Image

അലോഷ്‌ അലക്‌സ്‌ ഫൊക്കാന യുവപ്രതിഭ

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2014
അലോഷ്‌ അലക്‌സ്‌ ഫൊക്കാന യുവപ്രതിഭ
ന്യൂയോര്‍ക്ക്‌: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഹയറ്റ്‌ റീജന്‍സില്‍ അരങ്ങേറിയ ഫൊക്കാനയുടെ പതിനാറാമത്‌ കണ്‍വന്‍ഷനില്‍ സീനിയര്‍ പ്രസംഗ മത്സരത്തില്‍ തീപ്പൊരി പ്രസംഗത്തിലൂടെ സദസ്യരുടെ മുക്തകണ്‌ഠ പ്രശംസ ഏറ്റുവാങ്ങിയ അലോഷ്‌ അലക്‌സ്‌ ഫൊക്കാന 2014- 16 യൂത്ത്‌ ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

തന്റെ സ്വതസിദ്ധമായ ശൈലിയില്‍ `Computor Good and Bad' എന്ന വിഷയത്തില്‍ അലോഷ്‌ പങ്കുവെച്ച ആശയങ്ങള്‍ സദസ്യര്‍ ഹര്‍ഷാരവത്തോടെയാണ്‌ സ്വീകരിച്ചത്‌. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്ര ഗഹനമായ വിഷയം അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ച അലോഷിന്റെ സാമര്‍ത്ഥ്യത്തെ വിധികര്‍ത്താക്കള്‍ ഒന്നടങ്കം പുകഴ്‌ത്തുകയുണ്ടായി. ഫൊക്കാനയിലെ മുഖ്യപ്രഭാഷകരില്‍ ഒരാളും കേരള ലളിതകലാ അക്കാഡമി ചെയര്‍മാനുമായ കെ.എ.ഫ്രാന്‍സീസ്‌ അലോഷിന്റെ പ്രസംഗപാടവത്തെ അഭിനന്ദിക്കുയും, കേരളത്തിലെ കുട്ടികളില്‍ പോലും കാണപ്പെടാത്ത വാക്‌ചാതുരിയും വിഷയത്തിലുള്ള അറിവും അവതരണശൈലിയും എടുത്തു പറയുകയുണ്ടായി. സദസ്യരില്‍ പ്രമുഖരായിരുന്ന ദീപിക ഡല്‍ഹി ബ്യൂറോ ചീഫ്‌ ജോര്‍ജ്‌ കള്ളിവയലില്‍, ഫൊക്കാനാ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, എസ്‌.എം.സി.സി നാഷണല്‍ പി.ആര്‍.ഒ ജയിംസ്‌ കുരീക്കാട്ടില്‍, ഏഷ്യാനെറ്റ്‌ ന്യൂസ്‌ കോര്‍ഡിനേറ്റര്‍ അനില്‍ അടൂര്‍, ഫിലാഡല്‍ഫിയ ഫൊക്കാനാ ആര്‍വിപി ജോര്‍ജ്‌ ഓലിക്കല്‍ എന്നിവര്‍ ഈ യുവ പ്രതിഭ തീര്‍ച്ചയായും അമേരിക്കന്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ ഇറങ്ങിവരേണ്ട ഭാവിയുടെ വാഗ്‌ദാനമാണെന്ന്‌ അഭിപ്രായപ്പെടുകയും ഒന്നടങ്കം അഭിനന്ദിക്കുകയും ചെയ്‌തു.

കോട്ടയം ജില്ലാ കൗണ്‍സിലറായിരുന്ന റോസമ്മ തോമസിന്റെ കൊച്ചുമകനും, ന്യൂയോര്‍ക്കിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരായ അലക്‌സ്‌ തോമസിന്റേയും, ലൈസി അലക്‌സിന്റേയും പുത്രനായ അലോഷ്‌ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന്‌ കോട്ടയം ഡി.സി.സി പ്രസിഡന്റ്‌ ടോമി കല്ലാനി അനുമോദിച്ചുകൊണ്ട്‌ പറഞ്ഞു.

സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഫിലാഡല്‍ഫിയ (2011), ഡിട്രോയിറ്റ്‌ (2013), നാഷണല്‍ കണ്‍വന്‍ഷനുകളില്‍ പ്രസംഗ മത്സരങ്ങളില്‍ ഈ യുവ പ്രതിഭയ്‌ക്കുതന്നെയായിരുന്നു ഒന്നാം സ്ഥാനം. പഠനത്തിലും കായിക-കലാ മത്സരങ്ങളിലും ഒരുപോലെ മികവുറ്റ വ്യക്തിത്വത്തിനുടമയാണ്‌ അലോഷ്‌. വാഴ്‌സിറ്റി വോളിബോള്‍ ക്യാപ്‌റ്റനായിരുന്ന അലോഷ്‌ റോക്ക്‌ലാന്റ്‌ സോള്‍ജിയേഴ്‌സ്‌ ക്ലബിലെ പ്രമുഖ താരമാണ്‌.

അലോഷിന്റെ കഴിവുകള്‍ ഫൊക്കാനയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും കൂടുതല്‍ യുവജനങ്ങളെ ഫൊക്കാനയിലേക്ക്‌ അടുപ്പിക്കുമെന്നും ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, മുന്‍ പ്രസിഡിന്റ്‌ മറിയാമ്മ പിള്ള, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മുന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ന്യൂയോര്‍ക്ക്‌ ആര്‍.വി.പി ഡോ. ജോസ്‌ കാനാട്ട്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു.
അലോഷ്‌ അലക്‌സ്‌ ഫൊക്കാന യുവപ്രതിഭഅലോഷ്‌ അലക്‌സ്‌ ഫൊക്കാന യുവപ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക