Image

വിസ്മയത്തിന്റെ വിഷുക്കൈനീട്ടം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 April, 2014
വിസ്മയത്തിന്റെ വിഷുക്കൈനീട്ടം
മാന്ത്രികന്‍ ശ്രീ. ഗോപിനാഥ് മുതുകാടുമായി ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ നടത്തിയ അഭിമുഖം

ആസ്‌ട്രേലിയയിലെ ബ്രിസ്ബയിന്‍, മെല്‍ബണ്‍, അഡലൈഡ്, സിഡ്‌നി എന്നീ നഗരങ്ങളില്‍ നടക്കുന്ന വേള്‍ഡ് ഓഫ് ഇലൂഷന്‍സ് എന്ന മാജിക് പര്യടനത്തിന്റെ തിരക്കിലായിരുന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തിരക്കിട്ട മാന്ത്രിക പര്യടനത്തിനിടക്കും മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് മലയാളിവായനക്കാര്‍ക്കായി വിശേഷങ്ങള്‍ പങ്കുവക്കാനെത്തി. വിഷുവിശേഷങ്ങളുടെ വിസ്മയ കാഴ്ചകളുമായി അദ്ദേഹവുമൊപ്പം ഇത്തിരിനേരം..

ഈ വര്‍ഷത്തെ വിഷു ആഘോഷം :

ഓരോ വിഷുവും കുടുംബത്തോടുളള ഒത്തുചേരലാണ്. അത് ഞാന്‍ അമ്മയ്ക്ക് നല്‍കിയിട്ടുളള വാക്കാണ്. ഓണവും വിഷുവും അമ്മയ്‌ക്കൊപ്പം. അതുകൊണ്ട് തന്നെ എല്ലാ തിരക്കുകളും മാറ്റിവച്ച് വിഷുക്കാലമായാല്‍ അമ്മയുടെ അടുത്തേക്ക് ഓടിയെത്തും. ആ ഒത്തുചേരലില്‍ നിന്നനുഭവിക്കുന്ന സുഖം എനിക്കിന്നും വിസ്മയമാണ്. ഈ വര്‍ഷവും മലപ്പുറത്തെ നിലമ്പൂരിനടുത്ത കവളമുക്കട്ടയിലെ തറവാട്ടില്‍ തന്നെയാണ് എന്റെ വിഷു ആഘോഷം

വിഷു ഓര്‍മകള്‍ :

വിഷു ഓര്‍മകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത് അച്ഛന്റെ വിഷുക്കൈനീട്ടവും കണിയൊരുക്കലും ആദ്യത്തെ പടക്കക്കച്ചവടം നടത്തി പണം സമ്പാദിച്ചതുമാണ്. പന്ത്രണ്ടാം വയസിലെ ഓര്‍മയാണിത്. ജാല വിദ്യക്കുവേണ്ടി ഉപകരണങ്ങളുണ്ടാക്കാന്‍ ആയിരം രൂപ കടമായി ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്ന മാര്‍ഗമായിരുന്നു പടക്ക കച്ചവടം. സ്വപ്രയത്‌നത്തിലൂടെ കൈവരിക്കുന്ന നേട്ടത്തിന്റെ സംതൃപ്തിയെക്കുറിച്ച് അഭിമാനത്തോടെ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ട്. കന്നുപൂട്ടി കൈയ്യില്‍ കിട്ടണ കാലണേന്റെ വെലണ്ടാവില്ല കട്ട്ടക്ക്ണ കാല്‍ ലക്ഷത്തിന്.

അങ്ങനെ മടക്കിക്കൊടുക്കണമെന്ന വ്യവസ്ഥയില്‍ അച്ഛന്‍ തന്ന ആയിരം രൂപയ്ക്ക് പടക്കവും വാങ്ങി കടത്തിണ്ണയില്‍ കച്ചവടത്തിന് തുടക്കമിട്ടു. പ്രതീക്ഷകളെ മറികടന്നു കൊണ്ട് സംക്രാന്തിക്കച്ചവടം പൊടിപൊടിച്ചു. മൊത്തം ആയിരത്തിത്തൊളളായിരം രൂപയും കുറേ പൊടിച്ചില്ലറയും കച്ചവടത്തിലൂടെ കിട്ടി. കിട്ടിയ കാശ് അച്ഛനെ ഏല്‍പ്പിക്കാനുളള വെമ്പലായിരുന്നു പിന്നെ. വീട്ടിലെത്തിയപ്പോഴേയ്ക്കും അച്ഛന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അച്ഛന്‍ നാളെ വിഷു ക്കൈനീട്ടം തരുമ്പോള്‍ കാശ് അച്ഛനെ തിരികെ ഏല്‍പ്പിക്കണം. വിഷുക്കണി ഒരുക്കുന്ന ചടങ്ങ് ഒരാഘോഷമാണ്. കുന്നിന്‍ മുകളില കൊന്നമരത്തിന്റെ ചില്ലകള്‍ മുളങ്കമ്പുകൊണ്ട് നിര്‍മലേട്ടന്‍ താഴ്ത്തിപ്പിടിക്കുമ്പോള്‍ ഞാനും തങ്കേടത്തിയും കൊന്നപ്പൂക്കള്‍ പറിച്ചെടുത്ത് പൂമുഖത്തെത്തിക്കും. മേലേ തൊടിയില്‍ നിന്ന് കൊണ്ടുവരുന്ന വെളളരിക്കയും പടവലങ്ങയും കോവയ്ക്കയുമൊക്കെ പൂമുഖത്തെത്തുന്നതോടെ കണിയൊരുക്കാനുളള ഓട്ടുരുളിയും എണ്ണയൊഴിച്ച് അഞ്ചു തിരിയിട്ട നിലവിളക്കുമൊക്കെയായി അമ്മയോടൊപ്പം ഞങ്ങള്‍ അച്ഛനെ കാത്തിരിക്കും. കുളികഴിഞ്ഞെത്തുന്ന അച്ഛന് സോപ്പിന്റേയും കുഴമ്പിന്റേയും കൂടിച്ചേര്‍ന്ന ഒരു പ്രത്യേക മണമുണ്ടായിരുന്നു. അച്ഛന്റെ സൌന്ദര്യം എനിക്കേറെ അുഭവപ്പെടുന്നത് ആ നേരത്താണ്. നീലം മുക്കിയ വെളളമുണ്ട് കുടവയറിന് മുകളില്‍ കയറ്റിയുടുത്ത് നെറ്റിയില്‍ ഭസ്മക്കുറിവരച്ച് ചെറുതായി വെട്ടിയ നരച്ചമുടി ചീകിയൊതുക്കിയ അച്ഛനെ ഞാന്‍ നോക്കി നില്‍ക്കും. വീട്ടിലെ ഇളയകുട്ടിയായതുകൊണ്ട് അവസാനത്തെ കണികാഴ്ചക്കാരനാണ് ഞാന്‍. കൈനീട്ടം കൊടുക്കുന്ന കാര്യത്തിലും അച്ഛന് കണിശമായ ചില കാഴ്ചപ്പാടുകളുണ്ടായിരുന്നു. അമ്മയുടെ മുണ്ടും ബ്ലൌസും മടക്കി വക്കുന്ന മരപ്പെട്ടിയുടെ അറയില്‍ സൂക്ഷിച്ചു വച്ചിരുന്ന ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്റെ തലയുളള ഒരേയൊരു വെളളി നാണയമായിരുന്നു മരണം വരെയും അച്ഛന്‍ ഞങ്ങള്‍ക്ക് കൈനീട്ടമായി തന്നിരുന്നത്. തളിര്‍ വെറ്റിലയില്‍ വച്ചു തരുന്ന വെളളിയുറുപ്പിക ഓരോരുത്തരും അമ്മയുടെ കൈയില്‍ തിരിച്ചേല്‍പ്പിക്കണം. മറ്റൊരു വെറ്റിലയില്‍ ആ നാണയം വച്ച് അമ്മ അച്ഛന്റെ കൈയിലേയ്ക്കു തന്നെ കൊടുക്കും. അതാണ് അടുത്ത ആളിനുളള കൈനീട്ടം. അവസാനം അടുത്ത വിഷുദിനം വരെ ആ വെളളിയുറുപ്പികയ്ക്ക് മരപ്പെട്ടിയില്‍ തന്നെ വിശ്രമമാകും. ഓരോരുത്തര്‍ക്കും വേറെ രൂപ നല്‍കുന്നതിലൂടെ കൊച്ചു കുട്ടികളില്‍ പണത്തിനോടുളള ആര്‍ത്തികൂടുമെന്നായിരുന്നു അച്ഛന്റെ നിഗമനം.

 വിഷു ദിവസം ചില വീടുകളില്‍ വിരുന്നു ചെല്ലുന്നവരോട് കൈനീട്ടമായി പണം ചോദിച്ചു വാങ്ങുന്ന കുട്ടികളെക്കാണുമ്പോള്‍ അച്ഛന്റെ അന്നത്തെ കാഴ്ചപ്പാടിലെ ശരി ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ കച്ചവടത്തില്‍ നിന്നും കിട്ടിയ ആയിരം രൂപ ചെറുതായി മടക്കി കൈയടക്കം ചെയ്തു വച്ചു. തളിര്‍വെറ്റിലയില്‍ അമ്മ വച്ചു കൊടുത്ത വെളളിയുറുപ്പിക അച്ഛന്‍ ഓരോരുത്തര്‍ക്കായി നീട്ടിയ നേരം ഞാന്‍ അച്ഛന്റെ കാല്‍ തൊട്ടു വന്ദിച്ച് തന്ത്രപൂര്‍വം തളിര്‍വെറ്റിലയിലെ പണത്തിന് പകരം കൈയടക്കം ചെയ്ത നോട്ടുകള്‍ വച്ച് തിരിച്ചേല്‍പ്പിച്ചു. നിറ കണ്ണുകളോടെ നില്‍ക്കുന്ന അച്ഛന്റെ ആ മുഖം ഒരിക്കലുമെനിക്ക് മറക്കാനാവില്ല.

മറുനാട്ടിലും ഭാരത സ്‌നേഹം ഉറക്കെ പ്രഘോഷിക്കാറുണ്ട്. പ്രചോദനം ?

കവളമുക്കട്ടയിലെ കുഞ്ഞുണ്ണിനായരും അപ്പിച്ചേട്ടനും അബൂബക്കറിക്കയുമൊക്കെ തോളോടു തോള്‍ ചേര്‍ന്ന ജീവിച്ച സൌഹാര്‍ദ്ദത്തിന്റെ നാള്‍ വഴികള്‍...

ഒരു നാടിന്റെ സംസ്‌കാരത്തില്‍ നിന്നും ഞാന്‍ പഠിച്ച ഈ സൌഹാര്‍ദ്ദം പകര്‍ന്നു തന്ന ജീവിത നിമിഷങ്ങള്‍ ഇന്നും ഒരമൂല്യനിധിയായി അവശേഷിക്കുന്നു. ആ അനുഭവങ്ങള്‍ തന്നെ ധൈര്യമാകണം മാന്ത്രിക കലയെ ഇന്നും വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ പ്രയോഗിക്കുവാനുളള ആയുധമായി കാണുവാന്‍ കാരണമായത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗത്തില്‍ തല്ലിയും കെടുത്തിയും അന്യവത്കരിക്കുന്ന മാനുഷിക മൂല്യങ്ങളെ തിരിച്ചു പിടിക്കേണ്ടത് നമ്മുടെ തന്നെ ആവശ്യമാണ്. അതല്ലെങ്കില്‍ നമുക്ക് നഷ്ടമാകുന്നത് ഒരു പൈതൃകമാണ്. മതില്‍ക്കെട്ടുകളില്ലാത്ത ആത്മബന്ധങ്ങള്‍ നിഴലിക്കുന്ന ഒരു സമൂഹമാവണം നമ്മുടെ വരും തലമുറയ്ക്ക് കാണിക്കയായ് നല്‍കേണ്ടത്. അതു കണ്ടുവളര്‍ന്നു വരുന്ന ഒരു തലമുറ പുനര്‍സൃഷ്ടിക്കപ്പെടേണ്ടത് ജാതിമത വര്‍ഗഭേദ വ്യത്യാസങ്ങളില്ലാത്ത മാനവര്‍ എന്ന മതത്തെയും. പരമദര്‍ശനമാകേണ്ടത് സ്‌നേഹമാണ്. സത്യമാകണം അതിന്റെ അതിര്. അപ്പോള്‍ സത്യത്തിന്റെ ഉളളടക്കം തന്നെ സ്‌നേഹമായി മാറുന്നു. ആ ഉദയരശ്മിയില്‍ നാമോരോരുത്തരും പ്രകാശിക്കുമ്പോള്‍ നാം ഉദ്‌ഘോഷിക്കുന്ന മതേതരത്വം ഭാരതീയ സംസ്‌കാരത്തിന്റെ നെറുകയില്‍ കെടാത്ത തിരിനാളമായി ജ്വലിച്ചു കൊണ്ടേയിരിക്കും. ജാലവിദ്യ ഒരു കലയാണ്. അതുകൊണ്ടുതന്നെ ജാലവിദ്യക്കാരന്‍ ഒരു കലാകരാനുമാണ്. ഒരു കലാകാരന്‍ സമൂഹത്തിന്റെ ഭാഗമെന്ന നിലയ്ക്ക് അവന് സമൂഹത്തോട് ഒരു കടപ്പാടുണ്ട്. എന്നെ ഞാനാക്കിയ എന്റെ സമൂഹത്തോട് എനിക്കൊരുത്തരവാദിത്വമുണ്ട്. അതു കാണാതെ മുന്നോട്ടു പോകാന്‍ എനിക്കാകില്ല.

മാജിക് പ്ലാനറ്റ്... ഇത്തരത്തില്‍ ആദ്യമാണല്ലോ... എന്തൊക്കെയാണവിടെ ?

അതെ... ലോകത്താദ്യമായാണ് ഇത്തരമൊരു പദ്ധതിയൊരുങ്ങുന്നത്. അതും നമ്മുടെ കൊച്ചു കേരളത്തിലെ തിരുവനന്തപുരത്തെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍. മാജിക് അക്കാദമിയുടെ സ്വപ്ന പദ്ധതിയാണിത്. ജാലവിദ്യുയുടെ ഉല്‍പ്പത്തിയും വികാസവും വിശദീകരിക്കുന്ന ചരിത്രമ്യൂസിയം, ഭൂഗര്‍ഭ തുരങ്കം, നിഴല്‍ നാടകം, മിററ് മെയ്‌സ്, ഗണിതപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുളള വിര്‍ച്വല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്കുളള പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, സൈക്കോ മാജിക്, ഇന്ദ്രജാലത്തിന്റെ പഠനത്തിനുളള ഗവേഷണ കേന്ദ്രം എന്നിവയാണ് മാജിക് പ്ലാനറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. അതിലെല്ലാമുപരി, ഇന്ത്യന്‍ തെരുവ് മാന്ത്രികര്‍ക്കായി പ്രത്യേക വിഭാഗവും ഇവിടെയുണ്ടാകും. ഇന്ദ്രജാലം കേന്ദ്ര പ്രമേയമായ വില്യം ഷേക്‌സ്പിയറിന്റെ ദി ടൈംപസ്റ്റ് എന്ന നാടകത്തിന്റെ മാന്ത്രിക പുനരവതരണവും മാജിക് പ്ലാനറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. അന്യം നിന്നു പോകുന്ന ഭാരതീയ ജാലവിദ്യ പാരമ്പര്യത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാജിക് പ്ലാനറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 31 ന് ലോക മാന്ത്രിക ദിനത്തില്‍ മാജിക് പ്ലാനറ്റ് ലോക ജനതയ്ക്ക് മുന്നില്‍ സമര്‍പ്പിക്കും.

ഗള്‍ഫ് നാടുകള്‍, അമേരിക്ക, യൂറോപ്പ്, ഇപ്പോള്‍ ആസ്‌ട്രേലിയ തുടങ്ങി ലോകമെമ്പാടും വേദികള്‍ കീഴടക്കി ഇപ്പോള്‍ എന്തു തോന്നുന്നു ?


ഒരിന്ദ്രജാലക്കാരനായില്‍ ഞാനേറെ അഭിമാനിക്കുന്നതിപ്പോഴാണ്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ എനിക്കിത്രയധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയുമായിരുന്നില്ല. ഒരുപാട് രാജ്യങ്ങള്‍, സംസ്‌കാരങ്ങള്‍, ജീവിത രീതികള്‍, ആചാര അനുഷ്ഠാനങ്ങള്‍ ഇവയൊക്കെ നേരിട്ട് കാണാനും അനുഭവിക്കാനും സാധിച്ചത് ജീവിതത്തിലെ വലിയൊരു നേട്ടമായി ഞാന്‍ കാണുന്നു. ഓരോ നാട്ടിലും എത്തിച്ചേരുമ്പോള്‍ അവിടുളളവരുടെ സ്‌നേഹം, ആദരവ്, അതിഥ്യ മര്യാദ എന്നിവ വേദിയില്‍ ഇന്ദ്രജാലം അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയേക്കാളും വലുതാണ്. എത്രയെത്ര അനുഭവങ്ങള്‍, എത്രയെത്ര കാഴ്ചകള്‍ ഇതൊക്കെ ഇന്ദ്രജാലാനുഭവങ്ങളുടെ ചെപ്പിലെ വിലപിടിക്കാനാവാത്ത അമൂല്യ രത്‌നങ്ങളായിത്തന്നെ ഞാന്‍ സൂക്ഷിക്കുന്നു.

മറുന്നാട്ടിലെ  മലയാളികള്‍ക്ക് ഒരിക്കല്‍ക്കൂടി വിഷു ആശംസകള്‍ നേര്‍ന്നാണ്  മാന്ത്രികന്‍ ശ്രീ ഗോപിനാഥ്  മുതുകാട്  ഓര്‍മ്മകളുടെ  ചെപ്പ്  അടച്ചത്.




വിസ്മയത്തിന്റെ വിഷുക്കൈനീട്ടം
വിസ്മയത്തിന്റെ വിഷുക്കൈനീട്ടം
വിസ്മയത്തിന്റെ വിഷുക്കൈനീട്ടം
വിസ്മയത്തിന്റെ വിഷുക്കൈനീട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക