Image

ദേ.....മനുശേനെ....(കഥ: ജോഷി പൂച്ചന്താലില്‍)

Published on 23 July, 2014
ദേ.....മനുശേനെ....(കഥ: ജോഷി പൂച്ചന്താലില്‍)
പതിവ്‌ പോലെ അന്നും ഓഫീസില്‍ നിന്നും ഇറങ്ങി രാജീവ്‌ തന്റെ രാജകീയ വാഹനമായ എന്‍ഫീല്‍ഡ്‌ ബുള്ളറ്റില്‍ വീട്ടിലേക്കു തിരിച്ചു , എല്ലാ ദിവസത്തെ പോലെ അന്നും ഭാര്യ ജയയുടെ ഫോണ്‍ അധികം താമസിയാതെ എത്തി

`ഇറങ്ങിയോ'?

`ആഹ്‌ ഇറങ്ങി'
`വരുമ്പോള്‍ കറിവക്കാന്‍ വല്ലതും വാങ്ങിച്ചോണ്ട്‌ വരണേ',
`ശരി'

`ആഹ്‌ പിന്നെ ആട്ട തീര്‍ന്നു , പിള്ളേര്‍ക്ക്‌ ബൂസ്റ്റു തീര്‍ന്നു ,കടയില്‍ കേറി അരിയും കൂടെ വാങ്ങിച്ചോ, പിന്നെ കേറുമ്പോള്‍ തീപ്പെട്ടി വാങ്ങാന്‍ മറക്കണ്ട ,പിന്നൊരു വിം ബാറും'

`ഇത്രേം മതിയോ'? ഒരു കട മുഴുവന്‍ വാങ്ങാന്‍ ഇവള്‍ക്ക്‌ പറയാമാരുന്നല്ലോ എന്ന്‌ മനസ്സില്‍ കരുതി .

`ഇപ്പോള്‍ ഇത്രേ ഓര്‍ക്കുന്നുള്ളൂ ,കടേല്‍ വന്നിട്ട്‌ വിളിക്ക്‌ അപ്പോള്‍ പറയാം വേറെ വല്ലതും ഉണ്ടേല്‍'

`എന്റെ ദൈവമേ ഞായറാഴ്‌ച സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകാന്‍ പറഞ്ഞിട്ട്‌ ഞാന്‍ പോകാതിരുന്നതിന്റെ കലിപ്പ്‌ മുഴുവന്‍ ഇന്ന്‌ ലിസ്റ്റ്‌ ആയിട്ട്‌ വരുമല്ലോ ,എന്നും കരുതി അവന്‍ യാത്ര തുടര്‍ന്നു .

അപ്പോള്‍ അടുത്ത വിളി, ഇനിയെന്താണോ വരാന്‍ പോകുന്നതെന്നോര്‍ത്തു അവന്‍ ഫോണ്‍ എടുത്തു .

`പിന്നെ അമ്മ പറയുന്നു നല്ല മീന്‍ വല്ലോം കിട്ടിയാല്‍ മേടിചോളാന്‍'

`അതെന്നാടീ സാധാരണ ഞാന്‍ അഴുക്കു മീന്‍ ആണോ വാങ്ങിക്കാറ്‌'?

`അല്ല നല്ല തുണ്ടം മീന്‍ വല്ലോം ഉണ്ടെങ്കില്‍ മതി എന്ന്‌ വച്ച്‌ പറഞ്ഞതാ'

ഹൂം ..ശരി

യാത്ര തുടര്‍ന്നൂ , പോകുന്ന വഴിയില്‍ തന്നെയുള്ള മീന്‍ മാര്‍ക്കെറ്റില്‍ ആദ്യം കയറി ,നെന്മീന്‍ കിട്ടി അതും വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു.

വീടിന്നടുത്തുള്ള കടയില്‍ എത്തി ,അരി,ആട്ട, തുടങ്ങി ആവശ്യപ്പെട്ട പ്രകാരം ഉള്ള സാധനങ്ങള്‍ ഒക്കെ വാങ്ങി ,ബൈക്കില്‍ ഇടതും വലതും പെട്രോള്‍ ടാങ്കിന്റെ പുറത്തും ഒക്കെയായി സ്ഥാപിച്ചു വീട്ടിലേക്കു...

താഴെ പാര്‍ക്കിംഗില്‍ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌തു ബുദ്ധിമുട്ടി സാധനങ്ങള്‍ ഒക്കെ ചുമന്നു,ഫ്‌ളാറ്റില്‍ എത്തി ഓരോന്നായി താഴെ വച്ചു.

`ഭാര്യ'ഓരോന്നും നോക്കുന്നുണ്ട്‌ 'പറഞ്ഞ സാധനങ്ങള്‍ എല്ലാം ഉണ്ടോ '

അവളുടെ കണ്ണുകള്‍ പെട്ടെന്ന്‌ കണ്ടു പിടിച്ചു പച്ചക്കറി വാങ്ങിച്ചിട്ടില്ല .

പച്ചക്കറി ഒന്നും വാങ്ങിച്ചില്ലേ ?

'ബൈക്കില്‍ ഒരു വിധത്തില്‍ കൊണ്ടുവന്നു ,ചുവന്നു തെറ്റിച്ചു വീട്ടിലെത്തിക്കാന്‍ പെട്ട പാട്‌ എനിക്കറിയാം അപ്പോളാണ്‌ അവളുടെ പച്ചക്കറി `

രാജീവ്‌ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ,
പതിയെ തലയും കുനിച്ചു ജയ പൊറുപൊറുത്തു

`മിഴിച്ചു നോക്കുന്നതെന്തിനാ രാവിലെ പിള്ളേര്‌ക്ക്‌ണ പൊതി കൊടുത്തു വിടാന്‍ എന്തേലും ഉണ്ടാക്കാന്‍ എനിക്കാ പാട്‌ ''

അവന്‍ വീണ്ടും ഒന്ന്‌ നോക്കി , കനത്തില്‍ ഒന്ന്‌ മൂളി ചവിട്ടി തുള്ളി അകത്തേക്ക്‌ നടന്നു .

ഇത്രയും നേരം സംഭവം എല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന മക്കളില്‍ മൂത്തവള്‍ക്കു പപ്പയോടു 'സഹതാപം` തോന്നി ,ഇത്രയും സാധനങ്ങള്‍ ചുവന്നു തെറ്റിച്ചു വീട്ടില്‍ കൊണ്ട്‌ വന്ന പപ്പയോടു അമ്മ പച്ചക്കറി വാങ്ങിച്ചില്ല എന്ന പേരില്‍ ചോദ്യം ചെയ്‌തത്‌ അവള്‍ക്ക്‌ ഒട്ടും ഇഷ്ടമായില്ല ,

രാജീവ്‌ അകത്തേക്ക്‌ പോയി എന്ന്‌ കണ്ടപ്പോള്‍ അവള്‍ നേരെ അമ്മയുടെ അടുത്ത്‌ ചെന്ന്‌ അമ്മയോട്‌

`അമ്മെ, പപ്പയും ഒരു `മനുശേനാ' കേട്ടോ എന്നൊരു ഡയലോഗു കാച്ചി .

അകത്തു മസ്സില്‍ പിടിച്ചു നിന്നിരുന്ന രാജീവിന്റെ കാതുകളിലും ഈ ഡയലോഗ്‌ വന്നു വീണു ,അതോടെ അവന്റെ മസ്സില്‌ പിടുത്തവും ദേഷ്യവുമെല്ലാം പമ്പ കടന്നു. ഒരു ചെറു ചിരിയുമായി നിന്നിരുന്ന രാജീവിന്റെ അടുത്തേക്ക്‌ `ജയ' ഒരു ചിരിയുമായി കടന്നെത്തി ,

`കേട്ടോ മകള്‌ പറഞ്ഞത്‌'?

പിന്നെ അവിടൊരു കൂട്ടച്ചിരിയായി .. പിരിമുറുക്കത്തില്‍ നിന്നിരുന്ന അവരുടെ ഇടയില്‍ മകളുടെ ഇടപെടല്‍ മഞ്ഞുരുകാന്‍ കാരണമായി .

മോളുടെ `മനുശേന്‍' എന്ന പറച്ചില്‍ രാജീവില്‍ കൊച്ചുന്നാളിലെ ചില ഓര്‍മ്മകള്‍ കൊണ്ടുവന്നു .അത്‌ ജയയുമായി അവന്‍ പങ്കു വച്ചു

`നാട്ടില്‍ ഞങ്ങളുടെ വീടിന്നടുത്ത്‌ തന്നെയുള്ള ഒരു വീടാണ്‌ ആശാന്‍പൊറമ്പ്‌ ,അവിടുത്തെ കുര്യന്‍ ചേട്ടനും അമ്മിണിചേടത്തിക്കും മക്കള്‍ നാല്‌, ആനിക്കുട്ടി ,മോളികുട്ടി ,അജിമോന്‍ ,പിന്നെ കൊച്ചുമോള്‍ .ഇവരെല്ലാവരും എന്നെക്കാളിലും മൂത്തവര്‍ ആണ്‌ അതില്‍ ആനികുട്ടി ചേച്ചി എന്റെ ട്യൂഷന്‍ ടീച്ചറും, അതിലുപരി ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയും ആയിരുന്നു, ചേച്ചി മാത്രമല്ല അവരെല്ലാവരും തന്നെ ഞങ്ങള്‍ക്ക്‌ സഹോദരങ്ങളെ പോലെ ആയിരുന്നു .

അന്ന്‌ അവരുടെ വീട്‌ ഓല മേഞ്ഞിരുന്ന ഒന്നായിരുന്നു ,ആ കാലഘട്ടത്തില്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഓല മാറ്റി പുര പുതുക്കി മേഞ്ഞിരുന്ന അവസരങ്ങളില്‍ അയല്‍വക്കത്തുള്ള ആളുകള്‍ ഒക്കെ ചേര്‍ന്ന്‌ ഒരു ആഘോഷമായിട്ടാണ്‌ അത്‌ നടത്തിയിരുന്നത്‌ ,ആണുങ്ങള്‍ പുര മേച്ചിലും പണികളുമൊക്കെയായി കൂടുമ്പോള്‍ പെണ്ണുങ്ങള്‍ എല്ലാവരും ചേര്‌ന്ന്‌്‌ കപ്പ പുഴുങ്ങുകയും ,ചമ്മതി ചാലിക്കുകയും കട്ടന്‍ കാപ്പി അനത്തുകയും ഒക്കെയായി കൂടും, അങ്ങനെ രസകരമായ ഒരു അനുഭവം ആണ്‌, നല്ല നല്ല തമാശകളും കഥകളും ഒക്കെ ഈ അവസരത്തില്‍ കേള്‌ക്കാം ,ഞങ്ങള്‍ കുട്ടികളും ഈ സംരംഭത്തില്‍ പൂര്‌ണ്ണട മനസ്സോടെ എന്നും പങ്കെടുത്തിരുന്നു കാരണം കുര്യന്‍ ചേട്ടന്‍ സ്വതവേ തമാശക്കാരന്‍ ആണ്‌ അപ്പോള്‍ ഇങ്ങനെ എല്ലാവരും കൂടി ചേരുന്ന അവസരത്തില്‍ നല്ല കിടിലന്‍ തമാശകള്‍ ഉണ്ടാവും എന്ന്‌ ഞങ്ങള്‍ക്കറിയാം അത്‌ കേള്‍ക്കാന്‍ ഞങ്ങളും ഞങ്ങളാല്‍ ആവുന്ന സഹായമൊക്കെ ചെയ്‌തു അവിടെ കൂടും .

പണിയൊക്കെ നടക്കുന്നതിനിടയില്‍ അമ്മിണി ചേട്ടത്തി എല്ലാവര്‍ക്കും കട്ടന്‍ കാപ്പിയുമായി വന്നു കുര്യന്‍ ചേട്ടനെ വിളിക്കും ,

`ദേ മനുശേനെ'

കുര്യന്‍ ചേട്ടന്‍ കേട്ട ഭാവം നടിക്കില്ല

വീണ്ടും വിളി വരും `ദേ .. ദേ മനുശേനെ '

അപ്പോളേക്കും കുര്യന്‍ ചേട്ടന്‍ തിരിഞ്ഞു ആകെ ദേഷ്യം കാണിച്ചു ചോദിക്കും

എടി കല്യാണം കഴിഞ്ഞിട്ട്‌ പത്തിരുപത്തഞ്ചു കൊല്ലം കഴിഞ്ഞു ,മക്കള്‌ നാലായി , നിനക്കിപ്പോളും ഞാന്‍ മനുഷ്യനാണോന്നു സംശയമാ ഇല്ലേ ?

അപ്പോള്‍ അമ്മിണി ചേടത്തി നാണത്തോടെ ... ഓ ഈ മനുശേന്റെ ഒരു കാര്യം .പോ.. അവിടുന്ന്‌ പിള്ളേര്‌ കേക്കും .

കണ്ടോ അവള്‌ പിന്നേം `ദേ മനുശേനേന്നേ' വിളിക്കൂ ... എടൊ രവി തന്റെ ഭാര്യ തന്നെ എന്താടോ വിളിക്കുന്നത്‌ ?

`അത്‌ കുര്യന്‍ ചേട്ടാ ..രവിചേട്ടാന്നാ' ...

`അയ്യോടാ നീ അങ്ങ്‌ പറഞ്ഞാല്‍ മതി ..ചേട്ടാന്നാണന്നു ..നീ കുടി കഴിഞ്ഞു വരുമ്പോള്‍ ഞങ്ങളിവിടെ കേള്‍ക്കുന്നതല്ലേ അവള്‌ നിന്നെ `കാലമാടാന്നു' വിളിക്കുന്നത്‌ ...

എല്ലാവരും ചേര്‍ന്ന്‌ പൊട്ടിച്ചിരിച്ചു ..രവി ചമ്മി വിളറിയ മുഖവുമായി ആ ചിരിയില്‍ പങ്കു ചേര്‍ന്ന്‌ പറയും `ഓ ഈ കുര്യന്‍ ചേട്ടന്റെ ഒരു തമാശ'

തമാശാണോടാ സത്യമല്ലേ പറഞ്ഞത്‌ ? ഇല്ലേ ഓമനേ ..നീ സ്‌നേഹം കേറുമ്പോള്‍ രവിയെ വിളിക്കുന്ന പേരല്ലേ ഞാന്‍ പറഞ്ഞത്‌ ?

അപ്പുറത്തിരുന്നു കപ്പ പൊളിച്ചു കൊണ്ടിരുന്ന രവിയുടെ ഭാര്യ ഒമാനയോടാണ്‌ ചോദ്യം

ഓ ഞാനങ്ങനെയൊന്നും വിളിക്കാറില്ല ഈ കുര്യന്‍ ചേട്ടന്റെ ഒരു കാര്യം ...

ആഹാ ഇപ്പോള്‍ കെട്ടിയോനും കെട്ടിയോളും ഒന്നായി... കാര്യം പറഞ്ഞ ഞാന്‍ മണ്ടനും ..ആഹ്‌ നടക്കട്ട്‌ നടക്കട്ട്‌ .

അപ്പോള്‍ എടി `ഫാര്യേ' ഇനിയെങ്കിലും നീ എന്നെ മനുഷ്യനായിട്ട്‌ അംഗീകരിച്ചു തരണം , ഈ ..മനുശാ... മനുശാ എന്ന്‌ സംശയത്തോടെയുള്ള വിളി നിര്‍ത്തണം ഓമന രവിയെ വിളിക്കുന്ന പോലെ വേണേല്‍ ചേട്ടാന്നു വിളിച്ചോ ..

ഓ പിന്നെ ..ഒന്ന്‌ പൊ മനുശേനെ ...വീണ്ടും അമ്മിണി ചേട്ടത്തിക്ക്‌ നാണം ....

അപ്പോള്‍ രത്‌നമ്മ വിളിച്ചു ചോദിച്ചു ..` കുര്യന്‍ ചേട്ടാന്നോ അതോ ഓമന വിളിച്ച പോലെ `കാലമാടന്‍ ചേട്ടാന്നോ'?

അതൊരു കൂട്ടചിരിക്കിടയാക്കിയിരുന്നു ....................

.കഥ പറഞ്ഞവസാനിപ്പിച്ചിട്ട്‌ രാജീവ്‌ മകളോട്‌ പറഞ്ഞു
`താങ്ക്‌സ്‌ മോളൂ പപ്പയെ പഴയ ചില നല്ല ഓര്‍മ്മകളിലേക്ക്‌ കൊണ്ടുപോയതിന്‌'

(ജോഷി പുച്ചന്താലില്‍)
ദേ.....മനുശേനെ....(കഥ: ജോഷി പൂച്ചന്താലില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക