Image

നിര്‍മ്മലയുടെ നോവല്‍, 'പാമ്പും കോവണിയും' ഡി.സി. പ്രസിദ്ധീകരിച്ചു

Published on 21 April, 2014
നിര്‍മ്മലയുടെ നോവല്‍, 'പാമ്പും കോവണിയും' ഡി.സി. പ്രസിദ്ധീകരിച്ചു
From DC Books 

PAMPUM-KONIYUM
പ്രവാസം എന്നത് മലയാളി ജീവിതത്തെയും സമ്പദ്ഘടനയെയും താങ്ങിനിര്‍ത്തുന്ന സാമൂഹിക പ്രതിഭാസമാണെങ്കിലും അടുത്ത കാലം വരെ മലയാള സാഹിത്യത്തില്‍ അതിന് വേണ്ട പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പ്രവാസ സാഹിത്യം എന്നൊരു വിഭാഗം പോലും നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. പക്‌ഷെ ഈ അവസ്ഥയിലും സ്ത്രീപ്രവാസം പറയാന്‍ കൊള്ളാത്തതായി അവശേഷിക്കുന്നു. ആ മൗനത്തിന് ശബ്ദവും ദൃശ്യവും നല്‍കുകയാണ് പാമ്പും കോണിയും എന്ന നോവലിലൂടെ നിര്‍മ്മല.

കുറേ കുടിയിറക്കങ്ങളുടെയും കുടിയേറ്റങ്ങളുടെയും ഫലമായി കാനഡയിലെത്തിച്ചേരുന്ന സാലി എന്ന യുവതിയുടെ ആത്മഭാഷണങ്ങളാണ് ഈ നോവലിലെ പ്രധാന കഥാതന്തു. അവളെപ്പോലെ ഭാഗ്യാന്വേഷികളായ മറ്റു ചില വ്യക്തികളും കുടുംബങ്ങളും സാലിയുടെ ആഖ്യാനത്തിനൊപ്പം കടന്നുവരുന്നു. ജോയിമാരുടെയും ഈപ്പന്മാരുടെയും ജിമ്മിമാരുടെയും യോഹന്നാന്മാരുടെയും വിജയന്മാരുടെയുമെന്ന പോലെ സാലിമാരുടെയും തെയ്യാമ്മമാരുടെയും ലളിതമാരുടെയും എത്സിമാരുടെയും ഡാര്‍ളിമാരുടെയും വിയര്‍പ്പിലും രക്തത്തിലും പണിതതാണ് മലയാളിസമൂഹത്തിന്റെ സമ്പദ്യവസ്ഥയും വിശ്വവിഖ്യാതമായ കേരളമാതൃകയുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നിര്‍മ്മല ഈ നോവലിലൂടെ.

മറ്റാരോടും ഒന്നും സംസാരിക്കാനില്ലാത്തതിനാല്‍ അവനവനോടുതന്നെ നിരന്തരം സംസാരിക്കുന്ന ഒരു ശൈലിയാണ് നോവലിലുടനീളം കാണുന്നതെന്ന് നോവലിനെക്കുറിച്ച് പഠനം നടത്തിയ സി എസ് വെങ്കിടേശ്വരന്‍ അഭിപ്രായപ്പെടുന്നു. നോവലിലെ കഥാപാത്രങ്ങള്‍, പ്രത്യേകിച്ചും ദാമ്പത്യബന്ധങ്ങളില്‍, ഒരാള്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളില്‍ മറ്റേയാള്‍ക്ക് യാതൊരു താല്പര്യവുമില്ല. അത് താനനുഭവിക്കുന്ന മാരകരോഗത്തെക്കുറിച്ചുള്ള വിവരമാണെങ്കില്‍പ്പോലും. ഈ നോവലിലെ ദമ്പതികള്‍ അവരവരുടേതായ മാനസികലോകങ്ങളില്‍ ജീവിക്കുന്നവരാണ്. അവനവനിലേക്ക് നാടുകടത്തപ്പെട്ട് ജീവപര്യന്തം ഒരേകാന്തയാത്രയ്ക്കു വിധിക്കപ്പെട്ടവര്‍. അവര്‍ക്ക് ആകാശത്തോടും മേഘങ്ങളോടും മഴയോടും കിളികളോടും വീട്ടുപകരണങ്ങളോടും സംസാരിക്കാന്‍ കഴിയും. എന്നാല്‍ കൂടെയുള്ള ഇണയെ സ്പര്‍ശിക്കാനേ കഴിയുന്നില്ല. അവര്‍ക്ക് കൂടുതല്‍ അടുപ്പം എന്നോ നഷ്ടപ്പെട്ട നാട്ടിലുപേക്ഷിക്കപ്പെട്ട പ്രേമഭാജനങ്ങളോടാണ്. സി എസ് വെങ്കിടേശ്വരന്‍ പറയുന്നു.
pampum-koniyum
കാനഡയില്‍ താമസിക്കുന്ന നിര്‍മ്മലയ്ക്ക് തകഴി പുരസ്‌കാരം, ഉത്സവ് കഥ പുരസ്‌കാരം, അങ്കണം സാഹിത്യ അവാര്‍ഡ്, ലാന കഥാ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പ്രഥമ കഥാസമാഹരമായ ആദ്യത്തെ പത്ത് പോഞ്ഞിക്കര റാഫി പുരസ്‌കാരം നേടി. നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി എന്ന കഥാസമാഹാരത്തിന് നോര്‍ക്ക പ്രവാസി പുരസ്‌കാരം ലഭിച്ചു.  നിര്‍മ്മലയുടെ ചില തീരുമാനങ്ങള്‍ എന്ന കഥയെ ആധാരമാക്കിയാണ് ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് എന്ന ചലച്ചിത്രം ഒരുങ്ങിയത്.

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിക്കളത്തില്‍ സ്വന്തം ജീവിതങ്ങള്‍ ഇറക്കിവെച്ച ഒരുകൂട്ടം മലയാളികളുടെ കഥ പറയുന്ന പാമ്പും കോണിയും ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്.

DC news:  www.dcbooks.com/pampum-koniyum-by-nirmala-released.html

To buy online:  http://onlinestore.dcbooks.com/books/pampum-koniyum

E-book :  http://ebooks.dcbooks.com/ebook/index/detail/view_ebook/ebook/499057/Pampum-Koniyum  

Summary in English:

Pampum Koniyum by Nirmala Released

A new trend of writing a travelogue is born in Malayalam literature in recent times. There are many who have penned their travel explorations, especially male litterateurs. Pampum Koniyum is a novel by Nirmala. The novel explores the life of Sali who has to immigrate to Canada where she has to face many obstacles for her livelihood. Sali meets many people who too like her come to the place for the source of revenue. Pampum Koniyum which chronicles the life of few Malayalees residing in Canada is published by DC Books as a part of DC Sahityolsavam.

Related Posts:

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക