Image

പെസഹാ തിരുന്നാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2014
പെസഹാ തിരുന്നാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍
ന്യൂജേഴ്‌സി: രണ്ടായിരമാണ്ടുകള്‍ക്കപ്പുറം യേശുക്രിസ്‌തു അപ്പസ്‌തോലന്മാര്‍ക്കൊപ്പം നടത്തിയ തിരു അത്താഴത്തിന്റെ പവിത്രസ്‌മരണ പുതുക്കിക്കൊണ്ട്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ പെസഹാ തിരുനാള്‍ ആഘോഷിച്ചു. ശുശ്രൂഷാ പൗരോഹിത്യ ദിനവും ഇതോടൊപ്പം ആചരിക്കപ്പെട്ടു.

ഏപ്രില്‍ 17-ന്‌ വൈകിട്ട്‌ 7.30-ന്‌ പെസഹായുടെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിയില്‍ ജീസസ്‌ യൂത്തിന്റെ ഇന്റര്‍നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ റവ.ഫാ. ബിറ്റാജു പുത്തന്‍പുരയ്‌ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി, ന്യൂജേഴ്‌സി ഡിവൈന്‍ പ്രെയര്‍ സെന്റര്‍ സുപ്പീരിയര്‍ ഫാ. ജോണ്‍ മാണിക്കത്തന്‍, ഫാ. ഫിലിപ്പ്‌ വടക്കേക്കര എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

`താലത്തില്‍ വെള്ളമെടുത്തു...വെണ്‍കച്ചയുമരയില്‍ ചുറ്റി...' എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങള്‍ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി കഴുകി തുടച്ച്‌ ചുംബിച്ചുകൊണ്ട്‌ ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന്‌ മാതൃക നല്‍കിയതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം ദേവാലയത്തില്‍ നടത്തപ്പെട്ടു.

ഫാ. ബിറ്റാജു പുത്തന്‍പുരയ്‌ക്കല്‍ പെസഹാ തിരുനാളിന്റേയും, ശുശ്രൂഷാ പൗരോഹിത്യ ദിനത്തിന്റേയും സന്ദേശം നല്‍കി. പെസഹാ വ്യാഴം പരിശുദ്ധ കുര്‍ബാനയുടേയും, ശുശ്രൂഷാ പൗരോഹിത്യത്തിന്റേയും സ്ഥാപന ദിനമാണെന്നും അതുകൊണ്ടുതന്നെ ഈ പുണ്യദിനം സ്‌നേഹത്തിന്റേയും സ്വയം ശൂന്യവത്‌കരണ ശുശ്രൂഷയുടേയും തിരുനാള്‍ എന്നു വിളിക്കാമെന്ന്‌ ഫാ. ബിറ്റാജു തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ദൈവത്തോടുള്ള സമാനത നിലനിര്‍ത്താതെ തന്നെ ശൂന്യനാക്കി മനുഷ്യനായി അവതരിച്ച ദൈവം (ഫിലി 2,6-8) ഈ ലോകം വിട്ടുപോകാന്‍ സമയമായപ്പോള്‍ എന്നും നിലനില്‍ക്കുന്ന തന്റെ സ്‌നേഹത്തിന്റെ ഒരു ഓര്‍മ്മ നല്‍കിയിട്ട്‌ പോകുന്നുണ്ട്‌. അതാണ്‌ പരിശുദ്ധ കുര്‍ബാനയും ശുശ്രൂഷാ പൗരോഹിത്യവുമെന്ന്‌ ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കും ശേഷം ഫാ. ജോണ്‍ മാണിക്കത്തന്‍ നയിച്ച ആരാധന, ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള പാനവായന എന്നിവയും പരമ്പരാഗത രീതിയിലുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷയും, പാല്‍കുടിക്കല്‍ ശുശ്രൂഷയും നടന്നു.

പെസഹാ തിരുനാള്‍ ചടങ്ങുകള്‍ക്ക്‌ ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍ എന്നിവരും ഇടവകയിലെ ഭക്തസംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കി. വെബ്‌: www.stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.
പെസഹാ തിരുന്നാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍പെസഹാ തിരുന്നാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍പെസഹാ തിരുന്നാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക