Image

ബോബി ചെമ്മണൂരിന്‍െറ മാരത്തണ്‍ സമാപിച്ചു

Published on 23 April, 2014
ബോബി ചെമ്മണൂരിന്‍െറ മാരത്തണ്‍ സമാപിച്ചു

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ബ്ളഡ് ബാങ്ക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നയിച്ച മാരത്തണ്‍ തിരുവനന്തപുരത്ത് സമാപിച്ചു. മാര്‍ച്ച് 12ന് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് പി. കരുണാകരന്‍ എം.പി ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം 812 കിലോമീറ്ററോളം പിന്നിട്ടാണ് തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി വി.എസ് ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, എ. സമ്പത്ത് എം.പി, സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ പത്മിനി തോമസ്, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് റവ. ഡോ. സൂസൈപാക്യം, തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം തുടങ്ങി രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന വിപുലമായ ബ്ളഡ് ബാങ്കും കുറഞ്ഞ ചെലവില്‍ മരുന്ന് ലഭിക്കുന്ന മെഡിക്കല്‍ ഷോപ്പും ദിവസവും ഒരുനേരം ആഹാരം നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം ഓരോ ജില്ലയിലും ആരംഭിച്ചു. ദിവസവും ശരാശരി 50 കിലോമീറ്റര്‍ വീതമാണ് ബോബി ഓടിയത്. ഗിന്നസ് ബുക് ഓഫ് റെക്കോഡ്സ് അംഗീകരിച്ച ആപ്പിള്‍ കമ്പനിയുടെ ഐപോഡ് സെന്‍സര്‍ ചിപ്പ് ഘടിപ്പിച്ച നൈക്ക് കമ്പനിയുടെ ഷൂസ് ധരിച്ചായിരുന്നു ഓട്ടം. ഓടുന്ന ദൂരം കൃത്യമായി ഈ ചിപ്പില്‍ രേഖപ്പെടുത്തും. അമേരിക്കയില്‍ നിന്നാണ് ഷൂസ് എത്തിച്ചത്.

ഒന്നരമാസമായി തുടരുന്ന ഓട്ടത്തില്‍ പിന്നിട്ട 600ഓളം സ്ഥലങ്ങളില്‍ സമൂഹത്തിന്‍െറ നാനാതുറകളിലുള്ള നിരവധി പേര്‍ പങ്കാളികളായി. രക്തദാതാക്കളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ധനസഹായവും നല്‍കിയാണ് മാരത്തണ്‍ കടന്നുപോന്നത്. ഇവിടങ്ങളില്‍ ആംബുലന്‍സ്, വീല്‍ചെയര്‍, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ വിതരണം ചെയ്തു. രക്തദാനത്തിന് സന്നദ്ധത അറിയിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത 812 പേര്‍ക്ക് സമാപന യോഗത്തില്‍ സ്വര്‍ണനാണയം വിതരണം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക