Image

ന്യൂറോഷലിലുണ്ടായ നാസിയുടെ 1977 ലെ വെടിവെപ്പും വര്‍ഗീസ്‌ പരിയാരത്തിന്റെ അന്ത്യവും (ജോസഫ്‌ പടന്നമാക്കല്‍)

Published on 21 April, 2014
ന്യൂറോഷലിലുണ്ടായ നാസിയുടെ 1977 ലെ വെടിവെപ്പും വര്‍ഗീസ്‌ പരിയാരത്തിന്റെ അന്ത്യവും (ജോസഫ്‌ പടന്നമാക്കല്‍)
ഹഡ്‌സന്‍ നദിയുടെ തീരത്തുള്ള ന്യൂറോഷലെന്ന കൊച്ചുപട്ടണം ആദികാലത്തു വന്നിരുന്ന മലയാളികളുടെ അഭയകേന്ദ്രമായിരുന്നു. ഫ്രാന്‍സിലെ `ലാ റോഷല്‍' എന്ന സ്ഥലത്തുനിന്നുള്ള പ്രഞ്ചുകാര്‍ സ്ഥാപിച്ചതാണ്‌ ഈ പട്ടണം.1688ല്‍ കത്തോലിക്കാ പീഡനങ്ങള്‍മൂലം ഫ്രാന്‍സില്‍നിന്നും രക്ഷപ്പെട്ട 'ഹുഗനോട്ടെന്ന' പ്രൊട്ടസ്റ്റന്റുകാരനാണ്‌ സ്ഥാപകന്‍. ഇന്ത്യാക്കാര്‍ക്ക്‌ തൊഴിലുകള്‍ നല്‌കിക്കൊണ്ടിരുന്ന ഒരു ഹോസ്‌പിറ്റലും അനേക നേഴ്‌സിംഗ്‌ ഹോമുകളും കമ്പനികളും ഉള്ളതുകൊണ്ട്‌ ഈ പട്ടണത്തിലേക്ക്‌ മലയാളികളെ ആകര്‍ച്ചിരുന്നു. കൂടാതെ െ്രെപവറ്റും പബ്ലിക്കുമായ പേരുകേട്ട സ്‌കൂളുകളും താമസിക്കാനുള്ള നല്ല അപ്പാര്‍ട്ട്‌മെന്റുകളും യാത്രാ സൌകര്യങ്ങളും മെട്രോ നോര്‍ത്ത്‌ ട്രെയിന്‍ സ്‌റ്റേഷനും സുന്ദരമായ പാര്‍ക്കുകളുമുള്ളതുകൊണ്ട്‌ കുടുംബമായി താമസിക്കുന്നവര്‍ക്ക്‌ അനുയോജ്യവും സുരക്ഷിതവുമായ
പ്രദേശമായിരുന്നു

എഴുപതുകളിലെ പ്രാരംഭകാലങ്ങളില്‍ ഭൂരിഭാഗം മലയാളീകുടിയേറ്റക്കാര്‍ക്കും സ്വപ്‌നഭൂമിയായ അമേരിക്കാ പുതിയൊരു രാജ്യമായിരുന്നു. എങ്കിലും പരസ്‌പരമുള്ള കൂട്ടായ്‌മ പലര്‍ക്കും സന്തോഷം നല്‌കിയിരുന്നു. സ്വന്തം കുഞ്ഞുങ്ങളെയും നാട്ടിലെ സഹോദരീ സഹോദരങ്ങളെയും പ്രായമായ മാതാപിതാക്കളെയും സംരക്ഷിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരുമായിരുന്നു. തെരഞ്ഞെടുത്ത ഈ രാജ്യത്ത്‌ തനതായ പ്രശ്‌നങ്ങള്‍ പങ്കിട്ട്‌ ഒത്തൊരുമയോടെ ഒരേ സമൂഹമായി മലയാളി കുടുംബങ്ങള്‍ കഴിഞ്ഞിരുന്നു. പരസ്‌പരം തമ്മില്‍ക്കണ്ടും ടെലഫോണ്‍വഴിയും കുശലങ്ങളും ആശയവിനിമയങ്ങളില്‍ക്കൂടിയും ഒരാത്മബന്ധവുമുണ്ടാക്കിയിരുന്നു. മാസത്തിലൊരിയ്‌ക്കല്‍ സമ്മേളനഹാളില്‍ ഭക്ഷണവും പങ്കുവെച്ച്‌ തീന്‍മേശകള്‍ക്കുമുമ്പില്‍ നര്‍മ്മരസങ്ങള്‍ കൈമാറിയിരുന്ന കാലവും ഒര്‍മ്മയില്‍ വരുന്നുണ്ട്‌. പിന്നീട്‌ കുടുംബങ്ങള്‍ വിപുലീകരിച്ചുകൊണ്ടിരുന്നു. വിവാഹിതരായവരുടെ ഇണകളും വന്നുകൊണ്ടിരുന്നു. മാതാപിതാക്കളും സഹോദരീസഹോദരങ്ങളും കുടുംബങ്ങളുംവഴി സമൂഹവും വലുതായി. പ്രശ്‌നസങ്കീര്‍ണ്ണങ്ങളായ ജീവിത ആയോധനത്തില്‍ ആദ്യകാല സൌഹാര്‍ദ്ദബന്ധങ്ങളുടെ മാറ്റും പരിശുദ്ധിയും കുറയാനും തുടങ്ങി. കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങളും തിരക്കുപിടിച്ച ജീവിതവും പള്ളികളും പുരോഹിതരും സമൂഹത്തെ പലതായി വിഭജിക്കുകയും ചെയ്‌തു. ചിലരില്‍ മതവും സ്വാര്‍ഥതയും മുളച്ചുപൊങ്ങി. അത്‌ ആത്മബന്ധങ്ങളുടെയും സ്‌നേഹകൂട്ടായ്‌മയുടെയും ശുഭവസാനമായിരുന്നു.

വര്‍ഗീസ്‌ മണി ദമ്പതികള്‍ 1976 നവംബര്‍മുതല്‍ ന്യൂറോഷലുള്ള 80 ഗയോണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നു. അക്കാലത്ത്‌ അവര്‍ നവ വധൂവരന്മാരായിരുന്നതുകൊണ്ട്‌ വര്‍ഗീസിനെ പരിചയപ്പെടാന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ലായിരുന്നു. മണിയും മണിയുടെ സഹോദരി സുമയും ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായിരുന്നു. വഴിയില്‍വെച്ച്‌ മണിയൊരിയ്‌ക്കല്‍ ഭര്‍ത്താവായ വര്‍ഗീസ്‌ പരിയാരത്തിനെ പരിചയപ്പെടുത്തിയതായും ഓര്‍ക്കുന്നു. കാഴ്‌ചയില്‍ ഇരു നിറവും ചുരുണ്ട തലമുടിക്കാരനുമായിരുന്നു. വര്‍ഗീസിന്റെ ചുരുണ്ട തലമുടിയും മലയാളീനിറവും വരാനിരിക്കുന്ന ഒരപകടത്തിന്‌ മുന്നോടിയാവുകയും ചെയ്‌തു.കറുത്ത വര്‍ഗക്കാരന്റെ തലമുടിയും ഇരുണ്ട ദേഹവും കറുത്തവരോടും യഹൂദരോടും വിരോധമുള്ളവന്റെ തോക്കിന്റെയുന്നം പിഴച്ചില്ല.

വര്‍ഗീസ്‌ മരിക്കുന്നതിന്‌ ഏതാനും ദിവങ്ങള്‍ക്കുമുമ്പ്‌ 80 ഗയോണില്‍ പതിവായി നടത്താറുണ്ടായിരുന്ന പാര്‍ട്ടിയില്‍ ഞാന്‍ അദ്ദേഹത്തോട്‌ സംസാരിച്ചതും ഓര്‍ക്കുന്നു. ഒരേ മേശയില്‍ വര്‍ഗീസും മറ്റൊരു സുഹൃത്തും തമ്മില്‍ അടിയന്തിരാവസ്ഥയെപ്പറ്റിയുള്ള ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിശബ്ദനായി ഞാനും പങ്കുചേര്‍ന്നിരുന്നു. അന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തെപ്പറ്റി അജ്ഞനായിരുന്ന ഞാന്‍ അഭിപ്രായങ്ങളൊന്നും പറഞ്ഞില്ല. അദ്ദേഹം ഇന്ദിരാ ഗാന്ധിയുടെ നയങ്ങള്‍ക്കെതിരായി വീറോടെ വാദിക്കുന്നതും കേട്ടു. പ്രസിഡന്റ്‌ ഫക്രുതിന്‍ ആലി അഹമ്മദിന്റെ വിളംബരമനുസരിച്ച്‌ 1975 മുതല്‍ 1977 വരെയുള്ള 21 മാസക്കാലം ഇന്ത്യയില്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ നിലവിലുണ്ടായിരുന്ന കാലവുമായിരുന്നു.

1977ലെ വാലന്റയിന്‍ദിനത്തില്‍ നാസിപ്രേമിയും വെയിറ്റ്‌ ലിഫ്‌റ്ററുമായ ഫ്രെഡി കൊവാനെന്ന (Frederick William Cowan) കുപ്രസിദ്ധനായ ഒരു ഭീകരന്‍ നെപ്‌റ്റിയൂണ്‍ കമ്പനിയിലെ വെടിവെപ്പുമൂലം ന്യൂറോഷല്‍ നിവാസികളെയും അമേരിക്കന്‍ മലയാളീ ലോകത്തെയും ഞെട്ടിപ്പിച്ചുകൊണ്ട്‌ വാര്‍ത്തകളില്‍ പ്രാധാന്യം നേടി. അയാളുടെ തോക്കിന്മുനയില്‍ വര്‍ഗീസും ബലിയാടായി തീര്‍ന്നു. ഏ ബി.സി. യും സി.ബി.എസും നിറുത്താതെ ഈ ഭീകര വാര്‍ത്ത പ്രക്ഷോപണം ചെയ്‌തുകൊണ്ടിരുന്നു. നാസിഭക്തനായ ഭീകരനില്‍നിന്നും പരിയാരത്ത്‌ വര്‍ഗീസ്‌ വെടിയേറ്റ സംഭവം ഇന്നും ഇവിടുത്തെ പഴമക്കാരായ മലയാളികളുടെ മനസ്സില്‍ വിട്ടുമാറാതെയുണ്ട്‌. അന്നവിടെയുണ്ടായിരുന്ന നെപ്‌ട്യൂണ്‍ മൂവിംഗ്‌ കമ്പനിയില്‍ പത്തുപേരെ അയാള്‍ വെടിവെച്ചു. വെടിയുണ്ട തുളച്ച്‌ ഉടനടി അഞ്ചുപേര്‍ സംഭവസ്ഥലത്ത്‌ മരിച്ചു വീഴുകയും ചെയ്‌തു. ആറാമതൊരാള്‍ ഒരാഴ്‌ചയ്‌ക്കു ശേഷവും മരിച്ചു. തോക്കുധാരിയായ ഫ്രെഡിയെപ്പറ്റി സുഹൃത്തുക്കള്‍ക്കുണ്ടായിരുന്ന ധാരണ വെറുമൊരു സാധാരണ മനുഷ്യനെന്നായിരുന്നു. കഠിനാദ്ധ്വാനിയായ ഫ്രെഡി തന്റെ മാതാപിതാക്കളോടൊപ്പം യോങ്കെഴ്‌സിലായിരുന്നു സംഭവനാളുകളില്‍ താമസിച്ചിരുന്നത്‌.

ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന `ഹിറ്റ്‌ലര്‍' അയാളുടെ ആരാധ്യദേവനായിരുന്നു. നാസികളുടെ പോലുള്ള ആയുധങ്ങള്‍ ശേഖരിക്കുന്നത്‌ ഹോബിയുമായിരുന്നു. ജര്‍മ്മന്‍ ഹെല്‍മെറ്റ്‌ ധരിക്കാനും ഇഷ്ടപ്പെട്ടിരുന്നു. ബെഡ്‌റൂമില്‍ നിന്നും പോലീസ്‌ കണ്ടെടുത്ത ഒരു നാസി പുസ്‌തകത്തില്‍ `മനുഷ്യ ജാതിയില്‍ യഹൂദരും കറുത്ത വര്‍ഗക്കാരും അവരെ സംരക്ഷിക്കുന്ന പൊലീസുകാരുമാണ്‌ നികൃഷ്ട ജീവികളെ'ന്നും ഫ്രെഡി കൊവാന്‍ ഒരു കുറിപ്പില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഫ്രെഡിയൊരിക്കല്‍ കുടിച്ചു ബൊധമില്ലാതിരുന്ന സമയത്ത്‌ ഒരു പട്ടിയെ തൊഴിച്ചു കൊന്നു. കാരണം ആ പട്ടി കറുത്തതായിരുന്നു. മറ്റൊരവസരത്തില്‍ ഒരു ബാറില്‍ കയറി ഒരു യഹൂദസ്‌ത്രീയോട്‌ സംസാരിക്കേണ്ടി വന്നതില്‍ അവിടുത്തെ ടെലിവിഷന്‍ തല്ലി പൊട്ടിച്ചു. സമീപവാസിയായ ഒരു സ്‌ത്രീയുടെ കൂട്ടുകാരന്‍ കറുത്തവനായതുകൊണ്ട്‌ അവളെ തോക്കുചൂണ്ടികാണിച്ചു്‌ പേടിപ്പിച്ചു. സുഹൃത്തുക്കളുടെ അഭിപ്രായമനുസരിച്ച്‌ ഫ്രെഡിയ്‌ക്ക്‌ സ്‌ത്രീകളോട്‌ വലിയ മമതയില്ലായിരുന്നു. `നീ ഒരു പുരുഷനാണെങ്കില്‍ തോക്ക്‌ മേടിക്കൂവെന്ന്‌` അയാള്‍ സഹപ്രവര്‍ത്തകരെ ഉപദേശിയ്‌ക്കുമായിരുന്നു. വര്‍ഗവിവേചന ഭ്രാന്തനായ ഫ്രെഡി ചിലപ്പോള്‍ കൊലവിളികള്‍ നടത്തുമ്പോള്‍ ചുറ്റുമുള്ളവരെ ഭയവിഹ്വലരാക്കുകയും ഞെട്ടിയ്‌ക്കുകയും ചെയ്‌തിരുന്നു.

നെപ്‌റ്റിയൂണില്‍ തോക്കുധാരിയായ ഫ്രെഡി പ്രവേശിച്ചത്‌ അന്നൊരുദിവസം വാലന്റീയന്‍ ദിനത്തില്‍ രാവിലെ ഏഴര മണിയ്‌ക്കായിരുന്നു . അയാളുടെ ലക്‌ഷ്യം താല്‌ക്കാലികമായി കമ്പനിയില്‍നിന്നും തന്നെ പറഞ്ഞുവിട്ട യഹൂദ സൂപര്‍വൈസര്‍ നോര്‍മാന്‍ ബിങ്ങിനെ വക വരുത്തുകയെന്നതായിരുന്നു. പ്രതികാരദാഹത്തോടെ തോക്കുമായി കമ്പനിയ്‌ക്കുള്ളില്‍ പ്രവേശിച്ച അയാളുടെ വഴിയില്‍ കാഫറ്റീരിയാ ലോബിയ്‌ക്കുള്ളില്‍ അന്നുകണ്ട മൂന്നു കറുത്ത വര്‍ഗക്കാരെ ഉടന്‍തന്നെ വെടിവെച്ചു കൊന്നു. അവിടെ കാപ്പികുടിച്ചുകൊണ്ടിരുന്ന നാലാമതു കണ്ട മലയാളിയായ വര്‍ഗീസ്‌ പരിയാരത്തിനെയും വെടി വെച്ച്‌ താഴെയിട്ടു. വര്‍ഗീസിന്റെ കാലിനിട്ടാണ്‌ വെടിയേറ്റത്‌. മണിക്കൂറുകളോളം ഫ്രെഡിയുടെ ചീറി പായുന്ന വെടിയുണ്ടകളില്‍ക്കൂടി ആര്‍ക്കും സമീപത്തടുക്കാന്‍ സാധിക്കാത്ത കാരണം നിസഹായനായി രക്തം വാര്‍ന്നാണ്‌ വര്‍ഗീസ്‌ മരിച്ചത്‌. ഭ്രാന്തന്‍ഫ്രെഡി കെട്ടിടത്തിലന്ന്‌ കയറുന്നത്‌ കണ്ടയുടന്‍ അയാള്‍ തേടുന്നയിരയായ സൂപ്പര്‍വൈസര്‍ `ബിംഗ്‌' തന്റെ ഓഫീസ്‌ മുറിയില്‍നിന്നും രക്ഷപ്പെടാനായി മറ്റൊരു മുറിയിലുള്ള മേശയുടെ താഴെയായി ഒളിച്ചിരുന്നു.

ആദ്യത്തെ പത്തുമിനിറ്റുനുള്ളില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ ഒരു പോലീസ്‌ ഓഫീസര്‍ സംഭവസ്ഥലത്തു വന്നിരുന്നു. അദ്ദേഹവും ഈ നര ദാഹിയുടെ തോക്കിന്റെ വെടിയുണ്ടയില്‍ മരിച്ചു. വന്നെത്തിയ മറ്റു മൂന്നു പോലീസുദ്യോസ്ഥരെയും മുറിവേല്‍പ്പിച്ചു. പോലീസ്‌ വണ്ടിയുടെ കണ്ണാടികള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ജനാല്‌ക്കയില്‌ക്കൂടി അയാള്‍ ഒളിഞ്ഞിരുന്ന്‌ വെടിവെച്ച്‌ തകര്‍ത്തു. സമീപത്തുള്ള സ്‌കൂള്‍ കെട്ടിടത്തിലെ ജനാലകളിലും വെടിയുണ്ടകള്‍ തുളച്ചു കയറ്റി. ഉച്ചയോടുകൂടി 300 പോലീസ്‌ ഓഫീസര്‍മാര്‍ കെട്ടിടത്തിനു ചുറ്റുമുള്ള നിരത്തുകളില്‍ നിരന്നിരുന്നു. ഫ്രെഡി കൊവാന്‍ 'തനിക്ക്‌ വിശക്കുന്നുവെന്നും പൊട്ടറ്റോ സലാഡ്‌ വേണമെന്നും താനാരെയും ഉപദ്രവിക്കില്ലെന്നും പറഞ്ഞ്‌ ന്യൂറോഷല്‍ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചിരുന്നു. ചെയ്‌ത കുറ്റങ്ങള്‍ക്ക്‌ ക്ഷമയും ചോദിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അയാള്‍ സ്വയം നെറ്റിയില്‍ വെടി വെച്ച്‌ ആത്മഹത്യ ചെയ്‌തു. കെട്ടിടത്തില്‍ കയറിയ പോലീസിന്‌ ഫ്രെഡി മരിച്ചോ ഇല്ലയോയെന്ന്‌ വ്യക്തമല്ലായിരുന്നു. പേടിച്ചരണ്ട പതിനാല്‌ ജോലിക്കാരും അവിടെ ഭയന്നുവിറച്ച്‌ ഭീകരനില്‌നിന്നും ഒളിച്ചിരിപ്പുണ്ടായിരുന്നു.

1943 ജൂണ്‍ മാസം ഒന്നാംതിയതി ഫ്രെഡറിക്ക്‌ വില്യം കൊവാന്‍ ന്യൂറോഷലില്‍ ജനിച്ചു. ഒരു പോസ്റ്റലുദ്യോഗസ്ഥനായിരുന്ന വില്ല്യമിന്റെയും ഡൊറോത്തിയുടെയും മകനായിരുന്നു അയാള്‍. മാതാപിതാക്കളോടൊപ്പം യോങ്കെഴ്‌സില്‍ താമസിച്ചിരുന്നു. ഫ്രെഡിയ്‌ക്ക്‌ രണ്ട്‌ സഹോദരന്മാരും ഉണ്ടായിരുന്നു. ബ്ലസഡ്‌ സാക്രമെന്റ്‌റ്‌ എലിമെന്ററി സ്‌കൂളില്‍ പഠിച്ച്‌ 1957ല്‍ അവിടെ പഠനം പൂര്‍ത്തിയാക്കി. സ്‌കൂള്‍ ജീവിതത്തിലെ എട്ടുവര്‍ഷക്കാലവും പഠിക്കാന്‍ നല്ല മിടുക്കനായിരുന്നു. 'നല്ല കയ്യക്ഷരത്തിന്റെ ഉടമയും ക്ലാസ്സില്‍ മുടങ്ങാതെ വന്നിരുന്ന കുട്ടിയുമായിരുന്നെന്ന്‌' ഫ്രെഡിയുടെ .ഒരു അദ്ധ്യാപകന്‍ സംഭവം കഴിഞ്ഞ്‌ വാര്‍ത്താ ലേഖകരോട്‌ പറയുകയുണ്ടായി. പിന്നീട്‌ ഫ്രെഡി വൈറ്റ്‌പ്ലയിന്‍സിലുള്ള സ്‌റ്റെഫനാക്ക്‌ കത്തോലിക്കാ സ്‌കൂളില്‍നിന്നും ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കി. അവിടെ അമേരിക്കന്‍ ഗയിമായ ഫൂട്‌ബോള്‍ കളിക്കാരനായിരുന്നു. 1961 ല്‍ വില്ലനോവാ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗിന്‌ പഠിക്കാന്‍ തുടങ്ങി. പഠനം പൂര്‍ത്തിയാക്കാതെ 1962 ല്‍ മിലിട്ടറിയില്‍ ചേര്‍ന്നു. ജര്‍മ്മനിയിലെത്തിയ അദ്ദേഹം വഴിയില്‍ കിടന്ന ഒരു വോള്‌സ്‌ വാഗണ്‍ വണ്ടി സ്വയമുയര്‍ത്തി തലകീഴായി മറിച്ചിട്ട്‌ കൈ കാലുകള്‍കൊണ്ട്‌ കേടുപാടുകളുണ്ടാക്കി. അന്ന്‌ പട്ടാളകോടതിയെ അഭിമുഖീകരിക്കേണ്ടി വന്നു. 1965ല്‍ ഒരു കാറപകടമുണ്ടാക്കിയിട്ട്‌ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതുമൂലം ജയില്‍ ശിക്ഷയും കിട്ടി.1965 മാര്‍ച്ച്‌ മാസം അയാളെ അമേരിക്കയിലേക്ക്‌ മടക്കിയയച്ചു.

കമ്പനിയിലെ തൊഴിലില്‍ വീഴ്‌ച വരുത്തിയതിന്‌ രണ്ടാഴ്‌ച ത്തെയ്‌ക്കായിരുന്നു ഫ്രെഡിയെ ജോലിയില്‍നിന്ന്‌ പുറത്താക്കിയത്‌. കമ്പനിയില്‍ സ്ഥിരം വരുന്ന കസ്റ്റമേഴ്‌സിനോട്‌ അപമര്യാദയായി പെരുമാറിയെന്നതും കാരണമായിരുന്നു. ഒരു റെഫ്രിജരേറ്റര്‍ മാറ്റാന്‍ സൂപ്പര്‍വൈസര്‍ ഫ്രെഡിയോടാവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാതിരുന്നതും ഫ്രെഡി കമ്പനിയുടെ കറുത്ത പട്ടികയില്‍പ്പെടാന്‍ കാരണമായി. താല്‌ക്കാലികമായി പിരിച്ചുവിട്ടതിന്റെ കാലാവധി കഴിഞ്ഞ്‌ സംഭവത്തിന്‍റെ തലേദിവസം വീണ്ടും ജോലിയ്‌ക്ക്‌ വരേണ്ടതായിരുന്നു. പക്ഷെ അയാളന്ന്‌ കമ്പനിയില്‍ ഹാജരായില്ല.

250 പൌണ്ട്‌ ഭാരവും ആറടി പൊക്കവുമുള്ള ഈ തോക്കുധാരി പത്തു വര്‍ഷത്തോളം നെപ്‌ട്യൂണ്‍ കമ്പനിയില്‍ ജോലിചെയ്‌തിരുന്നു. പോലീസുമായി ഒരു മണിക്കൂറോളമന്ന്‌ പരസ്‌പരം വെടി വെച്ചുകൊണ്ടിരുന്നു. ദിവസം മുഴുവന്‍ വെടിവെയ്‌ക്കാനുള്ള വെടിയുണ്ടകള്‍ അയാളുടെ കൈവശമുണ്ടായിരുന്നു. റൊണാള്‍ഡ്‌ കോവല്‍ എന്നൊരാള്‍ നെപ്‌ട്യൂണിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട്‌ പറയുന്നതിങ്ങനെ, `അന്ന്‌ ഫ്രെഡി കമ്പനിയ്‌ക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ താന്‍ വാതിലിനൊരടി മാറി നില്‌ക്കുകയായിരുന്നു. ഫ്രെഡിയുടെ ഉഗ്രമായ മസിലും തോക്കും കണ്ടയുടന്‍ ഭയംകൊണ്ട്‌ വിറച്ചിരുന്നു. ഒന്നും ചെയ്യരുതേയെന്ന്‌ ജീവനുവേണ്ടി താന്‍ ഫ്രെഡിയോട്‌ യാജിച്ചു.' ഫ്രെഡി തോക്കും ചൂണ്ടി പറഞ്ഞു, `പോവൂ, ഇനിമേലില്‍ നെപ്‌ട്യൂണിലേക്ക്‌ നീ മടങ്ങി വരരുത്‌'. ! `പിന്നീട്‌ പുറകോട്ട്‌ നോക്കിയില്ല. ജീവനും കൊണ്ട്‌ ഓടിക്കൊണ്ടിരുന്നു.` സൂപര്‍ വൈസര്‍ `നോര്‍മാന്‍ ബിംഗിനെ' വെടിവെക്കാന്‍ `നോര്‍മാനെവിടെ' യെന്നലറിക്കൊണ്ട്‌ തോക്കുമായി ചുറ്റും തേടുന്നുണ്ടായിരുന്നു. അനേക മണിക്കൂറുകളോളം ഒളിച്ചിരുന്ന 'നോര്‍മാന്‌' പരിക്കുകളൊന്നും കിട്ടിയില്ല.

നാസി കാലത്തുണ്ടായിരുന്ന കിട്ടാവുന്ന തരങ്ങളിലുള്ള തോക്കുകള്‍ ഫ്രെഡി കൊവാന്‍ ശേഖരിക്കുമായിരുന്നു. ഹിറ്റ്‌ലറെ ആരാധിക്കുന്ന വിവരം മറ്റുള്ളവരില്‍നിന്നും ഒളിച്ചും വെച്ചിരുന്നില്ല. കുരിശുകള്‍, കത്തികള്‍, തലയോട്ടികള്‍,സ്വാസ്‌തിക, നാസി കൊടികള്‍ എന്നീ പച്ച കുത്തിയ അടയാളങ്ങള്‍ അയാളുടെ കൈകളിലും ദേഹത്തും കാണാമായിരുന്നു. വെടിവെക്കുന്ന സമയം അയാളുടെ മാതാപിതാക്കളും ബന്ധു ജനങ്ങളും സംഭവസ്ഥലത്തു വന്ന്‌ ഫ്രെഡി കൊവാനോട്‌ 'മകനേ കീഴടങ്ങൂവെന്ന്‌' കേണപേക്ഷിച്ചിട്ടും പ്രയോജനമുണ്ടായില്ല. ആദ്യത്തെ തുടര്‍ച്ചയായ വെടിവെപ്പിനു ശേഷം അനേക മണിക്കൂറുകളോളം വെടിയുടെ ശബ്ദമില്ലായിരുന്നു. ഇടവേളയ്‌ക്കുശേഷം ഉച്ചകഴിഞ്ഞ്‌ രണ്ടേമുക്കാല്‍ മണിയോടെ വെടിയുടെ ഒരു ശബ്ദം പുറം ലോകം കേട്ടു. അത്‌ അയാള്‍ സ്വയം വെടിവെച്ചതായിരുന്നു. അധികാരികള്‍ ഫ്രെഡി കൊവാന്‍ മരിച്ചുകിടക്കുന്ന സ്ഥലത്ത്‌ പ്രവേശിക്കാന്‍ ഭയപ്പെട്ടു. അയാളുടെ കൈവശം പൊട്ടിത്തെറിക്കുന്ന ബോംബുണ്ടെന്നോര്‍ത്തിരുന്നു. എന്നാല്‍ അത്തരം ബോംബോ ഹാന്‍ഡ്‌ ഗ്രനേഡോ അവിടെയുണ്ടായിരുന്നില്ല. രാത്രി എട്ടുമണിയോടെ ഫ്രെഡി കൊവാന്റെ മൃതശരീരം പുറത്തെടുത്തു.

പരിയാരം വര്‍ഗീസ്‌ നെപ്‌റ്റിയൂണ്‍ കമ്പനിയില്‍ അന്ന്‌ ഇലക്ട്രിഷ്യനായിരുന്നു. വര്‍ഗീസിന്‌ കമ്പനിയില്‍ ജോലി ലഭിച്ചത്‌ ഒരാഴ്‌ച മുമ്പായിരുന്നു. സുവര്‍ണ്ണ ഭൂമിയിലെ കിട്ടാനുണ്ടായിരുന്ന ആദ്യത്തെ പേചെക്കുപോലും ആ പാവം കണ്ടില്ല. അമേരിക്കയില്‍ കുടിയേറിയതും ന്യൂറോഷലില്‍ വന്നതും മരിക്കുന്നതിന്‌ നാലുമാസം മുമ്പായീരുന്നു. താന്‍ പഠിച്ച തൊഴിലില്‍ ജോലി കിട്ടിയതില്‍ വര്‍ഗീസ്‌ വളരെയേറെ സംതൃപ്‌തനുമായിരുന്നു.

നെപ്‌റ്റിയൂണിലെ വെടിവെപ്പില്‍ ഞാനന്ന്‌ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അന്ന്‌ എന്റെകൂടെ ജോലി ചെയ്‌തിരുന്ന ഫ്രെഡ്‌ ജോണ്‍സന്‍ എന്നയാള്‍ റേഡിയോയില്‍ക്കൂടി വാര്‍ത്ത ശ്രവിക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ്‌ നെപ്‌റ്റിയൂണിലെ വെടിവെപ്പിനെപ്പറ്റിയുള്ള വാര്‍ത്ത കേട്ടത്‌. കൊല്ലും കൊലയും അമേരിക്കയില്‍ സ്ഥിരമായതുകൊണ്ട്‌ നെപ്‌ട്യൂണിലെ ! വാര്‍ത്തകള്‍ക്കധികം ഞാനന്ന്‌ വലിയ പ്രാധാന്യവും കല്‍പ്പിച്ചില്ല. പരിയാരത്ത്‌ വര്‍ഗീസിന്‌ വെടിയേറ്റ വാര്‍ത്തയും ഞാനന്ന്‌ കേട്ടു. അദ്ദേഹം ആ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നതും അറിയില്ലായിരുന്നു. വര്‍ഗീസിന്റെ മരണം വിശ്വസിക്കാന്‍ സാധിക്കാതെ മറ്റുള്ള സുഹൃത്തുക്കളില്‍നിന്നും അന്വേഷിച്ച്‌ അത്‌ സത്യമാണെന്നും മനസിലാക്കി. സംഭവിച്ചതറിയാനുള്ള ജിജ്ഞാസകാരണം ജോലിയില്‍നിന്നും ഞാന്‍ ഉടന്‍തന്നെ നെപ്‌റ്റിയൂണ്‍ കമ്പനി നിലകൊള്ളുന്ന സ്ഥലത്തേക്ക്‌ കാറോടിച്ചു. നൂറുകണക്കിന്‌ പോലീസ്‌ വണ്ടികള്‍ നിരന്നുകിടക്കുന്ന നിരത്തിലേക്ക്‌ അടുക്കാന്‍ സാധിച്ചില്ല. ഒരു സുഹൃത്തിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും സംഭവിച്ച ദുരന്തത്തെയോര്‍ത്ത്‌ മനസാകെ ദുഖവും വേവലാതിയുമുണ്ടായിരുന്നു.

വര്‍ഗീസിന്റെ മൃതദേഹം വല്‌ഹാല്ലാ ഹോസ്‌പിറ്റലില്‍ കിടത്തിയിരിക്കുന്നതറിഞ്ഞ്‌ അവിടേയ്‌ക്ക്‌ തിരിച്ചു. അറിഞ്ഞുകേട്ട മലയാളികള്‍ ഹോസ്‌പിറ്റലിന്റെ പരിസരങ്ങളില്‍ ഉണ്ടായിരുന്നു. ആരെയും മൃതദേഹം കാണാന്‍ അനുവദിച്ചിരുന്നില്ല. മരിച്ചയാളിന്റെ സ്വന്തമാണെന്നു തെറ്റിദ്ധരിച്ച്‌ മൃതദേഹം കാണാന്‍ എന്നെ അനുവദിച്ചു. മൃതനായി കിടക്കുന്ന വര്‍ഗീസിന്റെ ശരീരം ഒരു ജനാലയുടെ സമീപം കിടത്തിയിരിക്കുന്നത്‌ കണ്ടു. ഉറങ്ങി കിടക്കുന്നുവെന്നേ തോന്നുമായിരുന്നുള്ളൂ. ഒരു നിമിഷം ദേഹി വെടിഞ്ഞ നിശ്ചലമായ ആ ദേഹത്തെ ഞാനൊന്ന്‌ നോക്കി. യാതൊരു കുറ്റവും ചെയ്യാതെ സത്യമായി ജീവിച്ച യുവാവായ ഒരു മനുഷ്യന്‍ അവിടെ വിശ്രമിക്കുന്നു. മനുഷ്യത്വമറ്റുപോയ ഒരുവന്റെ തോക്കുമുനയില്‍ അവസാനിച്ച അവനിനി നിര്‍വൃതിയിലായിരിക്കും. ജീവിക്കുന്നവര്‍ക്ക്‌ ഇനിയും ദൈവസ്‌ത്രോത്രങ്ങളും ഗാനങ്ങളും പാടിയേ തീരൂ. സ്വതന്ത്രനായ അവന്‍ ഭാഗ്യവാനായി ദൈവത്തിങ്കലും. അവനെ നഷ്ടപ്പെട്ടവരായവര്‍ക്ക്‌ ഓര്‍മ്മകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ സാധിക്കില്ല. വേദനകള്‍ക്ക്‌ ശമനവും ഉണ്ടാവില്ല. എവിടെയോ ആ മുഖം ഇന്നും മനസിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്‌.

അന്നുള്ള മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും ബന്ധുക്കളുടെ വീര്‍പ്പുമുട്ടലുകളും അദ്ദേഹത്തിന്‍റെ വിധവയായ ഭാര്യയുടെ വിലാപവും ഹൃദയം പൊട്ടുന്ന കാഴ്‌ചകളായിരുന്നു. തികച്ചും സുപരചിതനല്ലാതിരുന്ന വര്‍ഗീസിന്റെ മരണാനന്തര ചടങ്ങുകളിലെല്ലാം ആയിരക്കണക്കിന്‌ ജനങ്ങള്‍ സംബന്ധിച്ചു. അതിനുശേഷം മൃതദേഹം ജനിച്ച നാട്ടിലേക്ക്‌ കൊണ്ടുപോയി; അവിടെയുള്ള സെമിത്തേരിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്‌തു. ഫ്രെഡി കൊവാന്റെ തോക്കിന്‍മുനയില്‍ നിശബ്ദനായ വര്‍ഗീസിനെ അമേരിക്കന്‍ മലയാളീ കുടിയേറ്റചരിത്രത്തിന്റെ സുവര്‍ണ്ണതാളുകളില്‍ റ്റൈറ്റാനിക്ക്‌ കഥപോലെ രേഖപ്പെടുത്തിക്കഴിഞ്ഞു.

വര്‍ണ്ണ വിവേചനം പുലര്‍ത്തുന്ന ഒരു ക്രൂരനില്‍നിന്നാണ്‌ നിസഹായരായ ഏതാനും പേരും അവരെ രക്ഷിക്കാന്‍ വന്ന നിയമ പാലകനും മരിച്ചത്‌. മരിച്ചവരുടെ കുഞ്ഞുങ്ങളായ മക്കള്‍ തങ്ങളുടെ പിതാവ്‌ എന്തിന്റെ പേരില്‍ മരിച്ചെന്ന്‌ ചോദിച്ചാല്‍ ചുറ്റുമുള്ള ബന്ധുക്കള്‍ എന്തുത്തരം പറയും? തങ്ങളുടെ പിതാവ്‌ യഹൂദനായി, കറുത്ത വര്‍ഗക്കാരനായി, നിറമില്ലാത്ത ഭാരതീയനായി ജനിച്ചത്‌ പാപമോ? ഇതു തന്നെയാണ്‌ ഭാരതത്തിലെ ദളിതരായവര്‍ക്കും ഉന്നതകുല ജാതരായവരോട്‌ ചോദിക്കാനുള്ളത്‌. വളരുന്ന മരിച്ചവരുടെ മക്കളും ഇനി സംശയങ്ങളായി വരാം. ഒരുപക്ഷെ ജീവിതസത്യങ്ങളെ അവരുള്‍ക്കൊണ്ടേക്കാം. തന്റെ അപ്പന്റെ കഥ ഒളിച്ചുവെച്ചന്നോര്‍ത്ത്‌ ഉറക്കമില്ലാത്ത രാത്രികള്‍ അവനെ, അവളെ ശാന്തമായി വേട്ടയാടുന്നുണ്ടാകാം. മരണമെന്ന സത്യത്തിനുമുമ്പിലുള്ള ഉറക്കമെന്താണ്‌? നിറത്തിന്റെ പേരില്‍, വര്‍ഗത്തിന്റെ പേരില്‍ മരിച്ചെന്ന്‌ മരിച്ചവരറിയുന്നില്ല. എന്നാല്‍ ഉറക്കമില്ലാതെ ജീവിക്കുന്നവരറിയുന്നു. ദൈവ സൃഷ്ടിയിലൊന്നായ നാമെല്ലാം ഒന്നിച്ചോടുന്നു. അത്‌ സത്യമാണ്‌. ഇത്തരം വര്‍ണ്ണ വര്‍ഗ വിവേചനമുള്ള ഭ്രാന്തന്‍ ലോകമായിരുന്നെങ്കില്‍ എനിക്കോടാന്‍ സാധിക്കില്ലായിരുന്നു. ഈ ക്രൂരത മനുഷ്യജാതിയില്‍നിന്നും വിട്ടകലണം.

യുവാവായ വര്‍ഗീസ്‌ പ്രതീക്ഷകളോടെ ഡോളറിന്റെ നാട്ടില്‍ വന്നു. ചെറുപ്പകാലത്തിലെ ഊഷ്‌മളതയില്‍ സ്‌നേഹമുള്ള ഭാര്യ, മക്കള്‍, കുടുംബം അങ്ങനെയേറെ സ്വപ്‌നങ്ങളുമായിട്ടാണ്‌ ഈ നാടിന്റെ മണ്ണില്‍ കാലുകുത്തിയത്‌. എന്നാല്‍ അവരുടെ ദാമ്പത്തിക ജീവിതം വെറും നാലുമാസത്തിനുള്ളില്‍ അവസാനിച്ചു. വിധി അദ്ദേഹത്തെ മാന്യമായി മരിക്കാന്‍ അനുവദിച്ചില്ല. ഒരു ഭീകരന്റെ തോക്കില്‍നിന്നും വന്ന വെടിയുണ്ടകളില്‍ ഇല്ലാതാക്കി. സൂര്യോദയ കിരണങ്ങളില്‍ അന്നുണര്‍ന്ന വര്‍ഗീസ്‌ അന്നത്തെ സൂര്യാസ്‌തമയം താനില്ലാത്തതെന്ന്‌ അറിഞ്ഞിരുന്നില്ല.
ന്യൂറോഷലിലുണ്ടായ നാസിയുടെ 1977 ലെ വെടിവെപ്പും വര്‍ഗീസ്‌ പരിയാരത്തിന്റെ അന്ത്യവും (ജോസഫ്‌ പടന്നമാക്കല്‍)ന്യൂറോഷലിലുണ്ടായ നാസിയുടെ 1977 ലെ വെടിവെപ്പും വര്‍ഗീസ്‌ പരിയാരത്തിന്റെ അന്ത്യവും (ജോസഫ്‌ പടന്നമാക്കല്‍)ന്യൂറോഷലിലുണ്ടായ നാസിയുടെ 1977 ലെ വെടിവെപ്പും വര്‍ഗീസ്‌ പരിയാരത്തിന്റെ അന്ത്യവും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
Thomas koovallur 2014-04-22 03:46:36
 ഇത്രമാത്രം നല്ലൊരു ചരിത്രപരമായ ലേഖനം എഴുതാൻ ഒരു നല്ല ചരിത്രകാരന് മാത്രമേ സാധിക്കയുള്ളൂ എന്നുള്ളതിന് യാതൊരു സംശയവുമില്ല. ശ്രീമാൻ ജോസഫ്‌ മാത്യു പടന്നമാക്കൽ ഒരിക്കൽ കൂടി തൻ ഒരു ചരിത്രകാരൻ ആണെന്ന് ഈ ലേഖനത്തില കൂടി തെളിയിച്ചു കഴിഞ്ഞു. സമീപ കാലത്ത് ഇത്രമാത്രം അറിവുള്ള ഒരു ചരിത്രകാരനെ ഞാൻ കണ്ടിട്ടില്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു. ഇദ്ദേഹത്തിന്റെ ഈ ലേഖനം വാസ്തവത്തിൽ മലയാള ഭാഷക്ക് ഒരു മുതല്കൂട്ടുകൂടി  ആണെന്നുള്ള സത്യം  തുറന്നു പറഞ്ഞുകൊള്ളട്ടെ. അദ്ദേഹത്തിന് എന്റെ അഭിനന്ദനം. ഇനിയും ഇതുപോലുള്ള നല്ല ലേഖനംകൾ എഴുതി മലയാള ഭാഷയെ പോഷിപ്പിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശിക്കുന്നു. 
തോമസ്‌ കൂവള്ളൂർ
വിദ്യാധരൻ 2014-04-22 13:31:25
മനോഹരമായി എഴുതിയ ലേഖനം വായിച്ചു കഴിയുമ്പോൾ വറുഗീസ് പരിയത്തും, അകാലത്തിൽ പൊലിഞ്ഞുപോയ അമേരിക്കൻ സ്വപ്നവും എല്ലാം മനസ്സിൽ നൊമ്പരം ആയി അവശേഷിക്കുന്നു. ആ കുടുംബത്തിൻറെ ഇന്നത്തെ അവസ്ഥ എന്തായിരിക്കുമോ എന്തോ? ഒരു നല്ല എഴുത്തുകാരന് മാത്രമേ ഇങ്ങനെ കഴിഞ്ഞ സംഭവങ്ങളെ പുനരാവഷ്ക്കരിക്കാൻ കഴിയു. തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. മറ്റു എഴുത്തുകാർക്കും വായിക്കാൻ പറ്റിയത് തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക