Image

മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 24 April, 2014
മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സുനിഷ്‌ ജോര്‍ജ്‌ ആലുങ്കല്‍ സൗണ്ട്‌ എന്‍ജിനിയറിംഗില്‍ ഇംഗ്ലണ്ടിലെ സറി സര്‍വകലാശാലയില്‍നിന്നു പിഎച്ച്‌.ഡി എടുത്ത കോട്ടയംകാരനാണ്‌. ജര്‍മനിയില്‍ ജോലി -പ്രകൃതിമനോഹരമായ ബവേറിയയില്‍. ഫ്രാങ്ക്‌ഫര്‍ട്ടില്‍നിന്ന്‌ 312-ഉം മ്യൂണിക്കില്‍നിന്ന്‌ 117-ഉം ന്യൂറംബര്‍ഗില്‍നിന്ന്‌ 126-ഉം കിലോമീറ്റര്‍ അകലെ സ്‌ട്രോബിംഗ്‌-ബോഗന്‍ മേഖലയില്‍ സ്റ്റെയിനാക്‌ എന്ന കൊച്ചു ഗ്രാമത്തില്‍ താമസം.

നാട്ടില്‍ ഒരു സന്ദര്‍ശനത്തിനു പോരുമ്പോള്‍ സ്റ്റെയിനാക്കിലെ ചെറിയ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോറില്‍ ഷോപ്പിംഗിനു പോയി. നാട്ടില്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കാന്‍ പലതും വാങ്ങിയ കൂട്ടത്തില്‍ എടുത്തു `ചോകിയോര്‍' എന്ന ചോക്ക്‌ലറ്റിന്റെ കുറേ പാക്കറ്റുകള്‍, പാക്കറ്റില്‍ കണ്ട ഉടച്ച നാളികേരത്തിന്റെ ചിത്രമാണ്‌ കൂടുതല്‍ ആകര്‍ഷിച്ചത്‌. കേരളം എന്ന നാളികേരത്തിന്റെ നാട്ടിലേക്കു പോരുമ്പോള്‍ അതല്ലേ ഏറ്റം ഉചിതം?

സുനിഷിന്റെ ബ്ലോഗ്‌്‌ പോസ്‌്‌റ്റുകള്‍ കണ്ടാലറിയാം കേരളത്തെപ്പറ്റി എന്നെന്നും അഭിമാനം കാത്തുസൂക്ഷിക്കുന്ന ആളാണെന്ന്‌. താനും ഭാര്യ ജാസ്‌മിനും ജര്‍മന്‍ സ്ഥാപനങ്ങളിലാണു ജോലിചെയ്യുന്നതെങ്കിലും പുത്രന്മാരായ വക്കച്ചനെയും ജോസുകുട്ടനെയും കോട്ടയത്തെ ക്രിസ്‌ത്യന്‍ സ്ഥാപനമായ `സീറി' യുടെ ഡയറക്‌ടറച്ചന്‍ ഡോ. ജേക്കബ്‌ തെക്കേപറമ്പില്‍ ജര്‍മനിയിലെത്തിയപ്പോഴാണ്‌ എഴുത്തിനിരുത്തിയത്‌.

``നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌
അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്‌...''

എന്ന യേശുദാസിന്റെ, `തുറക്കാത്ത വാതില്‍' എന്ന സിനിമയിലെ പാട്ട്‌ ഇടയ്‌ക്കിടെ മനസില്‍ ഓടിയെത്താറുണ്ടെങ്കിലും നാളികേരം ചേര്‍ത്തുണ്ടാക്കി, നാളികേരത്തിന്റെ ചിത്രമുള്ള കവറോടെ വിപണിയിലിറക്കുന്ന `വൈസേ കോക്കോസ്‌ ചോകിയോര്‍' (വെളുത്ത നാളികേര ചോക്ക്‌ലേറ്റ്‌) തന്റെ നാടിനുതന്നെ അപമാനകരമാണെന്ന്‌ സുനിഷിനു തോന്നി. മാത്രവുമല്ല, മെയ്‌ഡ്‌ ഇന്‍ ജര്‍മനി എന്ന ലേബലില്‍ ഇറക്കുന്ന ചോക്ക്‌ലേറ്റിന്റെ ഹൃദ്യമായ രുചി നുണഞ്ഞപ്പോള്‍ മനസിലെ വിങ്ങല്‍ കൂടിയതേയുള്ളൂ.

അവിടെയാണ്‌ `മെയ്‌ഡ്‌ ഇന്‍ കേരള' യുടെ പ്രസക്തി. ഗള്‍ഫിലേക്കും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യുന്ന വാഴക്കുളം പൈനാപ്പിളും ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സും മേളവും ഡെവണും, യൂറോപ്യന്‍ വിപണിയില്‍ ഓളമുണ്ടാക്കുന്ന കിറ്റെക്‌സ്‌ റെഡിമെയ്‌ഡ്‌ വസ്‌ത്രവും ഒക്കെയുണ്ടായിട്ടും `മെയ്‌ഡ്‌ ഇന്‍ കേരള' എന്ന ലേബലൊട്ടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന സത്യം നിലനില്‍ക്കുന്നു.

ഈ ലേഖകന്‍ തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പേ നാഗാലാന്‍ഡിലേക്കു പോകാന്‍ ദിമാപൂരിലെത്തി നില്‍ക്കുമ്പോള്‍ കണ്ടു, കെല്‍ട്രോണ്‍ ടിവിയുടെ ഒരു നിയോണ്‍ ബോര്‍ഡ്‌ ജ്വലിച്ചു നില്‍ക്കുന്നു. കൗതുകത്തോടെ അന്വേഷിച്ചു ചെന്നപ്പോള്‍ കടയുടമ തിരുവല്ലക്കാരന്‍ വര്‍ഗീസ്‌. ``എങ്ങനെയുണ്ടു ബിസിനസ്‌'' എന്ന ചോദ്യത്തിന്‌, ``ബുദ്ധിമാന്മാരായ കേരളീയര്‍ ഉണ്ടാക്കുന്ന ടിവി ആയതുകൊണ്ട്‌ നാഗന്മാര്‍ക്കിടയില്‍ നല്ല മതിപ്പാണ്‌. സാധനം ഇല്ലാത്ത കുറവേയുള്ളൂ. ഇവര്‍ ക്യൂ നില്‍ക്കുകയാണ്‌'' -വര്‍ഗീസ്‌ പറഞ്ഞു. അത്‌ അന്തക്കാലം!

ഈ പശ്ചാത്തലത്തിലാണ്‌ ഈയിടെ കൊച്ചിയില്‍ ലേ മെറിഡിയന്‍ എന്ന പഞ്ചനക്ഷത്രഹോട്ടലില്‍ ഒരു സംഗമവും പ്രദര്‍ശനവും നടന്നത്‌. `മെയ്‌ഡ്‌ ഇന്‍ കേരള' എന്ന ബ്രാന്‍ഡ്‌ സൃഷ്‌ടിക്കുക എന്ന സ്വപ്‌നപദ്ധതിയുമായി കേരള സര്‍ക്കാരും സി.ഐ.ഐ. (കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി) കേരള ഘടകവും കൈകോര്‍ത്തു. മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നിറയെ ആളുകള്‍. കൃഷിവകുപ്പ്‌ കേരളമൊട്ടാകെ തുറന്ന അറുന്നൂറില്‍പ്പരം ഗ്രീന്‍ ഹൗസുകളുടെ ഉടമകളായിരുന്നു ആണും പെണ്ണും കലര്‍ന്ന സദസിലെ നല്ലൊരു പങ്ക്‌.

``ഇതു ഞങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ്‌'' -സി.ഐ.ഐ. കേരള കൗണ്‍സില്‍ അധ്യക്ഷനും ഫെഡറല്‍ ബാങ്ക്‌ എം.ഡി.യും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ ആമുഖമായി പറഞ്ഞു. ``എന്റെ നാല്‌പത്തിമൂന്നു വര്‍ഷത്തെ അനുഭവജ്ഞാനം ഞാന്‍ നിങ്ങള്‍ക്കായി തുറന്നുവയ്‌ക്കുന്നു'' -സി.ഐ.ഐ. മുന്‍ ചെയര്‍മാനും സ്റ്റെര്‍ലിംഗ്‌ ഫാം റിസര്‍ച്ചിന്റെ എം.ഡി.യുമായ ശിവദാസ്‌ ബി. മേനോന്‍ വിഷയം അവതരിപ്പിച്ചുകൊണ്ട്‌ അറിയിച്ചു.

സിഐഐ ദക്ഷിണമേഖലാ ചെയര്‍മാനും ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ നവാസ്‌ മീരാന്‍ കേരളത്തിലെ ഉത്‌പന്നങ്ങളെപ്പറ്റി അമേരിക്കയിലെ തന്റെ ബിസിനസ്‌ പാര്‍ട്‌ണര്‍ക്ക്‌ നല്ല മതിപ്പാണെന്നു ചൂണ്ടിക്കാട്ടി. കൃഷിവകുപ്പു സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ പ്രസംഗം ആരെയും പിടിച്ചുനിര്‍ത്തുന്നതായിരുന്നു. ``സര്‍വരും ഇന്ന്‌ അവഗണിക്കുന്ന പ്ലാവില്‍നിന്നും ചക്കയില്‍നിന്നും ഇറച്ചിയെ വെല്ലുന്നതും ഷെല്‍ഫ്‌ ലൈഫ്‌ കൂടുതലുള്ളതുമായ ഉത്‌പന്നങ്ങള്‍ ഉണ്ടാക്കാമെന്നു തെളിയിച്ച പാലക്കാട്ട്‌ പള്ളിപ്പുറത്തെ ഒരു സംഘത്തിന്റെ വിജയകഥ അദ്ദേഹം എടുത്തുപറഞ്ഞു (ഉത്‌പന്നങ്ങള്‍: ജാക്‌ മീറ്റ്‌, ജാക്‌ ഫ്രൂട്ട്‌ @ 365).

കെ.എസ്‌.ഐ.ഡി.സി മാനേജിംഗ്‌ ഡയറക്‌ടര്‍ അരുണ സുന്ദരരാജന്‍ആകട്ടെ, ഐടി രംഗത്ത്‌ മിന്നലൊളി പരത്തുന്ന മലയാളികള്‍ക്ക്‌ പുതിയ മേഖലകളില്‍ ഒരുപാടൊരുപാടു ചെയ്യാനാകുമെന്നു തറപ്പിച്ചു പറഞ്ഞു. കഥകളിയും കൂടിയാട്ടവും - അവയെ വെല്ലാന്‍ ലോകത്ത്‌ മറ്റൊരു കലയുണ്ടോ? അവര്‍ ചോദിച്ചു. (ഭര്‍ത്താവ്‌ ഏലിയാസ്‌ ജോര്‍ജ്‌ ആണല്ലോ കൊച്ചി മെട്രോയുടെ സാരഥി എന്ന്‌ പലരും ഓര്‍ത്തുപോയി.) ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷണ്‍ അരുണയുടെ ആശയത്തിന്‌ എല്ലാ പിന്തുണയും അറിയിച്ചു. `മെയ്‌ഡ്‌ ഇന്‍ കേരള' താന്‍ പണ്ട്‌ വിഭാവനം ചെയ്‌തതുപോലെ `ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി' യുടെ മറ്റൊരു ആഗോളബ്രാന്‍ഡ്‌ ആയി വളരുമെന്ന്‌ അദ്ദേഹം സ്വപ്‌നം കാണുന്നു. സി.ഐ.ഐ. കേരള ഘടകത്തിന്റെ ഉപാധ്യക്ഷന്‍ ഹരികൃഷ്‌ണന്‍ നായര്‍ക്കും അതില്‍ തെല്ലും സംശയമില്ല.

എ.വി.റ്റി. നാച്വറല്‍ പ്രോഡക്‌ട്‌സ്‌ എം.ഡി. എം.എസ്‌.എ. കുമാര്‍, കോക്കനട്ട്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡ്‌ ഡയറക്‌ടര്‍ ഡോ. കെ. മുരളീധരന്‍, കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ എം.ഡി. എന്‍.കെ. മനോജ്‌, കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്‌ടര്‍ ഡോ. കെ. പ്രതാപന്‍, ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ സി.ഇ.ഒ. പ്രേംകുമാര്‍, ഫുഡ്‌സ്‌ സേഫ്‌റ്റി സ്റ്റാന്‍ഡേര്‍ഡ്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യ ഓഫീസര്‍ എസ്‌.വി. തമ്പി, സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ എം.ഡി. ജോര്‍ജ്‌ പോള്‍, കേന്ദ്ര ഭക്ഷ്യസംസ്‌കരണ വകുപ്പ്‌ മുന്‍ സെക്രട്ടറിയും കേരള ഗവണ്‍മെന്റ്‌ ഉപദേശകനുമായ രാജേഷ്‌ കക്കര്‍ എന്നിവര്‍ക്കും ഒട്ടേറെ ആശയങ്ങള്‍ മുന്നോട്ടു വയ്‌ക്കാനുണ്ടായിരുന്നു.

ലേ മെറിഡിയനില്‍ നടന്ന പ്രദര്‍ശനത്തില്‍ മലയാളികളായ ഒട്ടേറെ വ്യവസായ സംരംഭകരുടെ ഉത്‌പന്നങ്ങള്‍ ഒരുക്കിയിരുന്നു. കേരളത്തിന്റെ സ്വന്തമായ ചക്കയും മാങ്ങയും ഒപ്പം കശുവണ്ടിയും കാപ്പിയും തേയിലയും ഏലവും ഇഞ്ചിയും ഒക്കെ ചേര്‍ത്തുള്ള രുചികരമായ വിഭവങ്ങള്‍ വേള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡില്‍ പാക്ക്‌ ചെയ്‌ത്‌ പ്രദര്‍ശിപ്പിച്ച സ്റ്റാളുകള്‍.

പ്രദര്‍ശനം കണ്ടു നടക്കുമ്പോള്‍ കണ്ടു, സൂസന്‍ എന്ന വാഷിംഗ്‌ടണ്‍ സ്വദേശിനിയെ. മൂവാറ്റുപുഴക്കാരനായ ഭര്‍ത്താവ്‌ ജോര്‍ജ്‌ പൗലോസുമൊത്ത്‌ സിയാറ്റിലില്‍ `ആമിസ്‌ ഇന്റര്‍നാഷണല്‍' എന്ന ചോക്ക്‌ലേറ്റ്‌ ശൃംഖല നടത്തുകയാണ്‌ അവര്‍. ദുബൈയിലും അവര്‍ക്കു ഷോപ്പുണ്ട്‌. ഉത്‌പന്നങ്ങളെല്ലാം നിര്‍മിക്കുന്നത്‌ മൂവാറ്റുപുഴയില്‍ നെല്ലാടിലെ കിന്‍ഫ്രാ പാര്‍ക്കിലാണ്‌. വില്‌പന അമേരിക്കയിലും ഗള്‍ഫിലുമൊക്കെയാണെങ്കിലും നിര്‍മാണം കേരളത്തില്‍! (പക്ഷേ, ആമിസിന്റെ ഒരൊറ്റ ഉത്‌പന്നത്തിന്റെ കവറിലും കേരളമില്ല!).

പോരും വഴി മറ്റൊരു നാടന്‍ സംരംഭകനെയും കണ്ടു. ജാതിക്ക തോടുപൊളിച്ചു കൊടുക്കുന്ന സൂപ്പര്‍ നട്ട്‌മഗ്‌ ഡിഷല്ലര്‍ നിര്‍മിച്ച്‌ ദേശീയ ബഹുമതി നേടിയ എറണാകുളം അത്താണിക്കടുത്ത്‌ അടുവാശേരി സ്വദേശിയായ വി.ആര്‍. സച്ചിതാനന്ദനെയും മക്കളായ രാജേഷിനെയും രാജീവനെയും. എഴുപത്തിരണ്ടിലെത്തിയിട്ടും സച്ചിതാനന്ദനു ഇന്നും ആവേശം. പേറ്റന്റ്‌ നേടിയ ഒരു മെഷീനു വില 28,000 രൂപ.

`ഈറ്റ്‌ നട്ട്‌സ്‌', ഗോ നട്ട്‌സ്‌' - പാലായിലെ കൊടുമ്പിടി ആസ്ഥാനമായ ഡിവൈന്‍ കാഷ്യൂ നട്ട്‌സിന്റെ പരസ്യം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ആരെയും ഹഠാദാകര്‍ഷിക്കുന്ന പരസ്യം. അവരുടെ ഉത്‌പന്നങ്ങള്‍ ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും മാര്‍ക്കറ്റ്‌ പിടിച്ചുപറ്റിയിട്ടുണ്ട്‌.

ഇംഗ്ലണ്ടിലെ ഭാവിയുപേക്ഷിച്ച്‌ കോട്ടയത്ത്‌ ആറുമാനൂരില്‍ പൈതൃകമായി കിട്ടിയ പത്തേക്കറില്‍ ഓര്‍ഗാനിക്ക്‌ കരിമ്പുകൃഷി ചെയ്യുന്ന ഒരു അഭ്യസ്‌തവിദ്യനെയും കണ്ടു - അരങ്ങത്ത്‌ പ്രദീപ്‌. രാസവളമിടാത്ത കരിമ്പില്‍നിന്നുള്ള ശര്‍ക്കര, ഏലവും ജീരകവും ഇഞ്ചിയുമൊക്കെ ചേര്‍ത്ത്‌ ആകര്‍ഷകമായി പാക്ക്‌ ചെയ്‌ത്‌ ലോകമൊട്ടാകെ മാര്‍ക്കറ്റ്‌ ചെയ്യുന്ന ഒരു ദിനമാണ്‌ ഈ ചെറുപ്പക്കാരന്റെ സ്വപ്‌നം. ഇംഗ്ലണ്ടില്‍സംരംഭകര്‍ക്കു വഴികാട്ടിയായിരുന്നമെയ്‌നാര്‍ഡകെയ്‌ന്‍സിനെഓര്‍മിപ്പിക്കുന്ന മില്‍ട്ടണ്‍ കെയ്‌ന്‍സിലായിരുന്നു പ്രദീപ്‌ ഒന്നര വര്‍ഷം.

`മെയ്‌ഡ്‌ ഇന്‍ കേരള' ഒരു സ്വപ്‌നമല്ല. അതു യാഥാര്‍ഥ്യമാകുന്ന കാലം അടുത്തു വരുന്നു. തുടക്കമെന്ന നിലയില്‍ കേരളത്തില്‍നിന്ന്‌ ഒരുസംഘം അടുത്തനാളില്‍ ശ്രീലങ്കയില്‍ പോയി വന്നു. കേരളത്തെപ്പോലെ തെങ്ങും വാഴയും തേയിലയും ഏലവുമൊക്കെയുള്ള നാടായ ശ്രീലങ്കയില്‍നിന്ന്‌ നമുക്കു പലതും പഠിക്കാനുണ്ട്‌. ഇവിടെ നീരയെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ. ആ ആശയം പണ്ടുപണ്ടേ അവര്‍ നടപ്പിലാക്കി. ജൂലൈയില്‍ ശ്രീലങ്ക, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 700 പേരുടെ വലിയൊരു സംഗമം കേരളം പ്ലാന്‍ ചെയ്യുന്നുണ്ട്‌.
മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
keralite 2014-04-24 08:13:55
small thinking Malayalees. How much you can make from jackfruit or neera? The world is moving fast and youngsters are making billions like Zukkerberg of facebook. Think big. encourage youth.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക