Image

ലോക്പാലിനെ ഉടന്‍ നിയമിക്കില്ലെന്ന് കേന്ദ്രം

Published on 24 April, 2014
ലോക്പാലിനെ ഉടന്‍ നിയമിക്കില്ലെന്ന് കേന്ദ്രം
ന്യുഡല്‍ഹി: അഴിമതി വിരുദ്ധ സമിതിയായ ലോക്പാലിന്റെ നിയമനം വൈകുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ആദ്യ ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള നടപടി വരും സര്‍ക്കാരിന്റെ ചുമതലയാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ലോക്പാലിനെ നിയമിക്കുന്നതിലോ യോഗം ചേരുന്നതിലോ തീരുമാനം എടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലോക്പാല്‍ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.

പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാല്‍ നിയമന സമിതി മാര്‍ച്ചില്‍ ചേര്‍ന്ന യോഗം പിന്നീട് റദ്ദാക്കുകയായിരുന്നു. ലോക്പാല്‍ പരിശോധനാ സമിതിയില്‍ നിന്ന് ജസ്റ്റീസ് കെ.ടി തോമസ്, അഭിഭാഷകനായ ഫാലി എസ്.നരിമാന്‍ എന്നിവര്‍ വിട്ടുനിന്നിരുന്നു. പരിശോധനാ സമിതി തയ്യാറാക്കുന്ന പട്ടികയില്‍ നിന്നുമാണുമാണ് സെലക്ഷന്‍ സമിതി ലോക്പാല്‍ സമിതിയെ നിശ്ചയിക്കേണ്ടത്. പരിശോധനാ സമിതിയില്‍ നിന്ന് അംഗങ്ങള്‍ പിന്‍മാറിയതോടെ സെലക്ഷന്‍ സമിതിയും ചേര്‍ന്നിരുന്നില്ല.

സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രിക്കു പുറമേ ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നിര്‍ദേശിക്കുന്ന പ്രതിനിധി, നിയമവിദഗ്ധന്‍ എന്നിവര്‍ ഉള്‍പ്പെടും. നിയമവിദഗ്ധനായി പി.പി റാവുവിനെ നിയമിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം പ്രതിപക്ഷ നേതാവ് എതിര്‍ത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക