Image

സുധ, തോള ഗ്രാമങ്ങളുടെ മലയാളി നായിക

Published on 19 April, 2014
സുധ, തോള ഗ്രാമങ്ങളുടെ മലയാളി നായിക
ധാനാപ്പൂര്‍ (പട്ന): ഷോപ്പിങ് മാളുകളും ഫൈ്ളഓവറുകളുമൊക്കെ ഉയര്‍ന്നു വരുന്ന ബിഹാറിലെ പട്നയില്‍നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ധാനാപ്പൂരിലത്തൊം. തലസ്ഥാന നഗരത്തോട് ഇത്രത്തോളം അടുത്തുകിടക്കുന്ന ധാനാപ്പൂര്‍, സംസ്ഥാനത്തെ വികസന വേഗത്തിന്‍െറ മറ്റൊരു കഥ പറഞ്ഞുതരും. മുസഹര്‍ വിഭാഗത്തില്‍പെട്ടവരുടെ തോള ഗ്രാമങ്ങള്‍ക്ക് ദാരിദ്ര്യത്തിന്‍െറ എല്ലുന്തിയ മുഖമാണ്.

എഴുത്തും വായനയും അറിയുന്നവര്‍ മൂന്നു ശതമാനം. കോണ്‍ക്രീറ്റ് കാടുകളില്ല; എരുമയും എലിയും മനുഷ്യരുമൊക്കെ ഒന്നിച്ചുകഴിയുന്ന ഒറ്റമുറി കൂരകള്‍. ഈ തോള ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങളില്ല. പക്ഷേ, സകലമാന ചൂഷണത്തിന്‍െറയും നിലവിളിയുണ്ട്. ചുറ്റുമുള്ള പാടങ്ങളില്‍ വിതയിറക്കിയും കൊയ്തും ജന്മികളായ ഭൂമിഹാറുകള്‍ക്ക് സ്വന്തം ജീവിതം വിട്ടുകൊടുത്തവര്‍. ജന്മികള്‍ വെച്ചുനീട്ടുന്ന നെല്ലും ഗോതമ്പും ഓടിനടക്കുന്ന എലികളുമൊക്കെയായി വിശപ്പടക്കുന്നവര്‍.
കോട്ടയം കുറുപ്പന്തറ കാഞ്ഞിരത്താനത്ത് ചേന്നംപറമ്പിലെ വര്‍ക്കിയുടെയും ഏലിക്കുട്ടിയുടെയും മകള്‍ സുധ 28 വര്‍ഷമായി കഴിയുന്നത് മുസഹര്‍ വിഭാഗക്കാരുടെ കുടിലുകള്‍ക്കിടയിലാണ്. അവരുടെ പ്രയാസങ്ങള്‍ക്കും അപൂര്‍വം വിരുന്നത്തെുന്ന സന്തോഷങ്ങള്‍ക്കുമൊപ്പം സുധയുമുണ്ട്. രാജ്യത്തിന്‍െറ സമുന്നത ബഹുമതികളിലൊന്നായ പത്മശ്രീ ഏഴു കൊല്ലം മുമ്പ് ധാനാപ്പൂരിലെ തോള ഗ്രാമങ്ങളിലെ സിസ്റ്റര്‍ സുധാ വര്‍ഗീസിനെ തേടിയത്തെിയത് അങ്ങനെയാണ്.

മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമുദായിക രംഗത്തുള്ളവരെ പത്മ പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കാറില്ല. നോട്ടര്‍ഡാം സന്യാസിനി സഭാംഗമായ സുധാ വര്‍ഗീസ് പക്ഷേ, സമുദായത്തിലേക്ക് ക്ഷണിക്കാനല്ല മുസഹര്‍ വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്ന് അധികൃതര്‍ക്കുതന്നെ ബോധ്യമായി. മുഴുസമയ സന്നദ്ധപ്രവര്‍ത്തനം കഴിഞ്ഞാല്‍, സഭയുടെ പരിപാടികള്‍ക്കൊന്നും സുധാ വര്‍ഗീസിന് സമയമില്ല.

ബിഹാറിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണ് മുസഹറുകള്‍. ഉറപ്പുള്ള വീടോ കുടിവെള്ളമോ വൈദ്യുതിയോ ഒന്നും തോള ഗ്രാമങ്ങളിലില്ല. മുംഗേര്‍ ജില്ലയില്‍നിന്ന് 1986ലാണ് സുധാ വര്‍ഗീസ് ധാനാപ്പൂരില്‍ എത്തിയത്. മുസഹറുകള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തിനും ചൂഷണത്തിനുമെതിരെ പോരാടാനുള്ള ദൃഢനിശ്ചയത്തിനു കാരണം കണ്‍മുന്നില്‍ കണ്ട അവരുടെ ദൈന്യതകളാണെന്ന് സുധ പറയുന്നു.

അങ്ങനെയാണ് അവരില്‍ ഒരാളുടെ വീട്ടില്‍ ജീവിച്ചുതുടങ്ങിയത്. ആ ജീവിതം 21 വര്‍ഷം നീണ്ടു. കൂലി കൂടുതല്‍ കിട്ടാന്‍, സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാതിരിക്കാന്‍, സര്‍ക്കാറില്‍നിന്ന് സാമ്പത്തിക സഹായം കിട്ടാന്‍, പഠിപ്പിക്കാന്‍, ജോലിയും വരുമാനവുമുണ്ടാക്കിക്കൊടുക്കാന്‍, മദ്യപാനത്തിനെതിരെയെല്ലാം സുധാ വര്‍ഗീസ് രംഗത്തിറങ്ങി. മരവിച്ചുകിടന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി. എതിര്‍പ്പുകളും ഭീഷണികളുമൊന്നും വകവെക്കാത്ത പോരാട്ടമായിരുന്നു അത്. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ബിഹാര്‍ സര്‍ക്കാര്‍ സുധാ വര്‍ഗീസിനെ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ഉപാധ്യക്ഷയാക്കിയിട്ടുണ്ട്. ധാനാപ്പൂരിലെ അഞ്ചു ബ്ളോക്കുകളിലായി രണ്ടു ലക്ഷത്തോളം മുസഹറുകളുണ്ട്.

രണ്ടായിരത്തോളം പെണ്‍കുട്ടികളെ സുധാ വര്‍ഗീസ് നയിക്കുന്ന ‘നാരീഗുഞ്ജന്‍’ (സ്ത്രീ ശബ്ദം) ദത്തെടുത്ത് ഹോസ്റ്റലിലാക്കി പഠിപ്പിക്കുന്നു. അഞ്ചു ബ്ളോക്കുകളിലായി 78 സെന്‍ററുകളില്‍ സാക്ഷരതാ പ്രവര്‍ത്തനം നടക്കുന്നു. 1500 വീടുകള്‍ പാവപ്പെട്ടവര്‍ക്ക് പണിതുകൊടുത്തു. ബിഹാര്‍ മഹാദലിത് വികാസ് മിഷന്‍െറ പിന്തുണയും ലഭിക്കുന്നുണ്ട്. അവരുടെകൂടി സഹായത്തോടെ മൊബൈല്‍ റിപ്പയറിങ് മുതല്‍ ചെണ്ട കൊട്ടല്‍വരെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നല്‍കിവരുന്നുണ്ട്. വെള്ളത്തിനും വൈദ്യുതിക്കും സ്കോളര്‍ഷിപ്പിനുമൊക്കെ വേണ്ടിയും നാരീഗുഞ്ജന്‍ സജീവ പ്രവര്‍ത്തനത്തിലാണ്. ‘പക്ഷേ, നടന്നതിനേക്കാള്‍ എത്രയോ ദൂരം നടക്കാന്‍ ബാക്കി’ -സുധാ വര്‍ഗീസ് പറയുന്നു.
സുധ, തോള ഗ്രാമങ്ങളുടെ മലയാളി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക