Image

സത്യത്തിനുവേണ്ടി നമ്മള്‍ക്ക്‌ ബലിദാനമാകാന്‍ കഴിയുമോ? (ജി. പുത്തന്‍കുരിശ്‌)

Published on 18 April, 2014
സത്യത്തിനുവേണ്ടി നമ്മള്‍ക്ക്‌ ബലിദാനമാകാന്‍ കഴിയുമോ? (ജി. പുത്തന്‍കുരിശ്‌)
ഒരു സത്യോപാസകന്‍ തന്റെ സത്യം കൊണ്ടുള്ള പരീക്ഷണങ്ങളില്‍ എത്രയധികം വിഷമാവസ്ഥയിലേക്ക്‌ എറിയപ്പെടാമെന്നും അതുപോലെ ഒരു സ്വാതന്ത്യോപാസകനോട്‌ എത്രയധികം ബലിദാനങ്ങള്‍ അതിന്റെ ദാക്ഷിണ്യമില്ലാത്ത ദേവി ആവശ്യപ്പെടുമെന്നുമുള്ള ഗാന്ധിജിയുടെ വാക്കുകളുടെ അനുരണനം ഗുഡ്‌ ഫ്രൈയിഡെ അഥവാ മലയാളത്തിലെ ദുഃഖ വെള്ളിയാഴ്‌ചയുടെ ആശയത്തെ കൂടുതല്‍ ആലോചനാമൃതമാക്കുന്നു. അനേക സത്യാന്വേഷകരുടെ ജീവിതം ബലിദാനമായിക്കൊടുത്ത്‌ നേടിയ ഈ സ്വാതന്ത്യം എത്ര മതുരതരമെന്നറിയാമെങ്കിലും ഇന്നും മനുഷ്യരാശിക്ക്‌ അത്‌ പുര്‍ണ്ണമായി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത്‌ നമ്മളുടെ ചുറ്റുപാടുകളില്‍ അരങ്ങേറുന്ന യുദ്ധങ്ങളും മനുഷ്യക്കുരുതികളും വളരെ ഉച്ചത്തില്‍ നമ്മോട്‌ ഉദ്‌ഘോഷിക്കുന്നു.

പലകാര്യത്തിലും യേശുവിന്‌ തന്റെ സ്വന്ത ജനമായ യഹൂദരുമായി സമാനതകള്‍ ഉണ്ടായിരുന്നെങ്കിലും അതുപോലെ പല കാര്യങ്ങളിലും അവരില്‍ നിന്നും വ്യത്യസ്ഥമായ കാഴ്‌ചപ്പാടുകളും ഉണ്ടായിരുന്നു. താന്‍ വിശ്വസിച്ചിരുന്ന തത്വസംഹിതകളുടെ പേരില്‍ ക്രൂശുമരണം കൈവരിച്ച്‌ ക്രൈസ്‌തവ മതം ഒരു ലോകമതമായതിലുപരി, അദ്ദേഹം സ്വന്തജനത്തിന്റെ സാമൂഹ്യരാഷ്‌ട്രീയ ജീവിതത്തില്‍ വളരെ ആഴമായി ഇടപെട്ടിരുന്നു എന്നുള്ളത്‌ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന്‌ വേര്‍ തിരിച്ചു നിറുത്തുന്നു. അന്നത്തെ പല ആദ്ധ്യാത്‌മിക നേതാക്കളും പ്രവാചകരും പ്രാദേശിക നേതാക്കളായി ഒതുങ്ങി നിന്നപ്പോള്‍, സ്വന്ത ജനത്തിന്റെ സാമൂഹ്യരാഷ്‌ട്രീയ പ്രതിസന്ധിയെ സ്വയം ഏറ്റെടുത്ത്‌ യേശു ഒരു ദേശീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു. ആദ്ദേഹത്തിന്റെ അന്തിമ യാത്ര യഹൂദാ സംസ്‌ക്കാരത്തിന്റെ കേന്ദ്രമായ യെറുശലേമില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ദൗത്യം അതിന്റെ മൂര്‍ദ്ദന്യത്തില്‍ എത്തിചേര്‍ന്നിരുന്നു.

എതൊരു സാമൂഹ്യ വ്യവസ്ഥിതിയുടേയും ഹൃദയഭാഗത്ത്‌ യാഥാസ്ഥിതികതയിലൂടെ നേടിയെടുത്ത അറിവ്‌ ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു. ജീവിതത്തെക്കുറിച്ചും സാമൂഹ്യജീവിതത്തെക്കുറിച്ചും പരമ്പരാഗതമായി നേടിയ അറിവുകള്‍ ഉറഞ്ഞുകൂടി അത്‌ ആ സമൂഹത്തിന്റെ പ്രബലസ്വഭാവമായി മാറുന്നു. പ്രധാനമായി ലോക എന്താണെന്നും ലോകജീവിതം എങ്ങനെയായിരിക്കണമെന്നും, എങ്ങനെ ജീവിക്കണം പെരുമാറണമെന്നൊക്കെ വളരെ വ്യക്‌തമായ ചിത്രം വരച്ചുകാട്ടി യാഥാസ്ഥിതികത്വമൊരു മാടമ്പിയെപ്പോലെ നമ്മെ നയിക്കുന്നു. ആര്‍ഷ സംസ്‌കാരമെന്നെക്കെ പറയുന്നതുപോലെ, ഒരു സംസ്‌കാരത്തിന്റെ മൂലകല്ലായി യാഥാസ്ഥിതികമായ ഈ അറിവുകള്‍ ആഴത്തില്‍ ഒരോ വ്യക്‌തികളിലും വേരൂന്നി നില്‌ക്കുന്നു. ഇതിനെ ആരും ചോദ്യ ചെയ്യാറില്ല. ചോദ്യ ചെയ്‌ത സത്യാന്വേഷികളില്‍ മിക്കവരും അതിന്റെ ബലിദാനമായിട്ടെയുള്ളു.

ദുഃഖവെള്ളിയാഴ്‌ച അല്ലെങ്കില്‍ ഗുഡ്‌ ഫ്രൈയിഡേയില്‍, അടിച്ചമര്‍ത്തപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ സാതന്ത്യത്തിനുവേണ്ടി ബലിദാനമായ മറ്റൊരു വ്യക്‌തിയാണ്‌ ആമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ടായ എബ്രഹാം ലിങ്കണ്‍. അമേരിക്കയുടെ ധാര്‍മ്മികതയെ വെല്ലുവിളിച്ചു കൊണ്ട്‌, ഭരണഘടനയേയും രാഷ്‌ട്രീയാമയ കെട്ടുറപ്പിനേയും ഇളക്കിമറിച്ച്‌ അരങ്ങേറിയ രക്‌തരൂക്ഷിതമായ ജനകീയ വിപ്‌ളവത്തെ വിജയിച്ച്‌ അടിമത്വത്തെ വേരോടെ പിഴുതെറിഞ്ഞ, അമേരിക്കന്‍ നാടുകളുടെ ഐക്യത്തെ ഉറപ്പിച്ച്‌ സമ്പത്ത്‌ വ്യവസ്ഥതിയെ ശക്‌തീകരിച്ച ആ സ്വാതന്ത്യോപാസകന്‍ അതിന്റെ ദാക്ഷിണ്യമില്ലാത്ത ദേവിക്കുവേണ്ടി ആയിരത്തി ഏണ്ണൂറ്റി അറുപത്തയഞ്ച്‌ ഏപ്രില്‍ പതി നാലിന്‌ ബലിധാനമായി.

ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിസയും അല്ലാതെ പുതിയതായൊന്നും എനിക്ക്‌ ലോകത്തെ പഠിപ്പിക്കാനില്ല, സ്വാതന്ത്ര്യത്തിന്റെ ഖനിയില്‍ എത്ര ആഴത്തില്‍ തേടുന്നുവോ അതിനനുസരിച്ച്‌ അവിടെയുള്ള രത്‌നങ്ങള്‍ കണ്ടുകിട്ടും; അതാകട്ടെ കൂടുതല്‍ സേവനവൈവിധ്യങ്ങള്‍ക്കുള്ള സന്ദര്‍ഭങ്ങളുടെ രൂപത്തിലും, ജനങ്ങളുടെ അഭിപ്രായം ദൈവത്തിന്റെ അഭിപ്രായമാകുന്നു, നമുക്ക്‌ ഏറ്റവും വലിയ സാമൂഹ്യ സേവനം ചെയ്യുന്ന ചില വര്‍ഗ്ഗങ്ങളെ ഹിന്ദുക്കളായ നമ്മള്‍ തൊട്ടുകൂടാത്തവരായി കണക്കാക്കി പട്ടണത്തിന്റേയോ വിദൂര ഭാഗങ്ങളിലേക്ക്‌ തള്ളിയിരിക്കുകയാണ്‌, പണ്ടത്തെ യഹൂദന്മാര്‍ മറ്റെല്ലാവരേയും ഒഴിവാക്കിക്കൊണ്ട്‌ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായി സ്വയം കണക്കാക്കി അതിന്റെ ഫലമെന്നപോലെ അവരുടെ അനന്തര തലമുറകള്‍ക്ക്‌ വിചിത്രവും അന്യായംപോലുമായ ദൈവശിക്ഷ അനുഭവിക്കേണ്ടി വന്നു എന്ന്‌, സ്വാതന്ത്യമേകുന്ന സത്യത്തില്‍ അടിയുറച്ച്‌ വിശ്വസിച്ച്‌ ഉദ്‌ഘോഷിച്ചപ്പോള്‍ സത്യത്തിന്റെ ദേവി ഗാന്ധിജി എന്ന സത്യോപാസകന്റെ ജീവനെ ബലിദാനമായി ആവശ്യപ്പെട്ടു.

സത്യനേഷികളെ അനുധാവനം ചെയ്യാനും അവരുടെ ജീവിത ശൈലികളെ സ്വന്തമാക്കി സ്വാതന്ത്ര്യത്തിന്റെ മതു നുകരാന്‍ പെടാപാടുപെടുന്ന നമ്മളില്‍ ഒരോരത്തോടും, എന്റെ കുരിശെടുത്ത്‌ എന്റെ പിന്നാലെ വരുവാന്‍ കഴിമോ എന്ന്‌ ചോദിച്ചാല്‍, ഞാന്‍ കുടിക്കുന്ന കപ്പില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ കുടിക്കാന്‍ കഴിയുമോ എന്ന്‌ ആവശ്യപ്പെട്ടാല്‍, സത്യത്തിന്റെ ദേവി നമ്മളുടെ ജീവനെ ബലിദാനമായി ആവശ്യപ്പെട്ടാല്‍ നാം ഏറ്റവും അധികം സ്‌നേഹിക്കുന്ന ജീവനെ ബലിധാനമായി നല്‌കാന്‍ കഴയുമോ എന്ന ചോദ്യം ഇന്നും നമ്മളുടെ മുന്നില്‍ അവശേഷിക്കുന്നു.
സത്യത്തിനുവേണ്ടി നമ്മള്‍ക്ക്‌ ബലിദാനമാകാന്‍ കഴിയുമോ? (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക