഒരു ചെറുവിരലെങ്കിലും അനക്കാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ നാട്. ഭരണഘടനയുടെ രണ്ടാം ഭേദഗതിയില്‍ ഊറ്റം കൊള്ളുമ്പോഴും എ.കെ-47-ല്‍ നിന്നും ഓട്ടോമാറ്റിക് ഗണ്ണുകളില്‍ നിന്നും ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കു മുന്‍പില്‍ നിസ്സാഹായരായി നോക്കി നില്‍ക്കാനേ ലോകത്തിലെ ഏറ്റവും ശക്തമായ അമേരിക്കയ്ക്ക് സാധിക്കാറുള്ളൂ.
ഓരോ വെടിപൊട്ടുമ്പോഴും, "Guns Don't Kill, People Do"- എന്നൊരു മുടന്തന്‍ ന്യായമാണ് സായിപ്പിന്റെ കണ്ടെത്തല്‍. കൊല ചെയ്യരുത് എന്ന അടിസ്ഥാന കല്‍പ്പന അപ്പാടെ വിസ്മരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ ക്രൈസ്തവ രാജ്യത്തില്‍ തോക്കുകളുടെ ലഭ്യതയാണ് ഈ രംഗത്തെ ഏറ്റവും പ്രധാന പ്രശ്‌നം എന്നത് അംഗീകരിക്കുവാന്‍ പോലും മടിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുവാന്‍ കടമ്പകള്‍ തന്നെ കടക്കേണ്ട ഈ രാജ്യത്ത് ഒരു തോക്കു വാങ്ങുവാനും അത് ഉപയോഗിക്കാനും വേണ്ടി വരുന്നത് വളരെ ഈസി ആയ നിസ്സാരമായ സംവിധാനങ്ങള്‍ മാത്രം. നിലവിലുള്ള തോക്കു നിയമങ്ങള്‍ പോലും നടപ്പാക്കുന്ന കാര്യത്തില്‍ അധികാരികള്‍ ശ്രദ്ധിക്കാത്ത സ്ഥിതിവിശേഷം. വേട്ടയാടാനോ, സുരക്ഷാകാരണങ്ങള്‍ക്കോ ഓട്ടോമാറ്റിക് ഗണ്ണുകള്‍ വേണ്ടെന്നിരിക്കെ, ഏതുതരം ഗണ്ണുകള്‍ വേണമെങ്കിലും യഥേഷ്ടം ലഭ്യമാക്കുന്ന തരത്തില്‍ നിയമങ്ങള്‍ പല സംസ്ഥാനങ്ങളിലും ലളിതവും സുഖകരവും. ഫലമോ, സിനിമകളിലും, വീഡിയോ, ഗെയിമുകളിലും നിന്നും പ്രചോദമുള്‍ക്കൊണ്ട് എന്തിനും ഏതിനും തോക്കെടുക്കുന്ന ഒരു പ്രവണത അമേരിക്കന്‍ കൗമാരങ്ങളില്‍ വേരുറപ്പിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, തോക്കുകളുടെ പ്രചാരവും ലഭ്യതയുമാണ് ഡ്രഗ്ഗുകളുടെയും റോബറി, വ്യഭിചാരം(Drugs, Robbery, Prostitution) തുടങ്ങിയ മറ്റുകുറ്റകൃത്യങ്ങളുടെയും വര്‍ദ്ധനക്കു കാരണമായി മാറിയത്.

അമേരിക്കയിലെ NRA എന്ന NATIONAL RIFLE ASSOCIATION ഈ രംഗത്തുള്ള, അതിശക്തമായി തോക്കുകളെ പിന്തുണയ്ക്കുന്ന, സംഘടനയും ലോബിയുമാണ്. ഇത്തരം പിന്തുണയാണ് ശക്തമായ നിയമനിര്‍മ്മാണവും നടപ്പാക്കലും അസാമാന്യമാക്കുന്നത് എന്നു മാത്രമല്ല, പകുതിയിലധികം വീടുകളിലും തോക്ക് ഒരു ഫാഷനാക്കിയും മാന്യതയുടെ സിംബലാക്കി മാറ്റിയിട്ടുള്ളതും. ഔദ്യോഗിക സൈന്യങ്ങള്‍ക്കും പോലീസ് സേനയ്ക്കുമുള്ള പല ആയുധങ്ങളും ഇന്ന് ഈ രാജ്യത്തെ സ്വകാര്യ വ്യക്തികളായ പലരുടെയും കൈകളില്‍ എത്തിപ്പെട്ടിരിക്കുന്നു. അക്കാരണത്താല്‍, ഇനിയൊരു ചുഴലിക്കാറ്റോ, സുനാമിയോ പോലുള്ള കാലാവസ്ഥാ പ്രശ്‌നങ്ങളെക്കാള്‍ വലിയ ഒരു ഭീഷണിയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ ഈ തോക്കുസംസ്‌കാരവും തോക്കുപ്രേമവും മൂലം നേരിടുന്നത് എന്നോര്‍ക്കുക. ഈ ഭീഷണി പലരും ഇപ്പോള്‍ മനസ്സിലാക്കുന്നത് സ്വന്തം പിന്നാമ്പുറങ്ങളില്‍ മാസ് ഷൂട്ടിംഗ് നടക്കുമ്പോള്‍ മാത്രമാണെന്നു മാത്രം.

സ്വന്തം സുരക്ഷയെ മുന്‍നിര്‍ത്തി തോക്കുവാങ്ങി വയക്കുന്നവരാണ് ഈ നാട്ടില്‍ അധികവും. പക്ഷേ പലപ്പോഴും ഇത്തരം തോക്കുകള്‍ തന്നെയാണ് ഇവരോ ഇവരുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുവാന്‍ കാരണമാകുന്നത്. തോക്കെടുക്കുന്നവര്‍ തന്നെയാണ് പലപ്പോഴും തോക്കാന്‍ മരിക്കുന്നത്.
നാം ഒരു കാര്‍ ഓടിക്കണമെങ്കില്‍ ഇന്‍ഷ്വറന്‍സ് അത്യന്താപേക്ഷിതമാണ്. ഈ കാര്‍ മൂലം മറ്റൊരാള്‍ കൊല്ലപ്പെട്ടാലോ, പരിക്കേറ്റാലോ, നഷ്ടപരിഹാരം നല്‍കുന്ന ഏര്‍പ്പാടാണ് ഇത്തരം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സുകള്‍. എന്നാല്‍, തോക്കു കൈവശം വയ്ക്കുന്നവര്‍ ഒരു തരത്തിലുള്ള ഇന്‍ഷ്വറന്‍സും എടുക്കാറില്ല. തോക്കുകള്‍ കൊണ്ട് പരിക്കേറ്റാലോ കൊല്ലപ്പെട്ടാലോ, നഷ്ടപരിഹാരം നല്‍കാന്‍ തോക്കുടമകള്‍ക്ക് ബാധ്യതയും ഉത്തരവാദിത്തവും ആവശ്യമല്ലെന്നുണ്ടോ? കാറുടമയും തോക്കുടമയും ഈക്കാര്യത്തില്‍ എങ്ങനെ വ്യത്യസ്ഥരാകും? ഈ വസ്തുത ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ?

ആരോടു പറയാന്‍? പറയാനല്ലേ പറ്റൂ? പക്ഷേ പറഞ്ഞിട്ടെന്തുകാര്യം? കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ?


തോക്കിന്‍ മുനയില്‍ പതറുന്ന അമേരിക്ക - അഡ്വ.മോനച്ചന്‍ മുതലാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക