Image

പി.ടി. തോമസിനെ ആര്‍ക്കാണ്‌ പേടി? (ഡി.ബാബുപോള്‍)

Published on 21 April, 2014
പി.ടി. തോമസിനെ ആര്‍ക്കാണ്‌ പേടി? (ഡി.ബാബുപോള്‍)
തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. മാധ്യമങ്ങള്‍ മറ്റ്‌ വിഷയങ്ങള്‍ തേടാന്‍ തുടങ്ങിയിട്ടില്ല. രഹസ്യമായി നടന്ന സംഗതി `ഞാന്‍ കണ്ടേ' എന്ന മട്ടില്‍ അവലോകനം ചെയ്യപ്പെടുകയും അപഗ്രഥിക്കപ്പെടുകയും ചെയ്യുന്നു.

പോളിങ്‌ ശതമാനം അവലംബം ആക്കിയാണ്‌ ചിലര്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്‌. പണ്ടെങ്ങാണ്ട്‌ കേരളത്തിലെ ഏതോ ഒരു തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചവരുടെ സംഖ്യ പൊടുന്നനെ വര്‍ധിച്ചു. അന്ന്‌ വിജയം കോണ്‍ഗ്രസ്‌ പക്ഷത്തിനായിരുന്നു. വോട്ടിനിറങ്ങാന്‍ മടിച്ചിരുന്ന സമ്പന്നവിഭാഗത്തെ ബൂത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞത്‌ വിജയ രഹസ്യമായി വിലയിരുത്തപ്പെട്ടു. ഇന്ന്‌ ആ നിഗമനത്തിന്‌ ബലം പോരാ. അതുകൊണ്ടുതന്നെ പോളിങ്‌ ശതമാനം കൂടിയെന്നോ കുറഞ്ഞെന്നോ ഉള്ളത്‌ ജയപരാജയങ്ങളെ നിര്‍ണായകമായി അടയാളപ്പെടുത്തുന്നുമില്ല.

പോളിങ്‌ ശതമാനത്തില്‍നിന്ന്‌ ആകെ ഗ്രഹിക്കാനാവുന്നത്‌ മത്സരത്തിന്‍െറ തീവ്രതയും വോട്ടര്‍മാരുടെ നിര്‍മമതയിലെ ഏറ്റക്കുറച്ചിലും മാത്രം ആണ്‌ ഈ സാക്ഷരകേരളത്തില്‍. കണ്ണൂരിലും വടകരയിലും ആയിരുന്നു ഏറ്റവും തീക്ഷ്‌ണമായ മത്സരം എന്നും കോഴിക്കോട്ടും കാസര്‍കോട്ടും മത്സരം കടുത്തിരുന്നു എന്നും തെളിയിക്കുന്നതാണ്‌ എണ്‍പതിന്‍െറ ചുറ്റുവട്ടത്തുള്ള ശതമാനക്കണക്ക്‌. എന്നാല്‍, അതുകൊണ്ട്‌ അവിടെയൊക്കെ ജയിക്കുന്നത്‌ ഒരേ മുന്നണി ആയിക്കൊള്ളണമെന്നില്ല. കണ്ണൂരില്‍ ആകെ പോള്‍ ചെയ്‌തത്‌ 9,45,802 വോട്ടുകളാണ്‌. ഫലം വരുമ്പോള്‍ ജയിക്കുന്നത്‌ സുധാകരനായാലും ശ്രീമതി ആയാലും ഭൂരിപക്ഷം ഒന്നുമുതല്‍ ഒരു ലക്ഷം വരെ ആയി എന്നുവരാം.

ബൂത്ത്‌ പിടിക്കുന്നതില്‍പോലും ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്‌ എന്ന്‌ കേള്‍ക്കുന്നു. ഒരു പ്രിസൈഡിങ്‌ ഓഫിസറുടെ നിസ്സഹായത പത്രത്തില്‍ വായിച്ചു. സ്വന്തം പേരിലാണ്‌ ആ ലേഖനം അദ്ദേഹം എഴുതിയതെങ്കില്‍ അദ്ദേഹത്തിന്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ രമേശ്‌ ചെന്നിത്തല ഏര്‍പ്പെടുത്തണം. അല്‌ളെങ്കില്‍ ആള്‍ ഷുക്കൂറാവും എന്ന്‌ ഭയപ്പെടണം.

ആ ലേഖനം വിശ്വസിക്കാം എന്ന്‌ ഞാന്‍ പറയും. കാരണം, കഴിഞ്ഞയാഴ്‌ച ഒരു പഴയ പ്രിസൈഡിങ്‌ ഓഫിസര്‍ ആത്മകഥയുടെ ഒരേട്‌ എനിക്ക്‌ മുന്നില്‍ തുറന്നുവെച്ചപ്പോള്‍ ഞാന്‍ വായിച്ചതും ഏതാണ്ട്‌ ഇതുതന്നെയാണ്‌.

ഇപ്പോള്‍ ഒരു വകുപ്പധ്യക്ഷനാണ്‌ വിദ്വാന്‍. ഞാന്‍ തല്‍ക്കാലം അദ്ദേഹത്തിന്‌ നാരായണന്‍ എന്ന്‌ പേരിടുന്നു. കഴിഞ്ഞ (2009) തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എവിടെയോ പ്രിസൈഡിങ്‌ ഓഫിസര്‍ ആയിരുന്നു. സര്‍വശക്തനെ ധ്യാനിച്ച്‌ ഒരുതരത്തില്‍ നേരം വെളുപ്പിച്ചു. അഞ്ചരമണിക്ക്‌ കട്ടന്‍ചായ. പരിപ്പുവട ഇല്ല. കൊണ്ടുവന്നവരില്‍ മുതിര്‍ന്നയാള്‍ മീശ പിരിച്ചുകൊണ്ടും ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ടും ചോദിച്ചു. `നിങ്ങളില്‍ ആരാണ്‌ നാരായണന്‍?' നമ്മുടെ പ്രിസൈഡിങ്‌ ഓഫിസര്‍ അദ്‌ഭുതം ഉള്ളിലൊതുക്കി ആളറിയിച്ചു. `സ്വന്തം സ്ഥലം മട്ടന്നൂരല്‌ളേ? ഭാര്യ ടീച്ചര്‍. രണ്ട്‌ മക്കള്‍. പ്രത്യേക രാഷ്ട്രീയം ഒന്നും ഇല്ല. അറിയാം. എല്ലാം അറിയാം. ഇങ്ങനെയുള്ള നിഷ്‌പക്ഷമതികളിലാണ്‌ ജനാധിപത്യത്തിന്‍െറ ഭാവി ഉറപ്പിക്കാനാവുന്നത്‌'. നാരായണന്‌ കാര്യം മനസ്സിലായി. വീടും കൂടും ഫലം അനുഭവിക്കാതിരിക്കണമെങ്കില്‍ സഹകരിക്കാവുന്നതാണ്‌ എന്നാണ്‌ നേതാവ്‌ പറഞ്ഞതിന്‍െറ ചുരുക്കം.

`കുളിക്കാന്‍ ചൂടുവെള്ളം റെഡിയാണ്‌ സര്‍. വെള്ളം മാറിക്കുളിച്ചാല്‍ നീരിറങ്ങും. നാസ്‌നാദിപ്പൊടി ദാ പിടിച്ചോ' പിന്നെ ഇഡ്ഡലി, വട, സാമ്പാര്‍, ചട്‌നി.

ഒരു പ്രമുഖ കക്ഷിയുടെ ഏജന്‍റും അയാളെ വണങ്ങിനില്‍ക്കുന്ന നാലുപേര്‍ വെറെയും. പ്രധാനപ്പെട്ട എതിര്‍സ്ഥാനാര്‍ഥിയുടെ ഏജന്‍റിന്‌ പെട്ടെന്നൊരു പനി.

പിന്നെ, എല്ലാം ശറശറാന്ന്‌ നടന്നു. പേര്‌ വിളിക്കുന്നു, വിരലില്‍ മഷി പുരട്ടുന്നു, വോട്ടുയന്ത്രം മൂളുന്നു. പന്ത്രണ്ടരക്ക്‌ ബിരിയാണി. വേണോ വേണ്ടേ എന്ന അന്വേഷണം ഒന്നും ഇല്ല. പ്രിസൈഡിങ്‌ ഓഫിസറുടെ അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ വാതിലടഞ്ഞു. നിരീക്ഷകന്‍ വരുന്നുണ്ടെങ്കില്‍ സി.പി.ഒ സഖാവ്‌ (പഴയ പി.സി 316) വിസിലടിച്ചുകൊള്ളും. സഖാവും നമ്മുടെ ആള്‍ തന്നെ.

ശാപ്പാട്‌ കഴിഞ്ഞ്‌ വോട്ടിങ്‌ തുടങ്ങിയപ്പോള്‍ ഒരമ്മൂമ്മ. അവരുടെ പേര്‌ വിളിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥികളില്‍ ഒരാളിന്‍െറ ഏജന്‍റായി വേഷം കെട്ടിയ ഒരു യുവാവ്‌ പറഞ്ഞു, തള്ളേ വീട്ടില്‍ പോ, നിങ്ങളുടെ വോട്ട്‌ ഞാന്‍ കാലത്തേ ചെയ്‌തു! ഏജന്‍റിന്‍െറ അമ്മൂമ്മയായിരുന്നു വോട്ടര്‍.

നാരായണന്‍പോലും സഹിക്കുന്നതിലേറെയായിരുന്നു അത്‌. `എന്തായിത്‌, ഞാന്‍ കേള്‍ക്കാതെ വേണ്ടേ ഇതൊക്കെ പറയാന്‍?'

സമയം 4.20. നേരത്തേ വന്ന നേതാവ്‌. `സര്‍ കുറച്ചുപേര്‍ വരാനുണ്ട്‌. ഇനി കാക്കണോ? അങ്ങ്‌ ചെയ്‌തേക്കട്ടെ?' പണ്ടില്ലാത്ത ധൈര്യം കൈവന്ന നാരായണന്‍ അനുവദിച്ചില്ലത്രേ.
`ഇതിന്‌ പാര്‍ട്ടിയില്ല സാര്‍. ഇവിടെ സി.പി.എം, അവിടെ കോണ്‍ഗ്രസ്‌, ഒക്കുന്നിടത്ത്‌ ബി.ജെ.പി അത്ര തന്നെ' നാരായണന്‍ പറഞ്ഞുനിര്‍ത്തി.

ഇതൊക്കെ അപഭ്രംശമാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ ജനാധിപത്യം നിലകൊള്ളുന്നത്‌. എങ്കിലും വിരലിലെണ്ണാവുന്ന ഇടങ്ങളില്‍പോലും ഇത്‌ സംഭവിച്ചുകൂടാ എന്ന്‌ നിഷ്‌കര്‍ഷിക്കാന്‍ പിണറായിക്കും സുധീരനും മുരളീധരനും കഴിയാതിരുന്നാല്‍ കേഴുക പ്രിയനാടേ എന്ന്‌ പറയേണ്ടിവരും.

കടുത്ത മത്സരം എന്ന പ്രതീതി ജനിപ്പിക്കുന്നത്‌ ഇത്തരം അഭ്യാസങ്ങള്‍ അരങ്ങേറുന്ന ഇടങ്ങള്‍ അധികരിച്ചിട്ടാണ്‌ എന്ന്‌ പറയുകയല്ല. സംഗതിവശാല്‍ കഴിഞ്ഞയാഴ്‌ച കേട്ട ഒരു അനുഭവം രേഖപ്പെടുത്തിയെന്നുമാത്രം. പോളിങ്‌ ശതമാനം വഴി ഗ്രഹിക്കാനാവുന്ന രണ്ടാമത്തെ സംഗതി സ്ഥാനാര്‍ഥികളോട്‌ പൊതുവെയുള്ള നീരസമോ തെരഞ്ഞെടുപ്പു പ്രക്രിയയിലുള്ള അവിശ്വാസമോ ആണ്‌. പാലായിലും കടുത്തുരുത്തിയിലും പുതുപ്പള്ളിയിലും ശതമാനം കുറഞ്ഞു. മാണിയും ഉമ്മന്‍ ചാണ്ടിയും മോശക്കാരായതുകൊണ്ടല്ല എന്ന്‌ വ്യക്തമല്‌ളേ? ജോസ്‌ കെ. മാണിക്കും മാത്യുതോമസിനും വേണ്ടി മെനക്കെടാന്‍ വയ്യ എന്ന ചിന്തയാണ്‌ നാം വായിച്ചെടുക്കേണ്ടത്‌.

എന്നാല്‍, അതുകൊണ്ട്‌ ജോസ്‌ കെ. മാണി പരാജയപ്പെടും എന്ന്‌ വ്യാഖ്യാനിക്കരുത്‌. മലപ്പുറത്തും പൊന്നാനിയിലും ഇതുതന്നെ കാണണം. അഹമ്മദ്‌ തോല്‍ക്കും എന്ന്‌ പറയാന്‍ ഈ ശതമാനം അതില്‍ത്തന്നെ കാരണമാകുന്നില്ല. അഹമ്മദിനെ എതിര്‍ക്കുന്നവരും സൈനബയെ അനുകൂലിക്കാത്തവരും ആയി ഗണ്യമായ ഒരു സംഖ്യ ഉണ്ട്‌ എന്നുമാത്രം ധരിച്ചാല്‍ മതി.

ഇതിന്‍െറ മറ്റൊരു വശം പത്തനംതിട്ടയില്‍ കാണാം. 2009നെ അപേക്ഷിച്ച്‌ വോട്ടിങ്‌ ശതമാനം കൂടിയ മണ്ഡലം. എന്നിട്ടും കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്‌ അവിടെ രേഖപ്പെടുത്തിയത്‌. പൊതുവെ വിദ്യാസമ്പന്നരുടെ നാട്‌. ജനസംഖ്യാവര്‍ധന വിപരീത ദിശയിലേക്ക്‌ തിരിഞ്ഞുതുടങ്ങിയ മേഖല. പ്രവാസികള്‍ ഏറെയുണ്ട്‌ എന്നത്‌ ഒരു ചെറിയ കാരണം മാത്രം. എനിക്ക്‌ തോന്നുന്നത്‌ പത്തനംതിട്ട സൂചിപ്പിക്കുന്നത്‌ ഒരു `നോട്ടാ' മനസ്സിന്‍െറ നിരാശയാണ്‌ എന്നാണ്‌.

ഏതായാലും താരതമ്യേന സമാധാനപരമായി ഈ ജനാധിപത്യപ്രക്രിയ പൂര്‍ണമായി എന്നതില്‍ സന്തോഷിക്കുക. 2009ല്‍ `ഇടയലേഖനം ഇറങ്ങുന്ന അവസാനത്തെ തെരഞ്ഞെടുപ്പ്‌' എന്നെഴുതിയതിന്‌ ചില യുവവൈദികര്‍ എന്നെ വിമര്‍ശിച്ചിരുന്നെങ്കിലും ആ പ്രവചനം ഇത്തവണ ശരിയായി എന്ന്‌ നിരീക്ഷിക്കാതെ വയ്യ. ഒപ്പം നിരീക്ഷിക്കേണ്ട മറ്റൊന്ന്‌ ആന്‍റണിഉമ്മന്‍ചാണ്ടി സുധീരന്‍സതീശന്‍ തുടങ്ങിയവര്‍ കാലിനിടയില്‍ വാല്‍ തിരുകിയ ആ തെരുവുമൃഗത്തെപ്പോലെ പെരുമാറി പി.ടി. തോമസിന്‌ സീറ്റ്‌ നിഷേധിക്കേണ്ടിയിരുന്നില്ല എന്ന വസ്‌തുതയാണ്‌. വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ്‌ പേടി? ഹു ഈസ്‌ അെ്രെഫഡ്‌ ഓഫ്‌ വെര്‍ജീനിയ വൂള്‍ഫ്‌! സുധീരനില്‍ നിന്ന്‌ നമ്മളാരും ഈ ഭയപ്പാട്‌ പ്രതീക്ഷിച്ചില്ല. ഇതിനെക്കാള്‍ ഭേദം ആ സീറ്റ്‌ ഫ്രാന്‍സിസ്‌ ജോര്‍ജിന്‌ വിട്ടുകൊടുക്കുകയായിരുന്നു. ക്ഷമിക്കണം സുഹൃത്തേ, വിഷമവും നിരാശയും തോന്നിയപ്പോള്‍ കുറിച്ചുപോയതാണ്‌; സ്‌നേഹത്തിനും ബഹുമാനത്തിനും ഒരു കുറവും ഇല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക