Image

അടുത്ത മാസം മുതല്‍ ദുബൈ വിമാന സര്‍വീസുകളില്‍ കുറവു വരുത്തിയേക്കുമെന്ന് സൂചന.

Published on 18 April, 2014
അടുത്ത മാസം മുതല്‍ ദുബൈ വിമാന സര്‍വീസുകളില്‍ കുറവു വരുത്തിയേക്കുമെന്ന് സൂചന.
നെടുമ്പാശേരി: അടുത്ത മാസം മുതല്‍ ഇന്ത്യയില്‍നിന്നുള്ള ദുബൈ വിമാന സര്‍വീസുകളില്‍ താല്‍ക്കാലികമായി കുറവു വരുത്തിയേക്കുമെന്ന് സൂചന. ദുബൈ വിമാനത്താവളത്തിലെ റണ്‍വേകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാലാണിത്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, സ്പൈസ് ജെറ്റ് തുടങ്ങിയവ ഇന്ത്യയിലേക്ക് സര്‍വീസുകളുടെ എണ്ണം താല്‍ക്കാലികമായി വെട്ടിച്ചുരുക്കുമെന്നറിയുന്നു. മറ്റ് ചില സര്‍വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് മാറ്റും. ചില വിമാനങ്ങളുടെ സമയത്തിലും മാറ്റമുണ്ടാകും. ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേയായിരിക്കും ആദ്യം അടക്കുകയെന്ന് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചു.

എന്നാല്‍, ബദല്‍ സംവിധാനം സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വിശദ വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സമയമാറ്റം സംബന്ധിച്ചും സര്‍വീസ് കുറക്കുന്നതു സംബന്ധിച്ചും വിമാന കമ്പനികള്‍ ഒൗദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.

എന്നാല്‍, അടുത്ത മാസത്തേക്ക് ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് വിവരം നല്‍കുന്നുണ്ട്. രണ്ടര മാസത്തോളം ഈ നില തുടരുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷത്തോളം സര്‍വീസുകളാണ് ദുബൈ വിമാനത്താവളം വഴി നടന്നത്. എന്നാല്‍, ഏതെങ്കിലും വിമാന കമ്പനികള്‍ സര്‍വീസ് കുറക്കുന്നത് സംബന്ധിച്ച് ഇതുവരെയും രേഖാമൂലം അറിയിച്ചിട്ടില്ളെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള ഡയറക്ടര്‍ എ.സി.കെ.നായര്‍ പറഞ്ഞു. ഏതാനും ദുബൈ സര്‍വീസുകളുടെ സമയത്തില്‍ അടുത്താഴ്ചയോടെ മാറ്റം വരുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക