Image

വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 20 April, 2014
വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഈസ്റ്റര്‍ ഞായറാഴ്‌ച കേരളത്തിലെ ഒരു ക്രൈസ്‌തവാശ്രമത്തിലേക്ക്‌ ആഗോള മലയാളിയെ ക്ഷണിക്കാനാണ്‌ ഈ ലേഖനം.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകൊണ്ട്‌ കലാപകലുഷിതമായ പശ്ചിമഘട്ട പര്‍വതനിരകളില്‍ പച്ചപ്പ്‌ ഇനിയും നശിച്ചിട്ടില്ലാത്ത അപൂര്‍വം മലമുടികളില്‍ ഒന്നാണ്‌ കോട്ടയം ജില്ലയിലെ വാഗമണ്‍. മൂന്നാറും കുമളിയും വയനാടുമാണ്‌ മറ്റുള്ളവ. സമുദ്രനിരപ്പില്‍നിന്ന്‌ 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വാഗമണ്‍ കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ്‌, രണ്ടിന്റേയും പൊതുസ്വത്തുമാണ്‌. കോട്ടയത്തുനിന്നു മൂന്നു മണിക്കൂര്‍ പോയാല്‍ വാഗമണ്ണിലെത്താം. ദൂരം 78 കിലോമീറ്ററേ ഉള്ളൂവെങ്കിലും അവസാനത്തെ 25 കിലോമീറ്റര്‍ ഉയര്‍ന്നുയര്‍ന്നു പോകുന്ന മലമ്പാതയാണ്‌.

വാഗമണ്ണിന്റെ ഏറ്റവും വലിയ ആകര്‍ഷണം അവിടത്തെ സുഖശീതളമായ കാലാവസ്ഥതന്നെ. പച്ചമെത്ത വിരിച്ച മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും പൈന്‍മരക്കാടും ഇടയ്‌ക്കിടെ പൊട്ടിമുളച്ചുവരുന്ന റിസോര്‍ട്ടുകളും, എല്ലാറ്റിനും നടുവില്‍ പ്രാര്‍ത്ഥനാനിരതമായ ഒരാശ്രമവും അവിടെ പശുപരിപാലനവും ഡയറി ഫാമിംഗുമായി കഴിയുന്ന കുറേ ആശ്രമവാസികളും.

അര നൂറ്റാണ്ടു കഴിഞ്ഞു കുരിശുമല ആശ്രമം രൂപമെടുത്തിട്ട്‌. നൂറ്റാണ്ടുകളായി ലോകമാസകലം വേരുറപ്പിച്ചു പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സിയന്‍ എന്ന സന്യാസീ സംഘത്തിന്റെ ശാഖയാണ്‌ വാഗമണ്ണിലേത്‌. ആബി എന്ന ആശ്രമത്തിന്റെ അധിപനെ `ആബട്ട്‌' എന്നു വിളിക്കും; മലയാളത്തിലാണെങ്കില്‍ ആചാര്യന്‍ എന്നും. ഇംഗ്ലീഷ്‌, ഐറിഷ്‌, സ്‌കോട്ടിഷ്‌ പ്ലാന്റര്‍മാര്‍ നൂറ്റാണ്ടുകള്‍ മുമ്പ്‌ സ്ഥാപിച്ച ബോണ്‍ ആമി, ടൈ്വഫോര്‍ഡ്‌, ലോണ്‍ ട്രീ തുടങ്ങിയ തേയില തോട്ടങ്ങളുടെ അരികുപറ്റിയാണ്‌ കുരിശുമല ആശ്രമം.

ഇംഗ്ലണ്ടില്‍ വട്ടമേശസമ്മേളനത്തിനെത്തിയ ഗാന്ധിജിയില്‍ ആകൃഷ്‌ടനായി നാടും വീടും വിട്ട്‌ ഇന്ത്യയിലേക്കു വന്ന ഫ്രാന്‍സിസ്‌ മാഹിയു എന്ന ബെല്‍ജിയംകാരനാണ്‌ ബീഡ്‌ ഗ്രിഫിത്‌സ്‌ എന്ന ഇംഗ്ലീഷുകാരനൊപ്പം ചേര്‍ന്ന്‌ 1958-ല്‍ ആശ്രമം സ്ഥാപിച്ചത്‌. മലയാളം പഠിച്ചു; പ്രാര്‍ത്ഥനാക്രമങ്ങള്‍ മലയാളത്തിലേക്കു പരാവര്‍ത്തനം ചെയ്‌തു. അര നൂറ്റാണ്ടു കാലം ആശ്രമത്തില്‍ കഴിഞ്ഞ അദ്ദേഹം 2002 ജനുവരി 31-ന്‌ 91-ാം വയസ്സില്‍ ലോകത്തോടു വിടവാങ്ങി. അദ്ദേഹത്തിന്റെ കുടീരം ഇന്ന്‌ നൂറുകണക്കിനു തീര്‍ത്ഥാടകരുടെ സന്ദര്‍ശനകേന്ദ്രമാണ്‌.

വിദേശത്തുനിന്നു ലഭിച്ച ഫ്രീഷ്യന്‍ പശുക്കളുമായാണ്‌ ആശ്രമത്തില്‍ പശുപരിപാലനം തുടങ്ങിയത്‌. ബ്രദര്‍ എന്നു വിളിക്കപ്പെടുന്ന അന്തേവാസികളും ഫാദര്‍ എന്നു വിളിക്കപ്പെടുന്ന മുതിര്‍ന്നവരും ചേര്‍ന്ന ഒരു സമൂഹം. അവരവിടെ ഒരു ഡയറി ഫാം ആരംഭിച്ചു. പശുക്കളെ ഗ്രാമീണര്‍ക്കു സൗജന്യമായി നല്‌കി; സൗജന്യനിരക്കില്‍ കാലിത്തീറ്റയും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ പച്ചപ്പുല്‍മേടുകളും എഴുതിക്കൊടുത്തു.

കുട്ടിയാനയുടെ വലുപ്പമുണ്ട്‌ മിക്ക പശുക്കള്‍ക്കും. കറവയുള്ള ഓരോ പശുവും പ്രതിദിനം ശരാശരി 20 ലിറ്റര്‍ വരെ പാല്‍ തരും. മിക്കവയേയും കറക്കുന്നത്‌ യന്ത്രമുപയോഗിച്ചാണ്‌. ആരംഭകാലത്ത്‌ അറുപതോളം നാട്ടുകാര്‍ രാവിലെയും വൈകിട്ടും പാലുമായി ആശ്രമത്തിലേക്ക്‌ നിരനിരയായി പോകുന്നതു കാണാമായിരുന്നു. അവരുടെ എണ്ണം ഇപ്പോള്‍ മൂന്നിലൊന്നായി കുറഞ്ഞുപോയി.

ആശ്രമത്തിലിപ്പോള്‍ കിടാരികളടക്കം ഇരുനൂറോളം പശുക്കളുണ്ട്‌. കുടമണിയാട്ടുന്ന കാളക്കൂറ്റന്മാര്‍ പുറമേ. കറവയുള്ളവ അറുപതോളം. അവിടെ ഒരു പാസ്‌ചറൈസേഷന്‍ പ്ലാന്റും തുടങ്ങി. 4000 ലിറ്റര്‍ വരെ ശുദ്ധീകരിച്ച പാല്‍ പായ്‌ക്കറ്റിലാക്കി റഫ്രിജറേറ്റഡ്‌ വാനില്‍ പാലാ നഗരം വരെ പ്രതിദിനം വിതരണം നടത്തുന്നു. കുരിശുമലയിലെ പാലിന്‌ നല്ല ഡിമാന്‍ഡാണ്‌. നല്ല കൊഴുപ്പുള്ളതിനാല്‍ നാലിരട്ടി ചായയും കാപ്പിയും തൈരുമൊക്കെയുണ്ടാക്കാം.കൊഴുപ്പു നീക്കാതെയാണ്‌ ആശ്രമത്തിന്റെ പാല്‍ വിതരണം.

പശുക്കളെ നോക്കാന്‍ പത്ത്‌ ജോലിക്കാര്‍ സ്ഥിരമായുണ്ട്‌ ആശ്രമത്തില്‍. അവരില്‍ ബംഗാളികളും ഒറീസക്കാരുമുണ്ട്‌. താമസവും ഭക്ഷണവും ശമ്പളവും നല്‍കുന്നു. ബംഗാളിലെ സന്താള്‍ പര്‍ഗാനയിലും ഒറീസയിലെ കലഹന്തിയിലും 50 രൂപ പ്രതിദിനം കൂലിയുള്ളപ്പോള്‍ ആശ്രമം കൊടുക്കുന്നത്‌ സര്‍വ്വ ചെലവും താമസവും കഴിഞ്ഞ്‌ മാന്യമായ വേതനം. അവര്‍ സംതൃപ്‌തര്‍.

ആചാര്യ ഫ്രാന്‍സിസിന്റെ കാലശേഷം ആദ്യമായി ഒരു നാട്ടുകാരനെ ആബട്ട്‌ ആയി തെരഞ്ഞെടുത്തു-ഫാ. യേശുദാസന്‍ തെള്ളിയില്‍. കാലാവധി നീട്ടിക്കൊടുത്തിട്ടും അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ അദ്ദേഹം നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന്‌ ഓസ്‌ട്രേലിയയില്‍നിന്ന്‌ ആബട്ട്‌ ഡോം സ്റ്റീല്‍ ഹാര്‍ട്ട്‌മാന്‍ എത്തി പുതിയൊരാളെ തെരഞ്ഞെടുത്തത്‌ ഏപ്രില്‍ ആദ്യമാണ്‌. മലങ്കര സഭയുടെ തിരുവല്ല ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ കൂറീലോസ്‌, സഹ മെത്രാന്‍ ഫിലിപ്പോസ്‌ സ്‌തെഫാനോസ്‌ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാഭിഷേകം. ഭരണങ്ങാനം സ്വദേശിയായ ഈശാനന്ദന്‍ മച്ചിയാനിക്കല്‍ (70) ആശ്രമത്തിലെത്തിയിട്ട്‌ അരനൂറ്റാണ്ടായി.

ലോകമെമ്പാടുനിന്നും സന്ദര്‍ശകര്‍ എത്താറുണ്ട്‌ ആശ്രമത്തില്‍. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജര്‍മനി, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്നാണ്‌ ഭൂരിഭാഗവും. ചിലര്‍ മൂന്നു ദിവസവും മറ്റു ചിലര്‍ പത്തു ദിവസം വരെയും താമസിക്കും. ആശ്രമത്തില്‍ ധ്യാനവും പ്രാര്‍ത്ഥനയും ലളിതമായ ഭക്ഷണവും കഴിച്ച്‌ പുതിയ മനുഷ്യരായി അവര്‍ മടങ്ങുന്നു; വീണ്ടും വീണ്ടും മടങ്ങിവരാനായി.

രാഷ്‌ട്രീയ കോലാഹലങ്ങളോ കാതടിപ്പിക്കുന്ന ഉച്ചഭാഷിണിയോ റേഡിയോയോ ടെലിവിഷനോ ഇല്ലാത്ത സ്വച്ഛന്ദമായൊരിടമാണ്‌ വാഗമണ്‍ ആശ്രമവും പരിസരവും. പൂക്കള്‍ ഏയ്‌ഞ്ചല്‍ ട്രമ്പറ്റ്‌്‌സും ഗോള്‍ഡന്‍ ഷവേഴ്‌സും അലുക്കിടുന്ന ആശ്രമത്തില്‍ കാറ്റിനുപോലും സുഗന്ധം. അടുത്ത കാലംവരെ ടെലിഫോണ്‍ പോലും ഇല്ലായിരുന്നു. ഡയറി ഫാം ഉള്ളതുകൊണ്ടും വിദേശ സന്ദര്‍ശകര്‍ വിളിക്കാറുള്ളതുകൊണ്ടും അടുത്തകാലത്തായി ഫോണ്‍ വച്ചു. ഒടുവില്‍, ഒന്നോ രണ്ടോ പേര്‍ക്ക്‌ മൊബൈലും. പുറംലോകവുമായി ബന്ധം അത്രമാത്രം. ഇമെയിലുമുണ്ട്‌. kurisumala1958@gmail.com


(ചില ചിത്രങ്ങള്‍ക്ക്‌ വാഗമണ്‍ ജോണ്‍സണ്‍ സ്റ്റുഡിയോയിലെ ജോണിയോടും ആശ്രമത്തിലെ ബ്രദര്‍ അഗസ്റ്റിനോടും കടപ്പാട്‌)
വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വാഗമണ്ണില്‍ പുതിയ പ്രകാശഗോപുരം, ആശ്രമത്തിനു പുതിയ ആചാര്യന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക