Image

വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കൗണ്‍സിലിംഗ്‌ നിര്‍ബന്ധമാക്കുന്നു

Published on 19 April, 2014
വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കൗണ്‍സിലിംഗ്‌ നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി മുതല്‍ വധൂവരന്മാര്‍ വിവാഹപൂര്‍വ കൗണ്‍സലിങ്ങില്‍ പങ്കെടുത്തിരിക്കണമെന്ന നിബന്ധന വരുന്നു. സംസ്ഥാന വനിതാകമീഷനാണ്‌ സര്‍ക്കാറിന്‌ മുന്നില്‍ ഈ നിര്‍ദേശം വെച്ചത്‌.

വര്‍ധിക്കുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന അവസ്ഥ കണക്കിലെടുത്താണിത്‌. നേരത്തെ ഇതുസംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്‌. പുതിയ സാഹചര്യത്തില്‍ അത്‌ നിര്‍ബന്ധമാക്കാനാണ്‌ തീരുമാനമെന്ന്‌ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണറിയുന്നത്‌.

നിലവില്‍ െ്രെകസ്‌തവ സഭകളും എസ്‌.എന്‍.ഡി.പി യോഗവും വിവാഹപൂര്‍വ കൗണ്‍സലിങ്‌ നല്‍കുന്നുണ്ട്‌. അതിന്‍െറ പ്രയോജനം അവര്‍ക്ക്‌ കിട്ടുന്നുണ്ടെന്നാണ്‌ കമീഷന്‍ വിലയിരുത്തല്‍. ഇത്തരം കൗണ്‍സലിങ്ങിന്‌ അംഗീകാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.

രക്ഷാകര്‍ത്താക്കളുടെ ഇടപെടലുകള്‍ വൈവാഹിക ബന്ധത്തെ ദോഷമായി ബാധിക്കുന്നതായും കമീഷന്‍ വിലയിരുത്തുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും സ്‌ത്രീകളില്‍ മാറ്റമുണ്ടായെങ്കിലും ഭദ്രമായൊരു കുടുംബാന്തരീക്ഷം കൊണ്ടുപോകാനുള്ള പക്വത പലപ്പോഴും ഇല്ലാതെപോകുന്നു.
സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പുരുഷന്മാര്‍ മാറാത്തതും പ്രശ്‌നങ്ങള്‍ക്കിടവരുത്തുന്നു. ഇണയുമായി ഒരുമയോടെ ജീവിക്കാനാകാത്ത സാഹചര്യം വിവാഹമോചനത്തിലേക്കോ വിവാഹേതര ബന്ധങ്ങളിലേക്കോ എത്തുകയാണ്‌ ചെയ്യുക. കുടുംബങ്ങളില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാവാന്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും കൃത്യമായ ബോധവത്‌കരണം അനിവാര്യമാണെന്നും കെ.സി. റോസക്കുട്ടി പറഞ്ഞു. കൗണ്‍സലിങ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്‌താല്‍ മതിയെന്നാണ്‌ വനിതാ കമീഷന്‍െറ ശിപാര്‍ശ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക