Image

ഏകാന്തതയുടെ നൂറുവര്‍ഷം: തപാല്‍ക്കൂലിക്ക്‌ ഭാര്യയുടെ ഹെയര്‍ഡ്രയര്‍ പണയംവച്ചു (വൈക്കം മധു)

Emalayalee EXCLUSIVE Published on 20 April, 2014
ഏകാന്തതയുടെ നൂറുവര്‍ഷം: തപാല്‍ക്കൂലിക്ക്‌ ഭാര്യയുടെ ഹെയര്‍ഡ്രയര്‍ പണയംവച്ചു (വൈക്കം മധു)
വിഖ്യാതനായ മാര്‍ക്കേസിനെക്കുറിച്ച്‌ ലോകമെങ്ങുമുള്ള ആരാധകര്‍ക്കും ചരിത്രക്കുറിപ്പെഴുത്തുകാര്‍ക്കും ഒരുപാടു കാര്യം പറയാനുണ്ട്‌. എന്നാല്‍ പലരും പറയാതെ വിട്ടുപോയ ഒരു കഥയുണ്ട്‌.

ഗബ്‌റിയല്‍ ഗാര്‍സിയ മാര്‍ക്കേസിനെ ആഗോള സാഹിത്യകാരനാക്കിയ 'വണ്‍ ഹണ്‍ട്രഡ്‌ ഇയേഴ്‌സ്‌ ഓഫ്‌ സോളിറ്റിയൂഡ്‌` പിറവിയെടുത്തതിനു പിന്നില്‍ ലാറ്റില്‍ അമേരിക്കയില്‍ അക്കാലത്തു നിലനിന്ന ഭീകരരാഷ്‌ട്രീയ സാഹചര്യവും പട്ടിണിയും ദാരിദ്ര്യവും കരാളരൂപം പൂണ്ടതിന്റെ ഒരു ചിത്രമുണ്ട്‌.

മാര്‍ക്കേസിന്റെ ആദ്യനോവലല്ലെങ്കിലും മാര്‍ക്കേയ്‌സിനെ മാര്‍ക്കേയ്‌സാക്കിയ ഈ പുസ്‌തകത്തിന്റെ കയ്യെഴുത്തുപ്രതി ആദ്ദേഹം ഒരു വര്‍ഷംകൊണ്ട്‌ എഴുതിത്തീര്‍ത്തുവച്ച കാലം.. ഇനി അത്‌ പ്രസാധകര്‍ക്ക്‌ അയച്ചുകൊടുക്കണം, അങ്ങകലെ അര്‍ജന്റീനയിലേക്ക്‌.

തപാലില്‍വേണം അയക്കാന്‍. രണ്ടുഭാഗങ്ങളാക്കി അത്‌ അയക്കാന്‍ തപാല്‍ക്കൂലി വലിയ തുകയാകും. ഇന്നത്തെ കണക്കിനു നിസ്സാരമായ ആ തുക മാര്‍ക്കേസിന്റെ കയ്യിലില്ലായിരുന്നു. എങ്ങിനെ ഇത്‌ എത്തിച്ചുകൊടുക്കുമെന്ന്‌, അച്ഛന്റെ 12 മക്കളില്‍ മൂത്തവനായ മാര്‍ക്കേസ്‌ ചിന്തിച്ചു വഴി കാണാതെ വിഷണ്ണനായിരുക്കുമ്പോള്‍ ഭാര്യ മെഴ്‌സിഡസ്‌ ആണ്‌ ഒരു ഉപായം നിര്‍ദേശിച്ചത്‌.

`` എന്റെ ഹെയര്‍ ഡ്രയര്‍ പണയം വക്കാം. പിന്നെ, നമ്മുടെ ഇലക്‌ട്രിക്‌ ഹീറ്ററുണ്ടല്ലോ, അതും പണയക്കാരനെ എല്‍പ്പിക്കാം.`` നിര്‍ദേശം പക്ഷെ മാര്‍ക്കേസിനെ വേദനിപ്പിച്ചു. അതു വേണോ എന്ന മട്ടില്‍ ഭാര്യയുടെ നേര്‍ക്ക്‌ ദീനദീനമായ ഒരു നോട്ടം.

ഏതായാലും അതു രണ്ടും പണയം വയ്‌ക്കുകതന്നെ ചെയ്‌തു. അതില്‍നിന്നു കിട്ടിയ കാശു കൊണ്ടാണ്‌, പില്‍ക്കാലത്തു നോബല്‍ സമ്മാനജേതാവായ മാര്‍ക്കേസ്‌, കയ്യെഴുത്തു പകര്‍പ്പ്‌ അയക്കാനുള്ള കവറില്‍ സ്റ്റാമ്പു വാങ്ങി ഒട്ടിച്ചത്‌.

സാഹിത്യ കൃതികളിലൂടെയാണ്‌ ലോകം ഈ വിഖ്യാത പ്രതിഭയെ അറിയുന്നതെങ്കിലും പത്രപ്രവര്‍ത്തനമാണു തന്റെ തൊഴില്‍ എന്ന്‌ എക്കാലവും സ്വയംബോധ്യമുണ്ടായിരുന്ന മാര്‍ക്കേയ്‌സ്‌ യൗവനാരംഭത്തില്‍ത്തന്നെ തന്റെ വാസന തെളിയിച്ചിരുന്നു. പില്‍ക്കാലത്ത്‌, 1981ല്‍, പാരിസ്‌ റിവ്യൂവുമായി നടത്തിയ അഭിമുഖത്തിലും പത്രപ്രവര്‍ത്തനമാണ്‌ തന്റെ തൊഴിലെന്നു പറയാന്‍ അദ്ദേഹം അഭിമാനിയായി.

റിപ്പാര്‍ട്ടറായും പംക്തീകാരനായും തുടങ്ങി വിശകലനാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ഒടുല്‍ സ്വന്തമായി തുടങ്ങിയ ഒരു പത്രത്തിന്റെ എഡിറ്ററാവുകയും ചെയ്‌തു.

പഠിക്കുന്ന കാലത്ത്‌ രാജ്യത്തെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ വീടും അതിലുണ്ടായിരുന്ന തന്റെ രചനയുടെ കയ്യെഴുത്തുപ്രതികള്‍ ഉള്‍പ്പെടെ സര്‍വസ്വവും നഷ്‌ടപ്പെട്ടപ്പോള്‍ പഠിത്തം തുടരാനും നിത്യച്ചെലവിന്‌ ആശ്രയമായും സ്വീകരിച്ച പത്രപ്രവര്‍ത്തനമാണ്‌ പിന്നീട്‌ ആരാധനയോടെ മാര്‍കേസ്‌ തുടര്‍ന്നതും, സാഹിത്യരചനയല്ല പത്രപ്രര്‍ത്തനമാണ്‌ തന്റെ തൊഴിലെന്ന്‌ അദ്ദേഹത്തെക്കൊണ്ട്‌ പറയിച്ചതും.

ജന്മനാടായ കൊളംബിയയുടെ തലസ്ഥാനമാനമായ ബൊഗോട്ടയില്‍ 'ആള്‍ട്ടര്‍നേററീവ്‌` എന്ന പ്രസിദ്ധീകരണം തുടങ്ങിക്കൊണ്ടാണ്‌ മാര്‍ക്കേസ്‌ തന്റെ ഇടതുപക്ഷ രാഷ്‌ട്രീയ ജീവിതം അരംഭിക്കുന്നത്‌

പല കാലത്തായി പല പത്രങ്ങളിലും പ്രവര്‍ത്തിച്ച മാര്‍ക്കേസ്‌, ക്യൂബന്‍ വിപ്‌ളവത്തേത്തുടര്‍ന്ന്‌ ഫിഡല്‍ കാസട്രോയുടെ കമ്യൂണിസ്റ്റ്‌ ഭരണകൂടം ആരംഭിച്ച `പ്രെനസാ ലാറ്റിന` യുടെ ലേഖകനായി അമേരിക്കയില്‍ രണ്ടു വര്‍ഷം തുടരുകയും ചെയ്‌തു.

പലപ്പോഴും ചരിത്രം സൃഷ്‌ടിക്കപ്പെടുന്നതിനു നേര്‍സാക്ഷിയാകാന്‍ മാര്‍ക്കേസിനു അവസരമുണ്ടായത്‌ യാദ്‌ച്ഛികമാവാം.

കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ ഉത്‌പതിഷ്‌ണു (ലിബറല്‍) വിഭാഗം പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോര്‍ജ്‌ എലിസര്‍ ഗെയ്‌റ്റര്‍ കൊല്ലപ്പെട്ട എല്‍ ബൊഗോട്ടാസോ സംഭവം, വെനസ്വേലയില്‍ ഏകാധിപതിയായിരുന്ന പെരെസ്‌ യിമേനസ്‌ അധികാരഭ്രഷ്‌ടനാകുന്നത്‌, ഫ്രഞ്ച്‌ കോളണിയായിരുന്ന അള്‍ജീറിയയിലെ കലാപകാലത്ത്‌ പാരീസിലെ താമസം, വിപ്‌ളവത്തില്‍ ആദ്യദിവസം ക്യൂബയില്‍ ഉണ്ടാകാനിടയായത്‌, കെന്നഡിയുടെ കാലത്തെ കുപ്രസിദ്ധമായ ബേയ്‌ ഓഫ്‌ പിഗ്‌സ്‌ സംഭവം തുടങ്ങിയതിനെല്ലാം സാക്ഷിയാകാന്‍ സാധിക്കുന്നത്‌ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലെ ഏറ്റവും ധന്യസ്‌മരണകളാണ്‌,.

പ്രശസ്‌ത പത്രപ്രവര്‍ത്തകനും മലയാളിയുമായ എം.ശിവറാമിന്‌ (റോയിട്ടേഴ്‌സ്‌) ബര്‍മയിലെ (ഇന്നത്തെ മ്യാന്‍മര്‍) ആദ്യത്തെ ഭരണാധികാരിയായിരുന്ന ആങ്‌ സാന്റെ കൊലപാകകം മിനിട്ടുകള്‍ക്കകം ഒറ്റവരിയിലൂടെ ലോകത്തെ മുഴുവന്‍ അറിയിക്കാന്‍, ആ സമയം പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത്‌ ഉണ്ടാകാന്‍ ഭാഗ്യമുണ്ടായതു ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ എന്നും അനുസ്‌മരിക്കുന്ന സംഭവം. കമ്പിയിയിലൂടെ വാര്‍ത്ത എത്തിച്ചിരുന്ന അക്കാലത്ത്‌ ഓടിക്കിതച്ച്‌ പോസ്റ്റ്‌ ഓഫിസില്‍ എത്തി കൊല്ലപ്പെട്ടതിന്റെ ഒറ്റവരി വാര്‍ത്ത അയച്ചതിന്റെ അടുത്ത നിമിഷം രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും അധികൃതര്‍ മുറിക്കുകയും ചെയ്‌തു.

കൊല്ലപ്പെട്ട ആ നേതാവിന്റെ പുത്രിയാണ്‌ അനേകവര്‍ഷം ഏകാന്തതടവനുഭവിച്ച മ്യാന്‍മറിലെ ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ ആങ്‌ സാന്‍ സൂചി.
ഏകാന്തതയുടെ നൂറുവര്‍ഷം: തപാല്‍ക്കൂലിക്ക്‌ ഭാര്യയുടെ ഹെയര്‍ഡ്രയര്‍ പണയംവച്ചു (വൈക്കം മധു)ഏകാന്തതയുടെ നൂറുവര്‍ഷം: തപാല്‍ക്കൂലിക്ക്‌ ഭാര്യയുടെ ഹെയര്‍ഡ്രയര്‍ പണയംവച്ചു (വൈക്കം മധു)ഏകാന്തതയുടെ നൂറുവര്‍ഷം: തപാല്‍ക്കൂലിക്ക്‌ ഭാര്യയുടെ ഹെയര്‍ഡ്രയര്‍ പണയംവച്ചു (വൈക്കം മധു)ഏകാന്തതയുടെ നൂറുവര്‍ഷം: തപാല്‍ക്കൂലിക്ക്‌ ഭാര്യയുടെ ഹെയര്‍ഡ്രയര്‍ പണയംവച്ചു (വൈക്കം മധു)ഏകാന്തതയുടെ നൂറുവര്‍ഷം: തപാല്‍ക്കൂലിക്ക്‌ ഭാര്യയുടെ ഹെയര്‍ഡ്രയര്‍ പണയംവച്ചു (വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക