Image

പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം (അവസാനഭാഗം) : പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള

പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള Published on 21 April, 2014
പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം (അവസാനഭാഗം) : പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള
സ്വാത്വികവും സുധീരവും ആയ നടപടികള്‍
കൊളോനിയല്‍ ചരിത്രത്തിലും കേരളത്തിന്റെ പാരമ്പര്യത്തിലും ഉള്ള ഒരു പ്രധാനകാര്യം, കൊളോണിയല്‍, പൊരോഹിത്യത്തിന്റെ പീഡനപരിപാടികളെ, മലങ്കര സുറിയാനിക്രിസ്ത്യാനികള്‍ ചെറുത്തു എന്നുള്ളതാണഅ. അതിന് അവര്‍ക്കു ധൈര്യം നല്‍കിയത് യേശുക്രിസ്തുവിന്റെ ആത്മീയ ശാസനകളായ മനുഷ്യത്വവും സാമൂഹ്യതയും, ആകുന്നു.

മല്‍പ്പാനും പാറേമ്മാക്കല്‍ തോമ്മാ കത്തനാരും(ഗ്രന്ഥകാരന്‍) ഏത് വിശുദ്ധമായ ചുറ്റുപാടുകളിലും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പെരുമാറുന്നു. മല്‍പ്പാനു മാര്‍പ്പാപ്പയുടെ മുമ്പില്‍ പോലും, വിനയം കൈവിടാതെ, മനസ്സുതുറന്ന് തന്റേടമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. താമസം ഏതാണ്ടു മുഴുവനും തന്നെ നൂറുകണക്കിനു പള്ളികളിലായിരുന്നു. വിദേശ മെത്രാന്മാര്‍ യൂറോപ്പിലെ കുര്‍ബാന രീതി പരിപാലിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും, (പേജ് 86) ആത്മാഭിമാനത്തോടെ അവര്‍ താമസിച്ച പള്ളികളില്‍ കേരളീയമായ സുറിയാനി ക്രിസ്ത്യാനികളുടെ കുര്‍ബാനയാണ് അനുവര്‍ത്തിച്ചിരുന്നത്. അതിന്റെ പ്രത്യേകതയും ഖ്യാതിയുകൊണ്ട്, വിദേശത്തില്‍ പുരോഹിതരുള്‍പ്പെടെ പലരും പങ്കുകൊണ്ടു. സ്തുതിച്ചു. ബുദ്ധിപരമായും അവസരോചിതമായും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും, നിരാശാബോധം കൂടാതെ, ഒരു വാതിലടച്ചാല്‍ മറ്റുവാതിലുകളില്‍ മുട്ടിതുറപ്പിക്കാനും രണ്ടുപേര്‍ക്കും കഴിവുകള്‍ ഉണ്ട്. ഈ കഴിവുകളുടെ എല്ലാം അടിസ്ഥാനം യേശുക്രിസ്തുവിന്റെ പ്രവചനങ്ങളിലുള്ള പൂര്‍ണ്ണമായ വിശ്വാസമാണ്.

വിവിധ യൂറോപ്യന്‍ ഭാഷാ സംസ്‌ക്കാരങ്ങളുടെ പ്രത്യേകതയും, അവയുടെ ആളുകളോട് പെരുമാറാനുള്ള കഴിവും മല്പാനും തോമ്മാ കത്തനാര്‍ക്കും ഉണ്ടായിരുന്നു. പ്രത്യേകിച്ച് മല്പാന് ഫ്രെഞ്ച്ഭാഷയും, തോമ്മാ കത്തനാര്‍ക്ക് ലാറ്റിനും വശമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ മല്പാന്‍കൂടെ കൊണ്ടുപോയത്. ഈ കൃതി വ്യക്തമാക്കുന്നതുപോലെ അപേക്ഷകള്‍ എഴുതുന്നതിനും സ്ഥായിയായ വിവരങ്ങള്‍  ഉല്ലേഖനം ചെയ്യാനും തോമ്മാകത്തനാര്‍ക്കു കഴിവുണ്ടായിരുന്നു.
ക്രിസ്തുവിശ്വാസം യജ്ഞത്തിനു ധൈര്യവും പ്രചോദനവും നല്‍കിയ രണ്ടുപേരുടെയും  വര്‍ത്തമാനപുസ്തകമാകെ അലങ്കരിക്കുന്നു. തോമ്മാ കത്തനാര്‍ എഴുതുന്നു ചോദിച്ചാല്‍ നിങ്ങള്‍ക്കു ലഭിക്കുമെന്നും, അന്വേഷിക്കുവിന്‍ കണ്ടെത്തുമെന്നും സുവിശേഷത്തില്‍ മിശിഹാകര്‍ത്താവ് അരുളിചെയ്തത് പോലെ ഞങ്ങളുടെ നിരന്തരവും കഠിനവുമായ പരിശ്രമം സഫലമാക്കിതന്ന ദൈവത്തിന് ആദ്യമായി കൃതജ്ഞതാ സ്തുതികള്‍ അര്‍പ്പിച്ചശേഷം…”(പേജ് 72) യജ്ഞം തുടരുന്നു.
പോര്‍ത്തുഗല്ലിലെ രാജ്ഞിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ നിരാശയില്‍ എത്തിയപ്പോള്‍ അദ്ദേഹം പ്രസ്താവിക്കുന്നു: “ദൈവത്തിന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും അളവില്ലല്ലൊ. മനഃക്ലേശവും സംശയവും വര്‍ദ്ധിച്ചിരിക്കുന്ന സമയത്ത് അറിവും ബുദ്ധിയും ചിന്താശീലവും ഇല്ലാത്തവര്‍ പോലും സ്‌നേഹത്തോടും ആത്മാര്‍ത്ഥതയോടും കൂടി നല്‍കുന്ന ഉപദേശം വളരെ പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി.”

മാര്‍തോമ്മ മെത്രാനെ അംഗീകരിക്കുന്നതിന് പോര്‍ത്തുഗീസ് രാജ്ഞിയുടെ ഇടപെടല്‍ കൂടുതല്‍ വിഷമതയിലേക്കും, മലങ്കര ഇടവകയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയും അടഞ്ഞപ്പോള്‍, തോമ്മസ്സ് കത്തനാര്‍ എഴുതുന്നു: അതിനാല്‍ റോമയില്‍നിന്ന് പോര്‍ത്തുഗലിലെത്തുകയാണ് വേണ്ടതെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. കാര്യങ്ങളെല്ലാം വിശുദ്ധ ആഗസ്തിനോസ്യ പറയുന്നതു പോലെ തിന്മയില്‍ നിന്ന് നന്മ ജനിപ്പിക്കാന്‍ കഴിവുള്ള ദൈവത്തിന്റെ തീരുമനസ്സിന് വിട്ടുകൊടുക്കുകയും(പേജുകള്‍ 172-173) അവരുടെ ഒരു അപേക്ഷയും മാര്‍പ്പാപ്പ അനുവദിച്ചില്ല(173); കര്‍ദിനാള്‍ അന്തോനെല്ലിയും മറ്റും കേരളത്തിലെ പോര്‍ത്തുഗീസ് പാതിരിമാരുടെ റിപ്പോട്ടുകള്‍ ആണ് വിശ്വസിക്കുന്നത് തോമ്മാക്കത്തനാര്‍ ആത്മഗതം ചെയ്യുന്നു. “നമ്മുടെ പണിക്കാര്‍ക്ക് ഒരു വിലയുമില്ലായെന്ന്….” പരിഹാരം “നമ്മുടെ തലവനായി ഒരു സ്വന്തം മെത്രാന്‍...”  ഉണ്ടാവുകയാണ്(219).

കര്‍ദിനാള്‍ കസ്‌തെല്ലി
അല്പാനെ കണ്ടമാത്രയില്‍ അദ്ദേഹം ഒരു ദാക്ഷിണ്യവുമില്ലാതെ കഠിനമായി ശകാരിക്കുകയാണ് ഉണ്ടായത്… അതോടെ നമ്മുടെ ശത്രുക്കള്‍ക്കുള്ള പിടിപാടും സ്വാധീനവും എത്രയെന്ന് ഞങ്ങള്‍ക്കു നല്ലവണ്ണം മനസ്സിലായി…” തുടര്‍ന്ന് തോമ്മാ കത്തനാരുടെ ആത്മീയത കര്‍ദിനാള്‍ കസ്‌തെല്ലിയെ പറ്റി പറയുമ്പോള്‍ പ്രകാശിതമാക്കുന്നു. ഇതുപോലെ വലിയ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് അത്യാവശ്യമായ മനോനിയന്ത്രണവും വിവേകവും ശാന്തതയും വെടിഞ്ഞ് ഏകപക്ഷീയമായി അദ്ദേഹം(കര്‍ദ്ദിനാള്‍) പലതും മല്പാനോട് പറഞ്ഞു”(പേജ് 135).

തോമ്മാക്കത്തനാര്‍

പരിശുദ്ധ പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു: “ഈ പുനരൈക്യ ശ്രമത്തെ, യേശുക്രിസ്തുവിന്റേയും തിരുസഭയുടേയും കാര്യം അവഗണിച്ച് സ്വന്തം താല്പര്യങ്ങള്‍ രക്ഷിക്കാന്‍ സര്‍വ്വാത്മനാ ശ്രമിക്കുന്നു ചിലര്‍ നിരന്തരം തടസ്സപ്പെടുത്തിയതുകൊണ്ടാണ്….”(പേജ് 145). അടുത്തതായി “ആറാം പീയൂസ് എന്നുപേരായ ഈ മാര്‍പ്പാപ്പ ദൈവത്തിന്റെ തിരുസഭയെ എത്ര ഉത്തരവാദിത്വത്തോടെയാണ് ഭരിക്കുന്നതെന്നും നമ്മുടെ പ്രതിയോഗികള്‍ക്ക് അദ്ദേഹത്തിന്റെ മേല്‍ എത്ര സ്വാധീനമുണ്ടെന്നും വ്യക്തമാണല്ലോ.” മല്പാനും, തൊമ്മന്‍കത്തനാരും മാര്‍പ്പാപ്പക്കു കൊടുത്ത നിവേദനത്തിന്റെ ഓലയിലെ മലയാളം എങ്ങിനെ എഴുതാമെന്നും വായിക്കാമെന്നും അദ്ദേഹം ചോദിച്ചതല്ലാതെ അതിനുള്ളിലെ വിവരം വായിച്ചു നോക്കാതെ മടക്കി കൊടുത്തു(പേജ്, 152).
കേരളത്തില്‍ ക്രിസ്ത്യാനികളുടെ ക്ഷേമത്തെ സംബന്ധിക്കുന്ന ഒരു പ്രധാനകാര്യം, മാര്‍പ്പാപ്പയുടെ ചോദ്യത്തിന് ഉത്തരമായി മല്പാന്‍ പറഞ്ഞു. “തിരുവിതാംകൂര്‍ രാജാവാണ് ഞങ്ങളെ ഭരിക്കുന്നതെന്നും നസ്രാണികള്‍ക്ക് അവിടെ ബുദ്ധിമുട്ടുകളോ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളോ ഇല്ലെന്നും മറ്റും മല്പാന്‍ ഓരോന്നിനും മറുപടിയും പറഞ്ഞു.”(പേജ് 152) കേരളത്തിലെ ക്രിസ്ത്യാനികള്‍ മറ്റു ലോകക്രിസ്ത്യാനികളില്‍ നിന്നും സാംസ്‌ക്കാരികമായി മുന്നിട്ടു നില്‍ക്കുന്നതിന്റെ പ്രധാനകാരണം, അവര്‍ക്കു പുരാതനകാലം മുതല്‍ രാജാധികാരങ്ങളില്‍ നിന്നും ഹിന്ദുക്കളില്‍ നിന്നും തന്നെ ലഭിച്ച സൗഹൃദവും സ്വാതന്ത്ര്യവും ആണ്. ഈ വസ്തുത, മാര്‍ത്തോമ്മ സുറിയാനിസഭയ്ക്ക് വിദേശപുരോഹിതന്മാരില്‍ നിന്നും റോമില്‍നിന്നും തന്നെ നേരിടേണ്ടിവന്ന മാനസിക മര്‍ദ്ദനപരമായ നടപടികള്‍ക്ക് വിരുദ്ധമാണ്(കാണുക പേജ് 164).
മാര്‍പ്പാപ്പയേയും അദ്ദേഹത്തിന്റെ പുരോഹിതവൃന്ദത്തേയുംപറ്റി തോമ്മാക്കത്തനാര്‍ എഴുതുന്നു: “മലങ്കര പള്ളിക്കാരോട് അവര്‍ക്ക് ഒരു സ്‌നേഹവും ബഹുമാനവുമില്ലെന്ന് വ്യക്തം.” (പേജ് 168). ഈ പ്രസ്താവനയില്‍നിന്നും മല്പാനും കത്തനാര്‍ക്കും ഉണ്ടായിട്ടുള്ള മാനസികവ്യഥ വ്യക്തമാണല്ലോ.

മാര്‍പ്പായ്ക്കുമുകളില്‍ അധികാരം ചെലുത്തിയ പോര്‍ത്തുഗീസ് രാജ്ഞി മല്പാനെ കൊടുങ്ങല്ലൂര്‍ മെത്രാനായി നിയമ്മിച്ചത് ഒരു വലിയ അനുഗ്രഹമായിട്ടാണ് രണ്ടുപേരും സ്വീകരിച്ചത്. എന്നാല്‍ അവിടേയും ദുഷ്ടബുദ്ധികള്‍ ഇടപ്പെട്ടു. എഴുപത്തിരണ്ടാം അദ്ധ്യായത്തില്‍(പേജുകള്‍ 255-279) പാതിരി യൗസേപ്പ് ദെ സൊല്ലിദൊരെ എന്ന കൊച്ചിമെത്രാനും മലങ്കരയിലെ പോര്‍ത്തുഗീസ് മിഷനറിമാരും മാര്‍പ്പാപ്പയ്ക്ക് അയച്ച ഒരു കത്തില്‍ ദീര്‍ഘമായ ആരോപണങ്ങള്‍ അടങ്ങിയിരിക്കുന്നു: കരിയാറ്റി മെത്രാന്‍ “നാട്ടിലേക്കു മടങ്ങി വന്നാല്‍ പഴയതിനേക്കാള്‍ വലിയ ഛിദ്രവും കലഹവും ഈ നാട്ടിലുണ്ടാകും.” … “കുലമഹിമയുള്ള സുറിയാനിക്കാരാരും കരിയാറ്റിയെ മെത്രാനായി സ്വീകരിക്കുകയില്ല.” മാര്‍ത്തോമ്മമെത്രാനെ കത്തോലിക്കസഭയില്‍ സ്വീകരിക്കുന്നതിനുള്ള തീരുമാനം മാര്‍പ്പാപ്പ ചെയ്തുവെങ്കിലും അത് തടസ്സപ്പെടുത്താനും സങ്കീര്‍ണ്ണമായ ശ്രമങ്ങള്‍ ഉണ്ടായി(പേജുകള്‍ 288-291).

മടങ്ങിവരുമ്പോള്‍ 1786 ഏപ്രില്‍ രണ്ടിന് കപ്പലില്‍ നിന്ന് പാറേമ്മാക്കല്‍ തൊമ്മന്‍ കത്തനാര്‍, മലങ്കരയിലെ നമ്മുടെ ജേഷ്ഠാനുജന്മാര്‍ അറിയുന്നതിന് അയച്ചകത്തില്‍ പറയുന്നു: “ഞങ്ങള്‍ നേരിടേണ്ടിവന്ന കടുത്ത വിഘനങ്ങളാല്‍ കാര്യസാദ്ധ്യത്തിനു വളരെ കാലതാമസമുണ്ടായി. ഒടുവില്‍ ദൈവത്തിന്റെ പ്രത്യേക കാരുണ്യത്താലും സഹായത്തോടും എല്ലാം ശുഭമായി കലാശിച്ചു.” എന്നാല്‍ നേരെ ഗോവയിലേക്കു പോകുവാനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.(പേജ് 304). “ഗോവയില്‍ വച്ച് സംശയാസ്പദമായ സാഹചര്യങ്ങളില്‍ കുരിയാറ്റി മെത്രാപ്പോലീത്ത അകാലചരമമടഞ്ഞു.”(പേജ് 305). വിജയകവാടത്തിലണഞ്ഞു ഈ വീരേതിഹാസം… ശോകാന്തരമായ ഒരു പരിണാമത്തിലെത്തി.” എന്നത് ഇതിഹാസത്തിന്റെ മാറ്റുകൂട്ടുകയാണുചെയ്യുന്നത്. മരിക്കുന്നതിനുമുമ്പ് കുരിയാറ്റി മെത്രാപ്പോലീത്ത, പാറേമ്മാക്കല്‍ തൊമ്മന്‍കത്തനാരെ, മലങ്കര സഭയുടെ ഗോവര്‍ണ്ണദോരായി നിയമിച്ചു. അദ്ദേഹം മലങ്കര സഭയെ കുറെക്കാലം ഭരിച്ചു.
പോര്‍ത്തുഗീസ് കൊലയാളികള്‍ ജയിച്ചോ?- അവര്‍ ഇന്ത്യയില്‍ നിന്നുംതന്നെ, അപമാനിതരായി പുറംതള്ളപ്പെട്ടല്ലോ.കാലത്തിന്റെ സത്യം!

മാനസാന്തരം: ദാസ്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക്

യേശുക്രിസ്തു എന്ന സത്യബോധത്തില്‍ ജീവിക്കുന്ന സാത്വികനായ പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ക്ക് തന്റേയും മല്പാന്റേയും സാമ്രാജ്യ- പൗരോഹിത്യശക്തികളില്‍ നിന്നും ഉണ്ടായ  മാനസാന്തരമാണഅ വര്‍ത്തമാനപുസ്തകത്തിലെ സാര്‍വദേശീയമായ സന്ദേശം: തോമ്മാകത്തനാര്‍ എഴുതുന്നു: “ഈ പരദേശികളുടെ ദാസ്യത്തില്‍ നിന്നും ധിക്കാരത്തില്‍ നിന്നും രക്ഷപ്രാപിക്കണം”( പേജ് 209). ഇപരിയായി, പുസ്തകത്തിന്റെ അവസാനഭാഗത്ത് എഴുതുന്നു: സമയം നമുക്ക് അനുകൂലമായിരിക്കുന്ന ഈ ഘട്ടത്തില്‍ നമ്മുടെ ജാതിയുടെ നന്മക്കും ഗുണത്തിനും വേണ്ടതു ചെയ്യാനും, വരത്തരുടെ ദാസ്യത്തില്‍നിന്നു മോചനംനേടാനും നാംവഴി നോക്കണം… ഒരു കുട്ടര്‍ തങ്ങളുടെ ജാതിയുടെ ബഹുമാനത്തിനും, സ്വന്തം കാര്യലാഭത്തിനും വേണ്ടി ദൈവ കല്പനപോലും അവഗണിച്ച് അന്യായങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എങ്കില്‍ നമുക്ക് ദൈവമഹത്വത്തോടും നമ്മുടെ ജാതിയുടെ ഗുണത്തേയും മുന്‍നിര്ത്തി സുവിശേഷ പ്രബോധനങ്ങള്‍ക്കും സഭാ പാരമ്പര്യങ്ങള്‍ക്കും യോജിച്ചകാര്യങ്ങള്‍ ചെയ്യാന്‍ ഒട്ടും ശങ്കിക്കേണ്ടതില്ല(പേജ് 290). 1785-#ാ#ം മാണ്ട് എഴുതിയ ഈ മഹത്ശാസനം നടപ്പായത് 1947-ല്‍ മാത്രമാണല്ലൊ!

രണ്ടു പ്രധാനകാര്യങ്ങളാണ് വര്‍ത്തമാന പുസ്തകത്തെ ഒരു വീര്യേതിഹാസം ആക്കി തീര്‍ക്കുന്നത്. സാമ്രാജ്യ- പോര്‍ത്തുഗീസ് രാജാധികാരത്തിന്റേയും, അവരുടെ മതസ്ഥാപനങ്ങളുടേയും കുതന്ത്രങ്ങളെയും അവ ഉണ്ടാക്കിയ മാനസികവ്യഥയേയും സഹിച്ചുകൊണ്ട്, ലക്ഷ്യമായ മലങ്കര സുറിയാനികളുടെ ഐക്യത്തിനും, സമാധനത്തിനും വേണ്ടിയുള്ള ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി യേശു ക്രിസ്തുവിന്റെ സത്യാനുശാസകളായ  ക്ഷമയും, സഹനശക്തിയും, പരാജയത്തെ അതിജീവിക്കുന്ന ധീരതയോടുംകൂടി മല്ലിട്ട്, ജയിച്ച അനുഭവങ്ങളിലൂടെ ദൈവശാസനകളേയും, മതസ്ഥാപനങ്ങളുടെ കുതന്ത്രങ്ങളേയും വേര്‍തിരിച്ചറിയുകയും, സാമ്രാജ്യശക്തികളില്‍ നിന്ന് മോചനം നേടണം എന്ന തിരിച്ചറിവുണ്ടാവുകയും ആകുന്നു.
ഉപസംഹാരം

നീതിയജ്ഞത്തിന്റെ സാത്വികമായ ഈ ഇതിഹാസം, സാര്‍വദേശീയ പ്രമുഖമായ ഒരു കൃതിയാണ്. ക്രിസ്ത്യാനകള്‍ക്ക് ഈ കൃതിയില്‍ ഒരു പ്രത്യേക സന്ദേശം ഉണ്ട്. അല്ലാത്തവരേയും അനീതിക്കു എതിരായി, മനുഷ്യത്വത്തിന്റേയും ആത്മീയതയുടെയും മാനസാന്തരത്തിലേക്ക് ഈ കൃതി നയിക്കുന്നു. ഷേക്‌സ്പിയറുടെ 'കിംങ്ങ്‌ലിയര്‍'(King Lear), വിക്ടര്‍ ഹൂഗോയുടെ 'ലെ മിസെറാബ്ലെ'(Les Miserables) എന്നീ കൃതികളില്‍ നിന്ന് അനുഭവപ്പെടുന്ന സത്യബോധത്തിലുറച്ച മാനസാന്തരമാണ് 'വര്‍ത്തമാന പുസ്തകം' നല്‍കുന്നത്. സഞ്ചാര സാഹിത്യത്തിന്റെ ചട്ടക്കൂട്ടില്‍ രചിച്ചിട്ടുള്ള 'വര്‍ത്തമാനപുസ്തകം' അത്യുത്തമമായ ഒരു കൃതിയാണ്. മലയാള സാഹിത്യത്തിലെ ഒരു വീരേതിഹാസമാണ്.


പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം (അവസാനഭാഗം) : പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക