Image

ജനപ്രിയനേതാവ് ഷാജി എഡ്വേര്‍ഡ് ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 April, 2014
ജനപ്രിയനേതാവ് ഷാജി എഡ്വേര്‍ഡ് ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ 201416 ഭരണ സമിതിയിലേക്ക് സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നുള്ള ഫോമായുടെ കരുത്തുറ്റ മുന്‍ സാരഥികളിലൊരാളായ ഷാജി എഡ്വേര്‍ഡ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

എണ്‍പതുകള്‍ മുതല്‍ കലാസാംസ്‌ക്കാരിക രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഷാജി, മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ ജനസമ്മതനായ നേതാവാണ്. ഈ വ്യത്യാസമാണ് അദ്ദേഹത്തെ ഇതര പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നതെന്ന്  അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അവകാശപ്പെട്ടു.

2008ല്‍ ഫോമാ എന്ന സംഘടന തുടങ്ങിയ കാലം മുതല്‍ ശശീധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, ജോണ്‍ സി. വര്‍ഗീസ്, ബേബി ഊരളില്‍, ബിനോയ് തോമസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഷാജി, 201012 കാലഘട്ടത്തില്‍ ഫോമയുടെ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.                                                                                                            

1986 മുതല്‍ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ സജീവ പ്രവര്‍ത്തകനാണ്. 2006ല്‍ പ്രസ്തുത സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം മൂന്നു പ്രാവശ്യം സെക്രട്ടറിയായും, മൂന്നു പ്രാവശ്യം ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റാറ്റന്‍ ഐലന്റ് നിവാസികള്‍ക്ക് ചിരപരിചിതനായ ഷാജി ഫോമയുടെ സെക്രട്ടറി പദവിക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.

യുവതലമുറയെ പിന്തുണക്കുകയും അവരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന അദ്ദേഹം, സാംസ്‌കാരിക പാരമ്പര്യത്തോടൊപ്പം ന്യൂജനറേഷന്‍ ആശയങ്ങളെ അംഗീകരിക്കുന്നതും, ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനവും ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്ത മാതൃകയാകുമെന്നത് നിസ്തര്‍ക്കമാണ്. ഏറ്റെടുക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള ഷാജിയുടെ കഴിവ് ഫോമയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും എന്നതില്‍ സംശയമില്ല.

ഫോമയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും യുവതലമുറക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അന്‍പത്തിയാറോളം അംഗസംഘടനകളിലെ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നു എന്നത് ഒരു ജനറല്‍ സെക്രട്ടറിക്കു വേണ്ട ഉല്‍കൃഷ്ടതയാണ്.
 
2014 ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയ വാലിഫോര്‍ജിലെ റാഡിസന്‍ കാസിനോ റിസോര്‍ട്ടില്‍ വച്ചു നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ചാണ് 201416 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. അനിയന്‍ ജോര്‍ജ് ചെയര്‍മാനായി ഏകദേശം 80 പേര്‍ ഉള്‍പ്പെടുന്ന കണ്‍വന്‍ഷന്‍ കമ്മിറ്റി  പരിപാടികളുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്. ഈ കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്യുവാനും ഫോമയെക്കുറിച്ച് കൂടുതല്‍ അറിയുവാനും www.fomaa.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജനപ്രിയനേതാവ് ഷാജി എഡ്വേര്‍ഡ് ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക