Image

വൈശാഖപൌര്‍ണമി (കഥ: ഭാഗം 9: സുനില്‍ എം.എസ്‌)

Published on 14 April, 2014
വൈശാഖപൌര്‍ണമി (കഥ: ഭാഗം 9: സുനില്‍ എം.എസ്‌)
വിശാഖം കാമാഠിപുരയിലേയ്‌ക്കു മടങ്ങിപ്പോകുന്നെന്നു കേട്ട്‌ സദാനന്ദ്‌ നടുങ്ങി.

അവളുടെ പാസ്‌പോര്‍ട്ടും വിസയും ശരിയായിക്കഴിഞ്ഞ ഉടനെ അവളെ അമേരിക്കയിലേയ്‌ക്കു കൊണ്ടുപോകണമെന്നായിരുന്നു, സദാനന്ദ്‌ ഉദ്ദേശിച്ചിരുന്നത്‌. വിസയ്‌ക്കു വേണ്ടി അപേക്ഷിയ്‌ക്കുന്നതിനു മുന്‍പ്‌, അവളെ വിവാഹം കഴിച്ചിരിയ്‌ക്കണം, അതു കഴിയുന്നത്ര നേരത്തേ തന്നെ നടത്തിയിരിയ്‌ക്കുകയും വേണം. പിന്നെ ജീവിതം മുഴുവനും വിശാഖവുമൊത്ത്‌ അമേരിക്കയില്‍. അമേരിക്കയില്‍ വച്ച്‌ തങ്ങള്‍ക്ക്‌ കുഞ്ഞുങ്ങളുമുണ്ടാകണം. വിശാഖം പ്രസവിച്ചായാലും പ്രസവിയ്‌ക്കാതെയായാലും അവളെ ഒരമ്മയാക്കണം. ജീവിതത്തില്‍ ഇന്നുവരെ അവള്‍ക്കുണ്ടായിരിയ്‌ക്കുന്ന തിക്താനുഭവങ്ങള്‍ക്കെല്ലാമുള്ള പരിഹാരമായി അവളുടെ ഇനിയുള്ള ജീവിതം മുഴുവന്‍ തേനില്‍ച്ചാലിച്ചതായിരിയ്‌ക്കണം. സ്‌നേഹം കൊണ്ട്‌ അവളെ വീര്‍പ്പു മുട്ടിയ്‌ക്കണം

ആ സ്വപ്‌നങ്ങള്‍ക്കെല്ലാം പെട്ടെന്നു മങ്ങലേറ്റിരിയ്‌ക്കുന്നു. സ്വപ്‌നങ്ങളുടെ സാക്ഷാത്‌കാരം പലര്‍ക്കും അസാദ്ധ്യമാണ്‌. എന്നാല്‍ തന്റെ കാര്യത്തിലാണെങ്കില്‍ അവ യാഥാര്‍ത്ഥ്യമായിത്തീരാന്‍ ദിവസങ്ങളോ മാസങ്ങളോ മാത്രമേ വേണ്ടൂ. പിന്നെ, ഏറ്റവും പ്രധാനപ്പെട്ട ഒന്നുകൂടി ആവശ്യമുണ്ട്‌: വിശാഖത്തിന്റെ സമ്മതം. ഇതുവരെ അതൊരാവശ്യമേ അല്ലായിരുന്നു. എന്നാലിപ്പോള്‍ അതാണ്‌ ഏറ്റവും വലിയ കടമ്പയായി ഉയര്‍ന്നിരിയ്‌ക്കുന്നത്‌. തന്റെ അഭിലാഷങ്ങളുടെ പാതയില്‍ എന്തെങ്കിലുമൊരു കടമ്പ, പ്രതിബന്ധം, ഉയര്‍ത്തുന്നത്‌ വിശാഖത്തിന്റെ പതിവായിത്തീര്‍ന്നിരിയ്‌ക്കുന്നു. സ്വത്തു മുഴുവനും അവളെ ഏല്‍പ്പിയ്‌ക്കാമെന്നു വച്ചപ്പോള്‍ അവള്‍ വില്‍പ്പത്രം കീറിക്കളഞ്ഞു. ആത്മഹത്യ ചെയ്യാന്‍ താന്‍ തയ്യാറായപ്പോള്‍, ഗുളികകള്‍ വിഴുങ്ങിയത്‌ അവള്‍. അവളെ പട്ടുസാരി ഉടുപ്പിയ്‌ക്കാമെന്നാശിച്ചപ്പോള്‍ എല്ലാ സാരികളും അവള്‍ പലര്‍ക്കായി കൊടുത്തു തീര്‍ത്തുകളഞ്ഞു. താന്‍ മുട്ടിന്മേല്‍ നിന്നുകൊണ്ടു നടത്തിയ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചില്ല. പകരം പല നിബന്ധനകള്‍ മുന്നോട്ടു വച്ചിരിയ്‌ക്കുന്നു. സെക്‌സ്‌ തരില്ല, പ്രസവിയ്‌ക്കില്ല. അതൊക്കെ സമ്മതിച്ചു. അപ്പോഴതാ വരുന്നു, ഇതുവരെ മുന്നോട്ടു വച്ച നിബന്ധനകളേക്കാളെല്ലാം കടുപ്പമേറിയ വ്യവസ്ഥ: അവള്‍ കാമാഠിപുരയിലേയ്‌ക്ക്‌ തിരിച്ചു പോകുന്നത്രെ!

സിലിക്കണ്‍ വാലി, കുഞ്ഞുങ്ങള്‍, കുടുംബജീവിതം...ആ സങ്കല്‍പ്പങ്ങളൊക്കെ നിമിഷനേരം കൊണ്ട്‌ തകര്‍ന്നു വീണു. വായുവില്‍ കെട്ടിപ്പൊക്കിയ വെറും സങ്കല്‍പ്പങ്ങളായിരുന്നില്ല, അവ. എല്ലാം നടക്കാവുന്ന ആഗ്രഹങ്ങള്‍ മാത്രമായിരുന്നു. അവ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ നിരാശ മുഴുവനും സദാനന്ദിന്റെ മുഖത്ത്‌ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിച്ചു. ഒരൊറ്റ നോട്ടം കൊണ്ടു തന്നെ വിശാഖം അതെല്ലാം വായിച്ചെടുത്തു. രോഗം പകര്‍ത്തുമെന്ന ആശങ്കകളെയെല്ലാം അവഗണിച്ച്‌ അവള്‍ സദാനന്ദിനെ മാറോടു ചേര്‍ത്തു പുല്‍കി. `എന്റെ സദു. എന്റെ പാവം സദു. സദൂനെ ഞാനൊരുപാടു വിഷമിപ്പിയ്‌ക്കണ്‌ ണ്ട്‌.' അവള്‍ സദാനന്ദിന്റെ പുറത്തു തഴുകി.

അവരുടെ മാറിടങ്ങള്‍ പരസ്‌പരം അമര്‍ന്നപ്പോള്‍, വിശാഖത്തിന്റെ ഹൃദയത്തിന്റെ ഓരോ മിടിപ്പും സദാനന്ദിനു വ്യക്തമായി അനുഭവപ്പെട്ടു. ആ എല്ലിന്‍കൂടിനകത്തു നടക്കുന്ന മഥനം ചെറുതല്ലെന്നു സദാനന്ദിനു മനസ്സിലായി. തന്നെ നിരാശപ്പെടുത്തുന്നതില്‍ അവള്‍ക്കുണ്ടാകുന്ന ദുഃഖം ചെറുതല്ല എന്നുറപ്പ്‌. അത്രയ്‌ക്ക്‌ ഉറക്കെയുള്ളതായിരുന്നു, അവളുടെ ഹൃദയമിടിപ്പുകള്‍. സദാനന്ദിനു വാസ്‌തവത്തില്‍ വിഷമം തോന്നി. തന്റെ ആഗ്രഹങ്ങള്‍ അവളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായ വഴിയിലൂടെയാണു നീങ്ങുന്നത്‌. അവള്‍ക്ക്‌ ആശകളുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ആ ആശകള്‍ തന്റെ വഴിയ്‌ക്കല്ല, നീങ്ങുന്നത്‌. അതു തീര്‍ച്ച. ആശകള്‍ വിരുദ്ധങ്ങളാകുമ്പോള്‍ വിഷമമുണ്ടാകുന്നു. തനിയ്‌ക്ക്‌ ഇത്രത്തോളം വിഷമമുണ്ടാകുന്ന നിലയ്‌ക്ക്‌ അവള്‍ക്കുണ്ടാകുന്ന വിഷമത്തിന്റെ ആഴം എത്രയായിരിയ്‌ക്കും! ആ വിഷമമെല്ലാം സഹിയ്‌ക്കാനുള്ള ചങ്കുറപ്പ്‌ ഈ എല്ലിന്‍കൂടിനകത്തു മിടിയ്‌ക്കുന്ന ചങ്കിനുണ്ടാകുമോ എന്തോ. സദാനന്ദിനു സഹതാപം തോന്നി. അവള്‍ക്കു ജീവിതം തിരികെക്കിട്ടിയിട്ടുണ്ടെങ്കിലും, മാനസികസംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചിരിയ്‌ക്കുന്നു. അതിന്റെ മുഖ്യകാരണം താന്‍ തന്നെയാണു താനും. ഒരേസമയം താന്‍ തന്നെ വിശാഖത്തിന്റെ രക്ഷകനും ശിക്ഷകനും.

ആരുടെ ആശകള്‍ ആരുടെ വഴിയ്‌ക്കു നീങ്ങണം എന്ന ഒരാശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌. പുരുഷന്‍ താനാണ്‌. ആരോഗ്യം കൂടുതലുള്ളതു തനിയ്‌ക്കാണ്‌. ഇപ്പോള്‍ പ്രത്യേകിച്ചും. തനിയ്‌ക്കിപ്പോള്‍ ഭാരം അമേരിക്കന്‍ കണക്കനുസരിച്ച്‌ നൂറ്ററുപത്തഞ്ചു പൌണ്ട്‌. കിലോക്കണക്കില്‍ ഒരെഴുപത്തഞ്ചെന്നു വയ്‌ക്കാം. ഇവള്‍ക്കെത്ര വരും. നൂറു പൌണ്ടു പോലും ഇവള്‍ക്ക്‌ ഇപ്പോഴുണ്ടാവില്ല. തന്റെ ഭാരത്തിന്റെ പകുതിയിലും ഒരല്‌പം കൂടുതല്‍. വരുമാനത്തിന്റെ കാര്യം പറയാനേയില്ല. അവള്‍ക്കു വരുമാനമില്ല. അപ്പോള്‍ ആരുടെ ആശകള്‍ക്കു മുന്‍തൂക്കം ലഭിയ്‌ക്കണം എന്ന ചോദ്യം പോലും ഉദിയ്‌ക്കുന്നില്ല. പക്ഷേ, ഇവിടെ കാര്യങ്ങള്‍ തല കീഴായി മറിഞ്ഞിരിയ്‌ക്കുന്നു. ഇന്ത്യയിലെ കുടുംബങ്ങളില്‍ പുരുഷമേധാവിത്വമാണു നടമാടുന്നത്‌ എന്നാണു പരക്കെയുള്ള ധാരണ. ഇതൊക്കെ ശരിയാണ്‌, പക്ഷേ, ഇവിടെയിപ്പോള്‍ കാര്യങ്ങള്‍ നേരേ മറിച്ചായിരിയ്‌ക്കുന്നു. നൂറ്ററുപത്തഞ്ചു പൌണ്ടിനെ വെറും നൂറു പൌണ്ട്‌ മലര്‍ത്തിയടിച്ചിരിയ്‌ക്കുന്നു, തുടര്‍ന്നും മലര്‍ത്തിയടിച്ചുകൊണ്ടിരിയ്‌ക്കുന്നു. നൂറ്ററുപത്തഞ്ചു പൌണ്ട്‌ നിലത്തു മലര്‍ന്നടിച്ചു കിടക്കുന്നു. മലര്‍ന്നടിച്ചോ, മുട്ടുകുത്തിയോ ഏതു രൂപത്തിലായാലും താന്‍ നിലത്തു തന്നെ. അതോര്‍ത്തപ്പോള്‍ സദാനന്ദിനു ചിരിവന്നു.

`എന്താ സദൂ, ചിരിയ്‌ക്കണത്‌?' സദാനന്ദ്‌ ചിരിയ്‌ക്കുന്ന ശബ്ദം കേട്ട്‌ വിശാഖം ചോദിച്ചു. വലുതായ ആശ്വാസം അവളുടെ ശബ്ദത്തില്‍ പ്രകടമായിരുന്നു. കാമാഠിപുരയിലേയ്‌ക്കുള്ള മടങ്ങിപ്പോക്കിനോട്‌ സദാനന്ദ്‌ എങ്ങനെ പ്രതികരിയ്‌ക്കും എന്ന ആശങ്ക അവള്‍ക്കുണ്ടായിരുന്നു കാണണം. പക്ഷേ, താന്‍ അവള്‍ ചൂണ്ടിക്കാണിയ്‌ക്കുന്ന വഴിയിലൂടെത്തന്നെ നീങ്ങിക്കോളും എന്നൊരു വിശ്വാസം അവളുടെ ഉള്ളിന്റെയുള്ളിലുണ്ട്‌ എന്നു സദാനന്ദിനു തോന്നിയിരുന്നു. തന്നെ വരച്ച വരയില്‍ നിര്‍ത്തണം എന്നൊരു ഗൂഢോദ്ദേശ്യം അവളുടെ മനസ്സില്‍ ഇല്ലെന്നും സദാനന്ദിന്ന്‌ ഉറപ്പുണ്ടായിരുന്നു. അതെന്തൊക്കെയായാല്‍ത്തന്നെയും അവളുടെ വരകള്‍ തന്റെയും വരകളായി മാറിക്കൊണ്ടിരിയ്‌ക്കുന്നു, എന്ന പരമാര്‍ത്ഥം പതുക്കെപ്പതുക്കെ മറനീക്കി പുറത്തുവന്നിരിയ്‌ക്കുന്നു.

വാസ്‌തവത്തില്‍ അവളുടെ മനസ്സ്‌ മുന്‍കൂട്ടി വായിച്ചെടുക്കാന്‍ തനിയ്‌ക്കു കഴിയുന്നില്ല. കണക്ക്‌ എന്ന വിഷയം പഠിയ്‌ക്കേണ്ടിവന്നപ്പോഴൊക്കെ തനിയ്‌ക്കതില്‍ നൂറുശതമാനത്തില്‍ കുറഞ്ഞ ചരിത്രമുണ്ടായിട്ടില്ല. കണക്കിലെ കീറാമുട്ടികളെന്നും തനിയ്‌ക്കൊരു വിനോദമായിരുന്നു, അവയൊക്കെ കീറിമുറിച്ചു കൊടുത്തിരുന്നു. എന്നാല്‍ ഇവളുടെ മനസ്സു വായിച്ചെടുക്കുക അതീവ ദുഷ്‌കരം. ഇന്ത്യയിലെ െ്രെഡവിങ്ങ്‌ പോലെയാണിവള്‍: എവിടെവച്ചാണിവള്‍ വെട്ടിത്തിരിയ്‌ക്കുന്നതെന്നറിയില്ല. ഇപ്പോള്‍ത്തന്നെ കേട്ടില്ലേ, തന്റെകൂടെ സിലിക്കണ്‍ വാലിയിലേയ്‌ക്കുള്ള കാറില്‍ കയറിയിരുന്നിരുന്ന അവള്‍ സ്റ്റിയറിങ്ങ്‌ വെട്ടിത്തിരിച്ചിരിയ്‌ക്കുന്നു, കാമാഠിപുരയിലേയ്‌ക്ക്‌. ഇതിപ്പോള്‍ എന്താ ചെയ്‌ക. തന്റെ കൂടെത്തന്നെ ജീവിയ്‌ക്കും എന്ന്‌ അവള്‍ പറഞ്ഞുകഴിഞ്ഞിട്ടുള്ളതാണ്‌. അതിനിടയ്‌ക്ക്‌ അവള്‍ കാമാഠിപുരയില്‍ ചെന്നു താമസിയ്‌ക്കാന്‍ തുടങ്ങിയാല്‍ ഒരുമിച്ചുള്ള ജീവിതം എങ്ങനെ നടക്കും? ഒരുമിച്ചുള്ള ജീവിതം നടക്കണമെങ്കില്‍ ഒന്നുകില്‍ അവള്‍ തന്റെ കൂടെ സിലിക്കണ്‍ വാലിയിലേയ്‌ക്കു വരണം. അല്ലെങ്കില്‍ താന്‍ അവളുടെ കൂടെ കാമാഠിപുരയിലേയ്‌ക്കു ചെല്ലണം. താനെങ്ങനെ കാമാഠിപുരയില്‍ ചെന്നു താമസിയ്‌ക്കും? പ്രതിവര്‍ഷം ഒന്നരക്കോടിയോളം വരുന്ന ശമ്പളം...ഡെല്ലിലെ പ്രോജക്‌റ്റ്‌ മാനേജര്‍ എന്ന പദവി...സദാനന്ദിന്റെ ചിരി മങ്ങി.

`വിശാഖം, ഞാന്‍ വയസ്സായി മരിയ്‌ക്കുമ്പോള്‍ നീ കേരളത്തിലെ ഏറ്റവുമധികം സ്വത്തുള്ള വനിതയായിരിയ്‌ക്കണം. അതാണെന്റെ ആശ. അതാണെന്റെ പ്ലാന്‍. എന്റെ തങ്കം, നീയെന്റെ പ്ലാനുകള്‍ക്കൊക്കെ തുരങ്കം വയ്‌ക്കുന്നു.' സദാനന്ദ്‌ വികാരഭരിതനായി. ഒരു നിമിഷം നിശ്ശബ്ദനായിരുന്ന ശേഷം ചോദിച്ചു: `കാമാഠിപുരയില്‍പ്പോയി നീയെന്തു ചെയ്യാന്‍ പോകുന്നു?'

അവള്‍ക്കായി ഫ്‌ലാറ്റു വാങ്ങാന്‍ ബാംഗ്ലൂരിനെ തെരഞ്ഞെടുത്തത്‌ അവള്‍ക്കൊരു മാറ്റമായിക്കോട്ടെ എന്നു കരുതിയാണ്‌. ബാംഗ്ലൂരു വേണ്ടെങ്കില്‍ ഇന്ത്യയിലെ മറ്റേതു പട്ടണവും തെരഞ്ഞെടുക്കാവുന്നതേയുള്ളു. ന്യൂഡല്‍ഹി, കൊല്‍ക്കത്ത...സുഖവാസകേന്ദ്രങ്ങള്‍ വേണമെങ്കില്‍ ഷിം ല, ഡാര്‍ജിലിംഗ്‌, ഊട്ടി...ഈ കേന്ദ്രങ്ങളില്‍ എവിടെയെങ്കിലുമായിരുന്നെങ്കില്‍ വിസ ശരിയാകുന്നതു വരെയുള്ള കാലയളവിനുള്ളില്‍ ആരോഗ്യം പൂര്‍ണ്ണമായും വീണ്ടെടുക്കുകയും ചെയ്യാമായിരുന്നു. അവയൊക്കെ വെടിഞ്ഞ്‌ ഈ കുപ്രസിദ്ധമായ കാമാഠിപുരയിലേയ്‌ക്കു തന്നെ എന്തിനു പോകണം?

അതേ നിമിഷം തന്നെ കാമാഠിപുരയോട്‌ ഒരു വാത്സല്യവും തോന്നി. വാത്സല്യം തോന്നാന്‍ പറ്റിയ സ്ഥലമല്ല, കാമാഠിപുര. പക്ഷേ, കുറഞ്ഞൊരു കാലം കൊണ്ട്‌ കാമാഠിപുരയോട്‌ ഒരടുപ്പം രൂപപ്പെട്ടു വന്നിരിയ്‌ക്കുന്നു. കാമാഠിപുരയാണ്‌ തന്നെ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിച്ചത്‌. ആത്മഹത്യാശ്രമത്തെ കാമാഠിപുര ആത്മഹത്യാശ്രമം കൊണ്ടുതന്നെ നേരിട്ടു. താന്‍ വിശാഖത്തിന്റെ അടുത്തല്ല, മറ്റാരുടേയെങ്കിലും അടുത്താണ്‌ എത്തിപ്പെട്ടിരുന്നതെങ്കില്‍ താനിന്ന്‌ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആയിരുന്നേനെ. ഭൂമിയിലുണ്ടാകുമായിരുന്നില്ല. താന്‍ കാമാഠിപുരയില്‍ കാലുകുത്തിയ ഉടനെ ഇവന്‍ കുഴപ്പക്കാരനാണ്‌, കുഴപ്പം കാണിയ്‌ക്കാനാണ്‌ ഇവന്‍ ഇവിടെ കാലുകുത്തിയിരിയ്‌ക്കുന്നത്‌, അതുകൊണ്ട്‌ ഇവനെ കൈകാര്യം ചെയ്യാന്‍ പറ്റിയ ആളുടെ അടുത്തേയ്‌ക്കു തന്നെ അവനെ കൊണ്ടു പോകാം എന്നു കാമാഠിപുര തീരുമാനിച്ചു. അഗര്‍ ഉസ്‌കോ ഏക്‌ ബാര്‍ ദേഖേ, തോ ആപ്‌ സിന്ദഗീ മേ കിസീ ഓര്‍ കെ പാസ്‌ നഹി ജായെഗാ കാമാഠിപുര മദ്ധ്യവര്‍ത്തിയെക്കൊണ്ടു പറയിച്ച വാക്കുകള്‍. സൂക്ഷിച്ചുനോക്കിയാല്‍ കാമാഠിപുരയുടെ കൈകടത്തല്‍ പിന്നേയും കാണാവുന്നതാണ്‌. അന്ന്‌ കാമാഠിപുര ജീവിതം കൊണ്ട്‌ ജീവിതത്തെ പ്രതിരോധിച്ചു, രക്ഷിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ജീവിതം കൊണ്ട്‌ ജീവിതത്തെ രക്ഷിച്ചു. കോണിച്ചുവട്ടിലെ പഴന്തുണിക്കെട്ടിനെ ബ്രീച്ച്‌ കാന്റി ഹോസ്‌പിറ്റലില്‍ എത്തിച്ചത്‌ കാമാഠിപുരയല്ലാതെ മറ്റാര്‌!

ഇവള്‍, ഈ എല്ലിന്‍കൂട്‌, കാമാഠിപുരയുടെ വിളി കേള്‍ക്കുന്നുണ്ടാകും. അവള്‍ക്ക്‌ ആ വിളി കേള്‍ക്കാന്‍ കഴിയുന്നുണ്ടാകും. തനിയ്‌ക്കതു കഴിയുന്നില്ല. പല വിളികളും തനിയ്‌ക്കു കേള്‍ക്കാനാകുന്നില്ല. ബാങ്ക്‌ അക്കൌണ്ടിലെ ബാലന്‍സിന്റെ വലിപ്പം മൂലമായിരിയ്‌ക്കാം തനിയ്‌ക്ക്‌ കാമാഠിപുരയുടെ വിളി കേള്‍ക്കാനാകാത്തത്‌. വിശാഖത്തിന്‌ അക്കൌണ്ടേയില്ല. അക്കൌണ്ടു പോലുമില്ലാത്തവര്‍ക്ക്‌ കാമാഠിപുരയുടെ വിളി വ്യക്തമായി കേള്‍ക്കാമായിരിയ്‌ക്കും.

`സദൂ.' വിശാഖം വിളിച്ചു. വിളിയ്‌ക്കുകയല്ല, കാതില്‍ മന്ത്രിച്ചു. ഇവള്‍ക്കെങ്ങനെ ഇത്ര മൃദുവായി വിളിയ്‌ക്കാന്‍ സാധിയ്‌ക്കുന്നു! ആ ശബ്ദത്തില്‍ ഭയത്തിന്റെ ലാഞ്‌ഛനയുണ്ടോ. ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടോ. ഇല്ല, അവള്‍ക്കു ഭയമുണ്ടാകില്ല. താന്‍ നോക്കിയിരിയ്‌ക്കെയാണ്‌ അവള്‍ മരിയ്‌ക്കാനായി ഗുളികകള്‍ വായിലിട്ടത്‌. മരണഭയം കൂടാതെ. മരണഭയമില്ലാത്തവള്‍ക്ക്‌ മറ്റെന്തു ഭയമുണ്ടാകാന്‍. നാല്‍പ്പത്തഞ്ചു കോടി അവള്‍ക്ക്‌ തൃണം. പുല്ലുവില. കീറിക്കളഞ്ഞു. മരണഭയമില്ല, സ്വത്തും വേണ്ട. പിന്നെന്തു ഭയമുണ്ടാകാനാണു ജീവിതത്തില്‍. സിഫിലിസ്‌ പിടിച്ചപ്പോള്‍ ചികിത്സ തേടിപ്പോയില്ല. കാമാഠിപുരയില്‍ ഒരു ഹെല്‍ത്ത്‌ സെന്ററുണ്ട്‌. സൌജന്യ ചികിത്സ നല്‍കുന്ന സ്ഥലം. ഇവളവിടെ പോയിക്കാണില്ല. പകരം മരണത്തിലേയ്‌ക്കുള്ള ഷുവര്‍ വഴി തെരഞ്ഞെടുത്തു. രോഗം മൂര്‍ച്ഛിച്ചപ്പോഴും ബോധമുണ്ടായിരുന്നെങ്കില്‍ അവളത്‌ ആസ്വദിച്ചേനെ. മരണമേ, സ്വാഗതം. മരിയ്‌ക്കാന്‍ മടിയില്ലാത്തവള്‍.

സദാനന്ദ്‌ വിശാഖത്തിന്റെ പുറം സ്‌നേഹത്തോടെ തടവി. അവളെ നെഞ്ചോടമര്‍ത്തി. എന്തായാലും ഇവളെ തന്റെ നെഞ്ചില്‍ നിന്ന്‌ അടര്‍ത്തി മാറ്റുന്ന പ്രശ്‌നമില്ല. വിശാഖം, എന്താ നിന്റെ പ്ലാന്‍? വിശാഖം മറുപടി പറയാന്‍ ശങ്കിയ്‌ക്കുന്നതു കണ്ടപ്പോള്‍ സദാനന്ദ്‌ അവളെ പ്രോത്സാഹിപ്പിച്ചു: `എന്റെ കുട്ടീ, നീ എന്തുചെയ്‌താലും എനിയ്‌ക്കു സമ്മതം. എന്റേതെല്ലാം നിന്റേതു കൂടിയാണ്‌. നീ ധൈര്യമായിപ്പറഞ്ഞോ.'

വിശാഖത്തിന്റെ കണ്ണുകള്‍ നിമിഷനേരം കൊണ്ടു നിറഞ്ഞു. `എനിയ്‌ക്കു സദൂനെ ഉമ്മ വയ്‌ക്കാന്‍ തോന്നണ്‌ണ്ട്‌.' അവള്‍ കാതില്‍ മന്ത്രിച്ചു.

`പിന്നെന്താ തടസ്സം?' സദാനന്ദ്‌ കുസൃതിച്ചോദ്യം ചോദിച്ചു.

`ഞാനത്രത്തോളം എത്തിയിട്ടില്ല. ആ കൈയ്യൊന്നു കാണിയ്‌ക്ക്‌.' സദാനന്ദ്‌ കൈ നീട്ടി. വിശാഖം ആ കൈ കണ്ണില്‍ച്ചേര്‍ത്തു.

അപ്പോള്‍ ഇതാണവളുടെ പുതിയ ചുംബനരീതി. വേണമെങ്കില്‍ അവള്‍ക്ക്‌ ചുണ്ടുകള്‍ കൊണ്ടുതന്നെ ചുംബിയ്‌ക്കാവുന്നതേയുള്ളു. ചുണ്ടുകളില്‍ നിന്ന്‌ രോഗലക്ഷണങ്ങളൊക്കെ മറഞ്ഞ്‌ ചുവപ്പുനിറം അല്‌പമൊക്കെ വീണ്ടെടുത്തിരിയ്‌ക്കുന്നു. എന്നിട്ടും അവള്‍ ചുംബിച്ചില്ല, കൈ കണ്ണുകളില്‍ ചേര്‍ത്തതേയുള്ളു. അവളുടെ ചുണ്ടില്‍ ചുംബിയ്‌ക്കാനുള്ള എന്തെന്നില്ലാത്ത ഒരാസക്തി സദാനന്ദിനു തോന്നി. ആ ആസക്തി തന്റെ മുഖത്തു നിന്ന്‌ അവള്‍ വായിച്ചെടുത്തതുകൊണ്ടാകണം, അവള്‍ കൈയ്യുയര്‍ത്തിക്കാണിച്ചു, വേണ്ടാ, വേണ്ടാ. സദാനന്ദ്‌ അടങ്ങി. ഈ എല്ലിന്‍ കൂട്‌, വൈരൂപ്യം ഇനിയും ബാക്കിനില്‍ക്കുന്ന ഈ മുഖം, ഇതെല്ലാം തന്നില്‍ എങ്ങനെയൊക്കെയോ എന്തൊക്കെയോ ആസക്തികളുണര്‍ത്തുന്നു. സദാനന്ദ്‌ അവളുടെ അരക്കെട്ടില്‍ കെട്ടിപ്പിടിച്ച്‌ മടിയില്‍ തല താഴ്‌ത്തി. രണ്ടു വര്‍ഷം മുന്‍പ്‌ ഈ മടിയില്‍ ഇതേപോലെ കിടന്നിരുന്നു. വിശാഖം സദാനന്ദിന്റെ ശിരസ്സില്‍ തലോടി.

`സദൂ, ഞാന്‍ പറയാന്‍ പോകുന്നത്‌ സദു ശ്രദ്ധിച്ചു കേള്‍ക്കണം. ഞാന്‍ സദുവിന്റെ പണം ഊറ്റിക്കുടിയ്‌ക്കാന്‍ ഒരുങ്ങുകയാണെന്ന്‌ സദുവിന്‌ ഇടയ്‌ക്കെങ്കിലും തോന്നാന്‍ വഴിയുണ്ട്‌. അതു ശരിയാണു താനും.'

`നീ ഊറ്റിക്കുടിയ്‌ക്ക്‌. വിശാഖം, എന്റേതെല്ലാം നിന്റേതുമാണ്‌. നീയില്ലാത്ത ജീവിതം എനിയ്‌ക്കില്ല.'

`എന്റെ സദൂ. ഞാനെന്തു പുണ്യമാണു ചെയ്‌തത്‌ എന്നെനിയ്‌ക്കറിയില്ല.' അവള്‍ സദാനന്ദിന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു. `ഇടയ്‌ക്ക്‌ ഇതൊക്കെ സ്വപ്‌നമാണോ എന്നു തോന്നിപ്പോകാറുണ്ട്‌. പക്ഷേ, സദൂ, സദൂന്‌ രക്ഷപ്പെടണമെങ്കില്‍ ഇപ്പോള്‍ രക്ഷപ്പെട്ടോളണം. ഞാന്‍ ഊറ്റിക്കുടിയ്‌ക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ രക്ഷപ്പെടാന്‍ പറ്റിയില്ലെന്നു വരും.'

വിശാഖം, എന്തായാലും ഞാന്‍ നിന്റെ നീരാളിപ്പിടിത്തത്തിലായിക്കഴിഞ്ഞു. സദാനന്ദ്‌ അവളുടെ മടിയില്‍ കിടന്നുകൊണ്ടു പറഞ്ഞു. രണ്ടു കൊല്ലം മുന്‍പേ തന്നെ. നീയെന്റെ കിനാവള്ളിയാണ്‌. നീ നിന്റെ രണ്ടു കൈകൊണ്ടല്ല, എട്ടു കൈകൊണ്ട്‌ എന്റെ ചുറ്റിപ്പിടിയ്‌ക്കുക. എന്റെ പണം മാത്രമല്ല, എന്റെ രക്തവും മാംസവുമെല്ലാം ഊറ്റിയെടുക്കുക. ഞാന്‍ നിന്റെ ദാസന്‍. `എത്രയും വേഗം. ഞാന്‍ നിന്നില്‍ അലിഞ്ഞു ചേരട്ടെ'.

`എന്റെ സദൂ...' സദാനന്ദ്‌ തമാശയായാണ്‌ അതു പറഞ്ഞതെങ്കിലും വിശാഖം വികാരഭരിതയായി.

`നീ നിന്റെ പ്ലാന്‍ വിശദീകരിയ്‌ക്ക്‌. കേള്‍ക്കട്ടെ.'

`സദു വാങ്ങാനുദ്ദേശിച്ചിരിയ്‌ക്കുന്ന ഫ്‌ളാറ്റിന്റെ വില ഒന്നരക്കോടി മുതല്‍ രണ്ടുകോടി വരെ എന്നാണു പറഞ്ഞത്‌, അല്ലേ?'

`അതെ. ഏറ്റവും കുറഞ്ഞതിന്‌ ഒന്നരക്കോടി. ഏറ്റവും കൂടിയതിന്‌ രണ്ടു കോടി.'

`ഒന്നരക്കോടി എന്നു കരുതുക. ഈ ഫ്‌ളാറ്റ്‌ ആര്‍ക്കു താമസിയ്‌ക്കാന്‍ വേണ്ടിയാണ്‌?'

`എന്റെ തങ്കം, നിനക്കു ഞാന്‍ സമ്മാനിയ്‌ക്കുന്ന വസന്തമാളികയാണ്‌ ആ ഫ്‌ളാറ്റ്‌.'

`ശരി. ഒരു മാറ്റം വരുത്തണം. എനിയ്‌ക്കുള്ള വസന്തമാളിക ബാംഗ്ലൂരു വേണ്ട. ഇവിടെ കാമാഠിപുരയില്‍ തന്നെയാകട്ടെ.'

വസന്തമാളിക കാമാഠിപുരയിലോ? സദാനന്ദ്‌ എഴുന്നേറ്റിരുന്നു.

അതെ. അന്‍പതു ലക്ഷം കൊണ്ട്‌ കാമാഠിപുരയില്‍ ഒരു കെട്ടിടം വാങ്ങുക. ഒരു കോടി കൊണ്ട്‌ വേറെ പരിപാടികളുണ്ട്‌.

പറയ്‌. കേള്‍ക്കട്ടെ.

ജീവിച്ചുപോകാന്‍ പറ്റുന്ന തരത്തിലുള്ള ഒരു ജോലിയുണ്ടെങ്കില്‍ ഒരു വനിതയും ദേവദാസിപ്പണിയ്‌ക്ക്‌ ഇറങ്ങില്ല. ഇതാണ്‌ കാമാഠിപുരയില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയ സത്യം. മറ്റൊന്നു കൂടി ഞാന്‍ മനസ്സിലാക്കി. മിയ്‌ക്കവര്‍ക്കും എന്തെങ്കിലുമൊക്കെ ജോലി അറിയാം. അതു ചെയ്യാനാഗ്രഹവുമുണ്ട്‌. പക്ഷേ ജോലി കിട്ടാനില്ല. കാരണങ്ങള്‍ പലതായിരിയ്‌ക്കാം. അറിയാവുന്ന ജോലി ചെയ്‌തു ജീവിയ്‌ക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലായിരിയ്‌ക്കും നമ്മുടെ പരിപാടികളിലൊന്ന്‌. ഉദാഹരണത്തിന്‌, ചിലര്‍ക്ക്‌ തയ്‌ക്കാനറിയാം. അവര്‍ക്ക്‌ തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുത്ത്‌, ഇരുന്നു തയ്‌ക്കാനൊരിടവും കൊടുത്താല്‍ അവര്‍ തയ്‌ച്ച്‌ വരുമാനമുണ്ടാക്കിക്കോളും. ജോലി ഏകദേശം സ്ഥിരമായിക്കഴിയുമ്പോള്‍ അവര്‍ക്ക്‌ താമസസൌകര്യവും സംഘടിപ്പിയ്‌ക്കാന്‍ പറ്റും.

അപ്പോള്‍ തയ്യലറിയാവുന്ന വനിതകള്‍ക്ക്‌ നമ്മള്‍ തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കും. അല്ലേ?

അതെ. പക്ഷേ ചില ചെറിയ മാറ്റങ്ങള്‍. ഒന്ന്‌ ഐകമത്യം മഹാബലം. തയ്യലറിയാവുന്നവര്‍ ഒത്തുചേര്‍ന്ന്‌, സംഘമായി തയ്‌പ്പു നടത്തുന്നു. സാധാരണ തയ്യലല്ല, ഗാര്‍മന്റ്‌ മേക്കിങ്ങ്‌ എന്നാണു പറയുക. എല്ലാവര്‍ക്കും മെഷീനുകള്‍. എല്ലാം ലേറ്റസ്റ്റ്‌ മെഷീനുകള്‍. എംബ്രോയിഡറി മെഷീനുകള്‍ ഉള്‍പ്പെടെ. സംഘം ചേര്‍ന്നാകുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. സംഘത്തിന്‌ ഒന്നാകെ ഗാര്‍മന്റ്‌ മേക്കിങ്ങിനു വേണ്ട ട്രെയിനിംഗും നാം നല്‍കുന്നു. ട്രെയിനിംഗ്‌ അത്യാവശ്യമാണ്‌. ഏറ്റവും നല്ല ട്രെയിനിങ്ങു തന്നെ നമ്മള്‍ നല്‍കും. ഫാഷന്‍ തയ്‌പു നടത്തിക്കൊണ്ടിരിയ്‌ക്കുന്ന പലരേയും വിളിച്ചുവരുത്തി അവരെക്കൊണ്ട്‌ ട്രെയിന്‍ ചെയ്യിപ്പിയ്‌ക്കണം. അവര്‍ തയ്‌ക്കാന്‍ തുടങ്ങിക്കഴിയുമ്പോള്‍ അവര്‍ തയ്‌ച്ചുണ്ടാക്കുന്ന ഡ്രസ്സുകള്‍ മാര്‍ക്കറ്റു ചെയ്യാനുള്ള ഹെല്‍പ്പും നാം നല്‍കും. മാര്‍ക്കറ്റിംഗിനു വേണ്ടി നമ്മള്‍ വെബ്‌സൈറ്റും ഉണ്ടാക്കും. എല്ലാ ഉത്‌പന്നങ്ങളും ഓണ്‍ലൈനായി കാണാനും വാങ്ങാനും സൌകര്യമുണ്ടാക്കും.

സദാനന്ദ്‌ കൌതുകത്തോടെ വിശാഖത്തെ നോക്കി. അത്ഭുതങ്ങളുടെ നീരുറവയാണിവള്‍. വിശാഖം തുടര്‍ന്നു: തയ്യല്‍ മെഷീനുകള്‍ വാങ്ങാന്‍ ആവശ്യമായ തുക മുഴുവനും നമ്മള്‍ കൊടുക്കേണ്ടി വരില്ല. നാലിലൊന്നു മാത്രമേ നമ്മള്‍ കൊടുക്കേണ്ടി വരുള്ളു. ബാക്കി ലോണായി ബാങ്കുകളില്‍ നിന്നു സംഘടിപ്പിയ്‌ക്കണം. നമ്മള്‍ നാലിലൊന്നു കൊടുക്കാന്‍ തയ്യാറാകുമ്പോള്‍ ലോണ്‍ തരാന്‍ ബാങ്കുകള്‍ തയ്യാറാകും. ലോണ്‍ തിരിച്ചടയ്‌ക്കാനും നമ്മള്‍ അവരെ സഹായിയ്‌ക്കും. എന്നുവച്ചാല്‍ അവര്‍ക്ക്‌ ജോലിയ്‌ക്കു മുടക്കം വരുത്തി ബാങ്കില്‍പ്പോയി ബുദ്ധിമുട്ടേണ്ടി വരില്ല എന്നര്‍ത്ഥം.

മുംബൈയിലെ പല കുടുംബങ്ങള്‍ക്കും രാവിലെ ആറുമണിയ്‌ക്ക്‌ അവരുടെ വാതില്‍ക്കല്‍ ചൂടാറാത്ത ഇഡ്ഡലിയും ചട്ട്‌ണിയും എത്തിക്കിട്ടിയാല്‍ വളരെ സന്തോഷമായിരിയ്‌ക്കും. അതുപോലെ രാത്രി ഏഴു മണിയ്‌ക്ക്‌ ചൂടുള്ള ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കിട്ടിയാല്‍ സന്തോഷിയ്‌ക്കുന്ന കുടുംബങ്ങളും നിരവധിയുണ്ടാകും. ഇതു രണ്ടും ലേറ്റസ്റ്റ്‌ മെഷീനുകള്‍ ഉപയോച്ചുണ്ടാക്കി വിതരണം ചെയ്യുന്ന യൂണിറ്റ്‌ നമുക്കുണ്ടാക്കണം. മെഷീനുകള്‍ ഉപയോഗിയ്‌ക്കുന്നതിനുള്ള ട്രെയിനിംഗ്‌ കൊടുക്കണം. അവരുണ്ടാക്കുന്ന ഇഡ്ഡലിയും ചപ്പാത്തിയുമെല്ലാം മാര്‍ക്കറ്റു ചെയ്യാനുള്ള സംവിധാനവും ഉണ്ടാക്കണം. ഒരു ഫോണ്‍വിളി കൊണ്ട്‌ സാധനങ്ങള്‍ ചൂടാറാതെ വാതില്‍ക്കല്‍ ഡെലിവറി ചെയ്യാന്‍ പറ്റണം.

വിശാഖം. ഒരു കാര്യം. കാമാഠിപുരയില്‍ നിന്നുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിയ്‌ക്കാന്‍ ചിലര്‍ക്കെങ്കിലും ഭയമുണ്ടാകും. അതിനെന്താ ചെയ്യുക?

വിശാഖം അതേപ്പറ്റി ആലോചിച്ചു വച്ചിരുന്നുകാണണം. ഉത്തരം പെട്ടെന്നു വന്നു. ?നമ്മള്‍ ഒരു ഡോക്ടറേയും നേഴ്‌സിനേയും ദിവസേന വരാനും നമ്മുടെ വനിതകളെ പരിശോധിയ്‌ക്കാനും ഏര്‍പ്പാടാക്കും. രോഗമുള്ളവര്‍ക്കു വേണ്ട ചികിത്സയും നടത്തും. രോഗം മാറുന്നതു വരെ ഭക്ഷണവും കൊടുക്കും. രോഗം മാറിക്കഴിഞ്ഞവരെ മാത്രമേ ജോലി ചെയ്യാന്‍ അനുവദിയ്‌ക്കുകയുള്ളു. തന്നെയുമല്ല, ഭക്ഷണസാധനങ്ങള്‍ ഇടയ്‌ക്കിടെ ടെസ്റ്റു ചെയ്യാനുള്ള ഏര്‍പ്പാടും നമ്മളുണ്ടാക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നമ്മുടെ മാര്‍ക്കറ്റിംഗ്‌ വണ്ടികളില്‍ത്തന്നെ ഡിസ്‌പ്ലേ ചെയ്‌തിരിയ്‌ക്കും. ആര്‍ക്കും അവ കാണാന്‍ പറ്റണം. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ കാമാഠിപുര ഇഡ്ഡലി, കാമാഠിപുര ചപ്പാത്തി, കാമാഠിപുര ചുരിദാര്‍ അങ്ങനെയായിരിയ്‌ക്കും പേരുകള്‍. ക്വാളിറ്റിയുടെ കാര്യത്തില്‍ നമ്മള്‍ ഒരു വിട്ടുവീഴ്‌ചയും നടത്തില്ല. കാമാഠിപുരയുടെ ഉല്‍പ്പന്നങ്ങള്‍ ജനം കണ്ണുമടച്ചു വാങ്ങുന്നൊരു സ്ഥിതി നമ്മളുണ്ടാക്കും.

`ഇഡ്ഡലി, ചപ്പാത്തി, ചുരിദാര്‍...ഇതെല്ലാം മാര്‍ക്കറ്റു ചെയ്യുക എളുപ്പമല്ല. നിന്റെ പ്ലാനെന്താ?'

നമ്മുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനായി വാങ്ങാന്‍ പറ്റണം. മണിക്കൂറുകള്‍ക്കുള്ളില്‍ ഡോര്‍ ഡെലിവറി. കാലക്രമേണ മിനിറ്റുകള്‍ക്കുള്ളിലാക്കണം ഡെലിവറി. ഡെലിവറി നടത്തുന്നതും നമ്മുടെ തന്നെ വനിതകളായിരിയ്‌ക്കും. അതിന്നു വേണ്ട വാനുകളും സംഘടിപ്പിയ്‌ക്കണം. നമ്മുടെ മാര്‍ജിനും ബാങ്കില്‍ നിന്നുള്ള ലോണുകളും ഉപയോഗിച്ചായിരിയ്‌ക്കും ഈ ഡെലിവറി വാനുകള്‍ വാങ്ങുന്നത്‌.

വിശാഖം, വളരെക്കാലമായി ഈ സേവനങ്ങളൊക്കെ നല്‍കിക്കൊണ്ടിരിയ്‌ക്കുന്ന നിരവധി യൂണിറ്റുകള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടാവും. അവരെ വിട്ട്‌ നമ്മുടെ യൂണിറ്റുകളിലേയ്‌ക്ക്‌ നീയെങ്ങനെ ജനത്തിനെ ആകര്‍ഷിയ്‌ക്കും?

`സദൂ, നമ്മുടെ യൂണിറ്റുകളുടെ കാപ്പിറ്റല്‍ കോസ്റ്റ്‌ കുറവായിരിയ്‌ക്കും. മുംബൈയില്‍ ഒരു ചപ്പാത്തി മേക്കിങ്ങ്‌ യൂണിറ്റ്‌ തുടങ്ങാനാവശ്യമായ മുറി സംഘടിപ്പിയ്‌ക്കണമെങ്കില്‍ വലിയൊരു ഡെപ്പസിറ്റു കൊടുക്കേണ്ടി വരും. പ്രതിമാസ വാടകയും. നമ്മുടെ യൂണിറ്റുകള്‍ക്ക്‌ ഈ ചെലവുകള്‍ വഹിയ്‌ക്കേണ്ടി വരില്ല. സ്ഥലം നമ്മള്‍ ഫ്രീയായി നല്‍കുന്നു. ഈ യൂണിറ്റുകളിലെ അംഗങ്ങള്‍ക്കു താമസിയ്‌ക്കാനുള്ള സൌകര്യവും നമ്മള്‍ തുടക്കത്തില്‍ അറേഞ്ചു ചെയ്‌തു കൊടുക്കുന്നു. ഡോര്‍മിറ്ററി. പക്ഷേ ഈ യൂണിറ്റുകള്‍ സ്വന്തം കാലില്‍ നില നില്‍ക്കുന്ന അവസ്ഥയിലെത്തിക്കഴിഞ്ഞാല്‍ നമ്മുടെ കോസ്റ്റും അവരില്‍ നിന്ന്‌ കുറേശ്ശെയായി പിരിച്ചെടുക്കുന്നു. ലോണും നമ്മള്‍ നല്‍കിയ മാര്‍ജിനുമെല്ലാം അവര്‍ തിരിച്ചടച്ചു കഴിയുമ്പോള്‍ അവര്‍ ഫ്രീയായി. തുടര്‍ന്ന്‌ ആ യൂണിറ്റ്‌ അവരുടെ സ്വന്തമായി മാറുന്നു.'

അവള്‍ പറഞ്ഞതൊക്കെ കേട്ട്‌ സദാനന്ദിന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു. `വേറേയുമുണ്ടോ പദ്ധതികള്‍?'

`ഉവ്വ്‌. ഒരുദാഹരണം വീടു ക്ലീനാക്കലാണ്‌. ഒരു ഫോണ്‍ കാള്‍ കിട്ടിയാല്‍ മൂന്നു പേരുടെ ഒരു ഗ്രൂപ്പ്‌ വാക്വം ക്ലീനറും മറ്റെല്ലാ ഉപകരണങ്ങളുമായി ഒരു വാനില്‍ സ്‌പോട്ടിലെത്തുന്നു, അര മണിക്കൂര്‍ കൊണ്ട്‌ ക്ലീനാക്കിക്കൊടുക്കുന്നു. വീടുകളുടെ വലിപ്പച്ചെറുപ്പമനുസരിച്ച്‌ സമയത്തിനു വ്യത്യാസമുണ്ടാകാം. ഇതിനും ട്രെയിനിംഗ്‌ നല്‍കും. വീടു വൃത്തിയാക്കല്‍ അരമണിക്കൂറിനുള്ളില്‍ വൃത്തിയായി ചെയ്യാനും പഠനം ആവശ്യമാണ്‌. സദൂ, ഇതൊക്കെ മാത്രമല്ല, കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന ടീമുകളും ഉണ്ടാകും. അതുപോലെ സെയില്‍സ്‌ ടാക്‌സ്‌, എക്‌സൈസ്‌ ഡ്യൂട്ടി, പ്രൊഫഷണല്‍ ടാക്‌സ്‌, ഇന്‍കം ടാക്‌സ്‌, ഇതൊക്കെ കണക്കാക്കിക്കൊടുക്കുന്ന ടീമുകളും ഉണ്ടാകും. ടാലിയും മറ്റ്‌ അക്കൌണ്ടിംഗ്‌ സോഫ്‌റ്റ്‌വെയറുകളും കൈകാര്യം ചെയ്യുന്നവരും ഉണ്ടാകും. വെബ്‌സൈറ്റ്‌ ഡിസൈനിംഗ്‌...'

സദാനന്ദ്‌ ഇടയ്‌ക്കു കയറി ചോദിച്ചു, `മാഡം, ഒരു ചോദ്യം ചോദിച്ചോട്ടെ.'

`മാഡം' പ്രയോഗം കേട്ട്‌ വിശാഖം പുഞ്ചിരിച്ചു. ചോദിയ്‌ക്ക്‌, സദൂ.

മാഡം, ഏതുവരെ പഠിച്ചിട്ടുണ്ട്‌? പത്താംക്ലാസ്സു തോറ്റിട്ടുണ്ടാകും, അല്ലേ?

വിശാഖം മണികിലുങ്ങുന്നതു പോലെ ചിരിച്ചു. അവളുടെ ആദ്യത്തെ ചിരി. സദാനന്ദ്‌ അത്‌ ആസ്വദിച്ചിരുന്നു. അവള്‍ പറഞ്ഞു, ?തോറ്റില്ല, പാസ്സായി.?

പ്രീഡിഗ്രിയ്‌ക്കു പോയോ?

ഉവ്വ്‌.

തോറ്റു അല്ലേ?

ഡിസ്റ്റിങ്ങ്‌ഷന്‍.

പിന്നെ പഠിത്തം നിര്‍ത്തിയോ?

ബീക്കോമിനു പോയി.

തോറ്റു തൊപ്പിയിട്ടിട്ടുണ്ടാകും.

ഡിസ്റ്റിംഗ്‌ഷന്‍.

ങേ, നേര്‌! സദാനന്ദ്‌ വാ പൊളിച്ചിരുന്നു.

നേര്‌.

അതു കഴിഞ്ഞ്‌ എന്തായാലും പഠിത്തം നിര്‍ത്തിയിട്ടുണ്ടാകും. തീര്‍ച്ച.

`അതു കഴിഞ്ഞ്‌ സീയേയ്‌ക്കു പോയി. സീയേയ്‌ക്കു പഠിച്ചുകൊണ്ടിരിയ്‌ക്കുമ്പോള്‍ എംബിഏ എടുത്തു. ഡിസ്റ്റന്‍സ്‌ എഡ്യൂക്കേഷന്‍. ഇഗ്‌നോവിന്റെ.'

ഇഗ്‌നോവിന്റെ എംബിയേയോ! സദാനന്ദിനു വിശ്വസിയ്‌ക്കാന്‍ കഴിഞ്ഞില്ല. കാമാഠിപുരയിലെ കോണിച്ചുവട്ടില്‍ ചുരുണ്ടുകൂടിക്കിടന്ന പഴന്തുണിക്കൂട്ടം ബിരുദാനന്തരബിരുദധാരിയാണെന്ന്‌! സദാനന്ദിനു ഹരം കയറി അവളുടെ രണ്ടു കൈകളിലും കയറിപ്പിടിച്ചു. നീ സീയേ എടുത്തോ?

ഇല്ല. അപ്പോഴേയ്‌ക്കും കുഴപ്പമായി.

എന്തു പറ്റി? ചോദിച്ചു കഴിഞ്ഞയുടനെ സദാനന്ദിനു തോന്നി അതു ചോദിയ്‌ക്കണ്ടായിരുന്നെന്ന്‌. എന്തുപറ്റിയെന്ന്‌ അവളെക്കൊണ്ടു പറയിയ്‌ക്കേണ്ട. അവള്‍ പറഞ്ഞോളും. തനിയേ. പിന്നീട്‌. വേണ്ടവേണ്ട, നീ പറയണ്ട, വിശാഖം.

വിശാഖം അല്‌പനേരം നിശ്ശബ്ദയായി ഇരുന്നു. പിന്നെപ്പറഞ്ഞു: സദൂ. അതെനിയ്‌ക്കു പറയാന്‍ തോന്നണില്ല, സദൂ. പക്ഷേ ഞാനതു പറഞ്ഞോളാം. ഇപ്പഴല്ല. സദൂ, നമുക്ക്‌ മരിയ്‌ക്കാന്‍ കിട്ടിയ ചാന്‍സൊക്കെ നമ്മള്‍ പാഴാക്കിക്കളഞ്ഞു. ഇനി ഉടനേയൊന്നും നമ്മള്‍ മരിയ്‌ക്കാന്‍ പോകുന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ ഒരന്‍പതുകൊല്ലമെങ്കിലും നമ്മള്‍ ഒരുമിച്ചു ജീവിയ്‌ക്കും. മരിയ്‌ക്കുന്നതിനു മുന്‍പ്‌ ഞാന്‍ ആ ചരിത്രങ്ങള്‍ പറയാം. ഉറപ്പ്‌.

മതി, അതു മതി. സദാനന്ദ്‌ അവളുടെ അരക്കെട്ടില്‍ വീണ്ടും കെട്ടിപ്പിടിച്ചു. ?എനിയ്‌ക്കു കാണാന്‍ കഴിഞ്ഞിടത്തോളം അവളൊരു സാധാരണ സ്‌ത്രീയല്ല? എന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌. ശരിയാണ്‌. കാമാഠിപുര ഒരു സാധാരണസ്‌ത്രീയെ അല്ല തനിയ്‌ക്കായി കൊണ്ടുവന്നു തന്നിരിയ്‌ക്കുന്നത്‌. ഒരു കാര്യം സദാനന്ദിന്‌ ഉറപ്പായി. പദ്ധതികള്‍ രൂപവല്‍ക്കരിയ്‌ക്കാനും അവ നടപ്പില്‍ വരുത്താനുമുള്ള കഴിവ്‌ അവള്‍ക്കുണ്ട്‌. അതു തെളിഞ്ഞു കഴിഞ്ഞു. അതു വലിയൊരാശ്വാസം തരുന്നു. തന്റെ നേരിട്ടുള്ള പിന്തുണ അധികം വേണ്ടിവരില്ല. അവള്‍ക്ക്‌ ശാരീരികമായ കഴിവിനാണ്‌ ഇപ്പോഴല്‌പം കുറവുള്ളത്‌. അത്‌ ഉടനുണ്ടാകും. പിന്നെ സാമ്പത്തികം: അതിനു താനുണ്ടല്ലോ.

അതിരിയ്‌ക്കട്ടെ, വിശാഖം. കാമാഠിപുരയില്‍ ഇരുപതിനായിരത്തോളം ദേവദാസിമാരുണ്ടെന്നാണറിവ്‌. ഇവരെയെല്ലാവരേയും ഉദ്ധരിയ്‌ക്കാനാണോ നീ പ്ലാനിട്ടിരിയ്‌ക്കുന്നത്‌?

സദൂ. നൂറു പേരെ. നൂറുപേരെ സഹായിയ്‌ക്കാനാണു പ്ലാന്‍. ആ ലക്ഷ്യത്തിലെത്തിക്കഴിയുമ്പോള്‍ നമ്മള്‍ അനന്തരപരിപാടികള്‍ തീരുമാനിയ്‌ക്കും. അതിന്നിടെ, സദൂന്‌ എന്നാണു പോകേണ്ടത്‌? അതറിയണം.

ഒരു മാസത്തേയ്‌ക്കാണു ലീവ്‌. ഇനി ഏകദേശം രണ്ടാഴ്‌ച കൂടിയുണ്ട്‌.

സദു പോകുന്നതിനു മുന്‍പ്‌ ചില അത്യാവശ്യക്കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കാനുണ്ട്‌.

അയാം അറ്റ്‌ യുവര്‍ സെര്‍വീസ്‌. കല്‍പ്പിച്ചാലും. സദാനന്ദ്‌ കൃത്രിമഭക്തിയോടെ വിശാഖത്തെ തൊഴുതു വണങ്ങി നിന്നു.

വിശാഖം ചിരിച്ചെങ്കിലും, ഒരു ശങ്ക അവളുടെ മുഖത്തു നിഴലിച്ചു. സദൂ, ഞാന്‍ പറയാന്‍ പോണത്‌ എളുപ്പമുള്ള കാര്യമല്ല.

നീ ധൈര്യമായി പറഞ്ഞോ, വിശാഖം.

ശരി, പറയാം. നമുക്ക്‌ ഒരു കെട്ടിടം വാങ്ങാനുണ്ട്‌.

ഏതു കെട്ടിടം?

കാമാഠിപുരയില്‍ നമ്മള്‍ രണ്ടുപേരും കണ്ടുമുട്ടിയ കെട്ടിടം. അതു നമുക്കു വാങ്ങണം


(തുടരും)

(ഈ കഥ സാങ്കല്‍പ്പികം മാത്രമാണ്‌.)
വൈശാഖപൌര്‍ണമി (കഥ: ഭാഗം 9: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക