Image

ഭയം: കഥ - സാം നിലമ്പള്ളില്‍.

സാം നിലമ്പള്ളില്‍. Published on 23 April, 2014
ഭയം: കഥ - സാം നിലമ്പള്ളില്‍.


 തുളസിത്തറയില്‍ വിളക്കുവെച്ചിട്ട് തലയുയര്‍ത്തി നോക്കുമ്പോള്‍ ആരോ ഇടവഴിയേവരുന്നത് ഭവാനിയമ്മ കണ്ടു. ഇരുട്ട് വീണുതുടങ്ങിയതുകൊണ്ട് ആരാണെന്ന് വ്യക്തമായികാണാന്‍ സാധിക്കുന്നിില്ല. മുരളി ആയിരിക്കില്ല. അവന്‍ രണ്ടുദിവസം കഴിഞ്ഞേ വരികയുള്ളെന്ന് പറഞ്ഞിട്ട് പോയതല്ലേ; രാവിലെ പോയവന്‍ വൈകിട്ട് വരുമോ? പിന്നാരായിരിക്കും ഈ ത്രിസന്ധ്യനേരത്ത് മുന്നറിയിപ്പില്ലാതെ വരുന്നത്? ഇടവഴി നേരെ വീട്ടിലേക്കുതന്നെ ആയതുകൊണ്ട് മറ്റെങ്ങോട്ടും ആയിരിക്കയില്ല അയാളുടെ വരവ്. പണ്ട് മുരളിയുടെ അച്ഛനും ഇതുപോലെ ജോലികഴിഞ്ഞ് സന്ധ്യാസമയത്ത് വന്നിരുന്നത് ഭവാനിയമ്മ ഓര്‍ത്തു. ഈ വരുന്നയാള്‍ക്കും അതേ നടപ്പും, ആകൃതിയും; മുഖംമാത്രം വ്യക്തമാകുന്നില്ല. അയാള്‍ നടന്നിട്ടും നടന്നിട്ടും ഇങ്ങെത്താതെന്താണ്? അയാളും താനും തമ്മിലുള്ള ദൂരം കൂടിവരുന്നതുപോലെ. തിരിഞ്ഞുനടക്കുകയാണെന്ന് തോന്നുന്നു. ഭവാനിയമ്മയുടെ മനസില്‍കൂടി ഭയം ഒരുമിന്നായംപോലെ കടന്നപോയി. അവര്‍ പെട്ടന്ന് പുരക്കകത്തേക്ക് കയറി. തിരിഞ്ഞുനോക്കാതെ മുറിയില്‍ കയറി കതകടച്ചു.

  പരീക്ഷയെഴുതാന്‍ മുരളി പട്ടണത്തില്‍ പോയിരിക്കുന്നതുകൊണ്ട് വീട്ടില്‍ താന്‍ ഒറ്റക്കാണ്. ഇന്നുരാത്രി അവിടെ ലോഡ്ജില്‍ താമസിച്ചിട്ട് നാളെ പരീക്ഷയും എഴുതി മറ്റേന്നാളെ വരത്തുള്ളെന്നു പറഞ്ഞിട്ടാണ് മകന്‍ പോയത്. രമണിയെ കൂട്ടിന് വിളിച്ചോളാന്‍ പറഞ്ഞതാണ്. വയാടിപ്പെണ്ണിനെ ഒരുരാത്രിമൊത്തം സഹിക്കാന്‍ വയ്യാഞ്ഞതുകൊണ്ട് വിളിച്ചില്ല. അവന്‍ വിചാരിക്കുന്നതുപോലെ  ഭയമൊന്നുമില്ല തനിക്ക് ഒറ്റക്കുകഴിയാന്‍. നല്ല ബന്ധവസ്സായ വീടല്ലേ ഭര്‍ത്താവ് തനിക്കും മകനുംവേണ്ടി ഉണ്ടാക്കിയിട്ടുള്ളത്. പഴയ കുടുംബവീടാണ്, അറയും നിരയുമുള്ളത്. അദ്ദേഹമത് ഒന്നുകൂടി പുതുക്കി ബലപ്പെടുത്തിയെന്നുമാത്രം.

ഇങ്ങോട്ടുവന്ന ആഗതനെ കാണുന്നില്ലല്ലോ? ഇത്രനേരമായിട്ടും ഇങ്ങെത്താറായില്ലേ? ആരായിരിക്കും അത്? സുഗതന്‍ ജേഷ്ട്ടന്‍ ആയിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ, ജേഷ്ട്ടന് ഇത്രയും ഉയരമില്ല, കുറുകിയ ആളാണ്. നടപ്പും ഇതുപോലെയല്ല, ധൃതി പിടിച്ചപോലെയാണ്. ജേഷ്ട്ടനല്ലാതെ വേറാരും ഇവിടെ വിരുന്നുകാരായിട്ട് വരാറില്ല. അതും ഈനേരത്ത്; പിന്നാര്? അവര്‍ ജാലകത്തില്‍കൂടി വെളിയിലേക്ക് നോക്കി. ആരേയും കാണാനില്ല. തനിക്ക് വെറുതെ തോന്നിയതായിരിക്കുമോ? ഇങ്ങോട്ട് വരാനായിരുന്നെങ്കില്‍ എപ്പോഴെ ഇവിടെത്തിയേനെ. അവര്‍ വെളിയിലെ ലൈറ്റിട്ടു. വഴിതെറ്റിവന്നവര്‍ ആരെങ്കിലും ആണെങ്കില്‍ വെളിച്ചംകണ്ട് തിരികെപ്പൊയ്‌ക്കോട്ടെ. പക്ഷേ, അപരിചതര്‍ ആരും ഈവഴി വരാന്‍ സാധ്യതയില്ല, കാരണം ഈ ഇടവഴി മറ്റെങ്ങോട്ടും  ഉള്ളതല്ല. പരിസരത്തെങ്ങും വേറെ വീടുകളില്ല. വട്ടുപിടിച്ച രമണിയുടെ വീട് കുറച്ചുദൂരെയാണ്. അവള്‍ രാവിലെവന്ന് മുറ്റംതൂത്ത് ചില്ലറജോലികള്‍ചെയ്ത് ഉച്ചയാകുമ്പോള്‍ തിരികെപ്പോകും. വായാടി ആയതുകൊണ്ട് അധികം സംസാരിപ്പിക്കാറില്ല.

'നീ ജോലി വേഗംതീര്‍ത്തിട്ട് പോടി, രമണി,' ഭവാനിയമ്മ എപ്പോഴും പറയും. ഒരുരാത്രി കൂട്ടിന് കിടക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ വരുമെന്നറിയാം. വന്നാല്‍ രാവെളുക്കുവോളം സംസാരിച്ചുകൊണ്ടിരിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് മകന്‍ പറഞ്ഞിട്ടും സ്വീകരിക്കാതിരുന്നത്. ആദ്യമായിട്ടാണ് ഈഭവനത്തില്‍ താന്‍ ഒറ്റക്ക് കഴിയുന്നത്. മുരളിയും ഭവനംവിട്ട് വെളിയില്‍ താമസിച്ചിട്ടില്ല. അവന്‍ കോളേജില്‍ പഠിക്കുമ്പോഴും വീട്ടില്‍നിന്ന് ദിവസവും പോയിവരികയായിരുന്നു. പത്തുമിനിറ്റ് നടന്നാല്‍ ബസ്സ് സ്റ്റോപ്പിലെത്തും. അവിടെനിന്നാല്‍ ടൗണിലേക്ക് എപ്പോഴും ബസ്സുകിട്ടും. അങ്ങനെ ബസ്സില്‍ പോയിവന്നാണ് അവന്‍ കോളജുവിദ്യാഭ്യാസം പൂര്‍ത്തിയാക്കിത്. ഇന്ന് പിയെസ്സി പരീക്ഷ എഴുതാനാണ് പാലക്കാട്ടേക്ക് പോയത്. ജോലിയൊന്നും ചെയ്തില്ലെങ്കിലും കഴിയാനുള്ള വകയൊക്കെ ഇവിടെത്തന്നെയുണ്ട്. ഒരേക്കര്‍ തെങ്ങിന്‍തോപ്പും, അരയേക്കര്‍ വയലും ഒറ്റമകനല്ലാതെ വേറെയാര്‍ക്കും വീതംവെയ്‌ക്കേണ്ട. എല്ലാം അവനുള്ളതാണ്.

ഭര്‍ത്താവ് മരിച്ചതിനുശേഷം ഭവാനിയമ്മയാണ് കൃഷികാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത്. മുരളി പഠിക്കുകയല്ലേ, അവന്റെശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് തിരിയേണ്ട. മകന്‍ പഠിച്ച് ഡിഗ്രിക്കാരന്‍ ആകണമെന്നുള്ളത് അവന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനാണ് ഗൃഹഭരണവും കൃഷികാര്യങ്ങളും താന്‍തന്നെ ഏറ്റെടുത്തത്.

ആരോടും സംസാരിക്കാനില്ലത്തതുകൊണ്ട് നേരത്തെ വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങാമെന്ന് വിചാരിച്ചു. നാളെ വീടുപൂട്ടിയിട്ട് സുഗതന്‍ ജേഷ്ട്ടന്റെ വീട്ടില്‍പോകണം. ഒരുദിവസം അവിടെ താമസിച്ചിട്ട് മറ്റേന്നാള്‍ തിരിച്ചെത്താം. അപ്പോഴേക്കും മുരളിയും തിരിച്ചെത്തുമല്ലോ. ആരോടും മിണ്ടാനും പറയാനുമില്ലാതെ സമയം ചിലവഴിക്കാനാണ് പ്രയാസം. രമണിയോട് സംസാരിച്ചാല്‍ തലപെരുക്കുമെന്നല്ലാതെ രക്ഷപെടാന്‍ മാര്‍ഗ്ഗമൊന്നുമില്ല. നിറുത്തില്ലാത്ത സംസാരമാണ് അവളുടേത്. അതുകൊണ്ടാണ് കഴിവതും അവള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാത്തത്. എന്നുവെച്ച് ആരോടും സംസാരിക്കതെ എങ്ങനെയാ രണ്ടുദിവസം തള്ളിനീക്കുന്നത്?

ഉമ്മറത്ത് ഒരു കാല്‍പെരുമാറ്റം കേട്ടതുപോലെ. ആരോ ചവിട്ടുപടി കയറിവരുന്നതുപോലെ.

'ആരാ അത്? അവര്‍ ചോദിച്ചു.

മറുപടിയില്ല. വെറുതെ തോന്നിയതായിരിക്കും.  രമണിയെ കൂട്ടിന് വിളിക്കേണ്ടതായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. ഒറ്റക്ക് കഴിയാമെന്നുള്ള തന്റേടംകൊണ്ടാണ് വിളിക്കാതിരുന്നത്. ഇപ്പോള്‍ ശരിക്കും ഭയം തോന്നുന്നുണ്ട്. ഭയം മാറാന്‍വേണ്ടി അവര്‍ രാമനാമം ജപിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി. അദ്ദേഹം ഉണ്ടായിരുന്നപ്പോള്‍ താന്‍ സുരക്ഷിതയായിരുന്നു. ഒരു സംരക്ഷകന്‍ അടുത്തുണ്ടെന്നുള്ള ബോധം എപ്പോഴും ഉണ്ടായിരുന്നു. മകന്‍ കൂടെയുണ്ടെങ്കിലും അന്നത്തേതുപോലുള്ള സുരക്ഷിതത്ത്വബോധമില്ല. അവന്‍ കോളജില്‍ പോകുമ്പോള്‍ താന്‍ ഒറ്റക്കാണ് വീട്ടില്‍.

'ചേച്ചിയെന്തിനാ വെഷമിക്കുന്നത്; ഞങ്ങളൊക്കെയില്ലേ ചുറ്റുവട്ടത്ത്?' രമണി പറയും.

'അതുതന്നെയാടീ എന്റെ വിഷമം.'  കളിയാക്കാനാണ് പറഞ്ഞതെങ്കിലും അവള്‍ക്കത് മനസിലായില്ല.

'ചേച്ചിയിവിടെ മുറ്റത്തിറങ്ങിനിന്ന് രമണിയേന്ന് ഒന്നുവിളിച്ചാല്‍മതി ഞാനിങ്ങ് ഓടിയെത്തത്തില്ലേ? ഏത് പാതിരാത്രിക്കായാലും ഞാനിങ്ങ് വരും.' ഇപ്പോള്‍ അവളെ  വിളിച്ചാലോ? പക്ഷേ, കതകുതുറന്ന് വെളിയില്‍ ഇറങ്ങേണ്ടേ? അതിനുള്ള ധൈര്യം കിട്ടുന്നില്ല. വല്ലതും കഴിച്ചുകൊണ്ട് നേരത്തെ കിടന്നുറങ്ങാം.  ചോറും കറികളും എല്ലാം ഇരിപ്പുണ്ട്. ഭയംകാരണം വിശപ്പ് തോന്നുന്നില്ല. അവര്‍ ചോറില്‍ വെള്ളമൊഴിച്ചുവെച്ചു. നാളെ രമണിക്ക് പഴങ്കഞ്ഞിയായി കൊടുക്കാം. അവള്‍ക്ക് പഴങ്കഞ്ഞി ഇഷ്ടമാണ്. അത് കഴിച്ചാല്‍ ഒരുദിവസം ജോലിചെയ്യാനുള്ള ശക്തികിട്ടുമെന്നാണ് അവള്‍ പറയുന്നത്. ഭവാനിയമ്മ കൂജയില്‍നിന്ന് അല്‍പം വെള്ളംകുടിച്ചിട്ട് പോയിക്കിടന്നു. ഇപ്പോള്‍ വെളിയില്‍ ശബ്ദമൊന്നും കേള്‍ക്കുന്നില്ല. എല്ലാം വെറും തോന്നലായിരുന്നു.

മയക്കം കണ്ണുകളെ ബാധിച്ചപ്പോള്‍ ഭയം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. പതുക്കെ അവര്‍ നിദ്രയുടെ അഗാധതയിലേക്ക് അവര്‍ ഊഴ്ന്നിറങ്ങി.

'ഭവാനി കതകുതുറക്ക്.' ഭര്‍ത്താവിന്റെ വിളികേട്ടാണ് ഉണര്‍ന്നത്. അദ്ദേഹം ഈനേരത്ത് എവിടെനിന്ന് വരുന്നു? വെളിയില്‍വന്ന് നില്‍ക്കുകയായിരുന്നോ? എന്താ വിളിക്കാഞ്ഞത്?

ഭവാനിയമ്മ വാതില്‍തുറന്നു.

'നീ എന്തൊര് ഉറക്കാമാ, ഭവാനി? ഞാന്‍ എത്രനേരംകൊണ്ട് വിളിക്കുന്നു.'

'ഞാന്‍ ഇപ്പോഴാ കേട്ടത്. കൊറെ നേരമായോ വെളിയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്?'

'നീ വേഗം ഒരുങ്ങ്. നമുക്ക് ഒരിടം വരെ പോകാനുണ്ട്.'

'ഈ രാത്രിയില്‍ എവിടെ പോകാനാണ്?'

'എവിടായാലെന്താ, ഞാനില്ലേ നിന്റകൂടെ? വേഗം റെഡിയാക്.'

ഭവാനിയമ്മ വേഗംതന്നെ ഒരുങ്ങി. വീടുംപൂട്ടി അവര്‍ പുറപ്പെട്ടു.

പിറ്റേന്ന് രാവിലെ മുറ്റംതൂത്തുകൊണ്ടിരുന്ന രമണി വീട്ടിനുള്ളില്‍ ശബ്ദമൊന്നും  കേള്‍ക്കാഞ്ഞതുകൊണ്ടാണ് കതകിന് തട്ടിവിളിച്ചത്. 'ചേച്ചി ഇതുവരെ ഉണന്നില്ലേ? നേരം ഒരുപാടായി ചേച്ചി, എണീക്ക്.'

ഭവാനിയമ്മ കതകുതുറന്നു.

'എന്നാ ഒറക്കമാ ചേച്ചി?' അവള്‍ ചോദിച്ചു. 'കോട്ടണ്‍ മില്ലില്‍ സൈറണ്‍ വിളിച്ചതൊന്നും കേട്ടില്ലേ? മണി എട്ടുകഴിഞ്ഞു. മുരളി ഇവിടില്ലെന്നുവെച്ച് ചുമ്മാകിടന്ന് ഒറക്കമാണോ?'

ഭവാനിയമ്മ ചുറ്റും നോക്കി. എന്നിട്ട് ചോദിച്ചു, 'അദ്ദേഹം വന്നിട്ട് എവിടെ?'

'ആര്?' രമണിയും ചുറ്റും നോക്കി.


 

Join WhatsApp News
vaayanakkaaran 2014-04-23 18:01:53
ലളിതവും ഋജുവുമായ ആഖ്യാന ശൈലി. ധാരാളം സാധ്യതകളുള്ള കഥ അന്ത്യമായപ്പോൾ സാധാരണമായിപ്പോയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക