Image

അവാര്‍ഡ്, വിമര്‍ശനം, നിരാശ

Published on 19 April, 2014
അവാര്‍ഡ്, വിമര്‍ശനം, നിരാശ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു. സുദേവന്‍ സംവിധാനം ചെയ്ത  ക്രൈം നമ്പര്‍ 89 മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും ലാലും പങ്കിട്ടു. ആന്‍ അഗസ്റ്റിനാണ് മികച്ച നടി.

നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഫഹദ് ഫാസിലിനും അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് ലാലും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടത്. ആര്‍ട്ടിസ്റ്റിലെ അഭിനയത്തിനാണ് ആന്‍ അഗസ്റ്റിനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ആര്‍ട്ടിസ്റ്റിന്‍െറ സംവിധായകന്‍ ശ്യാമപ്രസാദാണ്് മികച്ച സംവിധായകന്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ക്രൈം നമ്പര്‍ 89 ലെ അഭിനയത്തിന് അശോക് കുമാറിനെ മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുത്തു. കന്യക ടാക്കീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലെനയെ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുത്തു.

 സുരാജ് വെഞ്ഞാറമൂടാണ് മികച്ച ഹാസ്യനടന്‍. ദൈവത്തിന്‍െറ സ്വന്തം ക്ളീറ്റസ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലെ  അഭിനയത്തിനാണ് സുരാജിന് അവാര്‍ഡ്. ഫിലിപ്സ് ആന്‍റ് ദ മങ്കിപ്പെനിലെ അഭിനയത്തിന് സനൂപും അഞ്ചുസുന്ദരികളിലെ സേതുലക്ഷിയെ അവതരിരപ്പിച്ച ബേബി അനിഘയെയും മികച്ച ബാലതാരങ്ങളായി. ഫിലിപ്സ് ആന്‍റ് ദ മങ്കിപ്പെനാണ് മികച്ച ബാലചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കെ. ആര്‍ മനോജ്കുമാറാണ് മികച്ച നവാഗത സംവിധായകന്‍ (കന്യകാ ടാക്കീസ്).

മറ്റു അവാര്‍ഡുകള്‍:
കഥാകൃത്ത് - അനീഷ് അന്‍വര്‍ (സക്കറിയയുടെ ഗര്‍ഭിണികള്‍)
ഛായാഗ്രാഹകന്‍- സുജിത്ത് വാസുദേവ് (അയാള്‍)
തിരക്കഥ - ബോബി,സഞ്ജയ് ( മുംബൈ പോലീസ്)
ഗാനരചയിതാവ് - പ്രഭാകര വര്‍മ്മ, മധു വാസുദേവ്
സംഗീത സംവിധാനം -ഒൗസേപ്പച്ചന്‍ (നടന്‍)
പശ്ചാത്തല സംഗീതം -ബിജിപാല്‍ (ബാല്യകാലസഖി)
പിന്നണി ഗായകന്‍ -കാര്‍ത്തിക്
പിന്നണി ഗായിക- വൈക്കം വിജയലക്ഷ്മി
ചിത്രസംയോജകന്‍- കെ. രാജഗോപാല്‍
കലാസംവിധായകന്‍- എം. ബാവ
വസ്ത്രാലങ്കാരം -സിദി തോമസ്
മേക്കപ്പ്- പട്ടണം റഷീദ്
കളറിസ്റ്റ് - രഘുരാമന്‍
കൊറിയോഗ്രാഫര്‍ -കുമാര്‍ ശാന്തി
മികച്ച സിനിമാ ഗ്രന്ഥം -കാഴ്ചയുടെ സത്യം (എസ്. ജയചന്ദ്രന്‍ നായര്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ സംവിധായകന്‍ ഡോ.ബിജു. സംസ്ഥാന ജൂറി ദേശീയ പുരസ്കാരത്തെ തരംതാഴ്ത്തി, സുരാജ് വെഞ്ഞാറമൂടിന് ഹാസ്യനടനുള്ള പുരസ്കാരം നല്‍കി അപമാനിക്കുകയാണ് ചെയ്തതെന്നും ഡോ. ബിജു മാധ്യമങ്ങളോട് പറഞ്ഞു.

ജൂറിയില്‍ ഹാസ്യനടന്മാരുണ്ടായിരുന്നതുകൊണ്ടായിരിക്കാം സുരാജ് വെഞ്ഞാറമ്മൂടിന് ഹാസ്യനടനുള്ള അവാര്‍ഡ് ലഭിച്ചതെന്ന് ബിജു പറഞ്ഞു. ജൂറി അംഗങ്ങളുടെ നിലവാരം പ്രകടിപ്പിക്കുന്നതാണ് പുരസ്കാരങ്ങള്‍. ജൂറി ചെയര്‍മാന്‍ സിനിമകള്‍ മുഴുവന്‍ കണ്ടോയെന്നത് വ്യക്തമല്ല. ജൂറിക്ക് വ്യക്തമായ അജണ്ടയുണ്ടായിരുന്നുവെന്നും ഡോ. ബിജു ആരോപിച്ചു.

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഡോ.ബിജു. 

അവാര്‍ഡ് നിര്‍ണ്ണയ സമിതികള്‍ തന്നെ അവസാന നിമിഷം തഴയുന്നത് ആദ്യമല്ലെന്നും താന്‍ ഇതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞെന്നും നടന്‍ ജയറാം. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് കിട്ടാത്തതില്‍ തനിക്ക് ദുഖമൊന്നുമില്ല. അവാര്‍ഡ് ലഭിച്ചവരെ താന്‍ അഭിനന്ദിക്കുന്നു. മികച്ച ജൂറിയാണ് ഇത്തവണ അവാര്‍ഡ് നിര്‍ണ്ണയിച്ചതെന്നും ജയറാം പറഞ്ഞു.

-----------------
ഏറെ അഭിമാനകരമായ സംസ്ഥാന അവാര്‍ഡ് ഫഹദിന് അര്‍ഹതപ്പെട്ടതാണെന്ന് പിതാവും സംവിധായകനുമായ ഫാസില്‍. ദേശീയ അവാര്‍ഡ് സുരാജിന് ലഭിച്ചതിനാല്‍ അതേവഴിയിലേക്ക് സംസ്ഥാന അവാര്‍ഡും പോകുമെന്ന് കരുതി.  ‘ചാപ്പാകുരിശി’ലെ അഭിനയം കണ്ടപ്പോഴാണ് നടന്‍ എന്ന നിലയില്‍ കൃതഹസ്തനായി എന്ന് തോന്നിയത്. കലാഭിരുചി ഒരര്‍ഥത്തില്‍ പാരമ്പര്യമാണ്. ഫഹദിന്‍െറ കാര്യത്തില്‍ പരിശീലനത്തിന്‍െറയും പഠനത്തിന്‍െറയും അംശം കൂടിയുണ്ട്.
മകനായതുകൊണ്ടല്ല, കഴിവുണ്ടെന്ന്് തോന്നിയതിനാലാണ് തന്‍െറ ചിത്രത്തില്‍ ആദ്യമായി അഭിനയിപ്പിച്ചത്. ഫഹദിന്‍െറ ചില ഡയലോഗുകളും അവതരണരീതിയും വിഡിയോയില്‍ കാണിച്ചപ്പോള്‍ മോഹന്‍ലാലും പ്രിയദര്‍ശനും മമ്മൂട്ടിയുമെല്ലാം നല്ല അഭിപ്രായം പറഞ്ഞതിനാലുമാണ് അങ്ങനെ ചെയ്തത്. നല്ല അഭിനയത്തിന് അവന്‍ നന്നായി ഗൃഹപാഠം ചെയ്യാറുണ്ട്.
‘നോര്‍ത്ത് 24 കാതം’ തന്നെ അദ്ഭുതപ്പെടുത്തി.

അവാര്‍ഡ്, വിമര്‍ശനം, നിരാശ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക