Image

ദുഖിതര്‍ക്കും സംഘര്‍ഷ മേഖലകള്‍ക്കും വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ഥനാശംസകള്‍

Published on 20 April, 2014
ദുഖിതര്‍ക്കും സംഘര്‍ഷ മേഖലകള്‍ക്കും വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ഥനാശംസകള്‍
ഉത്ഥാന മഹോത്സവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 'റോമാ നഗരത്തിനും ലോകത്തിനുമായി നല്‍കിയ ‘Urbi et Orbi,’ സന്ദേശം:
പ്രിയ സഹോദരീ സഹോദരന്‍മാരേ, ഉത്ഥാനത്തിരുന്നാളിന്റെ വിശുദ്ധമായ ആശംസകള്‍!
കര്‍ത്താവിന്റെ ദൂതന്‍ സ്ത്രീകള്‍ക്കു നല്‍കിയ സന്ദേശം സഭ ഇന്ന് ലോകമെങ്ങും ഉത്‌ഘോഷിക്കുന്നു: 'ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല. താന്‍ അരുളിച്ചെയ്തതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്‍ കിടന്ന സ്ഥലം വന്നു കാണുവിന്‍. '(മത്താ. 28,56) ഇത് സുവിശേഷത്തിന്റെ പരമകാഷ്ഠയാണ്, പരമോന്നതമായ സദ്വാര്‍ത്ത: ക്രൂശിതനായ ക്രിസ്തു ഉത്ഥാനം ചെയ്തിരിക്കുന്നു! നമ്മുടെ വിശ്വാസത്തിന്റേയും പ്രത്യാശയുടേയും അടിസ്ഥാനമാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം.
ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ െ്രെകസ്തവ വിശ്വാസത്തിന്റെ മൂല്യം നഷ്ടമാകുമായിരുന്നു, സഭാ ദൗത്യത്തിന്റെ ജീവതാളം അസ്തമിക്കുമായിരുന്നു, കാരണം ഈ കേന്ദ്രബിന്ദുവിലാണ് സഭയുടെ ജീവസ്പന്ദനത്തിന്റെ ആരംഭവും പുനരാരംഭവും.
ക്രെസ്തവര്‍ ലോകത്തിനു നല്‍കുന്ന സന്ദേശമിതാണ്: മനുഷ്യനായി അവതരിച്ച നിത്യസ്‌നേഹമായ യേശു, നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചു, എന്നാല്‍ പിതാവായ ദൈവം ജീവന്റേയും മരണത്തിന്റേയും കര്‍ത്താവായി അവിടുത്തെ ഉയര്‍ത്തി. യേശുവിലൂടെ, സ്‌നേഹം വിദ്വേഷത്തിനുമേല്‍ വിജയംനേടി, കാരുണ്യം പാപത്തിനുമേലും, നന്മ തിന്മയ്ക്കുമേലും, സത്യം അസത്യത്തിനുമേലും, ജീവിതം മരണത്തിനുമേലും വിജയം വരിച്ചു.
അക്കാരണത്താല്‍, 'വന്നു കാണുവിന്‍' എന്ന് സകലരോടും നാം ഘോഷിക്കുന്നു. മാനുഷീക ബലഹീനതകളുടേയും, പാപത്തിന്റേയും, മരണത്തിന്റേയും അടയാളം പേറുന്ന ജീവിത സാഹചര്യങ്ങളില്‍ സുവിശേഷം വെറും വാക്കല്ല, നിരുപാധികവും വിശ്വസ്തവുമായ സ്‌നേഹസാക്ഷ്യമാണ്: സ്വയം പരിത്യജിച്ച് അപരനെ സമീപിക്കുന്ന, ഇല്ലാത്തവനുമായി പങ്കുവയ്ക്കുന്ന, രോഗികളുടേയും, വയോധികരുടേയും, ജീവിത വ്യഥകളാല്‍ മനസു തകര്‍ന്നവരുടേയും ഒപ്പം നില്‍ക്കുന്ന സ്‌നേഹ സാക്ഷ്യം.
'വന്നു കാണുവിന്‍!' സ്‌നേഹം അതിശക്തമാണ്. ജീവനേകുന്ന സ്‌നേഹം, മരുഭൂമിയില്‍ പ്രത്യാശയുടെ പുതുപൂക്കള്‍ വിരിയിക്കുന്നു.
ഉത്ഥിതനായ യേശുനാഥാ, ആനന്ദഭരിതമായ ഹൃദയത്തോടെ ഞങ്ങള്‍ അങ്ങേ പക്കലണയുന്നു!
അങ്ങയെ അന്വേഷിച്ച് കണ്ടെത്താനും, ഞങ്ങള്‍ അനാഥരല്ലെന്നും, ഞങ്ങള്‍ക്കൊരു പിതാവുണ്ടെന്ന് തിരിച്ചറിയാനും, അങ്ങയെ സ്‌നേഹിക്കാനും ആരാധിക്കാനും ഞങ്ങള്‍ക്ക് കൃപയേകണമേ.
ഞങ്ങള്‍കൂടി ഉത്തരവാദികളായ ധൂര്‍ത്തും, സംഘര്‍ഷങ്ങളും മൂലം വഷളായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യദുഃഖം തരണം ചെയ്യാന്‍ ഞങ്ങളെ സഹായിക്കേണമേ.
നിരാശ്രയരെ, പ്രത്യേകിച്ച്, പലപ്പോഴും ചൂഷണത്തിനിരയാവുകയും, ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളേയും, സ്ത്രീകളേയും, പ്രായമായവരേയും കാത്തുപാലിക്കാന്‍ ഞങ്ങളെ ശക്തരാക്കണമേ,
എബോള പകര്‍ച്ചവ്യാധി മൂലം വലയുന്ന ഗിനിയ കൊനാക്രി, സിയെറ ലിയോണെ, ലിബേരിയ എന്നീ രാജ്യങ്ങളിലെ ഞങ്ങളുടെ സഹോദരീ സഹോദരന്‍മാരേയും, ദാരിദ്ര്യവും അവഗണനയും മൂലം വ്യാപിക്കുന്ന മറ്റെല്ലാ വ്യാധികളാല്‍ കഷ്ടപ്പെടുന്നവരേയും ശുശ്രൂഷിക്കാന്‍ ഞങ്ങള്‍ക്ക് കരുത്തു നല്‍കണമേ,
ലോകത്തിന്റെ നാനാഭാഗത്ത് ബന്ധികളായി പിടിക്കപ്പെട്ടിരിക്കുന്ന വൈദികരും അല്‍മായരുമടക്കം നിരവധിപേര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണ്, അവരെ സമാശ്വസിപ്പിക്കണമേ നാഥാ,
മെച്ചപ്പെട്ട ഭാവി തേടിയോ മാന്യമായി ജീവിക്കാനോ, ചിലപ്പോഴെങ്കിലും സ്വന്തം വിശ്വാസം സംരക്ഷിക്കാനോ വേണ്ടി സ്വന്തം നാട്ടില്‍നിന്നകന്ന്, വിദൂര ദേശങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നവര്‍ക്ക്, സാന്ത്വനമേകേണമേ!
കാലപ്പഴക്കമേറിയതും പുതുതായി ആരംഭിച്ചിരിക്കുന്നതുമായ എല്ലാ സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും അറുതിവരുത്തണമേ എന്ന് ഞങ്ങള്‍ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു.
സിറിയയ്ക്കുവേണ്ടി ഞങ്ങള്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നു. സിറിയന്‍ സംഘര്‍ഷത്തിന്റെ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും അടിയന്തര സഹായം ലഭിക്കുവാനും, സമാധാനത്തിനുവേണ്ടിയുള്ള സുദീര്‍ഘമായ പ്രത്യാശ സാക്ഷാത്കരിക്കുന്നതിനായി എല്ലാ കക്ഷികളും, മാരകായുധങ്ങളുടെ ഉപയോഗത്തിലും നിരായുധരായ പൗരന്മാര്‍ക്കെതിരേയുള്ള ആക്രമണത്തില്‍ നിന്നും പിന്തിരിഞ്ഞ്, ധൈര്യപൂര്‍വ്വം സന്ധിസംഭാഷണത്തിലേര്‍പ്പെടുന്നതിനായും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ഇറാക്കില്‍ സ്വസഹോദരങ്ങളുടെ അക്രമത്തിന് ഇരയാകുന്നവര്‍ക്കുവേണ്ടിയും, പുനരാരംഭിച്ച ഇസ്രയേല്‍ പലസ്തീന്‍ ചര്‍ച്ചകള്‍ ഫലപ്രദമാകുന്നതിനുവേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
മധ്യാഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതിനും, നൈജീരിയയിലെ കിരാതമായ ഭീകരാക്രമണങ്ങള്‍ക്കും, ദക്ഷിണ സുഡാനിലെ അക്രമസംഭവങ്ങള്‍ക്കും അന്ത്യം കുറിക്കുന്നതിനു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
വെനസ്വേലന്‍ ജനത അനുരജ്ഞനത്തിലേക്കും സാഹോദര്യത്തിലേക്കും തിരിയുന്നതിനുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ജൂലിയന്‍ പഞ്ചാംഗം തുടരുന്ന െ്രെകസ്തവ സഭകളോടൊപ്പം ഇക്കൊല്ലം ഉത്ഥാനത്തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍, ഉെ്രെകനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും പ്രകാശവും പ്രചോദനവും ഏകി അനുഗ്രഹിക്കേണമേ, അങ്ങനെ അക്രമം തടയുന്നതിനുവേണ്ടിയും, ഈ പ്രശ്‌നത്തില്‍ പങ്കാളികളായിരിക്കുന്ന ഏവരും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ഐക്യത്തിന്റേയും അനുരജ്ഞനത്തിന്റേയും അരൂപിയില്‍, രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുവാനും ഇടയാകട്ടെ!
കര്‍ത്താവായ ദൈവമേ, ഈ ഭൂമുഖത്തെ സകല ജനതകള്‍ക്കുംവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,
മരണത്തിനുമേല്‍ വിജയശ്രീലാളിതനായ അങ്ങ് നല്‍കുന്ന ജീവനും സമാധാനവും ഞങ്ങള്‍ എല്ലാവരുടേയുംമേല്‍ പരിലസിക്കുമാറാകട്ടെ........
'ക്രിസ്തു ഉത്ഥാനം ചെയ്തിരിക്കുന്നു. വന്നു കാണുവിന്‍!'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക