Image

വില്‍ക്കാനുണ്ട് ജനാധിപത്യം! - ജോസ് കല്ലിടിക്കില്‍ ചിക്കാഗോ

ജോസ് കല്ലിടിക്കില്‍ ചിക്കാഗോ Published on 18 April, 2014
വില്‍ക്കാനുണ്ട് ജനാധിപത്യം! - ജോസ് കല്ലിടിക്കില്‍ ചിക്കാഗോ
'ഡെമോക്രസി ഫോര്‍ സെയില്‍?' എന്‍.ബി.സി.യും ഇതര അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളും ഏപ്രില്‍ 6 ഞായറാഴ്ച ചര്‍ച്ച ചെയ്‌തൊരു പ്രധാന രാഷ്ട്രീയ വിഷയമായിരുന്നു മേലുദ്ധരിച്ചത്. അമേരിക്കന്‍ ഇലക്ഷനുകളില്‍ വര്‍ദ്ധിച്ചു വരുന്ന പണത്തിന്റെ സ്വാധീനത്തിലുള്ള ആശങ്കയായിരുന്ന ഈ ചര്‍ച്ചയിലൂടനീളം ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാക്കളും, രാഷ്ട്രീയ നിരീക്ഷകരും, സ്വതന്ത്ര ചിന്തകളും പ്രകടിപ്പിച്ചത്. ചര്‍ച്ചയ്ക്ക് ആധാരമായതോ, ഏപ്രില്‍ 2ന് യു.എസ്സ്. സുപ്രീം കോടതി, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നല്‍കുന്ന സംഭാവനയ്ക്ക് 1976 മുതല്‍ ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കിയ അപകടകരമായൊരു വിധിന്യായമായിരുന്നു. യാഥാസ്ഥിതികരെന്നും ലിബറലുകളെന്നുമുള്ള യു.എസ്സ്. സുപ്രീംകോടതി ന്യായാധിപകരെക്കുറിച്ചുള്ള പൊതുധാരണ വ്യക്തമായും പ്രകടമാകുന്നതായിരുന്നു ഈ വിധി ന്യായം. മുഖ്യ ന്യായാധിപന്‍ അനുകൂലിച്ച വിധിയോടു, ജസ്റ്റീസ് സ്റ്റീഫന്‍ ബ്രയര്‍ ഉള്‍പ്പെടെ 4 ലിബറലുകള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.
അമേരിക്കയില്‍ നിലവിലുള്ള നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഒരു വ്യക്തിക്ക് നല്കുവാന്‍ കഴിയുന്ന സംഭാവനകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. സ്വന്തം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചിലവഴിയ്ക്കുവാന്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പരിമിതി ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ യു.എസ്സ്. കോണ്‍ഗ്രസ്സിലെ സെനറ്റിലേയും, പ്രതിനിധി സഭയിലേയും മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് സംഭാവന നല്‍കുന്നതിന് അനുവദിച്ചിട്ടുള്ളത് 2600 ഡോളര്‍ മാത്രമാണ്. എല്ലാ രണ്ട് വര്‍ഷവും നടത്തപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ത്ഥികള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി നല്‍കാവുന്ന ആകെ തുക 123200 ഡോളറായും നിശ്ചയിച്ചിരുന്നു.  ഈ തുക 48600 ഡോളര്‍ സ്ഥാനാര്‍ത്ഥികള്‍ക്കും, 74600 ഡോളര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി വിഭജിച്ചിട്ടുമുണ്ട്. സംഭാവന നല്‍കാവുന്ന ആകെ തുകയില്‍ മേലുള്ള ഈ നിയന്ത്രണമാണ് ഏപ്രില്‍ 2 ലെ വിധിയിലൂടെ യു.എസ്സ്. സുപ്രീം കോടതി അസാധുവായി പ്രഖ്യാപിച്ചത്. വിധിയുടെ അടിസ്ഥാനത്തില്‍ ഇനി മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ സമ്പന്നരായ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും 2600 ഡോളര്‍ വരെ  താലപര്യമുള്ളത്ര സ്ഥാനാര്‍ത്ഥികള്‍ക്കും, പരിമിതി കൂടാതെ സംഭാവന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കുവാന്‍ കഴിയും.

അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളേയും, രാഷ്ട്രീയ പാര്‍ട്ടികളേയും സ്വാധീനിയ്ക്കാനുള്ള മില്യണുകളുടെ വലിയൊരു കുത്തൊഴുക്കായിരിക്കും സുപ്രീം കോടതിവിധിയുടെ പരിണിതഫലം. 2010 ല്‍ സമാനമായ 'സിറ്റിസണ്‍സ് യുണൈറ്റഡ്' കേസില്‍ ഇതുപോലുള്ളൊരു ഭൂരിപക്ഷ വിധിന്യായത്തിലൂടെ യു.എസ്സ്. സുപ്രീം കോടതി കോര്‍പ്പറേഷനുകള്‍ക്കും, തൊഴിലാളി സംഘടനകള്‍ക്കും, ഇതര പ്രത്യേക താല്പര്യ സംഘടനകള്‍ക്കും തിരഞ്ഞെടുപ്പ് ഫണ്ട് നിയമത്തില്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചു. പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട സംഘടനകള്‍ക്ക് നിയന്ത്രണമില്ലാതെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിയ്ക്കുവാനും, സ്ഥാനാര്‍ത്ഥികള്‍ക്കോ, പാര്‍ട്ടികള്‍ക്കോ നേരിട്ട് സംഭാവന നല്‍കാതെ സ്വതന്ത്രമായി തങ്ങള്‍ക്ക് താല്പര്യമുള്ള സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പരിമിതികള്‍ കൂടാതെ ചിലവഴിയ്ക്കുവാനും അധികാരം ലഭിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തലഉയര്‍ത്തുന്ന സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റികളുടെ (Super PAC) ആവിര്‍ഭാവം 2010 ലെ ഈ സുപ്രീംകോടതി വിധിയുടെ ഫലമായുണ്ടായതാണ്. തങ്ങളുടെ താല്പര്യം സംരംക്ഷിയ്ക്കുന്നവരെ വിജയിപ്പിയ്ക്കുവാനും, വിയോജിയ്ക്കുന്നവരെ പരാജയപ്പെടുത്തുവാനുമായി ഇത്തരം സൂപ്പര്‍ പാക്കുകള്‍ 2012 ലെ തിരഞ്ഞെടുപ്പില്‍ ചിലവഴിച്ചത് 620 മില്യണ്‍ ഡോളറാണ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ടെലവിഷനിലൂടെയും, ഇതര മാധ്യമങ്ങള്‍ വഴിയും തുടര്‍ച്ചയായി ഇവര്‍ അഴിച്ചുവിടുന്ന വളച്ചൊടിച്ച അര്‍ത്ഥ സത്യങ്ങളും, നുണപ്രചരണങ്ങളുമായുള്ള പരസ്യങ്ങള്‍ അസഹനീയമാണ്. യാഥാര്‍ത്ഥത്തില്‍ സമ്മതിദായകര്‍ക്ക് തിരഞ്ഞെടുപ്പുകളോടും നമ്മുടെ ഭരണ വ്യവസ്ഥിതിയോടുതന്നെയും വിരക്തിയുണ്ടാക്കുന്നതാണ് ഇത്തരം തിരഞ്ഞെടുപ്പ് പ്രചരണ കോലാഹലം. തിരഞ്ഞെടുപ്പ് കാലത്ത് കൂണ് പോലെ കിളിര്‍ക്കുകയും, യഥേഷ്ടം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ധനസമാഹരണം നടത്തുവാനും, ചിലവഴിയ്ക്കുവാനും അവകാശമുള്ള സൂപ്പര്‍ പാക്കുകള്‍ താമസം വിനാ സാമൂഹ്യ വിരുദ്ധ വ്യക്തികള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും വമ്പിച്ച സാമ്പത്തിക തട്ടിപ്പിനുള്ള സ്രോതസ്സായി മാറുവാനും ഇടയുണ്ട്.

റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മറ്റിയും അലബാമയില്‍ നിന്നുള്ള സമ്പന്ന വ്യവസായി ഷോണ്‍ മക്ക് കുച്യോണും ചേര്‍ന്ന് നല്‍കിയ സംയുക്ത പരാതി അനുവദിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഉദാരമായി സംഭാവന പിരിയ്ക്കുവാനും സംഭാവന നല്‍കുവാനുമുള്ള വിധിന്യായം സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഭൂരിപക്ഷത്തിന്റെ വക്താവായി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് മുഖ്യ ന്യായാധിപന്‍ ജോണ്‍ റോബര്‍ട്ടസ്സ് പ്രസ്താവിച്ചത്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് സംഭാവന നല്‍കുന്നതിന്മേലുള്ള നിയന്ത്രണം വ്യക്തികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണെന്നാണ്. വിധിന്യായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റീസ് സ്റ്റീഫന്‍ ബ്രയര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ന്യായാധിപരുടെ ആശങ്ക, ഈ തീരുമാനം അമേരിക്കന്‍ തിരഞ്ഞെടുപ്പുകളുടെ സ്വഭാവത്തേയും സത്യന്ധതയേയും ദോഷകരമായി ബാധിയ്ക്കുമെന്നാണ്.

ജസ്റ്റീസ് സ്റ്റീഫന്‍ ബ്രയര്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ നിലപാടിനോടാണ് ഈ ലേഖകന് യോജിപ്പുള്ളത്. യാതൊരു വിധ നിയന്ത്രണവും കൂടാതെ തിരഞ്ഞെടുപ്പ് ഫണ്ടിനായി സംഭാവന നല്‍കുവാനും, സംഭരിയ്ക്കുവാനും, ചിലവഴിയ്ക്കുവാനുമുള്ള സ്വാതന്ത്ര്യം അമേരിക്കന്‍ രാഷ്ട്രീയത്തെ മലിസപ്പെടുത്തുകയും അഴിമതിയുടെ അഗാധ ഗര്‍ത്തത്തില്‍ കൊണ്ടെത്തിയ്ക്കുകയും ചെയ്യും. സമ്പന്ന വ്യക്തികള്‍ക്കും, വമ്പിച്ച കോര്‍പ്പറേഷനുകള്‍ക്കും യു.എസ്സ്. കോണ്‍ഗ്രസ്സിലെ ഇരുസഭകളിലേയും നേതാക്കളുടെയും, ബില്ലുകളുടെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിയ്ക്കാന്‍ കഴിയുന്ന ഒരു നിശ്ചിത സംഖ്യ കോണ്‍ഗ്രസ്സ് അംഗങ്ങളുടെയും മേല്‍ നിയന്ത്രണം സ്ഥാപിച്ചെടുക്കുവാന്‍ സുപ്രീം കോടതി വിധി അവസരമേകും. വിലക്കുക മാത്രമല്ല അമേരിക്കന്‍ ജനാധിപത്യം സമ്പന്നര്‍ക്കും, സ്ഥാപിത താല്പര്യക്കാര്‍ക്കും അടിയറവ് വയ്ക്കുക കൂടിയായിരുന്നു സുപ്രീം കോടതി വിധി വഴി.#ോഅമേരിക്കന്‍ ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ളൊരു സുപ്രധാന അവകാശമാണ് നിയമത്തിന് മുമ്പില്‍ പൗരര്‍ക്ക് കല്പിച്ചിട്ടുള്ള തുല്യത. തിരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കുകയും, ഭരണത്തില്‍ പങ്കാളികളാകുവാനുമുള്ള പൗരന്റെ അവകാശവും അവസരവും ഈ തുല്യതയുടെ ഭാഗമാണ്. സമ്പത്തിന്റെ സ്വാധീനം തിരഞ്ഞെടുപ്പ് പ്രചരണത്തേയും, വിജയ പരാജയങ്ങളെയും സ്വാധീനിയ്ക്കുമ്പോള്‍, തിരഞ്ഞെടുപ്പ് ഗോദയില്‍ എല്ലാവരും തുല്യരല്ലെന്നും, സമ്പന്നര്‍ക്കും അവരുടെ പിന്തുണയുള്ളവര്‍ക്കും അവിടെ വ്യക്തമായൊരു മുന്‍തൂക്കമുണ്ടെന്നുള്ള വസ്തുത നാം തിരിച്ചറിയും. സ്വന്തമായി ചിലവഴിയ്ക്കുവാനുള്ള ശേഷിയോ, ധനസമാഹരണത്തിനുള്ള പ്രാപ്തിയോ ഇല്ലാത്തവര്‍, അവര്‍ എത്രമാത്രം കഴിവും, അനുഭവവും ദേശസ്‌നേഹവുമുള്ളവരാണെങ്കില്‍ കൂടി തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്തള്ളപ്പെടുകയോ, സ്വയം വിട്ടുനില്‍ക്കുവാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യും. തുല്യതയുടെ മാനദണ്ഡം സുപ്രീംകോടതി പൂര്‍ണ്ണമായും ഈ വിധിന്യായത്തില്‍ വിസ്മരിച്ചുവെന്നത് നിരാശയ്‌ക്കൊപ്പം തികച്ചും പ്രതിഷേധാര്‍ഹവുമാണ്.

സംഭാവനകള്‍ സ്വരൂപിയ്ക്കുവാനുള്ള അവകാശത്തിനായി സുപ്രീം കോടതിയെ സമീപിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലക്ഷ്യം വ്യക്തമാണ്. സമ്പന്ന വര്‍ഗ്ഗത്തിന്റെയും, വമ്പന്‍ കോര്‍പ്പറേഷനുകളുടെയും താല്‍പര്യ സംരംക്ഷത്തിനായി എക്കാലവും നിലകൊള്ളുന്ന പാര്‍ട്ടിയ്ക്ക് നിയന്ത്രണങ്ങള്‍ കൂടാതെ സംഭാവന പിരിയ്ക്കുവാനുള്ള അവസരം സൃഷ്ടിയ്ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഓരോ രണ്ട് വര്‍ഷവും 123200 ഡോളര്‍ വരെ തിരഞ്ഞെടുപ്പ് സംഭാവനയായി നല്‍കുവാന്‍ അനുവദിച്ചിട്ടും അത് അപര്യാപ്തമാണെന്നും, അത്തരം നിയമങ്ങള്‍ തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിക്ഷേധമാണെന്നുള്ള ഒരു വ്യക്തിയുടെ സങ്കടം  സദ്ഉദ്ദേശത്തോടുകൂടിയാണെന്ന് ധരിയ്ക്കുവാന്‍ പ്രായമുണ്ട്. ഉദാരമായ നികുതിയിളവുകള്‍ക്കൊപ്പം, തങ്ങളുടെ ഇതര താല്പര്യങ്ങളും സംരക്ഷിയ്ക്കുന്ന ഒരു പറ്റം കോണ്‍ഗ്രസ്സ് അംഗങ്ങളെ സൃഷ്ടിയ്ക്കുവാനും, നിലനിര്‍ത്തുവാനുള്ള വ്യഗ്രതയാകും ഇക്കൂട്ടരെ നയിയ്ക്കുന്നത്.

സമ്പന്നനായതുകൊണ്ട് മാത്രം ഒരു വ്യക്തി രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുന്നതും, സംഭാവനകള്‍ നല്‍കി പാര്‍ട്ടികളേയും സ്ഥാനാര്‍ത്ഥികളേയും സഹായിയ്ക്കുന്നതും എല്ലാ സാഹചര്യത്തിലും ദുരന്തമായി ഭവിയ്ക്കുമെന്ന് കരുതികൂടാ. മള്‍ട്ടി ബില്ല്യണറായ മൈക്കിള്‍ ബ്ലൂം ബര്‍ഗ്ഗ് നീണ്ട 12 വര്‍ഷക്കാലം ന്യൂയോര്‍ക്ക് മേയറായി സമര്‍ത്ഥമായ ഭരണം കാഴ്ചവെച്ച വ്യക്തിയാണ്. യാതൊരുവിധ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അവസരം നല്‍കാതെ ന്യൂയോര്‍ക്ക് സിറ്റി ഭരണത്തിന് അദ്ദേഹം നല്‍കിയ നേതൃത്വം ദേശീയ ശ്രദ്ധ തന്നെ നേടി. ന്യൂയോര്‍ക്ക് സംസ്ഥാന ഗവര്‍ണ്ണര്‍, അമേരിക്കന്‍ പ്രസിഡന്റ് എന്നീ പദവികളിലേയ്ക്ക് മത്സരിയ്ക്കുവാന്‍ കടുത്ത സമ്മര്‍ദമുണ്ടായിട്ടും അത്തരം  പ്രലോഭനങ്ങള്‍ക്ക് വശംവദനാകാതെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം സ്വയം വിടപറഞ്ഞു. മറ്റൊരു ബില്യണറായ വാറന്‍ ബഫറ്റ്,  താന്‍ നല്‍കുന്ന നികുതി നിരക്ക് തന്റെ സെക്രട്ടറി നല്‍കുന്നതിലും കുറവാണെന്ന് വെളിപ്പെടുത്തുകയും, താനുള്‍പ്പെടുന്ന സമ്പന്നരില്‍ നിന്നും അധിക നികുതി പിരിയ്ക്കണമെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. പ്രസിഡന്റ് ബറാക്ക് ഒബാമ നിര്‍ദ്ദേശിച്ച മിനിമം വേതന വര്‍ദ്ധവ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ പാസ്സാക്കുവാന്‍ തയ്യാറാകാഞ്ഞിട്ടും, ഗ്യാപ് പോലുള്ളൊരു വന്‍കിട വ്യാപാരം ശ്രൃംഖല തങ്ങളുടെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന മിനിമം വേതനം നല്‍കി മാതൃക കാട്ടി. അമേരിക്കയിലെ പൊതുസമൂഹം ഇവയെല്ലാം തുറന്ന മനസ്സോടുകൂടി അംഗീകരിയ്ക്കുകയും പ്രശംസിയ്ക്കുകയും ചെയ്തിട്ടുള്ളതാണ്.

നിരന്തരമായ പരസ്യ പ്രചരണത്തിലൂടെ തന്റെ സമ്പത്തിന്റെ കരുത്ത് ഒന്നുകൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം കൈവരിയ്ക്കാമെന്ന് മാര്‍ച്ചില്‍ നടന്ന ഇല്ലിനോയിലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയിച്ച ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി ബ്രൂസ് റൗണര്‍ തെളിയിയ്ക്കുകയുണ്ടായി. രാഷ്ട്രീയത്തിലും സമൂഹത്തിലും തികച്ചും അപരിചിതനായിരുന്ന അദ്ദേഹത്തിന്റെ 6 മാസത്തോളം നീണ്ട തുടര്‍ച്ചയായ പരസ്യപ്രചരണത്തിന് ഇരയായത്, രണ്ട് പതിറ്റാണ്ടിലധികം സംസ്ഥാന രാഷ്ട്രീയത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും തിളങ്ങിയ സെനറ്റര്‍മാര്‍ക്ക് ഡില്ലാര്‍ഡ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ നേതാക്കളാണ്. പണത്തിന്റെ കരുത്തില്‍ വ്യക്തികള്‍ നേടുന്ന ഇത്തരം വിജയങ്ങള്‍, അത് പ്രസിഡന്റ് പദവിയാണെങ്കില്‍ കൂടി ദേശത്തിനുണ്ടാക്കുന്ന കോട്ടവും, ജനതയ്ക്കുണ്ടാകുന്ന കഷ്ടതകളും പലപ്പോഴും താല്ക്കാലികമാകും. എന്നാല്‍ ഒരു ഭരണ സംവിധാനം പൂര്‍ണ്ണമായി സ്ഥാപിത താല്പര്യക്കാരുടെ നിയന്ത്രണത്തിലാകുമ്പോള്‍, അപകടത്തിലാകുന്നത് ബഹുഭൂരിപക്ഷം ജനതയുടെ ജീവിതവും, അപ്രത്യക്ഷമാകുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി തന്നെയും.


വില്‍ക്കാനുണ്ട് ജനാധിപത്യം! - ജോസ് കല്ലിടിക്കില്‍ ചിക്കാഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക