Image

ആനക്കാഴ്‌ചകള്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 14: ജോര്‍ജ്‌ തുമ്പയില്‍)

Published on 20 April, 2014
ആനക്കാഴ്‌ചകള്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 14: ജോര്‍ജ്‌ തുമ്പയില്‍)
ആനക്കമ്പക്കാരനായ എന്റെ സുഹൃത്ത്‌ ജോസഫിനെയും കൂട്ടിയാണ്‌ ഞാന്‍ കോന്നിയിലെ ആനക്കൂട്ടില്‍ എത്തിയത്‌. അത്‌ തികച്ചും യാദൃശ്ചികമായിരുന്നു. പാമ്പാടിയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രയില്‍ അത്‌ സംഭവിക്കുകയായിരുന്നു. എന്നോടൊപ്പമുണ്ടായിരുന്ന ജോസഫിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ ചെന്നതെങ്കിലും കണ്ടപ്പോള്‍ ഇവിടെ വന്നില്ലായിരുന്നുവെങ്കില്‍ അത്‌ ഒരു വലിയ നഷ്‌ടമായേനെയെന്നു തോന്നി.

ആനക്കൂടിനെക്കുറിച്ചുള്ള വിവരങ്ങള്‍ കയറി ചെല്ലുമ്പോള്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. 1942 ലാണ്‌ ഇവിടെ ആനക്കൂട്‌ സ്ഥാപിച്ചത്‌. കമ്പകം മരംകൊണ്ട്‌ പണിതതാണ്‌ ആനക്കൂട്‌. ഒരേ സമയം ആറ്‌ ആനകളെ വരെ കൂട്ടിനുള്ളില്‍ അടയ്‌ക്കാം. കോന്നി, കോടനാടക്ക, മുത്തങ്ങ തുടങ്ങി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളില്‍ മാത്രമേ കേരളത്തില്‍ ഇപ്പോള്‍ ആനക്കൂടുകളുള്ളു. കാട്ടിനുള്ളിലെ വാരിക്കുഴികളില്‍ വീഴുന്ന ആനകളെ പരീശീലിപ്പിക്കാനാണ്‌ ആനക്കൂട്‌ ഉപയോഗിച്ചിരുന്നത്‌. വനാതിര്‍ത്തിയിലുള്ള കോന്നി ഗ്രാമം പണ്ട്‌ ആനപിടിത്തത്തിനു പേരുകേട്ടതായിരുന്നു. ആനപിടിത്തം നിരോധിച്ചതോടെ ആനക്കൂട്‌ അധികപ്പറ്റായി. എങ്കിലും ഇപ്പോഴുമിത്‌ സംരക്ഷിച്ചു പോരുന്നു. അപകടം പറ്റിയും വഴി തെറ്റിയും മറ്റും നാട്ടിലെത്തുന്ന ആനക്കൂട്ടികളെ സംരക്ഷിക്കാനാണ്‌ ഇതു പ്രധാനമായും ഉപയോഗിക്കുന്നതത്രേ.

കോന്നിയിലെത്താനുള്ള വഴി പറഞ്ഞില്ലല്ലോ. പുനലൂര്‍-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴി ഇവിടെയെത്താം. നേരെ കോന്നിയിലെത്തി ആരോടു ചോദിച്ചാലും സംഭവം കാണിച്ചു തരും. പത്തനംതിട്ടയില്‍ നിന്നും വെറും 10 കിലോമീറ്റര്‍ ദൂരമേയുള്ളു. ഇതായിരുന്നു എന്നെ ഇവിടേക്ക്‌ ആകര്‍ഷിച്ചത്‌. ജോസഫ്‌ പല തവണ ഇവിടെ വന്നിട്ടുണ്ടത്രേ. ആശാന്‌ ആനയോടുള്ള കമ്പം വളരെ പ്രശസ്‌തമാണ്‌. ആനകളെ കാണാനായി മാത്രം തൃശൂര്‍ക്ക്‌ വെച്ചുപിടിക്കും.

പുനലൂരില്‍ നിന്നും പത്തനാപുരം വഴിയും കോന്നിയില്‍ എത്താം. കോന്നി കവലയില്‍ നിന്നും ഇടത്തോട്ട്‌ (സര്‍ക്കാര്‍ ആശുപത്രി റോഡ്‌) തിരിഞ്ഞ്‌ 300 മീ കഴിഞ്ഞാല്‍ വലതുവശത്ത്‌ (ആശുപത്രി കഴിഞ്ഞാലുടന്‍) ആനത്താവളം കാണാം. (പോസ്റ്റ്‌ ഓഫീസ്‌ റോഡിന്‌ എതിരെയുള്ള വഴി) തിരുവല്ലയും ചെങ്ങന്നൂരുമാണ്‌ അടുത്ത റെയില്‍വേ സ്‌റ്റേഷനുകള്‍. പ്രത്യേകം ശ്രദ്ധിക്കണം തിങ്കളാഴ്‌ച അവധി ദിവസമാണ്‌. ഇവിടേക്ക്‌ യാതൊരു തരത്തിലും പ്രവേശനമില്ല. ഒരാള്‍ക്ക്‌ പത്തു രൂപ കൊടുത്താല്‍ അകത്തു കയറാം. ജോസഫ്‌ പോയി പാസുമായി വന്നു. മൂവി ക്യാമറ ഉണ്ടെങ്കില്‍ ഫീസ്‌ പത്ത്‌ ഇരട്ടിയാണ്‌. ഭാഗ്യം, എടുത്തിട്ടില്ല. !!

ആനക്കൂടിനോടനുബന്ധിച്ച്‌ മനോഹരമായ ഒരു ആന മ്യൂസിയവും, ഓഡിയോ വിഷ്വല്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്‌. ആനക്കൂടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒക്കെ ഇതില്‍ വായിക്കാം. ഒന്‍പതു ഏക്കറില്‍ ആയി വ്യാപിച്ചു കിടക്കുന്ന ഇവിടെ ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ ആന പിടിത്തം തുടങ്ങിയിരുന്നുവത്രേ. വാരിക്കുഴി നിര്‍മ്മിച്ച്‌ അതില്‍ കാട്ടാനകളെ വീഴ്‌ത്തിയാണ്‌ ആനപ്പിടുത്തം. കുഴിയില്‍ വീഴുന്ന ആനകളെ ഇവിടെ കൊണ്ടുവന്നു താപ്പാനകളുടെ (കുങ്കി ആനയെന്നാണ്‌ താപ്പാനകളെ വിളിക്കുന്നതെന്നു ജോസഫ്‌) സഹായത്തോടെ ചട്ടം പഠിപ്പിക്കും. ആനപ്പിടുത്തം കണ്ടില്ലെങ്കിലും കോന്നിയിലെ പ്രധാനപ്പെട്ട ആനപ്പിടുത്ത കേന്ദ്രങ്ങളൊക്കെ ജോസഫിന്‌ അറിയാം. മുണ്ടോമൂഴി, മണ്ണാറപ്പാറ, തുറ എന്നിവിടങ്ങളില്‍ ആയിരുന്നു പ്രധാനമായും വാരിക്കുഴി ഉണ്ടായിരുന്നതെന്നു ജോസഫ്‌ പറഞ്ഞു. ഈ ഭാഗത്ത്‌ കാട്ടാനകള്‍ ധാരാളമായി ഇറങ്ങുമായിരുന്നുവത്രേ. എന്നാല്‍ 1977 ല്‍ നിയമം മൂലം ആനപിടുത്തം നിരോധിച്ചു.

ഞങ്ങള്‍ ആനക്കൂടിന്റെ ഭാഗത്തേക്ക്‌ കയറി. നല്ല വൃത്തിയുണ്ട്‌. ആനകളെ അടുത്തു കാണാം. എന്തൊരു വലിയ കൂട്‌ ! എത്ര വലിയ തടിയിലാണ്‌ ഇതു നിര്‍മ്മിച്ചിരിക്കുന്നത്‌. അത്ഭുതം തോന്നി. പത്ത്‌ ആന മസിലു പിടിച്ചാലും കൂടിന്‌ ഒരു കേടും സംഭവിക്കില്ലെന്ന്‌ അല്‍പ്പം അതിശയോക്തി കലര്‍ത്തി ജോസഫ്‌ അറിയിച്ചു. കമ്പക മരം ഉപയോഗിച്ചാണ്‌ ആനക്കൂട്‌ നിര്‍മിച്ചിരിക്കുന്നത്‌. 12 .65 മീറ്റര്‍ നീളവും 8.60 മീറ്റര്‍ വീതിയും 7 മീറ്റര്‍ ഉയരവും ഈ ആനക്കൂടിന്‌ ഉണ്ട്‌. ഓരോയിടത്തും ഇതിന്റെ സ്‌പെസിഫിക്കേഷനുകള്‍ എഴുതി വച്ചിട്ടുണ്ട്‌. ആറ്‌ ആനകള്‍ക്ക്‌ പരിശീലനം നല്‍കാനുള്ള ശേഷി ആനക്കൂടിന്‌ ഉണ്ട്‌. പരിശീലനം നല്‍കാന്‍ വിദഗ്‌ദ്ധരായ ആന പാപ്പാന്മ്‌മാരും. കൊട്ടരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യ മാലയില്‍ കോന്നി ആനക്കൂടിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ടെന്നു ജോസഫ്‌ പറഞ്ഞു. ഇവിടെ നിന്നും സംയുക്ത എന്ന ആനയെ പോര്‍ച്ചുഗല്ലിലേക്ക്‌ ഭാരതത്തിന്റെ സമ്മാനമായി നല്‍കുകയുണ്ടായി. ഇപ്പോള്‍ ഇവിടെ അഞ്ചു ആനകള്‍ ആണ്‌ ഉള്ളത്‌. സോമന്‍ (67 വയസ്സ്‌) പ്രിയദര്‍ശിനി (26 വയസ്സ്‌) മീന (19 വയസ്സ്‌) സുരേന്ദ്രന്‍ (11 വയസ്സ്‌) ഈവ (9 വയസ്സ്‌). ഇതില്‍ സോമന്‍ താപ്പാനയാണ്‌. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവനെ മാറ്റി കെട്ടിയിരിക്കുന്നതു കണ്ടു. നില്‍പ്പില്‍ അല്‍പ്പം പന്തികേട്‌. മദപ്പാടാണ്‌ സൂക്ഷിക്കണം-ജോസഫ്‌ മുന്നറിയിപ്പ്‌ നല്‍കി. സൂക്ഷിച്ചു നോക്കു. ശരിയാണ്‌. കാലില്‍ നല്ല ചങ്ങല ഇട്ടിട്ടുണ്ട്‌. അവന്‍ കൊമ്പും തുമ്പിക്കൈയും അതിവേഗത്തില്‍ ചലിപ്പിക്കുന്നുണ്ട്‌. കോന്നി കൊച്ചയ്യപ്പന്‍, പദ്‌മനാഭന്‍, ബാലകൃഷ്‌ണന്‍, രഞ്ചി, സോമന്‍ എന്നീ ആനകളാണ്‌ പ്രധാനപ്പെട്ട താപ്പാനകള്‍. ഇവിടെ ആന സവാരി ഉണ്ടെങ്കിലും ഞങ്ങള്‍ ചെന്ന ദിവസം അത്‌ ഒഴിവാക്കിയിരുന്നു.

ആനകളെക്കുറിച്ച്‌ ജോസഫിനുള്ള അറിവ്‌ എന്നെ അത്ഭുതപ്പെടുത്തി. ആനയുടെ ലക്ഷണം പറയുന്ന മാതാംഗശാസ്‌ത്രവും ആനകളുടെ ശാസ്‌ത്രീയതയുമൊക്കെ ജോസഫിന്‌ മനഃപാഠം. പ്രോബോസിഡിയ എന്ന സസ്‌തനികുടുംബത്തിലെ ജീവിയാണ്‌ ആനയെന്നു ജോസഫ്‌. ഞങ്ങള്‍ ആനക്കൂടുകള്‍ കണ്ട്‌ കഴിഞ്ഞ്‌ ഗ്യാലറിക്ക്‌ സമീപമുള്ള തണലില്‍ ഇരുന്നു. അവിടെ ആനകളെക്കുറിച്ച്‌ പല വിവരങ്ങളും എഴുതി വച്ചിട്ടുണ്ട്‌. വലിപ്പമുള്ള ജീവികളില്‍ വംശനാശം നേരിടാതെ ഭൂമിയില്‍ കഴിയുന്ന ഏക ജീവിയാണത്രേ ആന. ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബര്‍ 22 നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത്‌, ആനകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്‌. ഇത്തരം വിവരങ്ങള്‍ ചേര്‍ത്ത നിരവധി ബോര്‍ഡുകള്‍ ഇവിടെ കാണാം.

അതിനിടയ്‌ക്ക്‌ ആനകളെക്കുറിച്ചായി ജോസഫിന്റെ സംസാരം. കൊമ്പനാനകളുടെ ജീവിതം വളരെ വ്യത്യസ്‌തമാണത്രേ. ആണാനകള്‍ വലുതാകുന്നതോടെ സ്വന്തം കൂട്ടത്തില്‍ നിന്ന്‌ അകലാന്‍ തുടങ്ങുകയും, പിന്നെ മണിക്കൂറുകളോളമോ ദിവസങ്ങളോളമോ സ്വന്തം കൂട്ടത്തില്‍ നിന്നു മാറിനില്‍ക്കുകയും ചെയ്യും. തുടര്‍ന്നു ദിവസങ്ങള്‍ മാസങ്ങളാകുകയും, ഏകദേശം പതിനാല്‌ വയസ്സാകുന്നതോടു കൂടി കൂട്ടത്തില്‍നിന്നു പൂര്‍ണ്ണമായും അകന്ന്‌ സ്വന്തമായി ഭക്ഷണം തേടിപ്പിടിക്കുകയും ചെയ്യും. ഒറ്റയ്‌ക്കാണ്‌ അധികവും ജീവിക്കുക എങ്കിലും ആണാനകള്‍ മറ്റ്‌ ആണാനകളുമായി അധികം അടുത്തതല്ലാത്ത ബന്ധങ്ങളുണ്ടാക്കും. `ബ്രഹ്മചാരി കൂട്ടങ്ങള്‍` എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌. സ്വന്തം മേല്‍ക്കോയ്‌മ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി ആണാനകള്‍, പെണ്ണാനകളേക്കാള്‍ കൂടുതല്‍ സമയം ചിലവഴിക്കും. ഇതില്‍ മേല്‍ക്കോയ്‌മ സ്ഥാപിച്ചെടുക്കുന്ന ആണാനകള്‍ക്ക്‌ മാത്രമേ പെണ്ണാനകളുമായി ഇണ ചേരാന്‍ സാധിക്കുകയുള്ളൂ. ശക്തി കുറഞ്ഞ ആനകള്‍ക്ക്‌ സ്വന്തം അവസരം വരാനായി കാത്തിരിക്കേണ്ടി വരും. നാല്‍പ്പതിനും അന്‍പതിനും ഇടയ്‌ക്ക്‌ പ്രായമുള്ള ആണാനകളാണ്‌ കൂടുതലായി ഇണ ചേരുന്നത്‌. വളരെ ആപല്‍ക്കരമായ ഒരു യുദ്ധമാണ്‌ ആനകള്‍ തമ്മില്‍ നടത്തുന്നതെന്ന്‌ തോന്നാമെങ്കിലും അവര്‍ പരസ്‌പരം വളരെക്കുറച്ചു മുറിവുകളേ ഏല്‍പ്പിക്കാറുള്ളൂവത്രേ. ജോസഫിന്റെ ആധികാരിക പ്രഭാഷണം തീര്‍ന്നപ്പോള്‍ ഞങ്ങള്‍ വാഹനത്തിന്‌ അരികിലേക്ക്‌ നടന്നു. വണ്ടി മുന്നോട്ട്‌ എടുക്കവേ, ഒരു നമസ്‌ക്കാരം പറച്ചിലെന്നതു പോലെ ഒരു ഛിന്നം വിളി കേട്ടു. നമോവാകം ഉള്ളില്‍ പറഞ്ഞ്‌ വാഹനത്തിനു സ്‌പീഡ്‌ കൂട്ടി.

കോന്നി ടൗണിലെത്തിയപ്പോള്‍ അച്ചന്‍കോവിലിലേക്ക്‌ പുതുതായി ഒരു റോഡ്‌ നിര്‍മ്മിക്കുന്നതായി അറിഞ്ഞു. ഈ റോഡ്‌ ശബരിമലയില്‍ നിന്ന്‌ തമിഴ്‌ നാട്ടിലെ തെങ്കാശിയിലെത്താനുള്ള എളുപ്പ മാര്‍ഗ്ഗമാണത്രേ. ഏകദേശം 21 കിലോമീറ്റര്‍ ലാഭം. ഇത്‌ ചിറ്റാര്‍-അച്ചന്‍കോവില്‍ റോഡ്‌ പദ്ധതിയുടെ ഭാഗമാണ്‌. ഈ റോഡ്‌ സഹ്യപര്‍വത വനമേഖലയിലൂടെ കടന്നു പോകുന്നതിനാല്‍ യാത്രക്കാര്‍ക്ക്‌ കൗതുകകരമായ കാഴ്‌ചകള്‍ കാണാനാകുമെന്നു ജോസഫ്‌ പറഞ്ഞു. ഇനി വരുമ്പോള്‍ ഈ റൂട്ടിലൊന്ന്‌ വണ്ടിയോടിക്കണമെന്നു മനസ്സില്‍ തീരുമാനിച്ചു. അച്ചന്‍കോവിലിലേക്ക്‌ കോന്നിയില്‍ നിന്ന്‌ വെറും 38 കിലോമീറ്റര്‍ ദൂരമേയുള്ളു. വാഹനത്തിനു സ്‌പീഡ്‌ കൂട്ടി, അപ്രതീക്ഷിതമായി കോന്നിയിലും ആനക്കൂട്ടിലെത്താനുണ്ടായ അവസരത്തിന്‌ ദൈവത്തിന്‌ മനസ്സില്‍ നന്ദി പറഞ്ഞു, ജോസഫിനും !

(തുടരും)
ആനക്കാഴ്‌ചകള്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 14: ജോര്‍ജ്‌ തുമ്പയില്‍)ആനക്കാഴ്‌ചകള്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി 14: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക