Image

ശെന്തുരുണിയിലൂടെ... (പ്രകൃതിയുടെ നിഴലുകള്‍ തേടി- 13: ജോര്‍ജ്‌ തുമ്പയില്‍)

Published on 14 April, 2014
ശെന്തുരുണിയിലൂടെ... (പ്രകൃതിയുടെ നിഴലുകള്‍ തേടി- 13: ജോര്‍ജ്‌ തുമ്പയില്‍)
ഐസക്ക്‌കുട്ടിക്കും തമ്പുവിനും പോരുന്ന വഴി ശെന്തുരുണി വനാന്തര്‍ഭാഗത്തേക്ക്‌ ഒന്ന്‌ എത്തി നോക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ്‌ ഞങ്ങള്‍ തെന്മല ഡാമിനോടു ചേര്‍ന്നു നില്‍ക്കുന്ന ഫോറസ്റ്റ്‌ ഓഫീസില്‍ കയറിയത്‌. പ്രകൃതിയുമായി പ്രണയത്തിലാകാന്‍ കൊതിക്കുന്നവര്‍ക്കുവേണ്ടി വിനോദവും സാഹസികതയും നിറച്ച്‌ ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതിയായ തെന്മലയെക്കുറിച്ച്‌ ഒട്ടനവധി ചിത്രങ്ങള്‍ ഫോറസ്റ്റ്‌ ഓഫീസിന്റെ ഭിത്തിയിലെമ്പാടും തൂക്കിയിട്ടിരിക്കുന്നു. സ്വാഭാവിക പ്രകൃതിയോട്‌ ചേര്‍ന്നു നില്‍ക്കുന്ന അമ്യൂസ്‌മെന്റ്‌ പാര്‍ക്കിന്റെ വിശേഷണങ്ങളും അനവധി.

വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ഇറങ്ങി വന്നു. ഒരു സ്‌ത്രീ. കേരളത്തിലെ ആദ്യ വനിതാറേഞ്ച്‌ ഓഫീസറാണതെന്നു പിന്നീടു വ്യക്തമായി. പേര്‌ ശ്രീമതി ലക്ഷ്‌മി. പ്രകൃതിയെ നോവിക്കരുതെന്നു കരുതിയാവാം പതിഞ്ഞ ശബ്‌ദത്തിലാണ്‌ അവര്‍ സംസാരിച്ചത്‌. ഞങ്ങള്‍ കാടിന്റെ ഉള്ളറികളിലേക്ക്‌ ഒന്നു പോകാന്‍ അനുവാദം ചോദിച്ചു. വെറുതെ കാണാനുള്ള ഒരു ആകാംക്ഷ. തെന്മലയില്‍ കണ്ട വാസു ഗൈഡ്‌ പറഞ്ഞതു പോലെ വന്യജീവികളെയും ശെന്തുരുണി മരത്തയും കാണാന്‍ പറ്റിയാലോ.. അങ്ങനെ ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം വനംവകുപ്പിന്റെ ജീപ്പില്‍ ഒരു അരമണിക്കൂര്‍ യാത്ര തരപ്പെടുത്തിയെടുത്തു. ഇതിനു മുന്നില്‍ നിന്നത്‌ തമ്പുവായിരുന്നു. ഞങ്ങള്‍ക്കൊപ്പം ഡ്രൈവറെക്കൂടാതെ നസീര്‍ എന്ന ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. മലപ്പുറംകാരനായിരുന്ന ഒരു പാവം ചെറുപ്പക്കാരന്‍.

കിഴക്കന്‍ വനമേഖലയില്‍ മാത്രം അത്യപൂര്‍വ്വം വളരുന്ന 'ചെങ്കുറിഞ്ഞി' മരങ്ങളുടെ സാന്നിദ്ധ്യമാണ്‌ ശെന്തുരുണി എന്ന പേരിന്‌ പിന്നിലെ സത്യമെന്നു കുലുങ്ങുന്ന വണ്ടിയിലിരുന്നു നസീര്‍ പറഞ്ഞു. കടുവയും, പുലിയും, കാട്ടുപോത്തും, മാനും, മ്ലാവും, കാട്ടുപന്നിയും, സിംഹവാലന്‍ കുരങ്ങും കാട്ടുകുരങ്ങും മുള്ളനും അത്യപൂര്‍വ്വ പക്ഷികളും ഇവിടെയുണ്ടത്രേ. ഇവയൊക്കെയും കാണാനാവുക പുലര്‍ച്ചെയുള്ള യാത്രയിലാണ്‌. ഇപ്പോള്‍ എല്ലാം തന്നെ ഉള്‍ക്കാട്ടിലേക്കോ, അരുവികളുടെ തീരത്തേക്കോ വലിഞ്ഞിട്ടുണ്ടാവുമത്രേ. ജീപ്പിന്റെ ഇരമ്പല്‍ മാത്രം. ഒപ്പം ചീവിടുകളുടെ ശബ്‌ദവിന്യാസവും ചേര്‍ന്നു കാടിനു ഒരു വന്യതയുടെ പുളകം സമ്മാനിക്കുന്നുണ്ട്‌. നൂറിലധികം അപൂര്‍വ്വ ചിത്രശലഭങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ നിന്നു പുറത്തു ചാടി ചില ചിത്രശലഭങ്ങള്‍ ജീപ്പിനു മുന്നില്‍ നൃത്തം വയ്‌ക്കുന്നതു കണ്ടു.

ഒരു വലിയ ചെന്തുരുണി മരത്തിനു മുന്നില്‍ ജീപ്പ്‌ നിന്നു. തെന്മലയില്‍ മാത്രം കാണപ്പെടുന്ന ഒരിനം മരമാണ്‌ ചെന്തുരുണി. ഗ്ലൂട്ടാ ട്രാവന്‍കോറിക്ക എന്നാണ്‌ ഇതിന്റെ ശാസ്‌ത്രീയനാമമെന്നു നസീര്‍ പറഞ്ഞു. തമ്പു കൊച്ചു കുട്ടിയെ പോലെ മരത്തിനെ ഒന്നു തൊട്ടു തലോടി. കട്ടിയേറിയ തോലും ചുവന്ന നിറത്തിലുള്ള കറയും ഇതിന്റെ പ്രത്യേകതയാണ്‌. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ്‌ ഇതിന്‌ ചെന്തുരുണി എന്ന പേര്‌ ലഭിച്ചതെന്നു കരുതപ്പെടുന്നു. 35 മീറ്ററോളം ഉയരമുള്ള ഒരു വന്മരത്തിന്റെ ചുവട്ടിലാണ്‌ ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്‌. ഇതിന്റെ തടി ഫര്‍ണിച്ചറിന്‌ ഉപയോഗിക്കാന്‍ കൊള്ളാമെന്നു ഐസക്ക്‌കുട്ടിയോടായി നസീര്‍ പറഞ്ഞു. മരത്തിന്റെ പേരില്‍ നിന്നുമാണ്‌ ചെന്തുരുണി വന്യജീവി സങ്കേതം എന്ന പേര്‌ ലഭിച്ചതത്രേ. ഒരു മരത്തിന്റെ പേരില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ്‌ ചെന്തുരുണി വന്യജീവി സങ്കേതം. ചെന്തുരുണി എന്നാണ്‌ പറച്ചിലെങ്കിലും ശെന്തുരുണി എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. 1984 ലാണ്‌ ഈ വന്യജീവിസങ്കേതം നിലവില്‍ വന്നത്‌.

കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലാണ്‌ ശെന്തുരുണി. ചെന്തുരുണി മരങ്ങള്‍ ധാരാളമായി വളരുന്നതു മറ്റൊരിടത്തേക്ക്‌ ഞങ്ങളുടെ ജീപ്പ്‌ ചെന്നു നിന്നു. അവിടെ നിന്നാല്‍ വിശാലമായ ഒരു വ്യു കിട്ടുന്നുണ്ട്‌. പച്ചപ്പിന്റെ ഹരിതസങ്കീര്‍ത്തനങ്ങള്‍ കാതില്‍ മുഴങ്ങുന്നതു പോലെ തോന്നി. മാനത്ത്‌ ചെറിയ മഴക്കാറു നിറഞ്ഞു നില്‍ക്കുന്നു. ചെന്തുരുണിപ്പുഴയും കാണാം. ഇതിനു സമീപം കല്ലടയാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളുമൊക്കെ കണ്ടപ്പോള്‍ പ്രകൃതിയുടെ നിറച്ചാര്‍ത്തിനെക്കുറിച്ചാണ്‌ ഒരു നിമിഷം ഓര്‍ത്തു പോയത്‌. ചെന്തുരുണി വന്യജീവി സങ്കേതത്തെക്കുറിച്ച്‌ നസീര്‍ ചില ഡേറ്റകള്‍ പറഞ്ഞു തന്നു. 171 ച.കി.മീ വിസ്‌തീര്‍ണ്ണം ഉള്ളതാണത്രേ ഈ വന്യജീവി സങ്കേതം. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്‌ ഇതിനടുത്താണ്‌. (അതു ഞങ്ങള്‍ കണ്ടതാണല്ലോ.) ഇന്ത്യയില്‍ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ്‌ നടന്നത്‌ ഇവിടെയാണത്രേ. അതു കൊള്ളാം. തുമ്പിയെ എണ്ണിയെണ്ണിയുള്ള യാത്രയെക്കുറിച്ച്‌ ഒരു നിമിഷം ഓര്‍ത്തു.

ഡ്രൈവര്‍ ജീപ്പ്‌ തിരിച്ചു നിര്‍ത്തി. നസീര്‍ മറ്റൊരു വിലപ്പെട്ട വിവരം പറഞ്ഞു തന്നു. ശെന്തുരുണി സംസ്‌ക്കാരം കേരള സംസ്‌ക്കാരത്തെക്കാളും പഴയതാണത്രേ. ഇവിടുത്തെ ആദിമനിവാസികളെക്കുറിച്ചു പഠിക്കാനും ശെന്തരുണി സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്താനും ഓസ്‌ട്രേലിയയില്‍ നിന്നുള്ള പുരാവസ്‌തുഗവേഷകര്‍ അടുത്തിടെ എത്തിയിരുന്നുവത്രേ. ഇന്ത്യന്‍ പുരാവസ്‌തു ഗവേഷകനായ മലയാളി ഡോ. രാജേന്ദ്രനാണ്‌ ഈ സംസ്‌കാരത്തെ 25 വര്‍ഷം മുമ്പ്‌ കണ്ടെത്തിയത്‌.

ഇപ്പോള്‍ സ്വകാര്യ തോട്ടത്തിലായ ഗുഹകളിലായിരുന്നു ആദിമവാസികള്‍ അക്കാലത്ത്‌ കഴിഞ്ഞത്‌. ഗുഹയ്‌ക്കുമുന്നില്‍ ഇപ്പോള്‍ ചതുപ്പുനിലമായി കിടക്കുന്ന തെന്മല ഡിപ്പോ ഭൂമി വലിയ നദിയായിരുന്നെന്നാണ്‌ അനുമാനം. ഈ നദിയുടെ സാന്നിധ്യമാണ്‌ ഇവിടെ താമസിക്കാന്‍ ശെന്തുരുണി വാസികളെ പ്രേരിപ്പിച്ചത്‌. ഇവിടെയുള്ള വിശാലമായ ചരിഞ്ഞ പാറയ്‌ക്കു പിന്നിലെ ശെന്തുരുണി നിവാസികളുടെ രേഖപ്പെടുത്തലുകള്‍ ഇപ്പോഴും കാണാം. സമയക്കുറവു കൊണ്ട്‌ ആ കാഴ്‌ച ഞങ്ങള്‍ക്ക്‌ നഷ്‌ടപ്പെടും. ഈ പാറയ്‌ക്ക്‌ 250 മീറ്റര്‍ അകലെ ഞെരുങ്ങിയിറങ്ങാന്‍ കഴിയുന്ന ഒരു ഗുഹയുമുണ്ടെന്നു നസീര്‍ പറഞ്ഞു. ബി.സി.3000 നും 1500നും മധ്യേയാണ്‌ സിന്ധുനദീതട സംസ്‌കാരം. ബി.സി.5200 ആണ്‌ ശെന്തുരുണി സംസ്‌കാരത്തിന്റെ പഴക്കമെന്നു നസീര്‍ പറഞ്ഞു. അതായത്‌, സിന്ധു നദീതട സംസ്‌കാരത്തിനു മുന്‍പുള്ള സംസ്‌കാരം എന്ന നിലയിലാണ്‌ ശെന്തുരുണി സംസ്‌കാരത്തെ ലോകം മുഴുവന്‍ ഉറ്റു നോക്കുന്നുണ്ട്‌. എന്നാല്‍, കേരളത്തിലുള്ളവരോ? കേരളത്തിലുള്ള എത്ര പേര്‍ക്ക്‌ ഇതിനെക്കുറിച്ച്‌ അറിയാം....?

നസീര്‍ പറഞ്ഞു, നിങ്ങള്‍ അടുത്ത തവണ വരുമ്പോള്‍ ഇവിടെ തെന്മല ഇക്കോ ടൂറിസം എന്ന ബോര്‍ഡ്‌ കാണാനാവില്ലത്രേ. പകരം ഉണ്ടാവുക, ശെന്തുരുണി ഇക്കോ ടൂറിസം എന്നായിരിക്കും ഇനിമുതല്‍ ഇവിടം അറിയപ്പെടുക. മാത്രമല്ല ഇവിടെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്‌. ഇതിനായി ശെന്തുരുണി വന്യജീവി സങ്കേതമേഖലയില്‍ കടുവകളെയും മറ്റ്‌ കാട്ടുമൃഗങ്ങളെയും കണ്ടെത്താനായി ആധുനിക തരത്തിലുള്ള 30ഓളം ക്യാമറകളും വിവിധമേഖലകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു. മറയൂര്‍ വനമേഖലയില്‍ വനംവകുപ്പ്‌ പരീക്ഷിച്ച അതേ സാങ്കേതിക വിദ്യയാണ്‌ ഇവിടെയും ഉപയോഗിക്കുന്നത്‌. എണ്ണത്തില്‍ കൂടുതല്‍ കടുവ, പുലി, കാട്ടുപോത്ത്‌, കരടി എന്നിവയെ കണ്ടെത്തിയാല്‍ ഇതിന്റെ ആവാസവ്യവസ്ഥക്ക്‌ സ്ഥലം ഒരുക്കാനുള്ള സങ്കേതമായി പ്രഖ്യാപിക്കുകയും പെരിയാര്‍ പോലെ കൂടുതല്‍ വികസനം ഇവിടെ എത്തിക്കാനുമാണ്‌ അധികൃതര്‍ പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന്‌ ഐസക്ക്‌കുട്ടിയോടായി നസീര്‍ പറഞ്ഞു.

തെന്മല-പരപ്പാര്‍ അണക്കെട്ടില്‍ ബോട്ട്‌ സവാരി പുനരാരംഭിച്ച്‌ വിവിധ വിനോദ ഉപാധികള്‍ സ്ഥാപിച്ചും സഞ്ചാരികളെ ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്ക്‌ ആകര്‍ഷിക്കുന്ന ഒരു പദ്ധതി വന്നാല്‍ ഇവിടം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നു തമ്പു അഭിപ്രായപ്പെട്ടു. തേക്കടിയിലെന്നതു പോലെ അതു രസകരമായ ഒരു അനുഭവമായിരിക്കാം. തമ്പു ഇങ്ങനെയാണ്‌. ഐഡിയകള്‍ പെട്ടെന്നു കത്തും. തെന്മലയിലെ ശെന്തുരുണി ഇക്കോ ടൂറിസത്തിലെത്തപ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക്‌ കുളിര്‍മയേകാന്‍ പാകത്തിന്‌ അധികൃതര്‍ ബോട്ടിംഗ്‌ സവാരി കൂടി നല്‍കുന്നതിനെക്കുറിച്ച്‌ അധികൃതരോടു സംസാരിക്കണമെന്നു നസീറിനോടു ഞങ്ങള്‍ മൂന്നംഗ സംഘം അഭ്യര്‍ത്ഥിച്ചു. അണക്കെട്ടിന്റെ തടയണയില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന വന്യമൃഗങ്ങളുടെ കാഴ്‌ച സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജീപ്പില്‍ നിന്നും തിരികെ വനംവകുപ്പ്‌ ഉദ്യോഗസ്ഥരോടു യാത്ര പറഞ്ഞ്‌ ഞങ്ങള്‍ വാഹനത്തിനടുത്തേക്ക്‌ നീങ്ങി. സന്ധ്യ മയങ്ങാന്‍ തുടങ്ങിയിരിക്കുന്നു. വീണ്ടും വീണ്ടും വരാമെന്ന്‌ ഈ നാടിനോട്‌ പറയാതെ, മനസ്സിന്‌ ഉറപ്പുനല്‍കാതെ ആര്‍ക്കും മടക്കയാത്ര സാദ്ധ്യമല്ല. നെഞ്ചോട്‌ ചേര്‍ത്ത്‌ നിര്‍ത്തുന്ന ഓര്‍മ്മകള്‍ കൈമാറി പരസ്‌പരം നന്ദി പറഞ്ഞ്‌ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി......

(തുടരും)
ശെന്തുരുണിയിലൂടെ... (പ്രകൃതിയുടെ നിഴലുകള്‍ തേടി- 13: ജോര്‍ജ്‌ തുമ്പയില്‍)
ശെന്തുരുണിയിലൂടെ... (പ്രകൃതിയുടെ നിഴലുകള്‍ തേടി- 13: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക