Image

പ്രത്യാശയുടെ സന്ദേശവുമായി ആത്മത്യാഗങ്ങളുടെ ഈസ്റ്റര്‍ (ജോര്‍ജ്‌ തുമ്പയില്‍)

Published on 19 April, 2014
പ്രത്യാശയുടെ സന്ദേശവുമായി ആത്മത്യാഗങ്ങളുടെ ഈസ്റ്റര്‍ (ജോര്‍ജ്‌ തുമ്പയില്‍)
ആത്മത്യാഗങ്ങളുടെ പൂര്‍ണിമ തേടുന്ന ദിവസമാണ്‌ ഈസ്റ്റര്‍ ഞായര്‍ പകല്‍. സ്വയം നടത്തിയ ആത്മപരിശോധനയില്‍ മുന്നില്‍ നിര്‍ത്തിയ യേശുദേവന്‍ ക്രൂശില്‍ നിന്നു സ്വര്‍ഗ്ഗാരോഹണം നടത്തിയതിന്റെ ഓര്‍മ്മപ്പെടുത്തല്‍. ആത്മത്യാഗത്തിന്റെ സകല നിയന്ത്രണങ്ങളും ഏറ്റുവാങ്ങി സ്വയം പശ്ചാത്താപത്തിനും, മാനസന്തരത്തിനും ഉള്ള ഒരു സമയം. ഇതാണ്‌ ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ആഘോഷമാക്കുന്ന ഈസ്റ്റര്‍. പീഡനത്തിന്റെയും സഹനത്തിന്റെയും ആത്മത്യാഗത്തിന്റെയും ഫലം ലഭിച്ച ദിനം. ഈസ്റ്റര്‍ ഓരോ വ്യക്തിയുടെയും സ്വര്‍ഗാരോഹണമാണ്‌. നീറുന്ന ആത്മദുഃഖത്തിന്റെയും പീഡനങ്ങളുടെയും പ്രതിസന്ധികളില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള ആരോഹണം.

നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും, വേദപുസ്‌തകവായനയിലൂടെയും, ധ്യാനത്തിലൂടെയും യേശുദേവനെ ഉള്ളില്‍ സ്വയം വരിക്കുകയും നിത്യനാഥനായി കൂടെ കൂട്ടുകയും ചെയ്യുന്നതിന്റെ തിരു ഓര്‍മ്മയാണ്‌ ഈസ്റ്റര്‍. ദൈവത്തിന്റെ ത്യാഗത്തെയും ജീവിതത്തെയും മനസ്സിലാക്കാനും അവ മനുഷ്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഉള്ള ഒരു സമയം. എല്ലാ ക്രൈസ്‌ത വിശ്വാസികള്‍ക്കും ഈസ്റ്റര്‍ അതിനുള്ള അവസരമാണ്‌ ഒരുക്കി നല്‍കുന്നത്‌. കുരിശില്‍ക്കിടന്നു `എനിക്കു ദാഹിക്കുന്നു' എന്നു വിലപിച്ചപ്പോള്‍ യേശുവിനു കയ്‌പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്‌പുനീര്‍ രുചിക്കുന്ന ആചാരത്തോടെ നോമ്പു പൂര്‍ണമാക്കുന്ന അമ്പത്‌ ദിവസം കൂടിയാണ്‌ ഈസ്റ്റര്‍.

നോമ്പുകാലത്തിന്റെ പൂര്‍ണ്ണമായ സഹനത്തില്‍ നിന്നുള്ള വിടുതലാണ്‌ ഈസ്റ്റര്‍ ദിനം. ദൈവത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പിന്റെ ആഘോഷം നടത്തുന്ന, അനുഭവിക്കുന്ന ഏതൊരു ക്രിസ്‌ത്യാനിയും നോയമ്പുകാലം അനുവര്‍ത്തിച്ചിരിക്കണം എന്നതാണു നിയമം. നമ്മുടെ ജീവിതചര്യകളിലും, ആഹാരത്തിലും, പെരുമാറ്റത്തിലും നാം പാലിക്കുന്ന മിതത്വം, നമ്മുടെ പാപമോചത്തിനായി നാം പൂര്‍ണ്ണമായി ദൈവത്തോട്‌ കടപ്പെട്ടിരിക്കുന്നു എന്നു കൂടിയാണ്‌ ഓരോ നോമ്പുകാലവും എല്ലാ ക്രൈസ്‌തവരെയും ഓര്‍മ്മിപ്പിക്കുന്നത്‌. നോമ്പുകാലത്തു കൂടുതല്‍ പ്രാര്‍ഥന, ദാനവും, ദൈവവചനങ്ങള്‍ കേള്‍ക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്‌തു പൂര്‍ണമനുഷ്യനായി മാറണമെന്നു നിഷ്‌കര്‍ഷിക്കുന്നു. നോമ്പുകാലത്തെ സദുദ്ദേശം നാം നമ്മെത്തെന്നെ സ്വയം പരീക്ഷിച്ച്‌ ദൈവത്തിലേക്ക്‌ കൂടുതല്‍ അടുക്കാനുള്ള ഒരവസരം എന്നതാണ്‌. ഏതിനും നാം ദൈവത്തില്‍ ആശ്രയിച്ചാണ്‌ ജീവിക്കേണ്ടത്‌ എന്നു ഇതു നമ്മേത്തന്നെ ഓര്‍മ്മിപ്പിക്കുന്നു.

ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്‌ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത്‌ ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. െ്രെകസ്‌തവ വിശ്വാസത്തിന്റെ കേന്ദ്രമര്‍മ്മമായ പുനരുത്ഥാനത്തെ അനുസ്‌മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്‌ത്യ സഭകളിലെ വിശ്വാസികള്‍ പരസ്‌പരം ഉപചാരം കൈമാറിയിരുന്നത്‌ ഒരു വിശ്വാസ പ്രഖ്യാപനത്തിലൂടെയാണ്‌. `ക്രിസ്‌തു ഉയിര്‍ത്തെഴുന്നേറ്റു' എന്നൊരാള്‍ പറയുമ്പോള്‍ `സത്യം സത്യമായ്‌ അവിടുന്ന്‌ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു' എന്ന്‌ മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നത്രേ. അതാണ്‌ പിന്നീട്‌ ഈസ്റ്ററായി മാറിയത്‌. സത്യത്തിന്റെ പുനരാഘോഷമായി ഇന്ന്‌ വിപുലമായി ഇതു കൊണ്ടാടപ്പെടുകയും ചെയ്യുന്നു.

ആദ്യത്തെ മൂന്ന്‌ നൂറ്റാണ്ടുകളില്‍ പാസ്‌ക്ക എന്ന പേരിലാണ്‌ ഈസ്റ്റര്‍ ആചരിച്ചിരുന്നു. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ്‌ ഉണ്ടായത്‌. പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട്‌ ആഘോഷിച്ച്‌ തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോസാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്‌. പിന്നീട്‌ ക്രിസ്‌തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്‌തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത്‌ സാര്‍വത്രികപ്രചാരം നേടുകയും ചെയ്‌തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ്‌ പെരുന്നാള്‍ എന്നര്‍ത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന്‌ വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നുണ്ടെന്നു ക്രൈസ്‌തവചരിത്രം വ്യക്തമാക്കുന്നു.

ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികള്‍ യേശുക്രിസ്‌തുവിന്റെ പീഡാനുഭവത്തിന്റെയും തുടര്‍ന്നുള്ള സ്വര്‍ഗ്ഗാരോഹണത്തിന്റെയും പൂര്‍ത്തീകരണത്തെ ഹൃദയത്തില്‍ സ്‌മരിക്കുകയാണ്‌ ഈസ്റ്റര്‍ ദിനത്തില്‍. മാനുഷികമായ ജീവിതത്തില്‍ പരസ്‌പരം സ്‌നേഹിക്കാനും സന്തോഷിക്കാനും ആശ്വസിപ്പിക്കാനും പഠിപ്പിക്കുക കൂടിയാണ്‌ ഈ ദിനം. സഹജീവികളോടു പുലര്‍ത്തേണ്ട കരുണ, അവരുടെ വേദനകളില്‍ പങ്കാളിയാവുക, അവനവനെയെന്നതു പോലെ സഹായിക്കുക എന്നിങ്ങനെ ഈസ്റ്റര്‍ ദിനം ജീവിതമൂല്യങ്ങളുടെ നിത്യസന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നു. പുറമേ, കുരിശ്‌, സഹനം എന്നിവയെ ആശ്രയമാക്കുക എന്ന സന്ദേശമാണ്‌ ഈസ്‌റ്റര്‍ എപ്പോഴും നല്‍കുന്നത്‌. വീണ്ടും ഒരു ഈസ്‌റ്റര്‍ കൂടി കടന്നു വരുന്നു. സ്‌നേഹവും സഹനവും തന്നെയാണ്‌ ഇത്തവണയും സന്ദേശങ്ങള്‍. ഒരുപിടി പ്രാര്‍ത്ഥനകളുമായി, മനസ്സില്‍ മെഴുകുതിരികള്‍ അര്‍പ്പിച്ചു കൊണ്ട്‌ സര്‍വ്വശക്തനായ ജഗദീശ്വരന്റെ പാദാരവിന്ദങ്ങളില്‍ പ്രണമിച്ചു കൊണ്ട്‌, എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍ നേരുന്നു.
പ്രത്യാശയുടെ സന്ദേശവുമായി ആത്മത്യാഗങ്ങളുടെ ഈസ്റ്റര്‍ (ജോര്‍ജ്‌ തുമ്പയില്‍)പ്രത്യാശയുടെ സന്ദേശവുമായി ആത്മത്യാഗങ്ങളുടെ ഈസ്റ്റര്‍ (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക