Image

ഗാഗുല്‍ത്തായില്‍ കണ്ടതും കേട്ടതും (കവിത: സാബു ജേക്കബ്‌)

Published on 18 April, 2014
ഗാഗുല്‍ത്തായില്‍ കണ്ടതും കേട്ടതും (കവിത: സാബു ജേക്കബ്‌)
കണ്ടുഞാന്‍ യേശുവിന്‍ ക്രൂശിതരൂപം
ഗാഗുല്‍ത്താ മലയിലെ മരക്കുരിശില്‍
മറിയത്തിന്‍ ദീന നിലവിളി വന്നെന്റെ
കാതില്‍ മുഴങ്ങുന്നോരാര്‍ദ്ര വിലാപമായി

യഹൂദ രാജാവെന്നാക്ഷേപിച്ചെഴുതിയ
കുറിമാനം കുരിശിന്റെ മുകളില്‍ കണ്ടു
അപരാധികളാം രണ്ടു തസ്‌കരന്മാരേയും
വലതുമിടത്തുമായി തൂക്കിയിരുന്നു.

നിണമിറ്റു വീഴുന്ന മുറിവുകള്‍ കണ്ടു
ശിരസ്സില്‍ വഹിക്കുന്ന മുള്‍മുടി കണ്ടു
മാനവ രക്ഷയ്‌ക്കായി വന്നൊരു നാഥനെ
മാനുഷര്‍ വിധിചെയ്‌ത കാഴ്‌ച കണ്ടു

മനസ്സില്ലാമനസ്സോടെ അന്യായ വിധി ചെയ്‌ത
പിലാത്തോസിനെ കണ്ടു ന്യായാസനത്തില്‍
നീതിമാനേശുവെ ക്രൂശിപ്പാനേല്‍പ്പിച്ച
ദു:ഖത്താലാ മുഖം പിടയുന്നതും കണ്ടു

ശാസ്‌ത്രിമാര്‍ പരിശ ഗണങ്ങളെ കണ്ടു
മൂപ്പന്മാരാം മഹാ പുരോഹിതരെ കണ്ടു
കര്‍ത്താവിനൊപ്പം പെസഹ കൊണ്ടാടിയ
പിന്തിരു ശിഷ്യരെ അവിടെ ഞാന്‍ കണ്ടു

ക്രൂശിക്ക അവനെയെന്നുച്ചത്തിലാര്‍ക്കുന്ന
നീചരാം ജനത്തിന്റെ മുറവിലി ഞാന്‍ കേട്ടു
മുപ്പതു വെള്ളിക്കു നാഥനെ ഒറ്റിയ
യഹൂദ ചെന്നു കെട്ടിഞാലുന്നതും കണ്ടു

അങ്കിക്കായി ചീട്ടിട്ട പടയാളികള്‍ ചേര്‍ന്ന്‌
നിന്ദിച്ചു തുപ്പുന്ന കാഴ്‌ച ഞാന്‍ കണ്ടു
കൈയ്‌പേറും കാടി കുടിക്കാഞ്ഞതിനേകിയ
കുന്തത്താലുള്ളൊരു മുറിപ്പാടു കണ്ടു

പ്രാണന്‍ പിടയുമ്പോള്‍ പിതാവോടുച്ചത്തില്‍
കൈവിട്ടതെന്തെന്നു കേഴുന്നതു ഞാന്‍ കേട്ടു
പ്രാണന്‍ പിരിയുമ്പോള്‍ പ്രകൃതിയിലുണ്ടായ
മാറ്റങ്ങള്‍ ഭയമോടെ ഞാന്‍ നോക്കി നിന്നു

സന്ധ്യ മയക്കത്തില്‍ അരിമധ്യക്കാരനാം
ജോസഫ്‌ താന്‍ തീര്‍ത്ത കബറിലടക്കുന്നതും
അമ്മയാം മറിയയും മഗ്‌ദല മറിയവും
നൊന്തു കരയുന്ന കാഴ്‌ചയും കണ്ടു

മാന്നാം നാള്‍ ദൈവത്തിന്‍ സന്നിധി പൂകിയ
നാഥന്റെ വരവിനായി കാക്കുന്നു ഞാനിന്നും
പാപാന്ധകാരത്തില്‍ ഉഴലുമീ ലോകത്തെ
രക്ഷിപ്പാന്‍ വീണ്ടും നീ വരികയില്ലേ? .....

സാബു ജേക്കബ്‌ sabujacobs@gmail.com
ഗാഗുല്‍ത്തായില്‍ കണ്ടതും കേട്ടതും (കവിത: സാബു ജേക്കബ്‌)ഗാഗുല്‍ത്തായില്‍ കണ്ടതും കേട്ടതും (കവിത: സാബു ജേക്കബ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക