Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയര്‍പ്പ്‌ തിരുനാള്‍ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 20 April, 2014
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയര്‍പ്പ്‌ തിരുനാള്‍ ആഘോഷം
ന്യൂജേഴ്‌സി: അനുരഞ്‌ജനത്തിന്റേയും ത്യാഗത്തിന്റേയും സ്‌മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്‌, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന്‌ മോചിപ്പിച്ച്‌ മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സ്‌മരണകളുണര്‍ത്തിയ ഉയിര്‍പ്പ്‌ തിരുന്നാള്‍ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.

ഏപ്രില്‍ 19-ന്‌ വൈകിട്ട്‌ 7.30-ന്‌ ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. തുടര്‍ന്ന്‌ ജീസസ്‌ യൂത്ത്‌ ഇന്റര്‍നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. ബിറ്റാജു പുത്തന്‍പുരയ്‌ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍, റവ.ഫാ. ജോണ്‍ മാണിക്കത്തന്‍, ഫാ. ഫിലിപ്പ്‌ വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്‌ എന്നിവരുടെ സഹകാര്‍മികത്വത്തിലും പരമ്പരാഗാതമായ രീതിയില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങളും, ആഘോഷമായ ദിവ്യബലിയും നടത്തപ്പെട്ടു.

ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ ന്യൂജേഴ്‌സി ഡിവൈന്‍ പ്രെയര്‍ സെന്റര്‍ സുപ്പീരിയര്‍ ഫാ. ജോണ്‍ മാണിക്കത്തന്‍ തിരുനാള്‍ സന്ദേശം നല്‍കി. ഉയിര്‍പ്പ്‌ പെരുന്നാള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ എങ്ങനെയായിരിക്കണമെന്ന്‌ `മുടിയനായ പുത്രന്റെ' ഉപമയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സന്ദേശം നല്‍കിയത്‌. പാപങ്ങളെ ഏറ്റുപറഞ്ഞ്‌ കര്‍ത്താവിന്റെ തിരുശരീര രക്തങ്ങളെ പ്രാപിച്ച്‌ അവന്റെ കഷ്‌ടാനുഭവങ്ങളെ ഓര്‍ത്ത്‌ ഉയര്‍പ്പ്‌ ദിനത്തിലൂടെ ഒരു പുതിയ സൃഷ്‌ടി ആയിത്തീരാന്‍ ഉദ്‌ബോധിപ്പിച്ചു.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ച കാഴ്‌ച സമര്‍പ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ ഉയിര്‍പ്പ്‌ തിരുനാളിലെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ഓശാന ഞായര്‍ മുതല്‍ ഉയര്‍പ്പ്‌ തിരുനാള്‍ വരെയുള്ള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും, ഗായക സംഘത്തിനും വികാരി ഫാ. തോമസ്‌ കടുകപ്പള്ളില്‍, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍ എന്നിവര്‍ നന്ദി പറഞ്ഞു.

സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തിരശീല വീണു. വെബ്‌സൈറ്റ്‌: www.stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയര്‍പ്പ്‌ തിരുനാള്‍ ആഘോഷംഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയര്‍പ്പ്‌ തിരുനാള്‍ ആഘോഷംഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയര്‍പ്പ്‌ തിരുനാള്‍ ആഘോഷംഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയര്‍പ്പ്‌ തിരുനാള്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക